സംരംഭകർക്ക് നാരായണമൂർത്തിയുടെ ആറ് ഉപദേശങ്ങൾ

സംരംഭം വിജയിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ ബിസിനസ് പ്ലാന്‍ സംരംഭകര്‍ക്ക് ഉണ്ടായിരിക്കണമെന്നാണ് ഇന്‍ഫോസിസിന്റെ മുന്‍ മേധാവിയും കറ്റമരന്‍ വെഞ്ചേഴ്സിന്റെ സ്ഥാപകനുമായ എന്‍ആര്‍ നാരായണ മൂര്‍ത്തി പറയുന്നത്. കഴിഞ്ഞ ദിവസം മോണിംഗ് സ്റ്റാര്‍ ഇന്‍വെസ്റ്റ്‌മെന്റ് കോണ്‍ഫറന്‍സില്‍ സംസാരിച്ച അദ്ദേഹം സംരംഭകര്‍ക്കായി തന്റെ അനുഭവത്തില്‍ നിന്നുള്ള ചില സുപ്രധാന പാഠങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുള്ള വഴികള്‍ തേടുന്ന സംരംഭകര്‍ക്ക് പ്രയോജനകരമായ അദ്ദേഹത്തിന്റെ ചില മാര്‍ഗനിര്‍ദേശങ്ങള്‍

1. സംരംഭകര്‍ക്ക് അഞ്ച് വര്‍ഷത്തെ ബിസിനസ് പ്ലാന്‍ ഉണ്ടായിരിക്കണം. സ്ഥാപനം ലാഭക്ഷമതയിലേക്കെത്തുന്നതു വരെ അത് ദീര്‍ഘിപ്പിക്കാനും സാധിക്കണം. അതായത് ഏഴു വര്‍ഷത്തേക്കെങ്കിലും ഇ ബിസിനസ് പ്ലാന്‍ മുന്നോട്ടു കൊണ്ടു പോകാനാകണം

2. സംരംഭം തുടങ്ങി ആദ്യം ദിനം മുതല്‍ തന്നെ ചെലവു ചുരുക്കാന്‍ സംരംഭകര്‍ ശ്രദ്ധിക്കണം.

3. വിറ്റുവരവില്‍ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഒപ്പം തന്നെ സുസ്ഥിരമായ ലാഭവളര്‍ച്ചയും നിലനിര്‍ത്തണം .

4. സംരംഭകര്‍ക്ക് നേതൃത്വ പാഠവം അത്യാവശ്യമാണ്. ഒപ്പം ലളിതമായ ജീവിതവും ത്യാഗ സന്നദ്ധതയും അനിവാര്യം.

5. വിജയിക്കണമെന്നുണ്ടെങ്കില്‍ സംരംഭകര്‍ കിട്ടുന്ന വരുമാനം ചെലവഴിച്ചു തീര്‍ക്കാതെ ലാഭം സ്വരുകൂട്ടിവയ്ക്കുന്ന രീതിയിലേക്ക് വരണം .

6. വെഞ്ച്വര്‍ കാപിറ്റലിസ്റ്റുകള്‍ എല്ലാക്കാലത്തും പണം നിക്ഷേപിച്ചെന്ന് വരില്ല. ദീര്‍ഘകാലത്തില്‍ നിലനില്‍ക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഉത്പന്നങ്ങള്‍, മിതമായ വിലയിലും മികച്ച ഗുണമേന്മയിലും ലഭ്യമാക്കാന്‍ സംരംഭകര്‍ക്ക് ശ്രദ്ധിക്കണം.

വെഞ്ച്വര്‍ കാപിറ്റല്‍ സ്ഥാപനങ്ങളും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളും ഒരു മെന്ററുടെ റോള്‍ കൂടി വഹിക്കണമെന്നും അദ്ദേഹം പറയുന്നു. ''സംരംഭകര്‍ക്ക് വെല്ലുവിളികളെ നേരിടാനും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനും അനുയോജ്യരായ ജീവനക്കാരെ കണ്ടെത്താനും അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ രൂപപ്പെടുത്താനുമൊക്കെ വെഞ്ചവര്‍ കാപിറ്റലിസ്റ്റുകള്‍ക്ക് സംരംഭകരെ സഹായിക്കാന്‍ സാധിക്കും. ''

1991 നു ശേഷം കോര്‍പ്പറേറ്റ് ഗവേണന്‍സ് ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് മികച്ച ട്രെയ്‌നിംഗ് നല്‍കിയും ഡയറക്ടര്‍മാരെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റിയും ഓഹരിയുടമകളോട് കൂടുതല്‍ സുതാര്യമായി വര്‍ത്തിച്ചും ഇത് ഇനിയും മെച്ചപ്പെടുത്താമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it