

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ പിഴ ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ വ്യാപാരികള്‍ക്ക് ആശങ്ക. ഇതു സംബന്ധിച്ച തികഞ്ഞ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണെന്നും ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പഠിച്ചശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ അറിയിച്ചു.പിഴ ഈടാക്കരുതെന്ന നിലപാടാണ് സമിതിയുടേത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം പുതുവര്‍ഷം മുതല്‍ പ്രാബല്യത്തിലായെങ്കിലും പിഴ ഈടാക്കുന്നത് 15 മുതലെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇന്നു മുതല്‍ ഇവയുടെ ഉപയോഗം പിഴ ലഭിക്കാന്‍ കാരണമാകുമെന്നും പ്രഖ്യാപിച്ചിരുന്നു.
കലക്ടര്‍മാര്‍, സബ് കലക്ടര്‍മാര്‍, തദ്ദേശ, ആരോഗ്യ വകുപ്പുകളിലെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണു പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത്.അതേസമയം, പിഴ ഈടാക്കാനുളള നടപടിയില്‍ സര്‍വ്വത്ര അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.
പരിശോധന നടത്തുന്നത് അടക്കമുളള കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായില്ല. 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച പിഴ. ഉപഭോക്താക്കളെ ഒഴിവാക്കി ഉത്പാദകരില്‍ നിന്നും വില്‍പ്പനക്കാരില്‍ നിന്നും പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപാരികളില്‍ നിന്നും ആദ്യഘട്ടത്തിലേ എതിര്‍പ്പുയര്‍ന്നിരുന്നു. ഹൈക്കോടതിയില്‍ കേസുമുണ്ട്.
കേരളത്തില്‍ 11 ഇനം പ്ലാസ്റ്റിന് വിഭാഗങ്ങളിലെ മാലിന്യങ്ങള്‍ക്കാണ് നിരോധനം. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയില്‍ വിരിക്കാന്‍ ഉപയോഗിക്കുന്നത്), തെര്‍മോക്കോള്‍, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാരവസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്ട്രോകള്‍, ഡിഷുകള്‍, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിംഗുള്ള പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പേപ്പര്‍ ബൗള്‍, കോട്ടിംഗുള്ള പേപ്പര്‍ ബാഗുകള്‍, നോണ്‍ വൂവണ്‍ ബാഗുകള്‍, പ്ലാസ്റ്റിക് കൊടികള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് കുടിവെള്ള പൗച്ചുകള്‍, ബ്രാന്‍ഡഡ് അല്ലാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, 500 എം. എലിനു താഴെയുള്ള പെറ്റ് ബോട്ടിലുകള്‍, പ്ലാസ്റ്റിക് ഗാര്‍ബേജ് ബാഗ്, പിവിസി ഫല്‍ക്സ് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്.
എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസര്‍ റെസ്പോണ്‍സിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാന്‍ഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയുടെ ഉത്പാദകര്‍, ഇറക്കുമതിക്കാര്‍, ബ്രാന്‍ഡിന്റെ ഉടമസ്ഥര്‍ എന്നിവര്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നീക്കം ചെയ്ത് സംസ്‌കരിക്കണം. തിടുക്കത്തിലുള്ള നിരോധനം മൂലം കോടിക്കണക്കിനു രൂപയുടെ പ്‌ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നത് പ്രതിസന്ധിക്കിടയാക്കിയതായി ആരോപിച്ച് ആഗോള നിക്ഷേപക സംഗമം നടക്കവേ പ്‌ളാസ്റ്റിക് ഉല്‍പ്പന്ന മേഖലാ പ്രതിനിധികള്‍ കൊച്ചിയില്‍ ധര്‍ണ നടത്തിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine