

രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ നെഗറ്റീവാകുമെന്ന അനുമാനം ശക്തമാകുമ്പോഴും ഇന്ത്യന്‍ ഓഹരി വിപണി ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ തേടുകയാണ്.
ലോകത്തിലെ പ്രമുഖ ഓഹരി വിപണികളെല്ലാം തന്നെ ഇപ്പോള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അതുപോലെ തന്നെ ആ വിപണികള്‍ അതത് രാജ്യങ്ങളിലെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതിയെ പ്രതിഫലിപ്പിക്കുന്നുമില്ല. ഈ സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ?
ഓഹരി വിപണിയിലേക്കുന്ന ധനലഭ്യതയാണ് വിപണികളുടെ കുതിപ്പിന് പിന്നിലെ സുപ്രധാന കാരണം. കോവിഡ് 19നെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ലോകത്തിലെ പ്രമുഖ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ വന്‍തോതില്‍ പണമാണ് വിപണിയിലേക്ക് ഒഴുക്കുന്നത്. ഈ പണമൊഴുക്ക് ലോകമെമ്പാടുമുള്ള ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിന് കരുത്തേകുന്നുണ്ട്.
ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന പലിശ നിരക്കാണ് പല രാജ്യങ്ങളിലും ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ നിക്ഷേപം വന്‍തോതില്‍ ഓഹരി വിപണിയിലേക്ക് വരുന്നുണ്ട്. പലിശ നിരക്കും ഓഹരി വിപണിയും തമ്മില്‍ എന്നും ഒരു വിപരീത ബന്ധമുണ്ട്. പലിശ നിരക്കുകള്‍ വന്‍തോതില്‍ താഴുമ്പോള്‍ അതിനേക്കാള്‍ മികച്ച നേട്ടം ലഭിക്കുന്ന ഓഹരിയിലേക്ക് നിക്ഷേപകര്‍ മാറും.
ഇപ്പോഴത്തെ ലോക സാമ്പത്തിക മാന്ദ്യത്തിനുള്ള മുഖ്യകാരണം കോവിഡ് 19നാണ്. ഇത് ഒരു ആഗോള മെഡിക്കല്‍ പ്രശ്‌നമാണ്. ഇതിന് പരിഹാരം മെഡിക്കല്‍ രീതിയിലൂടെ മാത്രമേ കാണാന്‍ സാധിക്കൂ. കോവിഡ് 19നുള്ള ഫലപ്രദമായ വാക്‌സിന്‍ അധികം വൈകാതെ എത്തുമെന്ന പ്രതീക്ഷയുള്ളതിനാല്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ കോര്‍പ്പറേറ്റ് വരുമാനം കൂടുമെന്ന പ്രതീക്ഷയും ഒരു വിഭാഗം വെച്ചുപുലര്‍ത്തുന്നു. ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളും വിപണിയുടെ കുതിപ്പിന് കാരണമാകുന്നുണ്ട്.
കോവിഡ് 19ന് വ്യാപനവും തുടര്‍ന്നുള്ള രാജ്യവ്യാപകമായ ലോക്ക്ഡൗണും മൂലം മാര്‍ച്ചില്‍ കുത്തനെ ഇടിഞ്ഞ ഓഹരി വിപണി പിന്നീട് കുതിച്ചുയര്‍ന്നു. ലോക്ക്ഡൗണ്‍ നാളുകളില്‍ രാജ്യം മുന്‍പെങ്ങും കാണാത്ത വിധമുള്ള റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തവും ഓഹരി വിപണിയിലുണ്ടായി. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും റീറ്റെയ്ല്‍ നിക്ഷേപകരും സജീവമായതോടെ വിപണി വീണ്ടും പുതിയ ഉയരങ്ങളിലേക്ക് മുന്നേറി.
എന്നാല്‍ ഇതിനിടെ രാജ്യത്തെ കൊറോണ കേസുകള്‍ കുത്തനെ ഉയരുകയാണ്. ട്രാക്റ്റര്‍ വില്‍പ്പനയുടെ കണക്കുകളും മറ്റും ചൂണ്ടിക്കാട്ടി ഗ്രാമീണ ഇന്ത്യ തിരിച്ചുവരികയാണെന്ന വിധത്തിലുള്ള പ്രചാരണങ്ങളുണ്ടെങ്കിലും ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തകര്‍ച്ചയുടെ പടുകുഴിയിലാണ്.
''കരുത്തുറ്റ അടിസ്ഥാന ഘടകങ്ങളുടെ പിന്‍ബലമില്ലാതുള്ള ഏത് വിപണി പ്രകടനവും സുസ്ഥിരമായിരിക്കില്ല,'' അടുത്തിടെ ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സി ജെ ജോര്‍ജ് അഭിപ്രായപ്പെടുന്നു.
പുതിയ സാമ്പത്തിക വര്‍ഷം പിറന്ന് മാസങ്ങള്‍ കഴിയും മുമ്പേ, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനുമാനിച്ചിരുന്ന ധനക്കമ്മി കണക്ക് എത്തിക്കഴിഞ്ഞു. മുറിവില്‍ ഉപ്പുതേക്കും പോലെ ബാങ്കുകളുടെ കിട്ടാക്കടവും പെരുകുകയാണ്. റിസര്‍വ് ബാങ്കിന്റെ അനുമാനമനുസരിച്ച് ബാങ്കുകളുടെ കിട്ടാക്കടം റെക്കോര്‍ഡ് ശതമാനത്തിലെത്തിയേക്കും.
അതിനിടെ ഇന്ത്യയുടെ ബിസിനസുകളുടെ പ്രകടനത്തെ സംബന്ധിച്ച അനുമാനങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും നിറംകെട്ടതാണ്.
രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക സൂചികകള്‍ വളരെ മോശം ചിത്രം നല്‍കുമ്പോഴും ഓഹരി വിപണിയില്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് സുരക്ഷിതമാണോ? 'തളരുന്ന സമ്പദ് വ്യവസ്ഥയിലെ കുതിക്കുന്ന ഓഹരി വിപണിയില്‍' നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതുണ്ടെന്ന് വ്യക്തമാക്കുന്നു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്‌മെന്റ് സട്രാറ്റജിസ്റ്റി ഡോ. വി കെ വിജയകുമാര്‍.
അദ്ദേഹം പറയുന്ന കാര്യങ്ങള്‍ ഇതൊക്കെയാണ്.
1. ഉയര്‍ന്ന റിസ്‌കെടുത്ത് നിക്ഷേപത്തിന് പറ്റിയ സമയമല്ല ഇത്. ജാഗ്രത പുലര്‍ത്തുക.
2. കൂടുതല്‍ പണം ഗുണമേന്മയും മികച്ച ട്രാക്ക് റെക്കോര്‍ഡുമുള്ള ബ്ലൂ ചിപ് കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുക.
3. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നിലനിര്‍ത്തുക. എസ് ഐ പികള്‍ തുടരുക.
4. ഇടത്തരം, ചെറുകിട ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകളിലൂടെ നിക്ഷേപിക്കുക.
5. നിലവാരം കുറഞ്ഞ ഓഹരികള്‍ ഒഴിവാക്കുക.
എല്ലാ പ്രതിസന്ധി ഘട്ടവും പോലെ ഈ കാലവും കടന്നു പോകും. എന്നാല്‍ ഈ ഘട്ടത്തില്‍ ഓഹരി നിക്ഷേപകര്‍ ക്ഷമയും ജാഗ്രതയും പുലര്‍ത്തണമെന്ന് വിദഗ്ധര്‍ പറയുന്നു.
''പുതുതായി ഓഹരി നിക്ഷേപം തുടങ്ങിയവര്‍ കുറഞ്ഞ വിലയുടെ കൂടുതല്‍ ഓഹരികള്‍ വാങ്ങിക്കൂട്ടാനാണ് ശ്രമിക്കുക. അതില്‍ അവരെ തെറ്റുപറയാനാകില്ല. പക്ഷേ ഇത്തരം പെന്നി സ്‌റ്റോക്കുകളില്‍ (പത്തുരൂപയില്‍ താഴെ വിലയുള്ള ഓഹരികള്‍) നിക്ഷേപിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസ്‌കാണ്. വിലകള്‍ ഉയര്‍ന്നാല്‍ അതിവേഗം ലാഭമെടുത്ത് പിന്മാറണം. കാരണം രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍ അനുസരിച്ച് ചെറുകിട, ഇടത്തരം കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ അങ്ങേയറ്റം പ്രയാസമാണ്,'' ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ രാംകി പറയുന്നു.
നിക്ഷേപകര്‍ കമ്പനികളെ പഠിച്ച് നിക്ഷേപം നടത്താന്‍ തയ്യാറാകണമെന്ന് അഹല്യ ഫിന്‍ഫോറക്‌സിന്റെ മാനേജിംഗ് ഡയറക്റ്റര്‍ എന്‍. ഭുവനേന്ദ്രന്‍ പറയുന്നു. ''കമ്പനികളുടെ സാമ്പത്തിക പാദ ഫലങ്ങള്‍, കമ്പനികളുടെ പ്രവര്‍ത്തന മേഖല, മാനേജ്‌മെന്റ് തുടങ്ങിയവയെല്ലാം പരിഗണിച്ച് മാത്രമേ നിക്ഷേപം നടത്താവൂ. വിപണിയുടെ ഉയര്‍ച്ചയില്‍ എല്ലാ ഓഹരികളുടെയും പങ്കാളിത്തമില്ല. ആ വസ്തുത നിക്ഷേപകര്‍ മനസ്സിലാക്കണം. ബുദ്ധിപൂര്‍വ്വം നിക്ഷേപം നടത്തണം,'' എന്‍. ഭുവനേന്ദ്രന്‍ പറയുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine