കടുത്ത 'പെട്രോള്‍ ക്ഷാമം', പുട്ടിന്റെ രക്ഷയ്‌ക്കെത്തി ഇന്ത്യ; സ്വന്തം എണ്ണ തിരികെ പെട്രോളായി വാങ്ങേണ്ടി വരുന്ന റഷ്യ!

ലോകത്തെ മുൻനിര എണ്ണ ഉത്പാദകർ, എന്നിട്ടും റഷ്യയിൽ പെട്രോളിന് നീണ്ട ക്യൂ! രക്ഷകരായി ഇന്ത്യ
കടുത്ത 'പെട്രോള്‍ ക്ഷാമം', പുട്ടിന്റെ രക്ഷയ്‌ക്കെത്തി ഇന്ത്യ; സ്വന്തം എണ്ണ തിരികെ പെട്രോളായി വാങ്ങേണ്ടി വരുന്ന റഷ്യ!
Published on

യുക്രെയ്ന്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണങ്ങളില്‍ എണ്ണ ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതോടെ റഷ്യ ഇന്ത്യയില്‍നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ ഇന്ത്യയില്‍നിന്ന് കുറഞ്ഞത് 60,000 മെട്രിക് ടണ്‍ പെട്രോള്‍ റഷ്യയിലേക്ക് അയച്ചതായി വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ ശുദ്ധീകരിച്ച ഈ പെട്രോളില്‍ ഒരു ഭാഗം റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതാണ്. ലോകത്തെ പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളിലൊന്നായ റഷ്യയ്ക്ക് സ്വന്തം ക്രൂഡ് ഇന്ത്യയില്‍ ശുദ്ധീകരിച്ചശേഷം പെട്രോളായി തിരിച്ചുവാങ്ങേണ്ടിവരുന്നതാണ് പുതിയ ആഗോള എണ്ണവ്യാപാര സാഹചര്യത്തിന്റെ കൗതുകകരമായ വശം.

ഗുജറാത്തിലെ വാഡിനാറിലുള്ള നയാര എനര്‍ജി റിഫൈനറിയില്‍ ഉത്പാദിപ്പിച്ച 42,000 മെട്രിക് ടണ്‍ പെട്രോളുമായി പുറപ്പെട്ട 'ഗാര്‍നെറ്റ്' എന്ന കപ്പല്‍ ജൂലൈ 27ന് വടക്കന്‍ റഷ്യയിലെ വൈറ്റ് സീ ഓയില്‍ ടെര്‍മിനലില്‍ എത്തും. ഇന്ത്യന്‍ കമ്പനിയായ നയാര എനര്‍ജിയുടെ വാഡിനാര്‍ റിഫൈനറിയുടെ 49 ശതമാനം ഓഹരികളും റഷ്യന്‍ പൊതുമേഖലാ ഭീമനായ റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ക്രൂഡ്ഓയില്‍ ട്രാക്കിംഗ് കെപ്ലറുടെ കണക്കുകള്‍ പ്രകാരം 2026ല്‍ ഈ റിഫൈനറിയില്‍ ശുദ്ധീകരിച്ച 90 ശതമാനത്തിലധികം അസംസ്‌കൃത എണ്ണയും റഷ്യയില്‍ നിന്ന് തന്നെ ഇറക്കുമതി ചെയ്തതാണ്. റഷ്യയില്‍ നിന്ന് വിലകുറഞ്ഞ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യയില്‍ ശുദ്ധീകരിച്ച് തിരികെ റഷ്യയിലേക്ക് തന്നെ പെട്രോളായി കയറ്റി അയക്കുന്നുവെന്നതാണ് ഇതിലെ കൗതുകം.

റഷ്യ നേരിടുന്നത് കടുത്ത പ്രതിസന്ധി

ഇന്ധനക്ഷാമം രൂക്ഷമായതോടെ ഇന്ത്യയ്ക്ക് പുറമെ അയല്‍രാജ്യമായ ബെലാറസില്‍ നിന്നും റഷ്യ ഇന്ധനം വാങ്ങുന്നുണ്ട്. ജൂണില്‍ മാത്രം 1,84,000 മെട്രിക് ടണ്‍ പെട്രോളാണ് ബെലാറസ് റഷ്യയ്ക്ക് നല്‍കിയത്. പ്രതിസന്ധി പരിഹരിക്കാനായി ഡീസല്‍, മോട്ടോര്‍ ഗ്യാസോലിന്‍, ജെറ്റ് ഫ്യുവല്‍ എന്നിവയുടെ കയറ്റുമതി റഷ്യ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

റഷ്യയിലുടനീളം ഇന്ധന വിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. രാജ്യത്തെ 11 സമയമേഖലകളിലെയും നിരവധി പ്രദേശങ്ങളില്‍ ഇന്ധന വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോസ്‌കോ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് തുടങ്ങിയ വന്‍നഗരങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ അസ്ട്രഖാന്‍, ലിപെറ്റ്സ്‌ക്, വൊറോനെജ് തുടങ്ങിയ പ്രദേശങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര തുടരുകയാണ്.

ചില പമ്പുകളില്‍ 50 മുതല്‍ 100 വരെ വാഹനങ്ങള്‍ ഇന്ധനത്തിനായി കാത്തുനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലഭ്യത കുറഞ്ഞതോടെ റഷ്യയിലെ പെട്രോള്‍ വിലയും സര്‍വകാല റെക്കോര്‍ഡ് നിലവാരത്തിലെത്തി.

വേനല്‍ക്കാലത്ത് റഷ്യയിലെ പ്രതിദിന പെട്രോള്‍ ഉപഭോഗം കുറഞ്ഞത് 1,10,000 ടണ്ണാണ്. എന്നാല്‍ യുക്രെയ്ന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ആഭ്യന്തര ഉല്‍പാദനം കുത്തനെ ഇടിഞ്ഞു. യുക്രെയ്ന്‍ ആക്രമണങ്ങള്‍ മൂലം ചില മേഖലകളില്‍ ഇന്ധനക്ഷാമമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ സമ്മതിച്ചെങ്കിലും പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് വ്യക്തമാക്കി.

ഉചിതമായ വിലയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ക്രെംലിന്‍ വക്താവും സ്ഥിരീകരിച്ചു. പെട്രോള്‍ ക്ഷാമം പരിഹരിക്കുന്നതിനായി റഷ്യന്‍ പാര്‍ലമെന്റ് നികുതി വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇന്ധന ഇറക്കുമതിക്ക് സബ്സിഡി നല്‍കാനും തീരുമാനമായി.

ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഇറക്കുമതി റെക്കോര്‍ഡില്‍

ചെങ്കടല്‍, ഹോര്‍മുസ് മേഖലകളിലെ സംഘര്‍ഷങ്ങളും എണ്ണവിതരണ ആശങ്കകളും തുടരുന്നതിനിടെ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയും റെക്കോര്‍ഡ് നിലവാരത്തി.

ജൂണില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത മൊത്തം ക്രൂഡ് ഓയിലിന്റെ 50 ശതമാനത്തിലധികവും റഷ്യയില്‍ നിന്നായിരുന്നു. പ്രതിദിനം ഏകദേശം 27 ലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡാണ് ഇന്ത്യ വാങ്ങിയതെന്നാണ് കണക്കുകള്‍.

റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഇന്ത്യയിലെ റിഫൈനറികളില്‍ ശുദ്ധീകരിച്ച് പെട്രോളാക്കി വീണ്ടും റഷ്യയിലേക്ക് തന്നെ കയറ്റി അയയ്ക്കുന്ന സാഹചര്യം ആഗോള എണ്ണവ്യാപാരത്തിലെ പുതിയ മാറ്റങ്ങളുടെയും യുദ്ധം സൃഷ്ടിച്ച വിതരണ പ്രതിസന്ധിയുടെയും ഉദാഹരണമാണ്.

Russia is importing petrol refined in India, including fuel made from Russian crude, as Ukrainian drone strikes disrupt its domestic refining capacity

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com