

കേരളത്തില്‍ നിന്നുള്ള പ്രമുഖ ജൂവല്‍റി ബ്രാന്‍ഡായ കല്യാണ്‍ ജൂവല്ലേഴ്‌സ് ഐ പി ഒ നടപടികള്‍ പുനരുജ്ജീവിപ്പിക്കുന്നതായി സൂചന. ദേശീയ ന്യൂസ് പോര്‍ട്ടലായ മണികണ്‍ട്രോള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രൈവറ്റി ഇക്വിറ്റി വമ്പനായ വാര്‍ബര്‍ഗ് പിന്‍കസ് നിക്ഷേപം നടത്തിയിട്ടുള്ള കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഐ പി ഒ 1800 കോടി രൂപയുടേതാകുമെന്നാണ് മണികണ്‍ട്രോള്‍ വാര്‍ത്തയില്‍ വ്യക്തമാക്കുന്നത്.
ഐ പി ഒ നടപടികളുടെ ഭാഗമായുള്ള ഡി ആര്‍ എച്ച് പി ആഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യമോ സെബിയില്‍ സമര്‍പ്പിച്ചേക്കും.
സ്വര്‍ണ വില റെക്കോര്‍ഡ് ഉയരങ്ങളിലെത്തുകയും സംഘടിത മേഖലയിലെ ജൂവല്‍റി റീറ്റെയ്ല്‍ ശൃംഖലകളുടെ പ്രവര്‍ത്തനം, ലോക്ക് ഡൗണിന് ശേഷം സാധാരണ നിലയിലേക്ക് ആകുന്നതിന്റെ ശുഭലക്ഷണങ്ങളും കാണുന്നതിന്റെ അടിസ്ഥാനത്തിലാണ് കല്യാണ്‍ ജൂവല്ലേഴ്‌സ് ലിസ്റ്റിംഗ് നടപടികള്‍ പുനരാരംഭിക്കുന്നത്. ഇതിന് മുമ്പ് 2018ല്‍ കല്യാണ്‍ ജൂവല്ലേഴ്‌സ് ലിസ്റ്റിംഗിനുള്ള സാധ്യതകള്‍ സജീവമായി തേടിയിരുന്നു.
ഐ പി ഒ നടപടികളുടെ ഭാഗമായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളെയും നിയമിച്ചതായാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ക്കറ്റ് റെഗുലേറ്ററില്‍ നിന്ന് മതിയായ അനുമതികള്‍ ലഭിച്ചാല്‍ 2021 മാര്‍ച്ചോടെ കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ലിസ്റ്റിംഗ് നടന്നേക്കും.
തൃശൂരില്‍ എളിയനിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച കല്യാണ്‍ ജൂവല്ലേഴ്‌സ് വേറിട്ട പ്രവര്‍ത്തന ശൈലി കൊണ്ടാണ് ദേശീയ, രാജ്യാന്തരതലത്തിലെ പ്രമുഖ ബ്രാന്‍ഡായി വളര്‍ന്നത്. രാജ്യമെമ്പാടും ജൂവല്‍റി റീറ്റെയ്‌ലിംഗില്‍ ശക്തമായ വിപണി സാന്നിധ്യമായി ടി എസ് കല്യാണരാമനും മക്കളായ രാജേഷും രമേഷും സാരഥ്യം കല്യാണ്‍ ജൂവല്ലേഴ്‌സ് വളര്‍ന്നത് നൂതനമായ ആശയങ്ങളുടെ പിന്‍ബലത്തിലാണ്. അതുകൊണ്ട് കൂടിയാണ് വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്ന് 2014ല്‍ 1200 കോടി രൂപയുടെ നിക്ഷേപം നേടിയെടുക്കാനും സാധിച്ചത്. അന്ന് ഇന്ത്യന്‍ ജൂവല്‍റി രംഗത്ത് നടന്ന ഏറ്റവും വലിയ പ്രൈവറ്റി ഇക്വിറ്റി നിക്ഷേപം കൂടിയായിരുന്നു അത്. 2017ല്‍ 500 കോടി രൂപ കൂടി വാര്‍ബര്‍ഗ് പിന്‍കസ് കല്യാണ്‍ ജൂവല്ലേഴ്‌സില്‍ നിക്ഷേപിച്ചു. ഇതോടെ മൊത്തം 1700 കോടി രൂപയുടെ പ്രൈവറ്റി ഇക്വിറ്റിയാണ് കമ്പനി നേടിയെടുത്തത്.
റേറ്റിംഗ് ഏജന്‍സിയായ ICRA 2019 സെപ്തംബറില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വാര്‍ബര്‍ഗ് പിന്‍കസിന് കല്യാണ്‍ ജൂവല്ലേഴ്‌സില്‍ 30 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ഇന്ത്യയിലെ 19 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 135 ഷോറൂമുകള്‍ കല്യാണ്‍ ജൂവല്ലേഴ്‌സിനുണ്ട്. Candere by Kalyan Jewellers എന്ന ഓണ്‍ലൈന്‍ ബ്രാന്‍ഡും കമ്പനിക്കുണ്ട്. മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് പുറമേ അഞ്ച് രാജ്യങ്ങളില്‍ ബ്രാന്‍ഡിന് സാന്നിധ്യമുണ്ട്.
ഇത് കൂടാതെ കസ്റ്റമര്‍ ടച്ച് പോയ്ന്റുകളായി പ്രവര്‍ത്തിക്കുന്ന 750 ഓളം 'മൈ കല്യാണ്‍' കേന്ദ്രങ്ങളുണ്ട്. മൈ കല്യാണിലെ ജീവനക്കാര്‍ ഓരോ കുടുംബങ്ങളില്‍ നേരിട്ടെത്തി കല്യാണ്‍ ജൂവല്ലേഴ്‌സിലെ ആഭരണങ്ങളെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും സംസാരിക്കും. കുടുംബങ്ങളെ ജൂവല്‍റി ഔട്ട്‌ലെറ്റിലേക്ക് ക്ഷണിക്കും. ഇത്തരത്തില്‍ താഴെ തട്ടിലേക്ക് വരെ ഇറങ്ങി ചെല്ലുന്ന പ്രവര്‍ത്തന ശൈലിയും പ്രൊഫഷണല്‍ മികവുമാണ് കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ സവിശേഷത. ഒരു കുടുംബ ബിസിനസായ കല്യാണ്‍ ജൂവല്ലേഴ്‌സിനെ അടിമുടി പ്രൊഫഷണലായ പ്രസ്ഥാനമാക്കിയാണ് ടി എസ് കല്യാണരാമന്‍ വളര്‍ത്തിയത്.
കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ലിസ്റ്റിംഗ് നടപടികള്‍ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പോലെ വിജയകരമായി നടന്നാല്‍ കേരളത്തില്‍ നിന്നുള്ള മറ്റ് പ്രമുഖ ജൂവല്‍റി റീറ്റെയ്ല്‍ ബ്രാന്‍ഡുകളായ ജോയ്ആലുക്കാസും മലബാര്‍ ഗോള്‍ഡുമെല്ലാം ഈ മാര്‍ഗം സ്വീകരിച്ചേക്കും. ജോയ്ആലുക്കാസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ലിസ്റ്റിംഗിനായി നീക്കങ്ങള്‍ നടത്തിയിരുന്നെങ്കിലും പിന്നീടത് മാറ്റിവെയ്ക്കുകയായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine