മുമ്പ് ഹോട്ടല്‍ സപ്ലയറും സെക്യൂരിറ്റി ഗാര്‍ഡുമായി, ഇപ്പോഴത്തെ വാര്‍ഷികവേതനം 857 കോടി രൂപ
പിതാവിന്റെ കൈയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കടം വാങ്ങി 21ാം വയസില്‍ യു.എസിലേക്ക് പഠനത്തിനായി തിരിച്ച പയ്യന്‍. കൈയിലുള്ള പണം തീര്‍ന്നപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഹോട്ടല്‍ സപ്ലയര്‍ തുടങ്ങിയ പല ജോലികളും ചെയ്തു. സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റാണ് പിന്നീടങ്ങോട്ട് നികേഷ് അറോറയെന്ന ഈ ഉത്തര്‍പ്രദേശുകാരന്റെ ജീവിതത്തിലുണ്ടായത്. ഈയിടെ നടത്തിയ സര്‍വേ പ്രകാരം ലിസ്റ്റഡ് യു.എസ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന സിഇഒമാരില്‍ മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം.
ഗുഗിള്‍ ചീഫ് ബിസിനസ് ഓഫീസര്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള നികേഷ് അറോറ ഇപ്പോള്‍ പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്‌സിന്റെ സിഇഒയും ചെയര്‍മാനുമാണ്. 857 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാര്‍ഷികവേതനം
ചെയ്യാത്ത ജോലികളില്ല
സാമ്പത്തികബാധ്യത കൊണ്ട് നട്ടംതിരിഞ്ഞ ഒരു സാഹചര്യം നികേഷ് അറോറയുടെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ഉത്തര്‍പ്രദേശിലെ ഘസിയാബാദില്‍ ഒരു എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കേന്ദ്രീയ വിദ്യാലയങ്ങളില്‍ നിന്നായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന നികേഷിന് ഐഐറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചു. അവിടെ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയ അദ്ദേഹം വിപ്രോയില്‍ ജോലിക്ക് പ്രവേശിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസം നേടാനായി ജോലി ഉപേക്ഷിച്ചു. അങ്ങനെ കൈയില്‍ പിതാവ് വായ്പയായി കൊടുത്ത രണ്ട് ലക്ഷം രൂപയും രണ്ട് സ്യൂട്ട്‌കേസുമായി നികേഷ് എംബിഎ വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് തിരിച്ചു. ബോസ്റ്റണ്‍ കോളെജില്‍ പഠനം ആരംഭിച്ച നികേഷ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലകപ്പെട്ടു.
''ഞാന്‍ ആകെ പാപ്പരായ അവസ്ഥയിലായിരുന്നു. ബിസിനസ് സ്‌കൂളിലെ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ വിവാഹിതനായി. ബാധ്യതകളേറി. എന്നാല്‍ വരുമാനമൊന്നും ഇല്ല.'' ഒരു മാധ്യമത്തിന് അനുവദിച്ച ഇന്റര്‍വ്യൂവില്‍ നികേഷ് പറഞ്ഞു.
ഒടുവില്‍ പാര്‍ട് ടൈം ജോലി ചെയ്യാന്‍ തീരുമാനിച്ചു. പഠനത്തിനൊപ്പം തന്നെ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലി ചെയ്തു. ബാക്കിയുള്ള സമയം ശാരീരികപരിമിതികളുള്ളവര്‍ക്ക് നോട്ട്‌സ് എഴുതി നല്‍കുക, കോര്‍പ്പറേറ്റ് ഫിനാന്‍സിനെക്കുറിച്ച് ക്ലാസുകളെടുക്കുക... തുടങ്ങിയ വിവിധ ജോലികള്‍ മാറിമാറി ചെയ്തു. ആഴ്ചയില്‍ രണ്ടുദിവസം ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ സപ്ലയറായി പോകുമായിരുന്നു. എല്ലാ ബുദ്ധിമുദ്ധിട്ടിനിടയിലും പ്രൊഫഷണല്‍ രംഗത്ത് ഉയരാനുള്ള നിശ്ചയദാര്‍ഢ്യമായിരുന്നു അറോറയെ നയിച്ചിരുന്നത്.
450 കമ്പനികള്‍ നിരസിച്ചു
പഠനത്തിനുശേഷം എങ്ങനെയെങ്കിലും ജോലിയില്‍ കയറണമെന്ന ആഗ്രഹത്താല്‍ 450 കമ്പനികളില്‍ അപേക്ഷിച്ചിട്ടും അദ്ദേഹത്തിന് ജോലി ലഭിച്ചില്ലത്രെ. ഒടുവില്‍ ഒരു സ്ഥാപനം അദ്ദേഹത്തിന് പൊസിറ്റീവ് മറുപടി അയച്ചു. അങ്ങനെ അറോറ ഫിഡെലിറ്റി ഇന്‍വെസ്റ്റമെന്റില്‍ ജോലിക്ക് ചേര്‍ന്നു. അവിടെ കഴിവ് തെളിയിച്ച അദ്ദേഹം ഫിഡെലിറ്റി ടെക്‌നോളജീസില്‍ ഫിനാന്‍സ് വിഭാഗം വൈസ് പ്രസിഡന്റായി.
2004ലാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവുണ്ടാകുന്നത്. ഗൂഗിളില്‍ ജോലി ലഭിച്ചു. ഏഴ് വര്‍ഷം കൊണ്ട് ഗൂഗിളിന്റെ ചീഫ് ബിസിനസ് ഓഫീസറും ഗൂഗിളില്‍ ഏറ്റവും വേതനം നേടുന്ന ജീവനക്കാരനുമായി. അന്ന് അദ്ദേഹത്തിന്റെ വാര്‍ഷികവേതനം 310 കോടിരൂപയായിരുന്നു.
പിന്നീട് സോഫ്റ്റ്ബാങ്കില്‍ ചേര്‍ന്ന അറോറയുടെ വേതനം 850 കോടിരൂപയായി. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ പാലോ ആള്‍ട്ടോയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതും 857 കോടി രൂപ വാര്‍ഷികവേതനത്തില്‍.
അതിവേഗത്തില്‍ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള കഴിവാണ് അറോറയുടെ എടുത്തുപറയേണ്ട പ്രത്യേകത. കഠിനമായി അദ്ധ്വാനിക്കാന്‍ ഒരു മടിയുമില്ല. ജീവിതത്തില്‍ ഏറെയും യു.എസില്‍ ആയിരുന്നെങ്കിലും ഇദ്ദേഹം മനസുകൊണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെയും ഇന്ത്യന്‍ ഭക്ഷണത്തെയുമൊക്കെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നു. ക്രിക്കറ്റ് കാണലും ഗോള്‍ഫ് കളിയുമാണ് ഇഷ്ടവിനോദങ്ങള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline