Begin typing your search above and press return to search.
മുള്‍വഴിയിലെ യാത്രകള്‍: സിവിൽ സർവീസിൽ നിന്നൊരു ഏട്
അഞ്ചു പതിറ്റാണ്ട് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ വിവിധ പദവികള്‍ വഹിച്ച കെ.എം.ചന്ദ്രശേഖറിന്റെ രചനയെക്കുറിച്ച്
മഹാന്‍മാരായ ജനറല്‍മാര്‍ വിരമിക്കുന്നില്ല. അവര്‍ മാഞ്ഞു പോകുന്നു. ബ്യൂറോക്രാറ്റുകള്‍ മികച്ച രീതിയില്‍ വിരമിക്കുന്നു. അവര്‍ പിന്നീട് മിക്കവാറും ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പേരില്‍ സര്‍വ്വീസ് കഥകള്‍ എഴുതുന്നതാണ് പതിവ്. അതാകട്ടെ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചോ പ്രവൃത്തികളെ കുറിച്ചോ ആയിരിക്കും. ഭരണത്തിന്റെ സങ്കീര്‍ണ്ണതകളോ അധികാരത്തിന്റെ മുള്‍വഴികളിലൂടെയുള്ള യാത്രകളോ വളരെ കുറച്ച് മാത്രമാണ് പരാമര്‍ശിക്കപ്പെടുന്നത്.
വ്യക്തിപരമായ നേട്ടങ്ങളുടെ വിവരണമല്ല
ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് രംഗത്ത് നിറഞ്ഞു നിന്നിരുന്ന കെ.എം.ചന്ദ്രശേഖർ രചിച്ച 'ആസ് ഗുഡ് ആസ് മൈ വേഡ്' ( As Good As My Word ) എന്ന പുസ്തകം വ്യത്യസ്തവും നവോന്‍മേഷം പകരുന്നതുമാണ്. വ്യക്തിപരമായ നേട്ടങ്ങളല്ല അദ്ദേഹം വിവരിക്കുന്നത്. മറിച്ച്, അധികാരത്തിന്റെ അകത്തളങ്ങളിലും പുറത്തും കണ്ട വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചുമാണ് ഈ പുസ്തകം കൂടുതല്‍ പറയുന്നത്. ഓര്‍മ്മകളും ചരിത്രവും അതില്‍ ഇഴ ചേര്‍ന്ന് കിടക്കുന്നു. രസകരമായ ഉപകഥകള്‍ ചേര്‍ത്തുള്ള ആഖ്യാന ശൈലി മിഴിവുള്ളതായി മാറുന്നു.
ദീര്‍ഘമായ അഞ്ചു പതിറ്റാണ്ട് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസില്‍ ഉന്നതങ്ങളായ വിവിധ പദവികള്‍ വഹിച്ച കെ.എം.ചന്ദ്രശേഖറിന് ഒട്ടേറെ കാര്യങ്ങള്‍ എഴുതാനുണ്ടാകും. കരിയറിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും ഒട്ടേറെ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ജോലിയിലെ ആദ്യകാലങ്ങളില്‍ കേരളത്തില്‍ ജില്ലാ കലക്ടര്‍ പദവി മുതല്‍ വ്യവസായ മാനേജ്‌മെന്റ്, ഫിനാന്‍സ്, വ്യാപാര തന്ത്രം തുടങ്ങി ഒട്ടേറെ മേഖലകളില്‍ പ്രവര്‍ത്തിച്ച് ഡല്‍ഹിയില്‍ കാബിനറ്റ് പദവി വരെ എത്തിയതാണ് അദ്ദേഹത്തിന്റെ സിവില്‍ സര്‍വ്വീസ് ജീവിതം. ജനിച്ചതും പഠിച്ചതും കേരളത്തിലായിരുന്നെങ്കിലും ഡല്‍ഹിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. അവധിക്കാലത്ത് തറവാട്ടിലേക്കുള്ള സന്ദര്‍ശനങ്ങളായിരുന്നു ഏറെകാലം അദ്ദേഹത്തിന് നാടുമായുള്ള ബന്ധം. പതിറ്റാണ്ടുകള്‍ക്ക് ശേഷം വിധി അദ്ദേഹത്തെ ജന്മനാട്ടില്‍ തിരിച്ചെത്തിച്ചു. സെറിൻഡിപിറ്റി (അപ്രതീക്ഷിത ഭാഗ്യം) എന്ന തന്റെ പ്രിയപ്പെട്ട വാക്കാണ് അദ്ദേഹം പലപ്പോഴും ഉപയോഗിക്കുന്നത്. വീട്ടിലേക്കുള്ള വരവ് വിശ്രമിക്കാനല്ല, മറിച്ച്,ജോലി തുടരാന്‍..ലോകം ചുറ്റിയുള്ള യാത്രകള്‍ക്ക് ശേഷം അതേ മണ്ണില്‍ അദ്ദേഹം തിരിച്ചെത്തി. അതോടെ ''സെറിൻഡിപിറ്റി അതിന്റെ ദൗത്യം പൂര്‍ത്തിയാക്കി.''
കരിയറില്‍, കേരളത്തിലെ ആദ്യനാളുകള്‍ ദൈവം തന്ന അവസരമായിരുന്നെന്നാണ് അദ്ദേഹം പറയുന്നത്. പില്‍ക്കാലത്ത് ഒട്ടേറെ വെല്ലുവിളികളെ നേരിടാന്‍ തന്നെ കരുത്തുറ്റതാക്കിയത് ആ അനുഭവങ്ങളാണ്. ഇന്ത്യയുടെ വ്യാപാര പ്രതിനിധിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രതിനിധികളെ വരുതിയിലാക്കുന്നതില്‍ ഇത് ഏറെ പ്രയോജനം ചെയ്‌തെന്ന് അദ്ദേഹം പറയുന്നു. '‘ അതെനിക്ക് ഒരു പ്രശ്‌നമായി തോന്നിയില്ല. കാരണം, കേരളത്തില്‍ നിന്ന് ലഭിച്ച നയതന്ത്ര പരിചയം ഉറച്ചു നില്‍ക്കാന്‍ എന്നെ സഹായിച്ചു.'' തന്റെ സതീര്‍ത്ഥ്യരില്‍ നിന്ന് മാത്രമല്ല, കേരളത്തിലെ മുന്‍ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരെ പോലെയുള്ള മികച്ച ദാര്‍ശനികരില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ പഠിച്ചു.
വലിയ കാൻവാസ്
കെ.എം.ചന്ദ്രശേഖറിന്റെ കാന്‍വാസ് വലുതാണ്. എന്നാല്‍ അദ്ദേഹം അത് സമചിത്തതയോടെയും വിവേചനാധികാരത്തോടെയും ഉപയോഗിച്ചിട്ടുണ്ട്. വ്യക്തികളെ കുറിച്ചോ വലിയ പത്യാഘാതങ്ങളുണ്ടാക്കാത്ത കാര്യങ്ങളെ കുറിച്ചോ അനാവശ്യമായി പറയുന്നില്ല. അതേസമയം, പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളില്‍ വിശദമായി എഴുതുന്നു. വാണിജ്യ നയതന്ത്രത്തെയും കാബിനറ്റ് സെക്രട്ടറിയേറ്റിനെയും കുറിച്ചുള്ള കാര്യങ്ങള്‍ക്കാണ് അദ്ദേഹം കൂടുതല്‍ ഇടം നല്‍കുന്നത്. രണ്ട് കാര്യങ്ങളും അമിതമായ വൈകാരിതകയോ ഒളിച്ചു വെക്കലോ ഇല്ലാതെയാണ് അദ്ദേഹം വിവരിക്കുന്നത്.
അദ്ദേഹത്തിന്റെ കാബിനറ്റ് സെക്രട്ടറി കാലം (2007-2011) വളരെ നിര്‍ണ്ണായകമായിരുന്നു. യു.പി.എ സര്‍ക്കാര്‍ പ്രശസ്തിയുടെ ഉന്നതങ്ങളില്‍ നില്‍ക്കുന്ന സമയത്താണ് മന്‍മോഹന്‍സിംഗ് പ്രത്യേക താല്‍പര്യമെടുത്ത് ചന്ദ്രശേഖറിനെ ആ പദവിയില്‍ നിയമിക്കുന്നത്. അദ്ദേഹം തിരിച്ചു പോകുമ്പോഴേക്കും മുന്നണിയുടെ നല്ലകാലം അവസാനിച്ചു തുടങ്ങിയിരുന്നു. പിന്നീട് വന്ന തിരഞ്ഞെടുപ്പോടെ അതിന്റ് വിധിയെഴുതപ്പെട്ടു. ഒപ്പം, രാജ്യം കാലങ്ങളായി കാത്തുസൂക്ഷിച്ചു പോന്ന മൂല്യങ്ങളുടെയും സ്ഥാപനങ്ങളുടെയും.
യു.പി.എ സര്‍ക്കാരിന്റെ നല്ലതും ചീത്തതുമായ കാര്യങ്ങളെ പക്ഷപാതമില്ലാതെ ഈ പുസ്തകത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. നേതൃപരമായ പരാജയങ്ങള്‍ യു.പി.എയുടെ വീഴ്ചക്ക് കാരണമായിരുന്നെങ്കിലും അഴിമതി വ്യാപിക്കുന്നുവെന്ന പ്രശ്‌നമാണ് കൂടുതല്‍ ബന്ധപ്പെട്ടു കിടക്കുന്നതെന്ന് ചന്ദ്രശേഖർ പറയുന്നു. എന്നാല്‍ അഴിമതിയെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതോ പെരുപ്പിച്ചു കാട്ടിയതോ ആയിരുന്നെന്ന് പിന്നീട് തെളിഞ്ഞെതായും അദ്ദേഹം അഭിപ്രായപ്പെടുന്നു. സ്വയം പ്രതിരോധിക്കുന്നതിന് അന്നത്തെ നേതാക്കള്‍ക്ക് കഴിവില്ലാതെ പോയതും വീഴ്ചക്ക് കാരണമായി. ഊഹാപോഹങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ കേസ് രൂപപ്പെടുത്തുന്ന സി.എ.ജിയുടെ പങ്കിനെ അദ്ദേഹം തുറന്നു കാട്ടി. ഇതെല്ലാം യു.പി.എയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ഇല്ലാതാക്കുന്നതും ബ്യൂറോക്രസിയുടെ മനോവീര്യം കെടുത്തുന്നതുമായിരുന്നു. കളങ്കിതരല്ലാത്ത പലരുടെയും ജീവിതത്തെയും പ്രശസ്തിയെയും ഇത് ബാധിച്ചു.
2008 നവംബര്‍ 26 ന് മുംബൈയില്‍ പാക് ഭീകരര്‍ നടത്തിയ ആക്രമണമായിരുന്നു ചന്ദ്രശേഖറിനെ ഞെട്ടിച്ചത്. സംസ്‌കാര സമ്പന്നമായ ഒരു രാജ്യത്തും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു അത്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഉന്നത കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്ന കഴിവു കേടിനൊപ്പം രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവവുമാണ് ഞെട്ടിപ്പിക്കുന്ന ആ സംഭവം തുറന്നു കാട്ടിയതെന്നാണ് അദ്ദേഹം വിലയിരുത്തുന്നു. മുംബൈ ആക്രമണത്തെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അപ്പോഴും ഇരുട്ടിലായിരുന്നു. സുപ്രധാന പദവികള്‍ക്ക് മൂല്യച്യുതി വരുന്നതിന് രാജ്യം നല്‍കിയ വലിയ വിലയായിരുന്നു അത്.
ബി.ജെ.പി നേതൃത്വം നല്‍കിയ സഖ്യം അധികാരത്തിലെത്തുന്നതിന് മുമ്പ് ചന്ദ്രശേഖര്‍ പദവികളൊഴിഞ്ഞിരുന്നു. സര്‍ക്കാരിന്റെ വീഴ്ചക്ക് പിന്നിലെ രാഷ്ട്രീയ കാരണങ്ങളെ കുറിച്ച് അദ്ദേഹം നിശബ്ദനാണ്. എന്നാല്‍ പരിഷ്‌കാരങ്ങളുടെ പേരില്‍ നടപ്പാക്കിയ സാമ്പത്തിക നയങ്ങളെ അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. വിവേകമുള്ളവര്‍ക്ക് അദ്ദേഹത്തോട് വിയോജിക്കാനാകില്ല.
As Good As My Word
By K M Chandrasekhar; Published by HarperCollins, Gurugram, Haryana;
Pp. 295; Price: Rs. 599/
Next Story
Videos