

ഓണ്‍ലൈന്‍ ഗ്രോസറി വിപണിയില്‍ റിലയന്‍സ് റീറ്റെയ്‌ലും ആമസോണും വാള്‍മാര്‍ട്ടുമെല്ലാം ശക്തമായി മുന്നോട്ടുപോകുമ്പോള്‍ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പും.
രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇ ഗ്രോസര്‍ ബിഗ് ബാസ്‌ക്കറ്റിന്റെ 20 ശതമാനത്തോളം ഓഹരികളാണ് ടാറ്റ ഗ്രൂപ്പ് വാങ്ങാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യകാല ഇ കോമേഴ്‌സ് സൈറ്റുകളിലൊന്നിന്റെ സ്ഥാപകനായ ഹരി മേനോനാണ് ബിഗ് ബാസ്‌ക്കറ്റിന്റെ സഹസ്ഥാപകനും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും. മെട്രോമാന്‍ ഇ. ശ്രീധരന്റെ മകളുടെ ഭര്‍ത്താവായ ഹരി മേനോന്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സര്‍വീസ് ലഭ്യമാക്കിയിരുന്ന പ്രാരംഭകാല കമ്പനികളിലൊന്നായ പ്ലാനറ്റ്ഏഷ്യയുടെ കണ്‍ട്രി ഹെഡ്ഡ് കൂടിയായിരുന്നു. കരിയറിന്റെ തുടക്കത്തില്‍ വിപ്രോയില്‍ ഇന്‍ഫോടെക് ബിസിനസുകളുടെ സാരഥ്യം വഹിച്ചിട്ടുള്ള ഹരി മേനോന്‍, ഇന്ത്യയിലെ ഇ കോമേഴ്‌സ് മേഖലയില്‍ മുമ്പേ നടന്ന സംരംഭകന്‍ കൂടിയാണ്.
ജിയോ മാര്‍ട്ടിലൂടെ റിലയന്‍സ് റീറ്റെയിലും ആമസോണും വാള്‍മാര്‍ട്ടുമെല്ലാം രാജ്യത്തെ ഇ കോമേഴ്‌സ് രംഗത്ത് കുതിച്ചുമുന്നേറുമ്പോള്‍, ആലിബാബയുടെ കൂടി നിക്ഷേപ പങ്കാളിത്തമുള്ള ബിഗ്ബാസ്‌കറ്റിലൂടെ ഇ ഗ്രോസറി രംഗത്ത് ആധിപത്യം ഉറപ്പിക്കാനാണ് ടാറ്റയുടെ ശ്രമം.
350-400 യുഎസ് ഡോളര്‍ ഫണ്ട് സമാഹരിക്കാന്‍ ശ്രമിക്കുന്ന ബിഗ് ബാസ്‌ക്കറ്റിലേക്ക് കണ്ണും വെച്ച് നിരവധി പ്രൈവറ്റി ഇക്വിറ്റി കമ്പനികളും രംഗത്തുണ്ട്. തെമാസക്, അമേരിക്ക ആസ്ഥാനമായുള്ള ജനറേഷന്‍ പാര്‍ട്‌ണേഴ്‌സ്, ഫിഡലിറ്റി, ടൈബോണ്‍ കാപ്പിറ്റല്‍ തുടങ്ങിയവുമായാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇപ്പോഴത്തെ ഫണ്ട് സമാഹരണ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ ബിഗ് ബാസ്‌ക്കറ്റിന്റെ മൂല്യം നിലവിലുള്ളതിന്റെ 33 ശതമാനം വര്‍ധിച്ച് രണ്ട് ബില്യണ്‍ യുഎസ് ഡോളറിലെത്തും. നിലവില്‍ 14 റൗണ്ട് ഫണ്ടിംഗ് ബിഗ് ബാസ്‌ക്കറ്റ് നടത്തിയിട്ടുണ്ട്. ആലിബാബ, ഹെലിയോണ്‍ വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയ നിരവധി കമ്പനികള്‍ ബിഗ് ബാസ്‌ക്കറ്റില്‍ ഇതിനകം നിക്ഷേപം നടത്തിയിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ടാറ്റ ഡിജിറ്റല്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിഗ് ബാസ്‌ക്കറ്റില്‍ ഓഹരി പങ്കാളിത്തം തേടുന്നത്. ഫുഡ് - ഗ്രോസറി ഓര്‍ഡര്‍ മുതല്‍ സാമ്പത്തിക സേവനങ്ങള്‍ വരെ ഒരൊറ്റ ആപ്പില്‍ ലഭ്യമാക്കുന്ന സൂപ്പര്‍ ആപ്പ് പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ വാള്‍മാര്‍ട്ടും തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
മുകേഷ് അംബാനിയുടെ ജിയോയും സൂപ്പര്‍ ആപ്പ് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ്. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫഌപ് കാര്‍ട്ട്, റിലയന്‍സിന്റെ ജിയോ മാര്‍ട്ട് എന്നിവര്‍ പടയോട്ടം നടത്തുന്ന ഇ കോമേഴ്‌സ് രംഗത്ത് ഇനി ടാറ്റ പുതിയ ആയുധങ്ങളുമായി പോരിനിറങ്ങുകയാണ്.
നിലവില്‍ പ്രതിദിനം ഏതാണ്ട് മൂന്ന് ലക്ഷം ഓര്‍ഡറുകളാണ് ബിഗ്ബാസ്‌ക്കറ്റ് കൈകാര്യം ചെയ്യുന്നത്. കോവിഡ് മഹാമാരി മൂലം രാജ്യത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയ മേഖലകളിലൊന്നാണ് ഇ കോമേഴ്‌സ്, ഇ ഗ്രോസറി രംഗം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine