നെഗറ്റീവ് ചിന്തകള് അകറ്റാൻ 5 എളുപ്പ വഴികള്‍
നെഗറ്റീവ് ചിന്തകള് മനസ്സിലേക്ക് കടന്നുവരുമ്പോൾ എപ്പോഴെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ ഈ ചിന്തയൊന്ന് ഓഫ് ചെയ്തിട്ടാലോ എന്ന്. നിങ്ങള്‍ വിചാരിക്കുന്നതുപോലെ അത് അത്രയേറെ ബുദ്ധിമുട്ടുള്ള കാര്യമല്ല നിങ്ങളുടെ ശ്രദ്ധയെ കൈകാര്യം ചെയ്യാന്‍ പഠിച്ചാല്‍ മാത്രം മതി അതിന്.
ഈ ലേഖനത്തിലൂടെ ഞാന് പറയുന്നത് ഏറെ ലളിതവും ഏതു സമയത്തു വേണമെങ്കിലും ഉപയോഗപ്പെടുത്താവുന്നതുമായ ചില വിദ്യകളാണ്.
നിങ്ങളുടെ ശരീരത്തെ കുറിച്ച് ബോധവാന്മാരാകുക
നിങ്ങളുടെ മനസ്സ് ഒരേസമയം പലയിടങ്ങളിലെത്താം. എന്നാല്‍ ശരീരം ഒരിടത്തു തന്നെയായിരിക്കും.
എന്നിരുന്നാലും ഓരോ കാര്യങ്ങളും നമ്മുടെ ശരീരത്തിന് എങ്ങനെ ഫീല്‍ ചെയ്യുന്നു എന്നു അപൂര്‍വമായേ നാം ശ്രദ്ധിക്കാറുള്ളൂ. കാരണം, നമ്മുടെ ചിന്തകളും മറ്റു ബാഹ്യ സാഹചര്യങ്ങളും ശ്രദ്ധയുടെ ഭൂരിഭാഗവും കവര്‍ന്നെടുക്കുന്നു.
ഇത് ചെയ്യുന്നതിന് നിങ്ങളുടെ ശ്രദ്ധ ബാഹ്യലോകത്തു നിന്നും ചിന്തകളില്‍ നിന്നും പിന്‍വലിക്കുകയും നിങ്ങളുടെ എല്ലാ ശ്രദ്ധയും ആ നിമിഷത്തില്‍ നിങ്ങളുടെ ശരീരം എങ്ങനെ അനുഭവിക്കുന്നു എന്നതിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്യുക.
ഉദാഹരണത്തിന് നിങ്ങള് ഇരിക്കുകയാണെങ്കില് നിങ്ങളുടെ ശ്രദ്ധ കൈകാലുകളിലേക്ക് കൊണ്ടു വരിക. കസേരയില് വിശ്രമിക്കുന്ന നിങ്ങളുടെ ശരീരത്തിന്റെ ഭാരം അനുഭവിച്ചറിയുക. (ആവശ്യമെങ്കില്‍ കണ്ണുകളടക്കാം).
ഇനി നടക്കുകയാണെങ്കിൽ ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും അത് നിങ്ങളുടെ പാദങ്ങളില് എങ്ങനെ അനുഭവവേദ്യമാകുന്നുവെന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇങ്ങനെ ചെയുന്നത് മനസ്സിലേക്കെത്തുന്ന നിഷേധാത്മക ചിന്തകളെ അകറ്റുകയും ഏകാഗ്രത കൈവരിക്കാന്‍ സഹായിക്കുകയും ചെയ്യും.
നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
നിഷേധാത്മക ചിന്തകള്‍ നിങ്ങളെ പിടികൂടിയെന്ന് തോന്നിയാല്‍ ആ ചിന്തകളെ ഒഴിവാക്കാനുള്ള മറ്റൊരു എളുപ്പവിദ്യ സ്വയം ഇങ്ങനെ ചോദിച്ചു നോക്കുക എന്നതാണ് - 'ഈ ദിവസം അല്ലെങ്കില്‍ ഈ ആഴ്ച ഞാന്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്ന കാര്യങ്ങള്‍ എന്താണ്? '
നിങ്ങളുടെ കുടുംബം, സുഹൃത്തുക്കള്‍, നല്ല സംഗീതം, നല്ല ഭക്ഷണം അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം ആയാസരഹിതമാക്കിയ എന്തെങ്കിലും കാര്യങ്ങള്‍... എന്തുമാകാം അത്. പലപ്പോഴും നിങ്ങള്‍ നിസ്സമാരമായി കരുതുന്ന കാര്യങ്ങളാവാമത്. നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട കാര്യങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ നിങ്ങളില്‍ നിന്ന് നിഷേധാത്മക ചിന്തകള്‍ ഒഴിഞ്ഞു പോകുന്നതായി കാണാം.
മനസ്സിലുള്ളത് എഴുതി വെക്കുക
എന്റെ ചിന്തകള്‍ ചിതറി പോകുന്നത് കുറയ്ക്കാന്‍ അവ കുറിച്ചിടുന്നതിലൂടെ കഴിയാറുണ്ട്. അതായത് ഒരു ബുക്കിൽ നിങ്ങളെ അലട്ടുന്ന പ്രശ്‌നങ്ങളും അല്ലെങ്കില്‍ നിങ്ങളുടെ മനസ്സിലുള്ള എല്ലാ കാര്യങ്ങളും കുറിച്ചിടുകയ ചെയ്യുക എന്നതാണ് ഞാൻ ഉദ്ദേശിക്കുന്നത്.
മനസ്സിലുള്ള ചിന്തകളെല്ലാം മനസ്സില്‍ തന്നെ സൂക്ഷിക്കുന്നതിനേക്കാള്‍, ഒരു കടലാസില്‍ എഴുതിക്കഴിയുമ്പോള്‍ അവയുടെ ശക്തിയും അതേകുറിച്ചുള്ള ഭയവും കുറയുന്നതായി എനിക്ക് തോന്നാറുണ്ട്. എല്ലാറ്റിനുമുപരി മനസ്സ് ശുദ്ധീകരിക്കാനും കൂടുതല്‍ ഏകാഗ്രമാക്കാനും ഇത് എന്നെ സഹായിക്കുന്നു.
നിങ്ങളുടെ എല്ലാ ആവലാതികളും ആശങ്കകളും കടലാസില്‍ എഴുതിയ ശേഷം ഒരു പ്രാര്‍ത്ഥനയോടെ അത് കത്തിച്ച് കളയുന്നതും പരീക്ഷിക്കാവുന്ന ഒരു മാർഗമാണ്.
സംഗീതം ആസ്വദിക്കുക
എന്റെ മാനസികാവസ്ഥ മികച്ചതാക്കാന്‍ എളുപ്പവഴികളിലൊന്നായി കണ്ടെത്തിയിരിക്കുന്നത് സംഗീതത്തെയാണ്. ഒരു മോശം ദിവസമാണെങ്കിൽ പോലും ഇഷ്‌ടപ്പെട്ട പഴയൊരു പാട്ട് കേൾക്കുന്നത് തന്നെ മൂഡ് മെച്ചപ്പെടുത്തും ; നെഗറ്റീവ് ചിന്തകൾ അലിഞ്ഞില്ലാതാകും.
സംഗീതത്തില്‍ പൂര്‍ണ ശ്രദ്ധ ചെലുത്താൻ ബോധപൂർവം ശ്രമിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാനും നിഷേധാത്മക ചിന്തകളിലേക്ക് വഴുതിപ്പോകാതെ നിര്‍ത്താനും സഹായിക്കും. ആവശ്യമായി വരുമ്പോഴൊക്കെ എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ ഇഷ്ടഗാനങ്ങളുടെ പ്ലേലിസ്റ്റ് തയാറാക്കി വെക്കാം.
ശ്വസനത്തിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാം
ശ്വസന രീതിയില്‍ ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നമ്മുടെ മാനസികാവസ്ഥയില്‍ സ്വാധീനം ചെലുത്താനുള്ള കഴിവ് നമുക്കോരോരുത്തര്‍ക്കുമുണ്ട്. നിങ്ങളുടെ വിവിധ തരത്തിലുള്ള മാനസികാവസ്ഥ വ്യത്യസ്തമായ ശ്വസന രീതികളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്.
ആളുകള്‍ ഭയാശങ്കയിലായിരിക്കുമ്പോള്‍ വേഗത്തിലും ആഴംകുറഞ്ഞതുമായ ശ്വസന രീതിയാണ് പിന്തുടരുന്നതെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. ഇതിലൂടെ നമ്മുടെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കൂടുകയും നമ്മെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. അതേസമയം പതുക്കെ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ ആളുകള്‍ ശാന്തരാകുകയും അവരില്‍ നിന്ന് സമ്മര്‍ദ്ദമൊഴിഞ്ഞു പോകുകയും ചെയ്യുന്നു.
നിങ്ങള്‍ അസ്വസ്ഥ ചിത്തനായിരിക്കുമ്പോൾശാന്തത കൈവരിക്കാന്‍ പ്രയോജനപ്പെടുത്താവുന്ന ഏറ്റവും ലളിതമായൊരു വഴിയാണ് 4-7-8 വിദ്യ പ്രയോഗിക്കുകയെന്നത്. നാലെണ്ണുന്നതു വരെ ഉള്ളിലേക്ക് ശ്വാസമെടുക്കുകയും ഏഴ് എണ്ണുന്ന സമയം വരെ അത് ഉള്ളില്‍ പിടിച്ചു നിര്‍ത്തുകയും എട്ട് എണ്ണുന്ന സമയം വരെ വായ തുറന്ന് പുറത്തേക്ക് ശ്വാസം വിടുകയും ചെയ്യുന്ന രീതിയാണത്. 5-10 മിനുട്ട് നേരം ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറയുകയും മനസ്സ് ശാന്തമാകുകയും ചെയ്യും. എന്നിരുന്നാലും ഭക്ഷണം കഴിച്ച ഉടനെ ഇത് ചെയ്യുന്നത് ഉചിതമല്ല.
അല്ലെങ്കിൽശ്വാസമെടുക്കുമ്പോള്‍ നിങ്ങളുടെ വയര്‍ ഉയരുന്നതും ശ്വാസം വിടുമ്പോള്‍ താഴുന്നതും നിരീക്ഷിക്കുക. ഏതാനും മിനുട്ട് നേരം അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം.
“അസ്വസ്ഥത, ഉത്കണ്ഠ, പിരിമുറുക്കം, സമ്മര്‍ദ്ദം, വിഷമം തുടങ്ങിയ എല്ലാത്തരം ഭയത്തിനും കാരണമാകുന്നത് ഭാവിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കുന്നതും വര്‍ത്തമാനകാലത്തില്‍ ഇല്ലാതിരിക്കുമ്പോഴുമാണ്. കുറ്റബോധം, പശ്ചാത്താപം, വിദ്വേഷം, ദുരിതം, ദുഃഖം, തിക്തത എന്നിവയ്ക്ക് കാരണം ഭൂതകാലത്തിന്റെ അതിപ്രസരവും വര്‍ത്തമാനത്തിന്റെ അഭാവവുമാണ് “ എന്ന് പ്രശസ്തമായ 'The Power of Now' എന്ന പുസ്തകത്തില്‍ Eckhart Tolle പറഞ്ഞിട്ടുണ്ട്.
മുകളില്‍ പറഞ്ഞിരിക്കുന്ന വിദ്യകള്‍ ലളിതമെങ്കിലുംവളരെയേറെ ഫലപ്രദമാണ്. കാരണം അത് നിങ്ങളെ വര്‍ത്തമാന നിമിഷങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നു. ആത്യന്തികമായി നിങ്ങളുടെ നിഷേധാത്മക ചിന്തകള്‍ ഒഴിവാകാന്‍ നിങ്ങളുടെ ശ്രദ്ധയുടെ കടിഞ്ഞാണ്‍ കൈയിലൊതുക്കുകയും നിങ്ങളുടെ മനസ്സ് അലഞ്ഞു നടക്കുന്നത് തടയുകയുമാണ് വേണ്ടത്.
അടുത്ത തവണ നിങ്ങള്‍ നിഷേധാത്മക മാനസികാവസ്ഥയിലായിരിക്കുമ്പോള്‍ ഇവയൊന്ന് പരീക്ഷിച്ചു നോക്കുക.
Read the original article in English here
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine