നിങ്ങളും സ്വപ്‌നം കാണുന്നില്ലേ ഇങ്ങനെയൊരു ബ്രാന്‍ഡ് ഇമേജ്!

ഒരു ലക്ഷ്വറി ബ്രാന്‍ഡ് തങ്ങളുടെ ബാഗുകള്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുന്നുവെന്ന് കരുതുക. ഉയര്‍ന്ന വിലയില്‍ മാത്രം ലഭ്യമായിക്കൊണ്ടിരുന്ന ആ ബാഗുകള്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് മാത്രമേ അതേവരെ പ്രാപ്തമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഡിസ്‌കൗണ്ട് നല്‍കിയതോടു കൂടി അത് സാധാരണക്കാര്‍ക്ക് കൂടി വാങ്ങുവാന്‍ സാധിക്കുന്നു. പെട്ടെന്ന് ആ ബാഗുകളുടെ ഡിമാന്‍ഡ് വിപണിയില്‍ വര്‍ദ്ധിക്കുന്നു. ഉപഭോക്താക്കള്‍ ബാഗ് വാങ്ങുവാന്‍ ഇടിച്ചു കയറുന്നു. വില്‍പ്പന കുതിച്ചുയരുന്നു.

ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്. ആ ലക്ഷ്വറി ബ്രാന്‍ഡ് ഉപയോഗിച്ചു കൊണ്ടിരുന്ന അതിസമ്പന്നരായ ഉപഭോക്താക്കള്‍ക്ക് ആ ബ്രാന്‍ഡിലുള്ള താല്‍പ്പര്യം അതോടെ നഷ്ടപ്പെടുന്നു. എല്ലാവര്‍ക്കും വാങ്ങുവാന്‍ കഴിയുന്ന ഒരു ബ്രാന്‍ഡ് ഉപയോഗിക്കുവാന്‍ അവര്‍ മടിക്കുന്നു. അവരുടെ ഉയര്‍ന്ന നിലവാരം (High Class) കാത്തുസൂക്ഷിക്കുന്ന ബ്രാന്‍ഡുകളാണ് അവര്‍ക്കാവശ്യം. ഡിസ്‌കൗണ്ട് നല്കുന്നതോടു കൂടി വില്‍പ്പന ഉയരുന്നു എന്നാല്‍ ബ്രാന്‍ഡിന്റെ മൂല്യം ഇടിയുന്നു.

വില കൂടുന്തോറും ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന ചില ഉല്‍പ്പന്നങ്ങളുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബ്രാന്‍ഡുകള്‍ ഒരിക്കലും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ട് ഓഫര്‍ ചെയ്യുകയോ വില്‍പ്പന വര്‍ദ്ധിപ്പിക്കുവാനായി വില കുറച്ചു നല്‍കുകയോ ചെയ്യുന്നില്ല. ഈ ലക്ഷ്വറി ബ്രാന്‍ഡുകളുടെ പ്രത്യേകത തന്നെ സാധാരണക്കാരന് അപ്രാപ്യമായ ഉയര്‍ന്ന വിലയാണ് എന്നതാണ്. അതിസമ്പന്നര്‍ തങ്ങളുടെ സമ്പത്തിന്റേയും അന്തസ്സിന്റെയും ചിഹ്നമായി (Symbol) ഈ ബ്രാന്‍ഡുകളെ കാണുന്നു.

ഉയര്‍ന്ന വില (High Price) ഉയര്‍ന്ന ഗുണമേന്മയുമായി (High Quality) ഉപഭോക്താക്കള്‍ ബന്ധിപ്പിക്കുന്നു. ഉയര്‍ന്ന വിലയുള്ള ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന ഗുണമേന്മയുള്ളവയാണെന്ന് അവര്‍ ചിന്തിക്കുകയും അത് സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ലക്ഷ്വറി ഉല്‍പ്പന്നങ്ങളാണ് വെബ്ലെന്‍ ഗുഡ്‌സ് (Veblen Goods). തങ്ങളുടെ അന്തസ്സും ആഭിജാത്യവും പദവിയുമൊക്കെ പ്രകടമാക്കുവാന്‍ ഇത് ഉപഭോക്താക്കള്‍ സ്വന്തമാക്കുന്നു. വില കൂടുന്തോറും വെബ്ലെന്‍ ഗുഡ്‌സിന്റെ ആവശ്യകതയും (Demand) വര്‍ദ്ധിക്കുന്നു. വെബ്ലെന്‍ ഗുഡ്‌സിന്റെ വില കുറയുകയാണെന്ന് കരുതുക അതിനോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യം ഉടനടി നഷ്ടമാകുന്നു. വെബ്ലെന്‍ ബ്രാന്‍ഡ്' (Veblen Brand) എന്ന പരിവേഷം ഇല്ലാതെയാകുന്നു.

നിങ്ങള്‍ ബ്രോഡ്വേയിലൂടെ നടക്കുമ്പോള്‍ അവിടെ തെരുവില്‍ വെച്ച് റോളക്‌സ് (Rolex) വാച്ചുകള്‍ വില്‍ക്കുന്നത് ആലോചിച്ചു നോക്കുക. നിങ്ങള്‍ക്ക് ആ ബ്രാന്‍ഡിനോട് തോന്നുന്ന വികാരമെന്തായിരിക്കും? എന്നാല്‍ റോളക്‌സ് വാച്ചുകള്‍ നിങ്ങള്‍ക്കൊരിക്കലും അങ്ങിനെ ലഭിക്കുകയേയില്ല. റോളക്‌സ് വാച്ച് കയ്യിലണിഞ്ഞ ഒരാളെക്കാണുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സില്‍ അയാളെക്കുറിച്ചുള്ള എന്ത് ചിത്രമായിരിക്കും (Image) തെളിയുക?

റോള്‍സ് റോയ്‌സ് (Rolls Royce) കാര്‍ ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ സോഷ്യല്‍ സ്റ്റാറ്റസ് എന്തായിരിക്കും ? തീര്‍ച്ചയായും ആ വ്യക്തിയെ താഴ്ന്ന നിലവാരത്തിലുള്ള ഒരാളായി ഒരിക്കലും കണക്കാക്കുവാന്‍ ആ ബ്രാന്‍ഡ് നിങ്ങളെ അനുവദിക്കുകയില്ല. അയാളുടെ സമ്പത്തിന്റെ, അന്തസ്സിന്റെ, സമൂഹത്തിലുള്ള സ്ഥാനത്തിന്റെ പ്രതിരൂപമായാണ് ആ ബ്രാന്‍ഡ് നിലകൊള്ളുന്നത്. ആ ഉല്‍പ്പന്നത്തിന്റെ വിലയാണ് ഇത്തരമൊരു ഇമേജ് സൃഷ്ടിക്കുവാന് ആ വ്യക്തിയെ സഹായിക്കുന്നത്.

ശരീരം മുഴുവനും ആഭരണങ്ങള്‍ അണിയുന്നതിനു പകരം നിങ്ങളുടെ സമ്പത്തും അന്തസ്സും നിലവാരവുമൊക്കെ വെളിപ്പെടുത്താന്‍ ഒരു ചെറിയ ഡയമണ്ട് മാല മാത്രം അണിഞ്ഞാല്‍ മതിയാകും. വെബ്ലെന്‍ ഗുഡ്‌സ് (Veblen Goods) നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രകാശനമാകുന്നത് അങ്ങിനെയാണ്. വെബ്ലെന്‍ ബ്രാന്‍ഡ്' (Veblen Brand) സൃഷ്ടിക്കുക ഏതൊരു സംരംഭകന്റേയും സ്വപ്നമാണ്. ഈ തന്ത്രം സാക്ഷാത്കരിക്കാന്‍ ശ്രമിക്കൂ, എന്നും നിലനില്‍ക്കുന്ന മൂല്യമുള്ള ഉയര്‍ന്ന വിലയുള്ള വെബ്ലെന്‍ ഗുഡ്‌സ് നിങ്ങളുടെ ബുദ്ധിയില്‍ നിന്നും ഉടലെടുക്കട്ടെ.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it