3 വർഷം, 60,000 റീറ്റെയ്ൽ ഷെൽഫുകൾ: പ്രളയമാന്ദ്യം പഴങ്കഥയാക്കാൻ 'ഡബിൾ ഹോഴ്‌സ്'

3 വർഷം, 60,000 റീറ്റെയ്ൽ ഷെൽഫുകൾ: പ്രളയമാന്ദ്യം പഴങ്കഥയാക്കാൻ 'ഡബിൾ ഹോഴ്‌സ്'
Published on

കേരളത്തിൽ നിന്നുള്ള പ്രശസ്‌ത ബ്രാൻഡായ ഡബിൾ ഹോഴ്‌സ് ഇന്ത്യൻ വിപണി കീഴ്‌പ്പെടുത്താൻ വലിയ മാർക്കറ്റ് വിപുലീകരണമാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിലവിൽ മുൻനിര സൂപ്പർ മാർക്കറ്റുകളിലും കടകളിലും സാന്നിധ്യമുള്ള ഡബിൾ ഹോഴ്‌സ് അടുത്ത മൂന്ന് വർഷം കൊണ്ട് കേരളത്തിലെ ഏകദേശം 60,000 റീറ്റെയ്ൽ ഷെൽഫുകളിൽ സ്ഥാനം പിടിക്കാനാണ് ലക്ഷ്യം വച്ചിരിക്കുന്നത്.

ഇന്ന് ഡബിൾ ഹോഴ്‌സിന്റെ സാന്നിധ്യം ഗ്രേഡ് എ, ബി സൂപ്പർ മാർക്കറ്റുകളിലും, കടകളിലുമാണ്, മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ സജീവ് മഞ്ഞില പറയുന്നു. “കേരളത്തിൽ ഏതാണ്ട് 60,000 ത്തോളം ചെറുകിട വ്യാപാര ശാലകൾ ഉണ്ടെന്നാണ് അനുമാനം. ഈ വർഷം അതിൽ 30,000 എണ്ണത്തിൽ എങ്കിലും എത്തുക, വരുന്ന 3 വർഷം കൊണ്ട് ഈ 60,000  കടകളുടേയും ഷെൽഫുകളിൽ സ്ഥാനം പിടിക്കുക, അതാണ് ലക്ഷ്യം.”

കേരളം തന്നെ ആണ്  ഡബിൾ ഹോഴ്സിന്റെ പ്രധാന വിപണി, എന്നാൽ പ്രളയം ഉൾപ്പടെയുള്ള പല കാരണങ്ങൾ കൊണ്ട് ഡബിൾ ഹോഴ്സിന്റെ വളർച്ചയിൽ മന്ദത ഉണ്ടായ കാലമായിരുന്നു കഴിഞ്ഞ വർഷം. അത് നികത്താൻ കൂടി വേണ്ടിയാണ് പുതിയ വിപണന തത്രങ്ങൾ കമ്പനി ആവിഷ്‌കരിക്കുന്നത്. 

ഇന്ന് കമ്പനിയുടെ ആകെ മൊത്തം ഉത്പ്പന്നങ്ങളുടെ വില്പന എടുത്താൽ 45% അരി, 25% പ്രഭാത ഭക്ഷണ വസ്തുക്കളുടെ ശ്രേണി, 8% മസാലകൾ, 8% അച്ചാറുകൾ, പിന്നെ തേങ്ങാ പാല്, പായസം മിക്സ് എന്നിങ്ങനെയാണ്.കമ്പനിയ്ക്ക് വളരെ മികച്ച ക്വാളിറ്റി കണ്ട്രോൾ ടീം ഉണ്ട്, അവരുടെ മേൽനോട്ടത്തിൽ ഉത്പന്നങ്ങളിൽ ഏറിയ പങ്കും പാരമ്പര്യവും, വിശ്വാസ്യതയും ഉള്ള ഉത്പന്ന ശാലകളിൽ നിന്നും ഔട്ട് സോഴ്സ് ചെയ്യുന്നു. വീണ്ടും, വീണ്ടും ഗുണ നിലവാരം ഉറപ്പു വരുത്തിയതിനു ശേഷം ബ്രാൻഡ് ചെയ്ത് വിപണിയിലിറക്കുന്നു. 

ഉത്പന്ന കയറ്റുമതിയിലും മുൻപന്തിയിൽ തന്നെ ഉണ്ട് ഡബിൾ ഹോഴ്‌സ്. മൊത്തം ടേൺ ഓവറിന്റെ 30 ശതമാനം കയറ്റു മതിയിൽ നിന്നാണ് വരുന്നത്. അതിൽ തന്നെ 70 ശതമാനം മിഡിൽ ഈസ്റ്റ്, ബാക്കി 30 ശതമാനം യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, അമേരിക്ക എന്നിങ്ങനെയാണ്.

സജീവ് മഞ്ഞില 2020 മാർച്ച് 31 നു കമ്പനിയുടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിയും. "അഞ്ചു വർഷം കഴിഞ്ഞാൽ ചെയർമാൻ സ്ഥാനമൊഴിയണം, അത് ഞങ്ങൾ അനുവർത്തിച്ചു പോരുന്ന നയമാണ്. പുതിയ തലമുറകൾ നമ്മളെക്കാൾ യോഗ്യരാണ്. നമ്മുടെ ചില ടാർഗെറ്റ്‌സ് ഉണ്ട്, മാർക്കറ്റ് വിപുലീകരണം, പ്രൈവറ്റ് ഇക്വിറ്റി ഫണ്ട് റെയിസിംഗ്, പിന്നെ 2022-23ൽ ഷെയർ ലിസ്റ്റിംഗ്. ഇതെല്ലം പുതിയ ആൾ ഭംഗിയായി നടപ്പിലാക്കും," സജീവ് മഞ്ഞില പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com