ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്; ഇന്ത്യന്‍ സമൂഹം ആവേശത്തില്‍

ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്; ഇന്ത്യന്‍ സമൂഹം ആവേശത്തില്‍
Published on

അമേരിക്കയില്‍  ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി തമിഴ് വംശജയായ കമല ഹാരിസിനെ തെരഞ്ഞെടുത്തതിന്റെ ആവേശത്തില്‍ ഇന്ത്യന്‍ സമൂഹം. പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കമലയുടെ  പേര് പ്രഖ്യാപിച്ചത്.

അഭിഭാഷകയായ കമല നിലവില്‍ കാലിഫോണിയയില്‍ നിന്നുള്ള സെനറ്റംഗമാണ്. ഇതോടെ യു.എസില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന ആദ്യ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയെന്ന ഖ്യാതിയും 55 കാരിയായ കമല സ്വന്തമാക്കി. ഉപരിസഭയായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ് കമല.

78കാരനായ ബൈഡന്‍ പ്രസിഡന്റായാല്‍ ആ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായമുള്ള വ്യക്തിയായിരിക്കും അദ്ദേഹം. രണ്ടാം തവണ മത്സരിക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ സ്വഭാവികമായും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിക്കാവും അടുത്ത തവണ അവസരം ലഭിക്കുക- യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജയെന്ന സാധ്യത.

ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ കമലാ ഹാരിസിനെതിരെ അരോചകവും അസഭ്യവും തരംതാണതുമായ അഭിപ്രായ പ്രകടനങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തുവന്നു. പ്രൈമറിയില്‍ വളരെ മോശമായിരുന്നു കമലയെന്ന് പറഞ്ഞ ട്രംപ് അസത്യ കഥകള്‍ പ്രചരിപ്പിച്ച വ്യക്തിയെന്നും തീവ്ര ഇടതുപക്ഷക്കാരിയെന്നും കമലയെ ആക്ഷേപിച്ചു.സമ്പദ് വ്യവസ്ഥ ഉള്‍പ്പെടെ അമേരിക്കയില്‍ മിക്ക രംഗങ്ങളിലും തിളങ്ങി നില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു ഗുണകരമാകുമെന്ന തിരിച്ചറിവാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ചെന്നൈയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ കാന്‍സര്‍ സ്പെഷ്യലിസ്റ്റ് ശാന്ത ഗോപാലനാണ് കമലയുടെ അമ്മ. അച്ഛന്‍ ജമൈക്കയില്‍ നിന്ന് കുടിയേറിയ ഇക്കണോമിക്സ് പ്രൊഫസര്‍ ഡൊണാള്‍ഡ് ഹാരിസ്. 1964 ഒക്ടോബര്‍ 20നായിരുന്നു കമലയുടെ ജനനം. ഏഴ് വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു. ഇക്കണോമിക്സിലും നിയമത്തിലും ബിരുദം നേടിയ കമല 2011 മുതല്‍ 2017 വരെ കാലിഫോണിയ അറ്റോര്‍ണി ജനറലായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പ്പിച്ചിരുന്നത് കമലയ്ക്കു തന്നെയായിരുന്നു. ജോ ബൈഡനും മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും ഉള്‍പ്പെടെ ഡെമോക്രാറ്റിക് നേതൃത്വത്തിന് പൊതുസമ്മതയായിരുന്നു കമല. വൈസ് പ്രസിഡന്റായി ഒരു സ്ത്രീയെ മാത്രമേ നാമനിര്‍ദ്ദേശം ചെയ്യൂവെന്ന് ബൈഡന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ആരുടെയും പേര് പരാമര്‍ശിച്ചിരുന്നില്ല. അതിനിടെ, വര്‍ണവിവേചനത്തെ അനുകൂലിക്കുന്നു എന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം പാര്‍ട്ടി സംവാദത്തില്‍ കമല ബൈഡനെ നിശിതമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് കമലയെ ഒഴിവാക്കാന്‍ ബൈഡന്റെ സംഘം ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.

യു.എസിലെ ഉപരിസഭയായ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജയാണ് കമല. 2017ല്‍ കാലിഫോണിയയില്‍ നിന്നായിരുന്നു കമല സെനറ്റിലെത്തിയത്. പ്രസിഡന്റ് ബരാക് ഒബാമയുടെയും വൈസ് പ്രസിഡന്റ് ജോ ബൈഡന്റെയും പിന്തുണയോടെയായിരുന്നു കമലയുടെ സെനറ്റ് പ്രവേശം. ഡഗ്ളസ് എം. കോഫാണ് കമലയുടെ ഭര്‍ത്താവ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com