പരാജയത്തില്‍ നിന്നുയര്‍ന്ന വിജയം, അഥവാ സ്വിഗ്ഗി

2014ല്‍, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിപണിയില്‍ ഒട്ടേറെ കമ്പനികള്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്താണ് സ്വിഗ്ഗി ആ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഇനിയൊരു കമ്പനിക്ക് കൂടി ഇടമുണ്ടോ എന്ന സംശയം പല ഭാഗത്തുനിന്നും പൊന്തിവന്നിരുന്നു.

പക്ഷേ വെറും നാലു വര്‍ഷം കൊണ്ട് ഫുഡ് ടെക് കമ്പനികളിലെ യൂണികോണ്‍ ആയി സ്വിഗ്ഗി ആ സംശയങ്ങളെ വേരോടെ പിഴുതെറിഞ്ഞു. സ്വിഗ്ഗിയുടെ സ്ഥാപകനും സിഇഒയുമായ ശ്രീഹര്‍ഷ മജേറ്റിയുടെ രക്തത്തില്‍ തന്നെ സംരംഭകത്വം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്.

വിജയവാഡയില്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ സംരംഭകനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അമ്മ സ്വന്തം ക്ലിനിക്കുള്ള ഡോക്ടറും. ഇതു കൂടാതെ ബ്യൂട്ടി പാര്‍ലര്‍ ശൃംഖലയും അമ്മയ്ക്കുണ്ടായിരുന്നു. ഈ കുടുംബ പശ്ചാത്തലവും അപരിചിതമായ സ്ഥലങ്ങള്‍ തേടിയുള്ള യാത്രകളുമാണ് തന്നിലെ സംരംഭകനെ വാര്‍ത്തെടുത്തതെന്ന് ശ്രീഹര്‍ഷ പറയുന്നു.

ബിറ്റ്‌സ് പിലാനിയില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം നേടിയ ശ്രീഹര്‍ഷയെ ആകര്‍ഷിച്ചിരുന്നത് സംരംഭകരുടെ വിജയകഥകളാണ്. ടെക് സ്റ്റാര്‍ട്ടപ്പ് റെഡ്ബസ് പോലുള്ളവയുടെ വിജയം ഇദ്ദേഹത്തെ പ്രചോദിപ്പിച്ചു. അങ്ങനെയാണ് നന്ദന്‍ റെഡ്ഡിയുമായി ചേര്‍ന്ന ശ്രീഹര്‍ഷ സ്വന്തം സംരംഭത്തിന് തുടക്കമിടുന്നത്.

അന്ന്, പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികള്‍ക്കു പോലും ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് സംവിധാനം സുസജ്ജമായിട്ടുണ്ടായില്ല. അസംഘടിതമായ ഈ മേഖലയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് Bundl എന്ന കമ്പനി ആരംഭിച്ചു. പക്ഷേ ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴേയ്ക്കും സാഹചര്യങ്ങള്‍ ഏറെ മാറി.

ഇ കൊമേഴ്‌സ് കമ്പനികള്‍ ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് രംഗത്ത് സജീവമായി. ഇവര്‍ പ്രതീക്ഷിച്ച ബിസിനസ് കിട്ടാതെയായി. അതോടെ ശ്രീഹര്‍ഷയും നന്ദനും ചുവടുമാറ്റി. ''ആദ്യ കമ്പനി പരാജയമായെങ്കിലും ഞങ്ങള്‍ ഒരു കാര്യം പഠിച്ചു. പല കമ്പനികളും അവരുടെ വളര്‍ച്ചയ്ക്കു വേണ്ടി ടെക്‌നോളജി വേï വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല.

ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കാന്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താന്‍ സാധിച്ചാല്‍ മികച്ചൊരു പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ സാധിക്കുമെന്ന് വ്യക്തമായി,'' ശ്രീഹര്‍ഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ഉപഭോക്താക്കളെ മനസില്‍ കണ്ടുള്ള, മികവുറ്റ ടെക്‌നോളജി പ്ലാറ്റ്‌ഫോമാണ് സ്വിഗ്ഗിയുടെ കരുത്തെന്ന് പിന്നീട് വന്‍കിട നിക്ഷേപകരും വ്യക്തമാക്കിയിട്ടുണ്ട്.

അതോടൊപ്പം മികച്ച മാനേജ്‌മെന്റ് ടീമിനെയും ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് വാര്‍ത്തെടുത്തു. ശ്രീഹര്‍ഷയും നന്ദനും ചേര്‍ന്ന് ടീമിലേക്ക് കൊണ്ടുവന്ന ഐഐറ്റിയില്‍ നിന്ന് പഠിച്ചിറങ്ങിയ രാഹുല്‍ ജെമിനിയാണ് സ്വിഗ്ഗിയുടെ ടെക്‌നോളജി സംവിധാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം.

ലോജിസ്റ്റിക്‌സ് ശൃംഖല കുറ്റമറ്റ രീതിയില്‍ ആദ്യകാലം മുതല്‍ സ്വിഗ്ഗി കൈകാര്യം ചെയ്തിരുന്നു. ഇന്ന് വന്‍തോതില്‍ നിക്ഷേപം തേടിയെത്തുന്ന ഫുഡ് ടെക് കമ്പനിയാണ് സ്വിഗ്ഗി.

Related Articles
Next Story
Videos
Share it