കാലത്തിനൊപ്പം സഞ്ചരിക്കാന്‍ വേണം മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സ് സിസ്റ്റം

കാര്‍ വാങ്ങാന്‍ നിങ്ങള്‍ ഷോറൂമില്‍ എത്തുന്നു. ആ ബ്രാന്‍ഡ് കാര്‍ തന്നെയാണ് നിങ്ങള്‍ക്കാവശ്യമെന്ന് തീരുമാനമെടുത്തിട്ടാണ് ഷോറൂമിലേക്ക് എത്തിയിരിക്കുന്നത്. സെയില്‍സ്മാന്‍ നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, ആവശ്യങ്ങള്‍ തിരക്കുന്നു, കാര്‍ കാണിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നു.

ചുവന്ന നിറത്തിലുള്ള കാറാണ് നിങ്ങള്‍ക്ക് ഇഷ്ടം. കഷ്ടമെന്നു പറയട്ടെ ആ ബ്രാന്‍ഡില്‍ ചുവന്ന നിറത്തില്‍ കാര്‍ ലഭ്യമല്ല പകരം സില്‍വര്‍ നിറമുണ്ട്. നിവൃത്തിയില്ലാത്തതിനാല്‍ സില്‍വര്‍ നിറം തിരഞ്ഞെടുത്ത് നിങ്ങള്‍ തൃപ്തിപ്പെടുന്നു. കമ്പനിക്ക് വില്‍പ്പന നടന്നു കഴിഞ്ഞു. എന്നാല്‍ ഉപഭോക്താവ് ചുവന്ന നിറത്തിലുള്ള കാറാണ് അന്വേഷിച്ചതെന്ന് കമ്പനി അറിയുന്നില്ല. ചുവന്ന നിറമുള്ള കാര്‍ ഉപഭോക്താവ് തിരക്കിയ കാര്യം ഒരിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല.

ഉപഭോക്താക്കളുടെ ആവശ്യം അറിയുക

ഇവിടെ വളരെ പ്രധാനപ്പെട്ട ഈ വിവരം കമ്പനി അറിയാതെ പോകുന്നു. ഉപഭോക്താവിന്റെ ഇഷ്ടം, താല്‍പ്പര്യം ഇവയുടെ പ്രാധാന്യം നിസ്സാരമല്ല. ചുവന്ന നിറത്തിലുള്ള കാറ് അന്വേഷിച്ചു വരുന്ന ഉപഭോക്താവ് സില്‍വര്‍ നിറത്താല്‍ തൃപ്തിപ്പെടാന്‍ നിര്‍ബന്ധിതനാകുന്നു. ചുവന്ന നിറം കൂടുതല്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന വിവരം കമ്പനിക്ക് ലഭിച്ചാല്‍ യുക്തമായ തീരുമാനമെടുക്കാന്‍ അവര്‍ക്ക് സാധിക്കും.
ബിസിനസില്‍ വിവരത്തിന്റെ (Information) ആവശ്യകത എന്തെന്ന് ജീവനക്കാര്‍ക്ക് മനസ്സിലാകാത്തിടത്തോളം ഇത്തരം വിവരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. സെയില്‍സ്മാന്റെ ആവശ്യം വില്‍പ്പന നടക്കുക എന്നതു മാത്രമാണ്. അയാളുടെ ശ്രദ്ധ അതില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നു. ഉപഭോക്താവ് അതീവ പ്രാധാന്യമുള്ള ഒരു വിവരം (Information) തനിക്ക് നല്‍കി എന്നയാള്‍ തിരിച്ചറിയുന്നില്ല. അയാളെ സംബന്ധിച്ചിടത്തോളം വില്‍പ്പനയല്ലാതെ മറ്റൊന്നും തന്റെ ചുമതലയില്‍ വരുന്നില്ലായെന്ന കാഴ്ചപ്പാടാണ്.
സൂപ്പ് കമ്പനിക്ക് സംഭവിച്ചത്
സൂപ്പ് (Soups) നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന ഒരു കമ്പനി തങ്ങളുടെ വില്‍പ്പനയില്‍ വരുന്ന ഇടിവ് കണ്ട് ഞെട്ടി. വിപണിയിലെ മുടിചൂടാമന്നന്മാരായ തങ്ങളെ തോല്‍പ്പിച്ചു കൊണ്ട് എതിരാളികള്‍ വിപണിയിലേക്ക് തുളച്ചു കയറുന്നു. എന്താണ് സംഭവിക്കുന്നത്? അവര്‍ പകച്ചു. ഇതിനുള്ള കാരണം കണ്ടെത്തിയേ തീരൂ. അവര്‍ തങ്ങളുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തോട് അന്വേഷിച്ചു. അവര്‍ കൈമലര്‍ത്തി എന്തുകൊണ്ടിത് സംഭവിക്കുന്നു? കമ്പനി ഇരുട്ടില്‍ തപ്പാന്‍ തുടങ്ങി.
അവര്‍ വെറുതെയിരുന്നില്ല. വിപണിയില്‍ നിന്നും പ്രാഥമിക വിവരം ശേഖരിച്ച അവര്‍ കണ്ടെത്തിയത് ചെറുപ്പക്കാരായവര്‍ തങ്ങളുടെ ഉല്‍പ്പന്നം ഒഴിവാക്കുന്നതായാണ്. പഴയ തലമുറയാണ് (Old Generation) കൂടുതലായി കമ്പനിയുടെ സൂപ്പ് ഉപയോഗിക്കുന്നവര്‍. ഇത് വളരെ അപകടം പിടിച്ച പണിയാണ്. കമ്പനിയുടെ ഭാവി പുതിയ തലമുറയിലാണ്. എന്നാല്‍ അവര്‍ ഈ ഉല്‍പ്പന്നത്തില്‍ തല്‍പ്പരരല്ല.
കമ്പനി തങ്ങളുടെ മാര്‍ക്കറ്റിംഗ് ജീവനക്കാരോട് പുറത്തുപോയി ചെറുപ്പക്കാരുമായി ഇടപഴകാന്‍ പറഞ്ഞു. ജീവനക്കാര്‍ പുതിയ തലമുറയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചു. അവര്‍ക്കൊപ്പം റസ്റ്റോറന്റുകളില്‍ സമയം ചെലവഴിച്ചു. അവര്‍ കഴിക്കുന്ന വിഭവങ്ങള്‍ പഠിച്ചു. സൂപ്പ് കഴിക്കുമ്പോള്‍ അവരുടെ ഇഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞു.
പുതു തലമുറയിലെ ചെറുപ്പക്കാര്‍ കൂടുതല്‍ സ്‌പൈസിയായ സൂപ്പുകള്‍ ഇഷ്ടപ്പെടുന്നു എന്നവര്‍ കണ്ടെത്തി. തങ്ങളുടെ മാതാപിതാക്കള്‍ ഉപയോഗിക്കുന്ന സൂപ്പുകളോട് അവര്‍ക്ക് പ്രതിപത്തിയില്ല. തങ്ങളെ കൂടുതല്‍ ഹരം പിടിപ്പിക്കുന്ന രുചികളാണവര്‍ തേടുന്നത്. അതവര്‍ക്ക് വീട്ടില്‍ നിന്നും ലഭിക്കുന്നില്ല. അവര്‍ പുറത്തേക്കിറങ്ങുന്നു, റസ്റ്റോറന്റുകളില്‍ നിന്നും ഭക്ഷണം കഴിക്കുന്നു. അതില്‍ ഈ സൂപ്പുകമ്പനിയുടെ വിഭവങ്ങള്‍ ഉള്‍പ്പെടുന്നതേയില്ല. പുതുതലമുറയുടെ പുതിയ ഇഷ്ടങ്ങള്‍ ഇത് മനസ്സിലാക്കുവാന്‍ കമ്പനി വൈകിപ്പോയിരിക്കുന്നു.
ബിസിനസ് നിലനിര്‍ത്താന്‍

വിപണിയില്‍ ലഭ്യമാകുന്ന വിവരങ്ങളുടെ പ്രാധാന്യം ഇതില്‍ നിന്നൊക്കെ വ്യക്തമാണ്. ഉപഭോക്താക്കള്‍ പറയുന്ന ഇഷ്ടങ്ങള്‍, അവര്‍ ചൂണ്ടിക്കാണിക്കുന്ന പോരായ്മകള്‍, മാറി വരുന്ന ട്രെന്‍ഡുകള്‍, നവീനങ്ങളായ കൂട്ടിച്ചേര്‍ക്കലുകള്‍, എതിരാളികളുടെ നീക്കങ്ങള്‍ തുടങ്ങി വിപണിയില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളും ജാഗ്രതയോടെ വീക്ഷിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ ബിസിനസിന് നിലനില്‍പ്പുള്ളൂ.

വിപണിയിലെ വിവരങ്ങള്‍ അറിയാന്‍ കഴിയാത്ത ബിസിനസ് ഇന്ദ്രിയങ്ങള്‍ അടച്ചു വെച്ച വ്യക്തിയെപ്പോലെയാണ്. വിപണിയെ കണ്ടും കേട്ടും സ്പര്‍ശിച്ചും മുന്നോട്ടു പോകുന്ന കമ്പനികള്‍ അസാധാരണമായ വേഗത്തില്‍ വിപണിക്കൊപ്പം മുന്നേറും. വില്‍പ്പനക്കൊപ്പം ലഭിക്കുന്ന വിവരങ്ങള്‍ കൂടി കമ്പനികള്‍ ശേഖരിക്കേണ്ടതുണ്ട്, വിശകലനം ചെയ്യേണ്ടതുണ്ട്.
കൗതുകകരമായ കാര്യങ്ങള്‍
തലയിണകള്‍ നിര്‍മ്മിക്കുന്ന ഒരു കമ്പനി നടത്തിയ മാര്‍ക്കറ്റ് പഠനത്തില്‍ അതീവ രസകരമായൊരു വസ്തുത കണ്ടെത്തി. തലയിണ ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം തങ്ങളുടെ പഴയ തലയിണകള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലത്രേ. അവര്‍ തങ്ങളുടെ തലയിണകളുമായി ചങ്ങാത്തം സ്ഥാപിച്ചു കഴിഞ്ഞു. ഏറെക്കാലമായി വിവാഹിതരായ വധൂവരന്മാരെപ്പോലെ തലയിണകളും ഉപഭോക്താക്കളും മാറിക്കഴിഞ്ഞു. ചിലര്‍ തങ്ങളുടെ കുട്ടിക്കാലത്തെ സ്‌നേഹിതരാണ് തലയിണകള്‍ എന്നു കരുതുന്നു. എത്ര രസകരം, അല്ലേ.
കമ്പനി തലയിണകള്‍ ജോഡികളായി അതായത് രണ്ടെണ്ണം ഉള്‍ക്കൊള്ളുന്ന പാക്കറ്റുകളായി വില്‍ക്കാന്‍ ആരംഭിച്ചു. അതിശയകരമായ വര്‍ദ്ധനയാണ് വില്‍പ്പനയില്‍ സംഭവിച്ചത്. മൃദുലമായതും കട്ടികൂടിയതുമായ തലയിണകള്‍ അവര്‍ നിര്‍മ്മിച്ചു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇഷ്ടപ്പെടുന്ന വ്യത്യസ്ത തലയിണകള്‍ അവര്‍ വിപണിയില്‍ ഇറക്കി. വില്‍പ്പന കുതിച്ചുയര്‍ന്നു.
ബിസിനസിലെ ശക്തമായ സിസ്റ്റമാണ് മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സ്. അതിനെ ബുദ്ധിപരമായി, ഊര്‍ജ്ജസ്വലമായി ഉപയോഗിക്കുന്ന ബിസിനസുകള്‍ കാലത്തിനൊപ്പം സഞ്ചരിക്കും. തങ്ങളുടെ പ്രകടനം കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കും. ഓരോ ബിസിനസും മാര്‍ക്കറ്റിംഗ് ഇന്റലിജന്‍സ് സിസ്റ്റം വികസിപ്പിക്കേണ്ടതുണ്ട്.
ഉപഭോക്താക്കള്‍, ജീവനക്കാര്‍, വിതരണക്കാര്‍, ഇന്റര്‍നെറ്റ്, പത്രങ്ങള്‍, മാഗസിനുകള്‍ തുടങ്ങി സാധ്യമായ എല്ലാ മേഖലകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടേയിരിക്കണം. ഓരോ ചെറിയ വിവരം പോലും അതീവ പ്രാധാന്യത്തോടെ കണക്കിലെടുക്കണം. നാം നേരത്തെ കണ്ടപോലെ തലമുറകള്‍ മാറുമ്പോള്‍ താല്‍പ്പര്യങ്ങളും മാറുന്നു. ഇത് ഉപഭോക്താക്കള്‍ തന്നെ പറഞ്ഞുതരും. ബിസിനുകള്‍ ചെവികള്‍ തുറന്നു പിടിച്ചാല്‍ മാത്രം മതി.
Related Articles
Next Story
Videos
Share it