പരസ്യങ്ങള്‍ വെറുതെ പരസ്യങ്ങള്‍ ആയാല്‍ പോര

ഒരു പ്രഭാതത്തില്‍ സിംഗപ്പൂരില്‍ ഒരു വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കപ്പെട്ടതായി ആളുകള്‍ കാണുന്നു. ഒരു വെന്‍ഡിംഗ് മെഷീന് എന്ത് പുതുമ? ആദ്യമായല്ലല്ലോ വെന്‍ഡിംഗ് മെഷീന്‍ കാണുന്നത്. എന്നാല്‍ ഈ വെന്‍ഡിംഗ് മെഷീന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതില്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിരുന്നത് ''എന്നെ ആലിംഗനം ചെയ്യൂ'' എന്നായിരുന്നു. കൊള്ളാം, രസമുണ്ട് അല്ലേ. ആളുകള്‍ക്ക് അതൊരു രസകരമായ കളിയായി തോന്നി. അവര്‍ വെന്‍ഡിംഗ് മെഷീനെ സമീപിച്ചു, സ്‌നേഹത്തോടെ അതിനെ കെട്ടിപ്പിടിച്ചു. അതാ അത്ഭുതം ആ വെന്‍ഡിംഗ് മെഷീന്‍ തന്നെ കെട്ടിപ്പിടിക്കുന്നവര്‍ക്കൊക്കെ കൊക്കോകോള നല്‍കുന്നു.

പരസ്യം വൈറലായി

കൊക്കോകോളയുടെ ഈ പരസ്യം വലിയൊരു തരംഗമായി. 12 കോടിയില്‍ അധികം പേര്‍ ഈ വീഡിയോ കണ്ടു. സോഷ്യല്‍ മീഡിയകളില്‍ പുതുമയുള്ള, രസകരമായ വിഷയങ്ങള്‍ക്ക് പെട്ടെന്ന് റീച്ച് ലഭിക്കും. പ്രേക്ഷകര്‍ ഈയൊരു പരസ്യത്തെ പെട്ടെന്ന് ഏറ്റെടുത്തു. പരമ്പരാഗതമായ മറ്റേതൊരു മാധ്യമത്തിലും ഇത്തരമൊരു വിജയം കുറഞ്ഞ സമയത്തിനുള്ളില്‍ പരസ്യത്തിന് ലഭിക്കുക അത്ര സംഭവ്യമായ കാര്യമല്ല. നിമിഷങ്ങള്‍ക്കുള്ളിലാണ് പരസ്യം വൈറലായത്.

കൊക്കോകോള തങ്ങളുടെ പരസ്യ ബജറ്റിന്റെ 70 ശതമാനവും ചെലവഴിക്കുന്നത് അവര്‍ക്ക് റിസള്‍ട്ട് ലഭിക്കും എന്ന് പൂര്‍ണ്ണമായും ഉറപ്പുള്ള പ്രവൃത്തികളിലാണ്. ബജറ്റിന്റെ 20 ശതമാനം ഇത്തരം പ്രവൃത്തികളെ വീണ്ടും മെച്ചപ്പെടുത്താന്‍ ചെലവഴിക്കുന്നു. അതായത് പരസ്യങ്ങളുടെ നിരന്തരമായ മെച്ചപ്പെടുത്തല്‍ തുടര്‍ച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നര്‍ത്ഥം. ഇനി ബാക്കിയുള്ള 10 ശതമാനമോ അത് അവര്‍ പരസ്യങ്ങളിലെ പുതിയ പരീക്ഷണങ്ങള്‍ക്കായി മാറ്റിവെക്കുന്നു.

ഇങ്ങനെ പുതിയ പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ അതെല്ലാം വിജയിക്കില്ലെന്നും പലതിലും തോല്‍വി ഉണ്ടാവാമെന്നും അവര്‍ക്കറിയാം. ആ റിസ്‌ക് അവര്‍ ഏറ്റെടുക്കുന്നു. പരാജയപ്പെട്ടാലും അതില്‍ നിന്നും ലഭിക്കുന്ന പാഠങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട പരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ തങ്ങളെ പ്രാപ്തരാക്കും എന്നവര്‍ വിശ്വസിക്കുന്നു. പരമ്പരാഗതമായ പരസ്യ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുമ്പോള്‍ തന്നെ നവീനതയ്ക്കായി (Innovative) അവര്‍ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.

സോഷ്യല്‍ മീഡിയയുടെ ശക്തി ഉപയോഗിക്കൂ

പാരമ്പര്യ രീതിയിലുള്ള പരസ്യ മാര്‍ഗ്ഗങ്ങളെ മാത്രം പിന്തുടരുക ഇന്നത്തെക്കാലത്ത് വിഡ്ഢിത്തമാകുന്നു. ഇന്റര്‍നെറ്റ് തുറന്നു തന്നിട്ടുള്ള അപാര സാധ്യതകള്‍ ഉപയോഗിച്ചുകൂടി ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുവാന്‍ സാധിക്കേണ്ടതുണ്ട്. എഴുത്തും ശബ്ദവും ദൃശ്യവും സ്പര്‍ശനവും ഉള്‍പ്പെടെ ഇന്ദ്രിയങ്ങളാല്‍ അനുഭവേദ്യമാകുന്ന ഏതൊരു മാധ്യമവും ഇന്ന് പരസ്യങ്ങള്‍ക്കായി വിനിയോഗിക്കാം. സോഷ്യല്‍ മീഡിയയുടെ ശക്തി ബിസിനസിനായി ഉപയോഗിക്കുവാന്‍ സാധിക്കണം. ചിതറിക്കിടക്കുന്ന ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയും അവരുടെ ശ്രദ്ധ പിടിച്ചെടുക്കുകയും വേണം.

ഉപഭോക്താവ് ആകൃഷ്ടനാവണം

പരസ്യങ്ങള്‍ വെറുതെ പരസ്യങ്ങള്‍ ആയാല്‍ പോര എന്നത് ചുരുക്കം. ഈ ഉല്‍പ്പന്നം ഉപയോഗിക്കൂ നിങ്ങള്‍ക്ക് ഇന്ന പ്രയോജനങ്ങള്‍ ലഭിക്കും എന്ന വിവരം ഉപഭോക്താവുമായി കേവലമായി സംവദിച്ചിട്ട് ഫലമില്ല. പരസ്യത്തിന്റെ ഉള്ളടക്കത്തില്‍ (Content) ഉപഭോക്താവ് ആകൃഷ്ടനാവണം. അതിന് അയാളെ പിടിച്ചിരുത്താന്‍ കഴിയണം. എന്നെ ആലിംഗനം ചെയ്യൂ എന്ന് ഒരു വെന്‍ഡിംഗ് മെഷീനില്‍ എഴുതിയിരിക്കുന്നതായി കാണുമ്പോള്‍ അത് ശ്രദ്ധിക്കാതെ പോകുവാന്‍, അതൊന്ന് ചെയ്തു നോക്കാതെ പോകുവാന്‍ ആര്‍ക്കാണ് സാധിക്കുക. ഇത്തരം പരസ്യങ്ങള്‍ സൃഷ്ടിക്കുക എളുപ്പമല്ല.

പിരമിഡ് ഓഫ് ഇന്‍ഫ്‌ലൂവന്‍സ്

ഒരു ക്രിക്കറ്റ് ബാറ്റിന്റെ പരസ്യത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട് കോലിയോ പ്രത്യക്ഷപ്പെടുന്നു. അവര്‍ നിങ്ങളോട് ആ പ്രത്യേക ബ്രാന്‍ഡ് ക്രിക്കറ്റ് ബാറ്റ് മികച്ചതാണെന്നും നിങ്ങളത് ഉപയോഗിക്കണമെന്നും ശുപാര്‍ശ ചെയ്യുന്നു. ഈ പരസ്യം കാണുന്ന നിങ്ങള്‍ക്ക് ആ ബ്രാന്‍ഡ് ബാറ്റിന്റെ ഗുണനിലവാരത്തില്‍ സംശയമേയില്ല. കാരണം അത് പറയുന്നത് ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരാണ്.

''Pyramid of Influence' എന്ന് നമുക്കിതിനെ വിളിക്കാം. ഒരു ചെറിയ ശതമാനം വ്യക്തികളുടെ ഇഷ്ടങ്ങള്‍ വലിയൊരു ജനവിഭാഗത്തെ സ്വാധീനിക്കാം. ഒരു ഫിലിം സ്റ്റാര്‍ ഉപയോഗിക്കുന്ന കാര്‍ ബ്രാന്‍ഡ് അയാളുടെ ആരാധകരെ സ്വാധീനിക്കും. ലോകത്തിലെ മികച്ചൊരു അത്.ലറ്റ് ഉപയോഗിക്കുന്ന ഷൂ ബ്രാന്‍ഡ് ലോകത്തിലെ മറ്റെല്ലാം അത്.ലെറ്റുകളും ആരാധകരും ശ്രദ്ധിക്കും. അത് അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കും. ഉപഭോക്താക്കളെ സ്വാധീനിക്കുവാന്‍ കഴിവുള്ളവരെ പരസ്യത്തില്‍ ഉപയോഗിക്കുന്നതിന്റെ രഹസ്യം മനസ്സിലായില്ലേ?

എപ്പോഴും പ്രത്യേക ബ്രാന്‍ഡ് ഉല്‍പ്പന്നം വിറ്റുപോകുന്നത് ഉപഭോക്താവിന് അത് തന്നെ വേണം എന്ന നിര്‍ബന്ധബുദ്ധി കൊണ്ട് മാത്രമല്ല. ഒരു ദിവസം ആ ബ്രാന്‍ഡ് ഇല്ലാതെയായാല്‍ ഉപഭോക്താക്കള്‍ പിന്നെ അത്തരം ഉല്‍പ്പന്നം ഉപയോഗിക്കില്ലേ? അവര്‍ മറ്റൊരു ബ്രാന്‍ഡ് തേടും. സ്വാഭാവികമായൊരു പ്രക്രിയ മാത്രമാണത്. ചിലപ്പോള്‍ എനിക്ക് ഈ ബ്രാന്‍ഡ് തന്നെ വേണം എന്ന് ഉപഭോക്താക്കള്‍ ശഠിക്കുന്നതിന് മറ്റു കാരണങ്ങള്‍ കൂടി ഉണ്ടാകാം.

ലൈഫ്‌ബോയ് (Lifebuoy) സോപ്പിന്റെ 'Help a Child' എന്ന പരസ്യ സീരീസ് കണ്ടുനോക്കുക. എത്ര മനോഹരമായാണ് പൂര്‍ണ്ണമായും സാമൂഹ്യ ഉത്തരവാദിത്തം തുളുമ്പുന്ന ഈ പരസ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. മഹത്തായ ഒരു സന്ദേശത്തെ തങ്ങളുടെ ഉല്‍പ്പന്നവുമായി അവര്‍ ബന്ധിപ്പിക്കുന്നു. ഈ പരസ്യം കാണുന്ന ഉപഭോക്താക്കളും വലിയൊരു സാമൂഹ്യ ഉത്തരവാദിത്തത്തിലേക്ക് തങ്ങളെ സമര്‍പ്പിക്കുന്നു. ജീവിതത്തെ പരസ്യവുമായി ബന്ധിപ്പിക്കുമ്പോള്‍ നടക്കുന്ന ആന്തരിക വിസ്‌ഫോടനം ഇതില്‍ പ്രകടമാണ്. നിങ്ങളും ഞാനും ഈ ഭൂമിയിലെ ഓരോ മനുഷ്യനും അദൃശ്യമായ ഏതോ ഒരു ചരടിനാല്‍ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇത് കണ്ടെത്താന്‍, തിരിച്ചറിയാന്‍ ഇത്തരം പരസ്യങ്ങള്‍ നിമിത്തമാകുന്നു.

ഞാനെന്തിന് ഈ ഉല്‍പ്പന്നം വാങ്ങണം

പരസ്യങ്ങള്‍ സങ്കീര്‍ണ്ണങ്ങളാകേണ്ടതില്ല. ബിസിനസും ഉപഭോക്താവിന്റെ മനസ്സും തമ്മില്‍ സംവദിക്കപ്പെടണം. ഞാനെന്തിന് ഈ ഉല്‍പ്പന്നം വാങ്ങണം എന്നതിന് ഉപഭോക്താവിന് ഒരു കാരണം വേണം. ആ കാരണത്തെ ബിസിനസ് തുടര്‍ച്ചയായി ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കണം. പരസ്യങ്ങള്‍ എല്ലാ വഴികളിലൂടെയും നിരന്തരമായി ഉപഭോക്താക്കളെ തേടിയെത്തണം. പരസ്യങ്ങള്‍ പരീക്ഷണങ്ങളുടെ വേദികള്‍ കൂടിയാണ്. എല്ലാം വിജയിക്കില്ല, എല്ലാം പരാജയപ്പെടുകയുമില്ല. തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുക.

തയ്യാറാക്കിയത്: ഡീ വാലര്‍ കണ്‍സള്‍ട്ടിംഗിന്റെ സാരഥിയും സംരംഭക രംഗത്തെ നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവുമായ സുധീര്‍ ബാബു.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it