യുഎസിൽ പോകണമെങ്കിൽ ഇനി ബോണ്ടിൽ ഒപ്പിടേണ്ടിവരും
നോൺ-ഇമിഗ്രന്റ് വിസ സംബന്ധിച്ച് ചട്ടങ്ങൾ കർശനമാക്കാൻ യുഎസ് തയ്യാറെടുക്കുന്നു. വേണ്ടിവന്നാൽ വിസ നൽകുന്നത് സസ്‌പെൻഡ് ചെയ്യുക, വിസ കാലാവധിയ്ക്ക് പരിധി ഏർപ്പെടുത്തുക, അധിക രേഖകൾ ഇതിനായി ആവശ്യപ്പെടുക തുടങ്ങിയ കാര്യങ്ങളിൽ അഭിപ്രായം തേടി യുഎസ് ഏജൻസികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെമ്മോ അയച്ചിരിക്കുകയാണ്.
ബിസിനസ്, ടൂറിസ്റ്റ് സന്ദർശകരും മറ്റ് നോൺ-ഇമിഗ്രന്റ് വിസ ഹോൾഡർമാരും അനുവദനീയമായ സമയത്തിലധികം രാജ്യത്ത് തങ്ങുന്നത് തടയണമെന്ന കർശന നിർദേശമാണ് ട്രംപ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പിന് നൽകിയിരിക്കുന്നത്.
നോൺ-ഇമിഗ്രന്റ് വിസയിൽ അമേരിക്കയിൽ പോകാൻ ഉദ്ദേശിക്കുന്നവർ ഒരു ‘അഡ്മിഷൻ ബോണ്ടി’ൽ ഒപ്പിടേണ്ടിവരും. ഇതുസംബന്ധിച്ച നിർദേശം ട്രംപ് ആണ് മുന്നോട്ടു വെച്ചിരിക്കുന്നത്.
വിദ്യാർത്ഥികൾ, തൊഴിലാളികൾ, അവരുടെ ആശ്രിതർ എന്നിവർ നോൺ-ഇമിഗ്രന്റ് വിസയിലാണ് യുഎസിലേക്ക് പോകുന്നത്.
ഹോം ലാൻഡ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ഏകദേശം 1.27 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് 2017 സെപ്റ്റംബറിൽ പഠിച്ചിറങ്ങിയത്. ഇതിൽ 3.45 ശതമാനം പേരും അനുവദനീയമായ സമയത്തിലധികം രാജ്യത്ത് തങ്ങിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.