മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കവര്‍ 15 ലക്ഷമാക്കി

മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കൂടും, ഡ്രൈവറുടെ ഇന്‍ഷുറന്‍സ് കവര്‍  15 ലക്ഷമാക്കി
Published on

വാഹന ഉടമയായ ഡ്രൈവറുടെ മോട്ടോര്‍ ഇന്‍ഷുറന്‍സ് തുക 15 ലക്ഷം രൂപയാക്കി ഉയര്‍ത്തി. അപകടത്തില്‍ വാഹന ഉടമയ്ക്ക് അപായം സംഭവിച്ചാല്‍ ഏറ്റവും കുറഞ്ഞത് 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവര്‍ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിട്ടി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം കൂടിയ സ്ഥിതിക്ക് ഇനിമുതല്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയവും വര്‍ധിക്കും.

അധിക കവറേജിനായി പ്രീമിയം തുകയില്‍ വര്‍ഷം 750 രൂപയുടെ വര്‍ധനയാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും മറ്റു വാഹനങ്ങള്‍ക്ക് രണ്ടും ലക്ഷം രൂപയുമായിരുന്നു കവറേജ്. രണ്ടും ലക്ഷം രൂപയില്‍ നിന്നാണ് 15 ലക്ഷം രൂപയിലേക്ക് ഇന്‍ഷുറന്സ് പരിരക്ഷ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

നിലവില്‍ കൂടുതല്‍ പ്രീമിയത്തില്‍ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ കൂടുതല്‍ കവര്‍ ലഭിക്കുന്ന പാക്കേജ് പോളിസികള്‍ നല്‍കുന്നുണ്ടായിരുന്നു. വാഹനഉടമകളുടെ ആശ്രിതര്‍ക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തിലാണ് ഐ.ആര്‍.ഡി.എ.ഐ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

വാഹനത്തിന്‍റെ ഉടമകളായ ഡ്രൈവര്‍മാര്‍ക്കാണ് അധിക കവറേജിന് അര്‍ഹതയുള്ളത്. ഉടമയ്ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടെങ്കില്‍ മറ്റൊരാളാണ് വാഹനം ഓടിച്ചിരുന്നത് എങ്കിലും നഷ്ടപരിഹാരം ലഭിക്കും. എന്നാല്‍ ഉടമയ്ക്കു പകരം മറ്റാരെങ്കിലുമാണ് അപകടത്തില്‍ മരിക്കുന്നതെങ്കില്‍ ഉയര്‍ന്ന കവറേജ് ലഭിക്കില്ല.

പുതിയ കാറുകള്‍ വാങ്ങുമ്പോള്‍ മൂന്നു വര്‍ഷത്തെയും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തെയും ഇന്‍ഷുറന്‍സ് പ്രീമിയം മുന്‍കൂറായി ഒരുമിച്ചടക്കണം എന്നതുകൊണ്ട് പുതിയ വാഹനങ്ങള്‍ക്ക് പുതിയ നയം കൂടുതല്‍ ബാധ്യതയുണ്ടാക്കും. നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇപ്പോഴത്തെ പ്രീമിയത്തിനൊപ്പം 750 രൂപ കൂടി അധികമായി എല്ലാ വര്‍ഷവും അടയ്ക്കേണ്ടിവരും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com