ഉപയോക്താക്കളെ ആകർഷിക്കാൻ സെന്‍സറി മാര്‍ക്കറ്റിംഗ് തന്ത്രം, നേടാം മികച്ച വിൽപ്പന

പ്രണയം എത്ര മധുരതരമാണ്. എത്ര വേഗതയിലാണ് അവള്‍ അവനിലേക്ക് ആകൃഷ്ടയായതും പ്രണയവിവശയായതും. അവന്‍ അടുത്തെത്തിയപ്പോള്‍ അവനിലെ സുഗന്ധം അവളെ വിവശയാക്കി, പ്രലോഭിപ്പിച്ചു. ഇപ്പോള്‍ അവള്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുന്നില്ല. അവനെക്കുറിച്ചുമാത്രം, അവനില്‍ നിന്ന് പ്രസരിക്കുന്ന സുഗന്ധം അവളെ വിഴുങ്ങിയിരിക്കുന്നു. അവള്‍ ആ സുഗന്ധത്തിലാകെ പൊതിഞ്ഞിരിക്കുന്നു. അവനില്‍ നിന്നും അകലാന്‍ കഴിയാത്തവിധം അവള്‍ അവന്റെ സുഗന്ധത്താല്‍ കീഴടങ്ങിയിരിക്കുന്നു.

ആക്‌സ് പെര്‍ഫ്യൂം (Axe) പരസ്യത്തില്‍ ഉപയോഗിക്കുന്ന തീമാണ് ഇത്. നിങ്ങള്‍ എത്രയോ തവണ കണ്ടുകഴിഞ്ഞ ഒന്ന്. എന്നാല്‍ ഓരോ തവണയും നിങ്ങള്‍ക്ക് പുതുമ അനുഭവപ്പെടുന്നു. ചുറ്റും സുഗന്ധം പരത്തുന്ന ഒരു പെര്‍ഫ്യൂം ഉപയോഗിച്ചപോലെ തോന്നുന്നു. നിങ്ങളൊരു പുരുഷനാണെങ്കില്‍ ആക്‌സ് പെര്‍ഫ്യൂം നിങ്ങള്‍ ഉപയോഗിച്ചിരിക്കണം എന്നത് ശക്തമായി നിങ്ങള്‍ക്കുള്ളില്‍ തുളഞ്ഞുകയറുന്നു.

എളുപ്പം വിസ്മരിക്കുക അസാധ്യം

സുഗന്ധം നമുക്ക് തിരിച്ചറിയാവുന്ന ഒന്നാണ്. നമ്മുടെ ഇന്ദ്രിയത്താല്‍ നമുക്കതിനെ അറിയാനാകും. സുഗന്ധം ഇന്ദ്രിയാനുഭൂതി ഉണര്‍ത്തുന്ന ഒരനുഭവമാണ്. കാഴ്ച പോലെ, സ്പര്‍ശനം പോലെ, രുചി പോലെ അത് തിരിച്ചറിയാനും അനുഭവിക്കാനും കഴിയും. പെര്‍ഫ്യൂം സുഗന്ധം സൃഷ്ടിക്കുന്ന ഒരു ഉല്‍പ്പന്നമാകുന്നു. അത് ഉപയോഗിച്ച ഒരു വ്യക്തിയെ തിരിച്ചറിയാന്‍ സാധിക്കും. നിങ്ങളുടെ ഇന്ദ്രിയം ആ സുഗന്ധത്തെ കണ്ടെത്തുന്നു.

നിങ്ങള്‍ ഒരു ഷോറൂം സന്ദര്‍ശിക്കുന്നു. അവിടേക്ക് കടന്നുചെല്ലുമ്പോള്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന സുഗന്ധം നിങ്ങളെ ആകര്‍ഷിക്കുന്നു. നിങ്ങള്‍ക്ക് ആ സുഗന്ധം ഇഷ്ടപ്പെട്ടു. നിങ്ങളതില്‍ മയങ്ങിയിരിക്കുന്നു. നിങ്ങളുടെ തലച്ചോര്‍ ആ സുഗന്ധം റെക്കോര്‍ഡ് ചെയ്തുകഴിഞ്ഞു. ഇനിയൊരിക്കലും ആ സുഗന്ധം നിങ്ങളുടെ ഓര്‍മ്മയില്‍ നിന്ന് നഷ്ടപ്പെടുന്നില്ല. അടുത്ത തവണ ഈ സുഗന്ധം കടന്നുവരുമ്പോള്‍ നിങ്ങളില്‍ പഴയ അനുഭവം ഉണരും. ഇന്ദ്രിയത്തിലൂടെ ലഭിക്കുന്ന അനുഭവം അത്ര എളുപ്പം വിസ്മരിക്കുക അസാധ്യം.

സ്പര്‍ശിച്ച് ഉറപ്പാക്കും ഉല്‍പ്പന്നത്തിന്റെ ഗുണം

നിങ്ങളൊരു അമ്മയാകാൻ പോകുകയാണ്. ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമാണിത്. ഇത്ര വിലപിടിച്ച നിമിഷങ്ങള്‍ ജീവിതത്തില്‍ മറ്റൊന്നും തന്നെ ഉണ്ടാവുകയില്ല. നിങ്ങളുടെ ജീവിതം ആകെ മാറുകയാണ്. അസുലഭമായ ഈ നിമിഷങ്ങളില്‍ നിങ്ങളില്‍ ഒരേയൊരു ചിന്ത മാത്രമേയുള്ളൂ. അത് കുഞ്ഞിനെക്കുറിച്ച് മാത്രമാണ്. മറ്റെല്ലാം അപ്രസക്തമാകുന്നു. ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കാലെടുത്തു വെക്കുന്നു.

നിങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന കുട്ടിക്കായി ധാരാളം കാര്യങ്ങള്‍ ഒരുക്കി വെക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങാം. പക്ഷേ നിങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ കാണണം അത് തൊട്ടു നോക്കണം. അതുകൊണ്ട് നിങ്ങള്‍ കുട്ടികള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്റ്റോര്‍ നേരിട്ട് സന്ദര്‍ശിക്കുന്നു. ഉല്‍പ്പന്നങ്ങള്‍ കാണുന്നു, അവയില്‍ സ്പര്‍ശിക്കുന്നു, ആവശ്യമുള്ളവ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ ഓമനയ്ക്കായി ഇതില്‍ കുറഞ്ഞതൊന്നും നിങ്ങള്‍ക്ക് ചിന്തിക്കാൻ കഴിയുന്നില്ല.

കാഴ്ചയും ശബ്ദവും പ്രധാനം

നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാൻ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറുന്നു. അവിടെ പതിഞ്ഞ ശബ്ദത്തില്‍ മ്യൂസിക് കേള്‍ക്കുന്നുണ്ട്. എത്ര സുന്ദരമായ ഗാനങ്ങള്‍. നിങ്ങള്‍ ആ ഗാനങ്ങള്‍ കേട്ട് സാധനങ്ങള്‍ വാങ്ങിച്ചങ്ങനെ നടക്കുകയാണ്. സമയം എത്ര കടന്നുപോയി എന്ന് നിങ്ങള്‍ അറിയുന്നില്ല. കാരണം മ്യൂസിക് നിങ്ങളെ ആകര്‍ഷിക്കുകയും നിങ്ങളതില്‍ ലയിക്കുകയും ചെയ്തു. സമയത്തിന്റെ കാര്യം നിങ്ങളുടെ ബോധത്തിലേക്ക് വരുന്നതേയില്ല. മടുപ്പില്ലാതെ, ഊര്‍ജ്ജത്തോടെ, സ്വസ്ഥതയോടെ നിങ്ങള്‍ സാധനങ്ങള്‍ വാങ്ങുന്നു.

രൂചിയും പിടിച്ചുനിര്‍ത്തും

നിങ്ങളൊരു യാത്ര പോകുകയാണ്. യാത്രാമധ്യേ നിങ്ങള്‍ക്ക് വിശക്കുന്നു. നിങ്ങള്‍ ആ വഴിയിലൂടെ മുന്‍പ് പോയിട്ടുണ്ട്. വിശന്നപ്പോള്‍ അവിടെ ഒരു കടയില്‍ നിന്ന് ദോശയും വടയും കഴിച്ചിട്ടുമുണ്ട്. വിശന്നപ്പോള്‍ പെട്ടെന്നതാ ആ രുചി നാവിലേക്ക് കയറിവരുന്നു. നിങ്ങളുടെ ഓര്‍മ്മയില്‍ ആ കട തെളിയുന്നു. നിങ്ങള്‍ വണ്ടി ആ കടക്ക് മുന്നില്‍ ചവിട്ടുന്നു. ഗന്ധം ആസ്വദിച്ച് നാവിലെ രുചി നുണഞ്ഞ് നിങ്ങള്‍ ദോശയും വടയും കഴിക്കുന്നു. പഴയ അനുഭവം ആവര്‍ത്തിക്കുന്നു. നിങ്ങള്‍ അതീവ സന്തോഷവാനാകുന്നു.

സെന്‍സറി മാര്‍ക്കറ്റിംഗ്

കാഴ്ച, ഗന്ധം, സ്പര്‍ശനം, ശബ്ദം, രുചി ഇവയൊക്കെ നിങ്ങളുടെ ഇന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ദ്രിയങ്ങളിലൂടെയുള്ള അനുഭവം പെട്ടെന്ന് വിസ്മരിക്കാൻ സാധിക്കുന്നതല്ല. നിങ്ങള്‍ കയറിയ ഷോറൂമിലെ ഗന്ധം നിങ്ങള്‍ വിസ്മരിക്കുന്നില്ല. നിങ്ങള്‍ വീണ്ടും അവിടെ കയറുമ്പോള്‍ ആ ഗന്ധം പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെടുന്ന സുഗന്ധം ആസ്വദിച്ച് എത്ര സമയം വേണമെങ്കിലും നിങ്ങള്‍ അവിടെ തുടരും. ഉപയോക്താക്കളെ കൂടുതല്‍ സമയം പിടിച്ചു നിര്‍ത്താന്‍ സുഗന്ധത്തിന് സാധിക്കുന്നു. പെര്‍ഫ്യൂം സ്‌പ്രേ ചെയ്ത പുരുഷനിലേക്ക് സ്ത്രീ ആകൃഷ്ടയാകുമ്പോള്‍ ആ പരസ്യം കാണുന്ന ഉപയോക്താക്കള്‍ ഉള്‍ക്കൊള്ളേണ്ട സന്ദേശം വ്യക്തമായി വിനിമയം ചെയ്തുകഴിഞ്ഞു. കാഴ്ചകള്‍ ഉപഭോക്താവിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു.

ഇന്ദ്രിയങ്ങളെ ലക്ഷ്യം വെക്കുന്ന അതിലൂടെ അനുഭവവും അനുഭൂതിയും പകര്‍ന്നു നല്‍കുന്ന സെന്‍സറി മാര്‍ക്കറ്റിംഗിലൂടെ വില്‍പ്പന വര്‍ധിപ്പിക്കാം. ഇത് മനഃശാസ്ത്രപരമായ ഒരു സമീപനമാണ്. ഗന്ധത്തിലൂടെ, ശബ്ദത്തിലൂടെ, കാഴ്ചയിലൂടെ, സ്പര്‍ശനത്തിലൂടെ, രുചിയിലൂടെ ഇന്ദ്രിയങ്ങളെ ആകര്‍ഷിച്ചു കൊണ്ട് കീഴടക്കിക്കൊണ്ട് വില്‍പ്പനയ്ക്ക് പുതിയ കഥകള്‍ രചിക്കാൻ ബിസിനസുകള്‍ക്ക് സാധിക്കും. ഉപയോക്താവ് എന്ത് കാണണം എന്ത് കാണേണ്ട എന്നത് ബിസിനസ് തീരുമാനിക്കണം.

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജനാലകള്‍ കാണില്ല. ഉപഭോക്താക്കളുടെ പുറത്തേക്കുള്ള കാഴ്ചകള്‍ സൂപ്പര്‍ മാര്‍ക്കറ്റ് തടുക്കുന്നു. ഉപയോക്താവിന് സമയബോധം നഷ്ടപ്പെടുന്നു. അതിനൊപ്പം മ്യൂസിക് കേള്‍ക്കുന്നു. ഉപയോക്താവ് പൂര്‍ണ്ണമായും അവിടേക്ക് തളച്ചിടപ്പെടുന്നു. ശ്രദ്ധയുടെ വ്യതിചലനം തടുത്തുകൊണ്ട് ഉപയോക്താവിന്റെ മനസ്സിനേയും ശരീരത്തേയും വാങ്ങല്‍ പ്രക്രിയയിലേക്ക് തളച്ചിടുന്നു. വില്‍പ്പന ഉയരും. ഉപഭോക്താവിന്റെ ഇന്ദ്രിയങ്ങളെ അറിയുക. സെന്‍സറി മാര്‍ക്കറ്റിംഗ് പരീക്ഷിക്കുക.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it