

സിംഗപ്പൂര്‍ എന്ന് കേട്ടാല്‍ ഒരിക്കലെങ്കിലും അവിടം സന്ദര്‍ശിച്ചിട്ടുള്ളവരും ഒരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്തവരും ഒരുപോലെ സ്മരിക്കുന്ന ഒരു കാര്യമാണ് അവിടത്തെ വൃത്തി. ടെക്നോളജിയുടെ കാര്യത്തിലെന്ന പോലെ വൃത്തിയുടെ കാര്യത്തിലും വൃത്തിയും വെടിപ്പായും കാര്യങ്ങള്‍ ചെയ്യാന്‍ എന്നും മുന്നിലാണ് സിംഗപ്പൂര്‍. കര്‍ശന നിയമങ്ങള്‍ ഉപയോഗിച്ചു സിംഗപ്പൂരിനെ ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ഇടങ്ങളില്‍ ഒന്നാക്കി നിലനിര്‍ത്താനായി സിംഗപ്പൂര്‍ ഭരണാധികാരികള്‍ നേരിടേണ്ടി വന്ന കടമ്പകള്‍ ചില്ലറയല്ല. ഈ ഒരു ലക്ഷ്യം നേടാന്‍ വേണ്ടി അവര്‍ പാസാക്കിയ നിയമങ്ങള്‍ പക്ഷെ പാരയായി മാറിയത് ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള ചില ബ്രാന്‍ഡുകള്‍ക്കാണ്.
1965ല്‍ പൂര്‍ണ സ്വതന്ത്ര രാഷ്ട്രമായി മാറിയ സിംഗപ്പൂരിനെ മൂന്നാം ലോക രാജ്യങ്ങളില്‍ ഒന്നാമനാക്കാന്‍ നിശ്ചയിച്ചുറപ്പിച്ച ഒരാളുണ്ടായിരുന്നു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പോയി നിയമബിരുദം നേടി തിരിച്ചു നാട്ടില്‍ വന്നു ലീ ആന്‍ഡ് ലീ എന്ന ലീഗല്‍ സ്ഥാപനം ആരംഭിച്ച ലീ ക്വാന്‍ യൂ എന്ന ചെറുപ്പക്കാരന്‍. 1954ല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാപകരില്‍ ഒരാളായ ലീ പിന്നീട് സിംഗപ്പൂരിനെ ലോകത്തിന്റെ നിറുകയിലെത്തിച്ച നേതാവായി മാറിയത് ചരിത്രം.
സിംഗപ്പൂരിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ച ലീക്ക് തന്റെ രാജ്യം വൃത്തിയുടെ കാര്യത്തിലും ലോക രാഷ്ട്രങ്ങളില്‍ ഒന്നാം നിരയില്‍ തന്നെ ഉണ്ടായിരിക്കണം എന്ന വാശിയുമുണ്ടായിരുന്നു. അതിന് വിഘാതമായി നിന്ന ഒരു കൂട്ടം വല്ലന്മാരിലെ കൊടൂര വില്ലനായിരുന്നു നമ്മളൊക്കെ ഒരു രസത്തിന് ചവച്ചു തുപ്പുന്ന ച്യൂയിങ് ഗം. കണ്ടാല്‍ നിസാരക്കാരന്‍, ഗുണമോ തുച്ഛം, എന്നാലും കച്ചവടത്തിന്റെ കാര്യത്തില്‍ കേമനാണ് ച്യൂയിങ് ഗം.
ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ബില്യണ്‍ ഡോളര്‍ വിറ്റുവരവുള്ള ഈ കുഞ്ഞന്‍ മിട്ടായി വകഭേദത്തിന്റെ മാര്‍ക്കറ്റിലെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്നത് പ്രധാനമായും മൂന്ന് വമ്പന്മാരാണ്. റിഗ്ളീസ് ഡബിള്‍ മിന്റ് ഗമ്മിലൂടെ നമുക്ക് സുപരിചിതമായ മാര്‍സ് റിഗ്ളിയും ചിക് ചിക് ചിക് ചിക് ലെറ്റിന്റെ പിന്നിലുള്ള മോണ്ടെലെസ് ഇന്റര്‍നാഷണലും ഹാപ്പി ഡെന്റും മെന്റോസും സെന്റര്‍ ഫ്രഷും ബിഗ് ബബൂലുമൊക്കെ വിപണിയിലെത്തിച്ചു ഇന്ത്യന്‍ മാര്‍ക്കറ്റിലെ നിര്‍ണായക ശക്തിയായി മാറിയ പെര്‍ഫെറ്റി വാന്‍ മെല്ലെയും.
തലച്ചോറിലെ ബള്‍ബ് കത്തിച്ചും ച്യൂയിങ് ഗം ചവച്ചു വെട്ടിത്തിളങ്ങുന്ന പല്ലുകള്‍ കൊണ്ട് നാടിന് വെട്ടം നല്‍കിയും കിടിലന്‍ പരസ്യങ്ങളിലൂടെ നമ്മുടെ ഓര്‍മകളില്‍ മായാതെ നില്‍ക്കുകയും ചുണ്ടില്‍ ചിരിപടര്‍ത്തുകയും ചെയ്ത സെന്റര്‍ ഫ്രഷും ഹാപ്പി ഡെന്റുമൊക്കെ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമൊക്കെ താരങ്ങളായി വിലസുന്നുണ്ടെങ്കിലും സിംഗപ്പൂര്‍ എന്ന വൃത്തിയുടെ പറുദീസയിലേക്ക് ഈ പരസ്യങ്ങള്‍ക്കോ പ്രൊഡക്ടുകള്‍ക്കോ ഇപ്പോള്‍ പ്രവേശനമില്ല. കാരണം 1992 മുതല്‍ സിംഗപ്പൂരില്‍ നിയമം മൂലം ഈ പ്രൊഡക്ടുകള്‍ നിരോധിച്ചിരിക്കുകയാണ്.
സിംഗപ്പൂരിനെ വൃത്തിയുടെ തലസ്ഥാനമാക്കി മാറ്റാന്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളുടെ ലിസ്റ്റിലെ ഒന്നാമനാണ് ച്യൂയിങ് ഗം നിരോധനം. ച്യൂയിങ് ഗം ചവച്ചു തുപ്പിയ ഫൂട്പാത്തുകളും, പബ്ലിക് ടോയ്ലറ്റുകളും ഉണ്ടാക്കുന്ന അറപ്പിനു മാത്രമല്ല പല ഓട്ടോമാറ്റിക് ഡോറുകളും ച്യൂയിങ് ഗം ഒട്ടിച്ചു വച്ചതു കൊണ്ട് പ്രവര്‍ത്തന രഹിതമാവുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഈ നിരോധനം പരിഹാരമായി. പൊതുവെ ചെറുപ്പക്കാര്‍ ഉപയോഗിക്കുന്ന ച്യൂയിങ് ഗം സിംഗപ്പൂരിലെ ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു അവശ്യ വസ്തുവേ അല്ലാതായി. അവരും നടക്കുമ്പോള്‍ അറിയാതെ ച്യൂയിങ് ഗം ചവിട്ടേണ്ടി വരില്ല എന്ന് ആശ്വസിക്കാനും തുടങ്ങി.
എന്നാല്‍ ഈ നിരോധനം നിലനില്‍ക്കുമ്പോഴും സിംഗപ്പൂരിലേക്ക് ച്യൂയിങ് ഗം എത്തി. അതിനായി ച്യൂയിങ് ഗം ബ്രാന്‍ഡുകള്‍ ഒരു ചെറിയ അടവ് പുറത്തെടുത്തു. ഷുഗര്‍ ഫ്രീ ച്യൂയിങ് ഗം എന്നൊരു പുതിയ ഐറ്റം വിപണിയില്‍ എത്തിയതോടെ ആരോഗ്യത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെങ്കിലും ദോഷം ചെയ്യാത്ത സംഗതിയായി ച്യൂയിങ് ഗം മാറി. 2004 യൂ എസ്-സിംഗപ്പൂര്‍ ഫ്രീ ട്രേഡ് കരാര്‍ നിലവില്‍ വന്നതോടെ ഡോക്ടര്‍മാര്‍ക്കും ഡെന്റിസ്റ്റുകള്‍ക്കും ഈ ച്യൂയിങ് ഗം തെറാപ്യൂട്ടിക് ച്യൂയിങ് ഗം എന്ന പേരില്‍ ചികിത്സയുടെ ഭാഗമായി കുറിച്ച് നല്‍കാം എന്ന അവസ്ഥ കൈ വന്നു. ച്യൂയിങ് നിരോധിച്ച സിംഗപ്പൂരിലേക്ക് മാത്രമല്ല ആരോഗ്യത്തെക്കുറിച്ചു ആകുലപ്പെടുന്ന പുതിയ തലമുറയെ ലാക്കാക്കി ലോകം മുഴുവനുള്ള സൂപ്പര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ബില്ലിംഗ് കൗണ്ടറിനടുത്തു തന്നെ സ്ഥലം പിടിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine