കൈയ്യൊഴിഞ്ഞത് 300 നിക്ഷേപകർ, ഇപ്പോൾ 1 ബില്യൺ മൂല്യമുള്ള ബിസിനസിന്റെ ഉടമ

പലപ്പോഴും ആദ്യ സംരംഭം പരാജയപ്പെടുന്നതോടെ ഒരു തൊഴിലന്വേഷകനായി മാർക്കറ്റിലേക്ക് തിരികേപ്പോകുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്. തന്റെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണ് പലരും സ്വന്തം ബിസിനസ് എന്ന സ്വപ്നം വലിച്ചുകീറി ചവറ്റുകൊട്ടയിൽ എറിയുന്നത്.

എന്നാൽ ഹെൻറി വാർഡ് എന്ന സംരംഭകന്റെ കഥ കേട്ടു നോക്കൂ. അദ്ദേഹത്തിന്റെ ആദ്യ സംരംഭം പരാജയമായിരുന്നു. നിരാശനാകാതെ രണ്ടാമത്തെ സംരംഭം തുടങ്ങി. ഇതിനിടയിൽ 300 തവണ നിക്ഷേപകരെ സമീപിച്ചെങ്കിലും ഫണ്ടിംഗ് നിരസിക്കപ്പെട്ടു.

ഇതിൽ നിന്നെല്ലാം പാഠമുൾക്കൊണ്ട് ഇപ്പോൾ വിജയക്കൊടി പാറിച്ചിരിക്കുകയാണ് ഹെൻറി. അദ്ദേഹത്തിന്റെ കഥ എല്ലാവർക്കും ഒരു പ്രചോദനമാണ്.

'ഡീൽമേക്കേഴ്‌സ് പോഡ്‌കാസ്റ്റി'ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നതിങ്ങനെ. "ഒരു സംരംഭം, അത് തുടരണോ അതോ അടച്ചുപൂട്ടണോ എന്ന് മനസിലാക്കുന്നതു തന്നെ ഒരു കലയാണ്."

ഇന്നിപ്പോൾ അദ്ദേഹം 'കാർട്ട' എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും സിഇഒയുമാണ്. മുൻനിര നിക്ഷേപകരുടെ പക്കൽ നിന്നും 147.8 മില്യൺ ഡോളർ ഫണ്ടിംഗ് നേടിയിരിക്കുകയാണ് ഈ സ്ഥാപനം.

ഒരു സൈക്കിളിസ്റ്റ് പ്രേമിയായ ഹെൻറി, തന്റെ കരിയറിന്റെ തുടക്കകാലത്തിൽ ക്യാപിറ്റൽ മാർക്കറ്റ് ഫിനാൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനും ഒപ്പം സൈക്കിളിംഗ് ആസ്വദിക്കുന്നതിനും പാരിസിലേക്ക് പോയി. അവിടെനിന്നും ജോലി നേടി യുഎസിലെത്തി. എട്ടുവർഷത്തോളം വിവിധ സോഫ്റ്റ് വെയർ കമ്പനികൾക്കായി ജോലി ചെയ്തു.

അതിനുശേഷമാണ് തന്റെ ആദ്യ സംരംഭമായ 'സെക്കൻഡ് സൈറ്റ്' തുടങ്ങിയത്. 500,000 ഡോളറിന്റെ നിക്ഷേപ വാഗ്ദാനം കമ്പനിക്ക് ലഭിച്ചുവെങ്കിലും അതു പരാജയപ്പെട്ടു. ഇതിനിടയിൽ 200 തവണയെങ്കിലും നിക്ഷേപകരിൽ നിന്ന് തിരസ്‌കരണം ഏറ്റുവാങ്ങിയിരുന്നു ഹെൻറി. ആ സംരംഭം നിലനിർത്താൻ അദ്ദേഹം കഴിവതും ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല.

സംരംഭകത്വം കൊണ്ടുവന്ന സ്വാതന്ത്ര്യം ആസ്വദിച്ച ഹെൻറിക്ക് തിരികെ ഒരു സാധാരണ തൊഴിലാളിയായി മാറാൻ മനസുണ്ടായിരുന്നില്ല. അപ്പോഴാണ് മുൻപ് പണം വാഗ്ദാനം ചെയ്ത നിക്ഷേപകൻ അദ്ദേഹത്തിന് ഒരു പുതിയ ബിസിനസ് ഐഡിയ കൊടുത്തത്. ആ ഐഡിയ ഒരു സംരംഭമായി രൂപം കൊണ്ടതാണ് ഇപ്പോഴത്തെ കാർട്ട.

ഹെൻറിയുടെ അഭിപ്രായത്തിൽ സ്റ്റാർട്ടപ്പ് വിജയത്തിന് വേണ്ടത് 3 കാര്യങ്ങളാണ്.

വീഴ്ചയിൽ നിന്ന് നമുക്ക് നിരവധി പാഠങ്ങൾ പഠിക്കാനുണ്ട്. അത് അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ നമ്മെ സഹായിക്കും. പരാജയത്തിൽ നിന്ന് ഹെൻറിയും ധാരാളം കാര്യങ്ങൾ പഠിച്ചു. ആദ്യ 18 മാസത്തിൽ നിങ്ങളുടെ സ്റ്റാർട്ടപ്പിൽ എന്തൊക്കെ ചെയ്യണം, ചെയ്യണ്ട എന്നുള്ളത് അദ്ദേഹത്തിന് ഇപ്പോൾ നന്നായറിയാം.

വിജയിക്കണമെങ്കിൽ വേണ്ടത് ഈ മൂന്ന് കാര്യങ്ങളാണ്.

  • മികച്ച ടീം കൂടെയുണ്ടാകണം.
  • നിങ്ങളുടെ ഉൽപ്പന്നം മാർക്കറ്റിൽ ഏതു വിഭാഗത്തിൽ, ഏതു സ്ഥലത്ത് ഫിറ്റ് ആകുമെന്നറിയണം.
  • നിക്ഷേപകരോട് എങ്ങനെ സംസാരിക്കണം എന്ന് പഠിക്കണം.

ഇനിയും ഒരു പരാജയം ഉണ്ടായാൽ എന്തോക്കെ ചെയ്യണമെന്നും അദ്ദേഹം മനസിൽ കുറിച്ചിട്ടുണ്ട്. ബിസിനസ് ഐഡിയ തയ്യാറാക്കാൻ കൂടുതൽ സമയം ചെലവഴിക്കും. ഉപഭോക്താക്കളുമായി സംസാരിക്കും. നിക്ഷേപകരുമായും കൂടുതൽ സമയം ചെലവഴിക്കും..

പുതിയ സംരംഭം തുടങ്ങിയപ്പോഴും ഏകദേശം 70 തവണയെങ്കിലും നിക്ഷേപകരുടെ പക്കൽ നിന്ന് 'നോ' കേട്ടിട്ടുണ്ട്. എങ്ങിനെയാണ് ഹെൻറി ഈ 'നോ' പിന്നീട് 'യെസ്' ആക്കി മാറ്റിയത്? താഴെപ്പറയുന്ന കാര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മുന്നോട്ടു പോയതിനാലാണ് അത് സാധിച്ചത്.

  • നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിലല്ല, നിങ്ങളുടെ ഐഡിയ ഇഷ്ടപ്പെടുന്ന ഇൻവെസ്റ്ററെ കണ്ടെത്തുന്നതിലാണ് കാര്യം.
  • ഒരു ലീഡ് ഇൻവെസ്റ്ററെ കണ്ടെത്തി, അദ്ദേഹത്തെക്കൊണ്ട് നിങ്ങളുടെ കമ്പനിയെ മറ്റുള്ള നിക്ഷേപകർക്ക് മുന്നിൽ ശുപാർശ ചെയ്യിക്കുക.
  • സെയിൽസ് നൈപുണ്യം നേടിയെടുക്കുക

ഇന്നിപ്പോൾ 500 ലധികം പേർക്ക് തൊഴിൽ നൽകുന്ന കമ്പനിയായ കാർട്ട വളർന്നതിന്റെ പിന്നിൽ പരാജയങ്ങളിൽ നിന്ന് ഹെൻറി പഠിച്ച ഈ പാഠങ്ങളാണ്.

Related Articles
Next Story
Videos
Share it