ഏറ്റവുമധികം റിട്ടേണ്‍ തരുന്ന ഇന്‍വെസ്റ്റ്‌മെന്റ് ഏത്?

സാമ്പത്തിക വിദഗ്ധരോടും മറ്റും പലരും നിരന്തരം ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. ''ഏറ്റവും കൂടുതല്‍ റിട്ടേണ്‍ കിട്ടുന്ന ഇന്‍വെസ്റ്റ്‌മെന്റ് ഏതാണ്?.'' എല്ലാവര്‍ക്കും തന്നെ ഇതേ കുറിച്ച് കണ്‍ഫ്യൂഷനാണ്.

ചില ആളുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. അതായത് സേവിംഗ്‌സ് അക്കൗണ്ട്, ഫിക്‌സഡ് ഡെപ്പോസിറ്റ്, റിക്കറിംഗ് ഡിപ്പോസിറ്റ്... അങ്ങനെ. ഇനി കുറച്ചു പേര്‍ ചിട്ടിയില്‍ ചേരും. ഓഹരിയില്‍ നിക്ഷേപിച്ചിലാണ് നല്ല റിട്ടേണ്‍ ലഭിക്കുക എന്ന് മനസിലാക്കി ഓഹരിയിലും മ്യൂച്വല്‍ഫണ്ടിലുമൊക്കെ നിക്ഷേപിക്കുന്നു. ന്യൂ ജെന്‍ നിക്ഷേപ മാര്‍ഗമായ ബിറ്റ് കോയ്ന്‍ പോലുള്ളവയില്‍ നിക്ഷേപിക്കുന്നവരുമുണ്ട്. ഇതൊന്നുമല്ലാതെ ചെറിയ ബിസിനസുകളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവരുമുണ്ട്. തീര്‍ച്ചയായും ഇതെല്ലാം തന്നെ നമുക്ക് റിട്ടേണ്‍ നേടി തരുന്ന കാര്യങ്ങള്‍ തന്നെയാണ്.

എന്നാല്‍ ഇതിലൊക്കെയും ഒരു നഷ്ടം സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അല്ലേ? റിട്ടേണ്‍ കിട്ടാനുള്ള സാധ്യത എത്ര കൂടുതലാണോ അത്രയും തന്നെ കൂടുതലാണ് നഷ്ടം സംഭവിക്കാനുള്ള സാധ്യതയും. ഉദാഹരണത്തിന് ബിറ്റ് കോയ്ന്‍ പോലുള്ള ഒരു നിക്ഷേപമെടുത്താല്‍ നിങ്ങള്‍ക്ക് ഒരുപക്ഷേ ലക്ഷങ്ങളോ കോടികളോ അതില്‍ നിന്ന് സമ്പാദിക്കാന്‍ സാധിച്ചെന്നു വന്നേക്കാം. എന്നാല്‍ ഭീമമായ നഷ്ടത്തിനുള്ള സാധ്യതയും അതിന് പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഓഹരികളിലെ നിക്ഷേപവും വ്യത്യസ്തമല്ല.

പക്ഷെ നിങ്ങള്‍ക്ക് ഒരു തരത്തിലും നഷ്ടം സംഭവിക്കാന്‍ സാധ്യതയില്ലാത്ത, ഇന്‍വെസ്റ്റ് ചെയ്യുന്നതിന്റെ നൂറോ ഇരുന്നൂറോ മടങ്ങ് റിട്ടേണ്‍ കിട്ടിയേക്കാവുന്ന ഒരു നിക്ഷേപത്തെ കുറിച്ചാണ് ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പറയുന്നത്. ലോകത്തില്‍ തന്നെ ഇത്തരത്തിലുള്ള ഒരേയൊരു ഇന്‍വെസ്റ്റ്‌മെന്റാണത്.

എന്താണെന്നല്ലെ? മറ്റൊന്നുമല്ല, നമ്മളില്‍ തന്നെയുള്ള നിക്ഷേപമാണ് അത്. പലപ്പോഴും സ്‌കൂളിലൊക്കെ പോകുന്ന സമയത്ത് നമ്മള്‍ അറിയുന്നില്ല അത് നമ്മള്‍ നമുക്ക് വേണ്ടി തന്നെ നടത്തുന്ന നിക്ഷേപമാണെന്ന്. പക്ഷേ, ഈ സമയത്തെങ്കിലും(പ്രായമായ ഈ സമയത്തെങ്കിലും) നമ്മള്‍ അത് തിരിച്ചറിഞ്ഞേ മതിയാകൂ. ഇത് നമ്മളില്‍ തന്നെ നടത്തുന്ന നിക്ഷേപമാണെന്ന്.

എങ്ങനെയാണ് നമ്മളില്‍ തന്നെ നിക്ഷേപിക്കുക?

തീര്‍ച്ചയായും ഇത് ആരംഭിക്കേണ്ടത് നമ്മുടെ ഇന്ദ്രിയ(senses)ങ്ങളില്‍ നിന്നാണ്. ഈ ഇന്ദ്രിയങ്ങളില്‍ നിന്നാണ് നമുക്ക് ഇന്‍പുട്ടുകള്‍ ലഭിക്കുന്നത്. അതായത് നമ്മള്‍ കാണുന്ന കാഴ്ചകള്‍, കേള്‍ക്കുന്ന കാര്യങ്ങള്‍, മനസിലാക്കുന്ന കാര്യങ്ങള്‍ ഇതെല്ലാം നമ്മുടെ ഇന്‍പുട്‌സ് ആണ്. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ കാണുന്നത് പോസിറ്റീവായിട്ടുള്ള കാര്യങ്ങളാണെങ്കില്‍ നമ്മുടെ ബ്രെയ്ന്‍ ആ രീതിയില്‍ പോസിറ്റീവായി ചിന്തിക്കാന്‍ തുടങ്ങും, അതു കൂടുതല്‍ ഓപ്പണാകും. പുതിയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അത് നമ്മളെ സഹായിക്കും.

പക്ഷേ, എങ്ങനെയാണ് നല്ല കാര്യങ്ങള്‍ മാത്രം കാണുക?. അതിനൊരു ടെക്‌നിക്കുണ്ട്. നല്ല ആളുകളുമായി മാത്രം ബന്ധം സ്ഥാപിക്കുക, നല്ല കൂട്ടുകെട്ടുണ്ടാക്കുക, നല്ല ശീലങ്ങള്‍ പിന്തുടരുന്ന ആളുകളുമായി സംവദിക്കാന്‍ സമയം കണ്ടെത്തുക. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന മിക്ക കാര്യങ്ങളും നല്ലതായി നിങ്ങള്‍ക്ക് തോന്നാന്‍ സാധ്യതയുണ്ട്. അതേ സമയം ചീത്ത ആളുകളുമായി കൂട്ടുകൂടുമ്പോള്‍ അവരുടെ ചിന്താഗതിയിലേക്ക് നിങ്ങളുടെ ചിന്തകള്‍ വഴി തെറ്റി പോകുന്നതു കാണാം. അപ്പോള്‍ പരമാവധി നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുക, വിജയം വരിച്ച ആളുകളുമായി കൂട്ടുകൂടാനും സംവദിക്കാനും ശ്രമിക്കുക. അങ്ങനെ വരുമ്പോള്‍ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഭാഷയിലൊക്കെ ശുദ്ധി വരുന്നതായി കാണാനാകും. പല കാര്യങ്ങളും വളരെ ഫോക്കസ്ഡ് ആയി പ്രൊഫഷണലായി നിങ്ങള്‍ക്ക് പ്രസന്റ് ചെയ്യാനും സാധിക്കും. അതായത് നല്ല ബന്ധങ്ങള്‍ നല്ല കമ്മ്യൂണിക്കേഷനും നല്ല ശീലങ്ങളും ഉണ്ടാക്കുന്നു.

നല്ല ശീലങ്ങള്‍ സൃഷ്ടിക്കാാനുളള മറ്റ് വഴികള്‍ എന്തൊക്കെയാണ്?

നല്ല പുസ്തകങ്ങള്‍ വായിക്കുക, നല്ല പ്രോഗ്രാമുകള്‍ കാണുക ഒക്കെ ഇതുമായി അനുബന്ധമായ കാര്യങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ സമയം കൊല്ലികളായ കാര്യങ്ങള്‍ ചെയ്തുകൊണ്ടും അല്ലെങ്കില്‍ ഒരു തരത്തിലും നമുക്ക് നല്ലതൊന്നും നമ്മുടെ ചിന്തകളിലേക്ക് കിട്ടാത്തതായ പരിപാടികള്‍ കണ്ടുമൊക്ക നമ്മളെല്ലാവരും ഒരു പാട് സമയം പാഴാക്കി കളയാറുണ്ട്. പ്രത്യേകിച്ചും ഇപ്പോഴത്തെ കൊറോണ കാലഘട്ടത്തില്‍. യഥാര്‍ത്ഥത്തില്‍ നമുക്ക് കിട്ടുന്ന ഓരോ ഇന്‍പട്ടും ഔട്ട്പുട്ടായി മാറ്റാന്‍ സാധിക്കണം. നിങ്ങളുടെ ജീവിതത്തിലേ ജോലിയിലോ ഒക്കെ പ്രയോഗിക്കാനാകുന്നതായിരിക്കണം ഓരോ ഇന്‍പുട്ടും. ഇങ്ങനെയാണെങ്കില്‍ അതാണ് ഏറ്റവും നല്ല ഇന്‍വെസ്റ്റ്‌മെന്റ്.

ആരോഗ്യവും ഭക്ഷണവും പിന്നെ ട്രെയ്‌നിംഗും

ഒപ്പം തന്നെ പ്രധാനമായ ഒന്നാണ് നല്ല ഭക്ഷണം കഴിക്കുക എന്നതും. വില കൂടിയ ഭക്ഷണം വാങ്ങിക്കഴിക്കുക എന്നതല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്. പകരം നല്ല ആരോഗ്യദായകമായ, നിങ്ങളുടെ ശരീരപ്രകൃതിയ്ക്കിണങ്ങുന്ന ഭക്ഷണം കഴിക്കണം. കൂടാതെ ആരോഗ്യത്തെ പരിരക്ഷിക്കുന്നതിനുള്ള ശാരീരിക വ്യായാമങ്ങള്‍ കൂടു പിന്തുടരുകയും വേണം. ഇങ്ങനെയാണെങ്കില്‍ പറയാനാകും, നിങ്ങള്‍ നിങ്ങളില്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന്.

നിങ്ങളെ തന്നെ എനര്‍ജൈസ് ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുകയും വേണം. അതിനായി നല്ല ട്രെയ്‌നിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുക. ജീവിതം എന്നു പറയുന്നത് ഒരു ലേണിംഗ് പ്രോസസാണ്. ജീവിതം അവസാനിക്കുന്നതിന് ഒരു നിമിഷം മുമ്പു വരെയും നമ്മുടെ ആശയവിനിമയത്തില്‍ നിന്ന് നമ്മള്‍ പഠിക്കുന്നുണ്ടെന്നാണ് പറയുന്നത്. അതിനെ കുറച്ചു കൂടി ത്വരിതപ്പെടുത്താന്‍ നല്ല ട്രെയ്‌നിംഗ് പ്രോഗ്രാമുകളില്‍ പങ്കെടുക്കേണ്ടത് അത്യാവശ്യമാണ്. ഓണ്‍ലൈനില്‍ ഇന്ന് നിരവധി സാധ്യതകളുണ്ട്. അതൊക്കെ പ്രയോജനപ്പെടുത്തുക. കൊറോണ കാലമൊക്കെ കഴിയുമ്പോള്‍ ഓഫ് ലൈനിലും ധാരാളം പ്രോഗ്രാമുകള്‍ നടത്തും. അതിലുമൊക്കെ പങ്കെടുക്കുക.

സ്വയം പഠിക്കുന്നതിനൊപ്പം നിങ്ങള്‍ക്ക് ചുറ്റിലുമുുള്ളവരേയും ശാക്തീകരിക്കുക. അങ്ങനെ പോസിറ്റീവായൊരു സമൂഹത്തെ തന്നെ സൃഷ്ടിക്കാം. ഇതിനേക്കാള്‍ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റുണ്ടാകില്ല. നിങ്ങളുടെ ജോലിയിലും കരിയറിലും ഇത് മൂല്യവത്തായിരിക്കുകയും ചെയ്യുമെന്ന് ഉറപ്പ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

AR Ranjith
AR Ranjith  

ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒ യും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാണ്.

Related Articles
Next Story
Videos
Share it