ഭാവിയില്‍ ഉറപ്പായും വിജയിക്കും ഈ മൂന്ന് ബിസിനസുകള്‍!
ഏതു തരം ബിസിനസുകള്‍ക്കായിരിക്കും കോവിഡിനു ശേഷവും നിലനില്‍ക്കാനാകുക? ഇനി തുടങ്ങിയാല്‍ വിജയിക്കാന്‍ സാധ്യതയുള്ള ബിസിനസ് ഏതൊക്കെയാണ്? കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നത് ബിസിനസുകളുമായി ബന്ധപ്പെട്ടാണ്. പലര്‍ക്കും അറിയേണ്ടത് നൂറു ശതമാനം വിജയ സാധ്യതയുള്ള ബിസിനസുകളെ കുറിച്ചാണ്. ഈ ഒരു പശ്ചാത്തലത്തിലാണ് കഴിഞ്ഞ 11 വര്‍ഷമായി 600 ല്‍ അധികം കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കിയതിന്റെ വെളിച്ചത്തില്‍ ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സ് ഇത്തരത്തിലുള്ള 20 ഓളം ബിസിനസ് ആശയങ്ങള്‍ രൂപപ്പെടുത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ബിസിനസുകളെയാണ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.
ഓള്‍ഡ് ഏജ് ഹോംസ്
അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ താല്‍പ്പര്യം കാണിക്കാന്‍ സാധ്യതയുള്ള ബിസിനസാണ് ഓള്‍ഡ് ഏജ് ഹോംസ്. ഇന്നത്തെ തലമുറയുടെ താല്‍പ്പര്യവും ജീവിത രീതിയുമൊക്കെ വളരെ മാറിയിരിക്കുന്നു. ജോലിയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നവരാണ് പുതിയ തലമുറയിലുള്ളവര്‍. പലരും മാതാപിതാക്കളെ വീട്ടില്‍ ഒറ്റയ്ക്കാക്കിയാണ് വിദേശത്തേക്കൊക്കെ പോകുന്നത്. മാതാപിതാക്കളെ ഓള്‍ഡ് ഏജ് ഹോമുകളില്‍ ആക്കുന്നത് പലര്‍ക്കും കുറ്റബോധമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് ഓള്‍ഡ് ഏജു ഹോമുകളുടെ പഴയ സങ്കല്പങ്ങളെയെല്ലാം മാറ്റി മറിച്ചുകൊണ്ടുള്ള പുതു മോഡലുകള്‍ പലരും രൂപപ്പെടുത്തിയത്.
റിസോര്‍ട്ടിനു സമാനമായ അന്തരീക്ഷത്തില്‍, സ്വന്തമായി വാങ്ങാവുന്ന വില്ലകള്‍ ഉള്‍പ്പെടുന്ന ഓള്‍ഡ് ഏജ് ഹോമുകള്‍ക്കാണ് ഇപ്പോള്‍ പ്രിയം. പാലിയേറ്റീവ് -ജെറിയാട്രിക് സൗകര്യങ്ങളോടെ വാര്‍ധക്യ ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കുന്നു. തമിഴ്‌നാട്ടിലും മറ്റും അത്തരത്തിലുള്ള നല്ല മാതൃകകള്‍ കാണാനാകും. മക്കളെയൊന്നും ബുദ്ധിമു ട്ടിക്കാതെ ജീവിനക്കണമെന്ന് ആഗ്രഹിക്കുന്ന ഇപ്പോഴത്തെ പല മാതാപിതാക്കളും അവരുടെ വാര്‍ധക്യത്തില്‍ ഇത്തരം സംവിധാനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിച്ചു തുങ്ങി. യൂറോപ്പും, യുകെയുമൊക്കെ ഇത്തരത്തിലുള്ള ധാരാളം സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. നാട്ടിലും ഇപ്പോള്‍ തന്നെ അത്തരം പ്രോജക്ടുകള്‍ ഒരുക്കുന്നവര്‍ക്ക് വിജയിക്കാനാകും.
ഹോം ഓട്ടോമേഷൻ
വീട്ടില്‍ തന്നെ വിര്‍ച്വല്‍ റിയാലിറ്റിയും ഓഗ്മെന്റഡ് റിലായിറ്റിയും റോബോട്ടിക്‌സും ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയുമൊക്കെ ഉപയോഗിക്കേണ്ടി വരുന്ന കാലം വിദൂരമല്ല. അതിനാല്‍ ഇതൊക്കെ വീട്ടില്‍ ചെയ്തുകൊടുക്കാന്‍ പറ്റുന്ന ബിസിനസുകള്‍, ഇതുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍, സേവനം നല്‍കുന്നവര്‍, റിപ്പയര്‍, മെയ്ന്റനന്‍സ് എന്നിവ ചെയ്യുന്നവര്‍ എന്നിവര്‍ക്കെല്ലാം സാധ്യകളുണ്ട്. വളരെ നേരത്തെ തന്നെ ഇതിലേക്ക് കടന്നു വരുന്നവര്‍ക്ക് ഈ സാധ്യതകള്‍ പ്രയോജനപ്പെടുത്താനാകും.
കൗണ്‍സിലിംഗ്
മൂന്നാമതായി പറയുന്നത് ഒരു വ്യത്യസ്തമായ സേവനമാണ്. കൗതുകകരമെന്നു തോന്നാം. എന്നാല്‍ ഭാവിയില്‍ നല്ല സാധ്യതയുണ്ടായേക്കാവുന്ന ഒരു മേഖലയാണ് കൗണ്‍സിലിംഗ് സര്‍വീസ്. പണ്ടത്തെ കാലത്തെ പോലെ ഇന്ന് കൂട്ടു കുടുംബങ്ങളില്ല, കൂട്ടായമകളില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ വന്നാല്‍ അവരെ പറഞ്ഞു മനസിലാക്കുന്നതിനോ പഴയ നിലയിലേക്ക് മടക്കികൊണ്ടു വരുന്നതിനോ ആരുമില്ല. അതിനാല്‍ വളരെയധികം സാധ്യതകളുള്ള മേഖലയാണിത്. 2030 നു ശേഷം ഏറ്റവും വലിയ മരണനിരക്ക് ഉണ്ടാകാന്‍ പോകുന്നത് ഒറ്റപ്പെടല്‍ മൂലമുള്ള ഡിപ്രഷന്‍ കാരണമായിരിക്കുമെന്നാണ് ഒരു പഠനം വെളിപ്പെടുത്തുന്നത്. അതിനാല്‍ ഒറ്റപ്പെടലില്‍ നിന്ന് കരകയറുന്നതിനുള്ള കണ്‍സിലിംഗുകള്‍, സൈക്കോളജിക്കല്‍ ബൂസ്റ്റിംഗുകള്‍ ഒക്കെ വളരെ പ്രധാനമായിരിക്കും.
അവസരങ്ങൾ അറിഞ്ഞു ആദ്യം പ്രയോജന പെടുത്തുന്നവർക്കാണ് വിജയം എന്ന് മറക്കരുത് !
(ലേഖകന്‍ ബ്രമ്മ ലേണിംഗ് സൊല്യൂഷന്‍സിന്റെ സി.ഇ.ഒയും, 400ലധികം കമ്പനികളെ വിജയപാതയില്‍ എത്തിക്കാന്‍ സഹായിച്ച മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാണ്. സംശയങ്ങള്‍ ranjith@bramma.in എന്ന മെയ്ലില്‍ അയയ്ക്കാം)