ക്രിസ് ഗോപാലകൃഷ്ണന്റെ വിജയ മന്ത്രങ്ങള്‍
ഇന്ന് നാം നേരിട്ടുക്കൊണ്ടിരിക്കുന്ന പലതരം വെല്ലുവിളികളുടെ കാലഘട്ടത്തില്‍ വിജയകരമായതും ഏറെക്കാലം നിലനില്‍ക്കുന്നതുമായ ഒരു കമ്പനി കെട്ടിപ്പടുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. സാങ്കേതിക വിദ്യയുടെ വളര്‍ച്ചാ തോതും വേഗവും ജീവിത രീതിയിലുള്ള മാറ്റങ്ങളും ഇത് കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കുന്നു.
ഒരു വര്‍ഷം മുമ്പ് വരെ ഫോര്‍ച്യൂണ്‍ 500 കമ്പനികളുടെ ശരാശരി പ്രായം ഏകദേശം 60 വര്‍ഷമായിരുന്നു. ഇന്നാകട്ടെ അത് 20 വര്‍ഷത്തില്‍ താഴെയാണ്. മികച്ച സിസ്റ്റം ഉള്ള കമ്പനികള്‍ പോലും അതിജീവിക്കാന്‍ ബുദ്ധിമുട്ടുന്നു. തോമസ് കുക്കിന്റെ അടുത്തിടെയുണ്ടായ പതനം ഇതിന് മികച്ച ഉദാഹരണമാണ്.
വെല്ലുവിളികളുടെ ഇക്കാലത്ത് പിന്നെങ്ങനെയാണ് ലോകോത്തരവും ഈടുനില്‍പ്പും ഉള്ള ഒരു കമ്പനി കെട്ടിപ്പടുക്കുക? ലോകോത്തരവും ആഗോളതലത്തില്‍ തന്നെ ബഹുമാനിക്കപ്പെടുന്നതുമായ സ്ഥാപനമായി ഇന്‍ഫോസിസിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുതിര്‍ന്ന ബിസിനസുകാരനും സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണന്‍, തന്റെ വിപുലമായ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ യുവസംരംഭകര്‍ക്ക് നല്‍കുന്ന ഉപദേശം ഇവയാണ്.
ആഭ്യന്തര ഉറവിടങ്ങള്‍ പ്രയോജനപ്പെടുത്തുക
ആഭ്യന്തരമായ വിഭവങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്താന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയണം. പുറത്തു നിന്നുള്ള ഫണ്ടിംഗ് സ്വീകരിക്കുമ്പോള്‍, നിക്ഷേപകരുടെ സമ്മര്‍ദം മൂലം വരുമാനത്തിലും ലാഭത്തിലുമായി മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. പരമാവധി നേട്ടം ഉണ്ടാക്കുന്നതിനായിരിക്കണം നിക്ഷേപകന്‍ ശ്രദ്ധിക്കുക.
ഐപിഒ നടത്തുക
സ്വകാര്യ മേഖലയില്‍ തന്നെ നിര്‍ത്തുന്നതിന് പകരം ബിസിനസ് വളര്‍ത്തുന്നതിനുള്ള പണം കണ്ടെത്തുന്നതിന് സംരംഭകര്‍ ഐപിഒ നടത്തണം. അവിടെ സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അനുയോജ്യമായ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്.
ക്ഷമ പാലിക്കുക
മഹത്തായ ബിസിനസ് കെട്ടിപ്പടുക്കാന്‍ സമയമെടുക്കും. നൂറു കോടി ഡോളര്‍ ബിസിനസ് നേടാന്‍ ഇന്‍ഫോസിസ് കാത്തിരുന്നത് 23 വര്‍ഷമാണ്. എന്നാല്‍ രണ്ടാമത്തെ നൂറുകോടിയിലെത്താന്‍ 23 മാസവും മൂന്നാമത്തെ നൂറു കോടിയിലെത്താന്‍ 13 മാസവും മാത്രമേ വേണ്ടി വന്നുള്ളൂ.
ഒരു മനസ്സായിരിക്കണം
ഒരു സംഭ്രമവും കൂടാതെ, ബിസിനസ് വളര്‍ത്തുക എന്ന കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നി സംരംഭകര്‍ പ്രവര്‍ത്തിക്കണം. കമ്പനിയോട് നൂറു ശതമാനം കൂറു പുലര്‍ത്തുക. ഇതില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാന്‍ കാരണമാകുന്ന വിധത്തില്‍ മറ്റു കമ്പനികളില്‍ നിക്ഷേപം നടത്തുന്നതൊക്കെ ഒഴിവാക്കുക. '2014 ല്‍ ഇന്‍ഫോസിസ് വിടുന്നതു വരെ മറ്റൊരു ബിസിനസിന്റെയും ഭാഗമായിരുന്നില്ല ഞാന്‍', ഗോപാലകൃഷ്ണന്‍ പറയുന്നു.
ബിസിനസ് നിലനിര്‍ത്താനും വളര്‍ത്താനും ഉതകുന്ന ബുദ്ധിപരമായ കുറച്ചു ടിപ്പുകള്‍ പിന്തുടരാം.