ജാക്ക് മായുടെ വഴി മുടക്കിയത് ആ വാക്കുകളോ?

ജാക്ക് മായുടെ വഴി മുടക്കിയത് ആ വാക്കുകളോ?
Published on

ചൈനയില്‍ നിന്നുള്ള കോടീശ്വരനായ ജാക്ക് മായുടെ ആലിബാബ സാമ്രാജ്യം ഉലയുകയാണോ? ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫിനാന്‍സ് കമ്പനിയായ ആന്റ് ഫിനാന്‍ഷ്യല്‍ ആലിബാബ ഗ്രൂപ്പ് കമ്പനിയാണ്.  ആന്റ് ഫിനാന്‍ഷ്യലിന്റെ ഓഹരികള്‍ ഷാങ്ഹായ്, ഹോങ്കോങ് ഓഹരി വിപണികളില്‍ ക്രയവിക്രയത്തിനെത്തിക്കുന്നത് റെഗുലേറ്ററി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന വിലക്കിയിരിക്കുകയാണ്. ഇതോടെ ശതകോടീശ്വരന്‍ ജാക്ക് മായുടെ ബിസിനസ് സാമ്രാജ്യം തന്നെയാണ് ഉലയുന്നത്.

3500 കോടി ഡോളറിന്റെ ഐപിഒ നടപടികളാണ് ചൈനീസ് ഭരണകൂടം അക്ഷരാര്‍ത്ഥത്തില്‍ 'അട്ടിമറിച്ചി'രിക്കുന്നത്. ഇത് നിക്ഷേപ സമൂഹത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കുറഞ്ഞ കാലം കൊണ്ട് ജാക്ക് മായുടെ ആന്റ് ഫിനാന്‍ഷ്യല്‍ ചൈനയിലെ സാധാരണക്കാരുടെ ജീവിതത്തെ നല്ല രീതിയില്‍ മാറ്റി മറിച്ചിരുന്നു. ചൈനീസ് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളെക്കാളും ആഗോളതലത്തില്‍ പേരും പെരുമയും ആര്‍ജ്ജിക്കാന്‍ ആന്റ് ഫിനാന്‍ഷ്യലിന് സാധിച്ചു. ആന്റ് ഫിനാന്‍ഷ്യലിന്റെ ഐപിഒ ഇനി നടക്കാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും പിടിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത് ആലിബാബയ്ക്ക് എത്രമാത്രം ക്ഷീണമുണ്ടാക്കുമെന്ന കാര്യം വ്യക്തമല്ല.

ഹോങ്കോങ്, ഷാങ്ഹായ് വിപണികളില്‍ ക്രയവിക്രയത്തിന് ഓഹരികള്‍ എത്തിക്കും മുമ്പേ വ്യക്തിഗത നിക്ഷേപകരില്‍ നിന്നും ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരില്‍ നിന്നും വന്‍ സ്വീകരണമാണ് ആന്റ് ഫിനാന്‍ഷ്യലിന് ലഭിച്ചത്. ഫിനാന്‍ഷ്യല്‍ രംഗത്തെ ആഗോള വമ്പന്മാരായ ജെപിമോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, ഗോള്‍ഡ്മാന്‍ സാക്‌സ് പോലുള്ളവയെ നിഷ്പ്രഭമാക്കും വിധം അതിഭീമമായ വിപണി മൂല്യം ആന്റ് ഫിനാന്‍ഷ്യല്‍ കൈവരിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിലാണ് ചൈനയുടെ ഈ നീക്കം.

അഭിപ്രായ പ്രകടനം വിനയായി

രണ്ടാഴ്ച മുമ്പ് ഷാങ്ഹായില്‍ നടന്ന ഫിനാന്‍ഷ്യല്‍ ഫോറത്തില്‍ ചൈനയിലെ ബാങ്കിംഗ് രംഗത്തെ പരിതസ്ഥിതികളെ കുറിച്ച് ജാക്ക് മാ ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ചൈനയിലെ ഏറ്റവും വലിയ റിസ്‌ക് ഫിനാന്‍ഷ്യല്‍ ഇക്കോസിസ്റ്റത്തിന്റെ അഭാവമാണെന്നും ചൈനീസ് ബാങ്കുകള്‍ 'പണയകട'കള്‍ക്ക്  തുല്യമാണെന്നുമാണ് അന്ന് ജാക്ക് മാ പറഞ്ഞത്. ചെറുകിടക്കാര്‍ക്ക് വായ്പ നല്‍കാന്‍ മടിക്കുന്ന ചൈനീസ് ബാങ്കുകളുടെ നയത്തെ പരിഹസിച്ച ജാക്ക് മാ വന്‍കിട വായ്പക്കാരെ ബാങ്കുകള്‍ അകമഴിഞ്ഞു പിന്തുണയ്ക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു.

ചൈനയില്‍ ചെറുകിടക്കാര്‍ക്ക് വായ്പ ലഭിക്കാന്‍ പ്രയാസമാണെന്ന ജാക്ക് മായുടെ നിരീക്ഷണം ഒരു പരിധിവരെ വസ്തുനിഷ്ഠവുമാണ്. ഇപ്പോള്‍ ചൈനീസ് ഭരണകൂടം എല്ലാ വിഭാഗത്തെയും ഉള്‍ച്ചേര്‍ത്തുള്ള സാമ്പത്തികസേവന നയം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനീസ് ഭരണകൂടത്തെ അലോസരപ്പെടുത്തിയ ഈ വാക്കുകളാകാം ജാക്ക് മായ്ക്ക് വിനയായതെന്ന് ചൂണ്ടിക്കാട്ടുന്ന നിരീക്ഷകരും ഇപ്പോഴുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com