

മലയാളികളുടെ ബിസിനസിനോടുള്ള കാഴ്ചപ്പാട് മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സംവിധായകനും പുഷ് ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍സ് മേധാവിയുമായ വി എ ശ്രീകുമാര്‍ മേനോൻ. കേരളത്തിലെ സംരംഭകർ ഫ്യൂച്വർ-റെഡി ആയിരിക്കണമെന്നും ഭാവിയെ മുന്നിൽക്കണ്ടുകൊണ്ട് തീരുമാനങ്ങൾ എടുക്കണമെന്നും ധനം റീറ്റെയ്ൽ & ബ്രാൻഡ് സമ്മിറ്റിൽ നടത്തിയ മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
"കേരളത്തിലെ മിക്ക പ്രമുഖ സംരംഭങ്ങളും കുടുംബ ബിസിനസുകളാണ്. എന്നാൽ പലപ്പോഴും ഇവ ഒരു പരിധിക്കപ്പുറം വളരുന്നില്ല. ഇതിന് കാരണം അവർ മുന്നോട്ട് ചിന്തിക്കുന്നില്ല എന്നതാണ്," ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിന്ന് വിദേശ നിക്ഷേപം സ്വീകരിച്ചിട്ടുള്ള അപൂർവം കമ്പനികളിൽ ഒന്നാണ് കല്യാൺ ജൂവലേഴ്‌സെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാൺ ബ്രാൻഡിനെ പരസ്യപ്പെടുത്തുന്നതിൽ പണം നിക്ഷേപിച്ചപ്പോൾ മറ്റുള്ളവർ ഉത്പന്നങ്ങളിലാണ് നിക്ഷേപിച്ചത്. അതുകൊണ്ടുതന്നെ കമ്പനിയുടെ വാല്യൂവേഷൻ കുതിച്ചുയർന്നു.
കേരളത്തിൽ നിന്നും എത്ര കമ്പനികൾ പബ്ലിക് ഇഷ്യൂവിന് പോകുന്നുണ്ടെന്നും എത്ര കമ്പനികൾ പ്രൈവറ്റ് ഇക്വിറ്റി നേടുന്നുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു. സംരംഭം തുടങ്ങി മൂന്നോ നാലോ വർഷം ആകുമ്പോഴേക്കും പ്രൈവറ്റ് ഇക്വിറ്റി നേടി, 10 വർഷത്തിലെത്തുമ്പോഴേക്കും പബ്ലിക് ഇഷ്യൂവിന് പോകണമെന്ന് കണക്കാക്കി പ്ലാൻ ചെയ്ത് ബിസിനസ് തുടങ്ങുന്ന ആളുകൾ കേരളത്തിൽ വളരെ കുറവാണ്.
അതേസമയം, വടക്കൻ സംസ്ഥാനങ്ങളിൽ ഒരാൾ ബിസിനസ് തുടങ്ങുമ്പോഴേ തീരുമാനിക്കും താൻ കുടുംബത്തിന്റെ പണം ബിസിനസിൽ രണ്ടു വർഷത്തേയ്ക്ക് മാത്രമേ നിക്ഷേപിക്കൂ എന്ന്. കമ്പനിയെ ഒരു ബ്രാൻഡ് ആക്കി വളർത്തിയാൽ ഉടനെ പ്രൈവറ്റ് ഇക്വിറ്റി കൊണ്ടുവരും, പിന്നീട് പബ്ലിക് ഇഷ്യൂവും.
വാല്യൂവേഷന്റെ അടിസ്ഥാനത്തിൽ ബിസിനസിനെ കാണുമ്പോഴേ വളർച്ചയുണ്ടാകൂവെന്ന് ശ്രീകുമാർ ചൂണ്ടിക്കാട്ടി. മൂന്നോ നാലോ വർഷങ്ങൾ മുൻപോട്ട് ചിന്തിക്കണം. ഇവിടെ പലരും അന്നാന്നത്തെ നിലനിൽപ്പിനെക്കുറിച്ചാണ് ആലോചിക്കുന്നത്. എന്റെ ബ്രാൻഡിനെ അടുത്ത മാർക്കറ്റിൽ എങ്ങനെ അവതരിപ്പിക്കാമെന്നാലോചിക്കുന്നതിന് പകരം നാളത്തെ ചെക്ക് എങ്ങനെ പാസാക്കാം എന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കും. അങ്ങനെയുള്ള സംരംഭകന് ബ്രാൻഡിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള മനസോ സമയമോ ഉണ്ടാകില്ല, അദ്ദേഹം പറഞ്ഞു.
"നമ്മൾ ഒരു ബിസിനസ് തുടങ്ങുമ്പോൾ തന്നെ പ്രൈവറ്റ് ഇക്വിറ്റിക്കും പബ്ലിക് ഇഷ്യൂവിനും തയ്യാറായിരിക്കണം. ഇവർ വന്ന് ബിസിനസ് മുഴുവൻ കൊണ്ടുപോകുമോയെന്ന് ഇവിടെ പലർക്കും ഭയമാണ്. ഇനി നിക്ഷേപത്തിന് ആരെങ്കിലും തയ്യാറായി വന്നാൽ അവർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നമുക്ക് കൃത്യമായ മറുപടിയും ഉണ്ടാകില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തിനേയും ചോദ്യം ചെയ്യുന്ന സ്വഭാവമാണ് മലയാളിക്ക്. എന്നാൽ നമ്മോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ നമ്മൾ ബാധ്യസ്ഥരാണെന്നുള്ള ചിന്ത മലയാളിക്കില്ല. നമ്മൾ എന്താണ് ഇങ്ങനെ? ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കേണ്ട സമയമായിരിക്കുന്നു.
കുടുംബ ബിസിനസിനെക്കുറിച്ച്
Read DhanamOnline in English
Subscribe to Dhanam Magazine