
ഒരു യൂണികോണ്‍ (ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള) കമ്പനിയാകണം. പല സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയും സ്വപ്നം ഇതാണ്. അത് നല്ലതാണ്. പക്ഷേ ഇതേ സ്വപ്നവും പേറി നടന്ന ഒരു സ്റ്റാര്‍ട്ടപ്പ് സംരംഭകനെ അടുത്തിടെ കണ്ടപ്പോള്‍ അദ്ദേഹം സംരംഭമൊക്കെ അടച്ചുപൂട്ടി മറ്റ് വഴികളിലേക്ക് കടന്നിരിക്കുന്നു.
''ഞാന്‍ വിചാരിച്ച വേഗത്തില്‍ കാര്യങ്ങള്‍ നടക്കുന്നില്ല. അതുകൊണ്ട് അതവിടെ ഉപേക്ഷിച്ചു.'' പാതിവഴിയില്‍ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് മോഹം കൈവിട്ടതിന്റെ കാരണമായി പറഞ്ഞത് ഇതാണ്. സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ മാത്രമല്ല ബിസിനസ് രംഗത്ത് വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ളവര്‍ പോലും മൂന്ന് വര്‍ഷം കൊണ്ട് 1000 കോടി വിറ്റുവരവ് നേടും. അഞ്ചുവര്‍ഷം കൊണ്ട് ഐപിഒ നടത്തും എന്നൊക്കെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഈ കാലയളവ് കഴിഞ്ഞാലും ആ നാഴിക കല്ലുകള്‍ അവര്‍ താണ്ടിയിട്ടുണ്ടാവില്ലെന്ന് മാത്രമല്ല ബിസിനസിന്റെ സ്ഥിതിയും അവതാളത്തിലായിട്ടുണ്ടാകും.
വലിയ സ്വപ്നങ്ങള്‍ കാണാന്‍ പാടില്ലേ?
തീര്‍ച്ചയായും സ്വപ്നങ്ങള്‍ വേണം. മുന്നോട്ട് കുതിക്കാനുള്ള ഇന്ധനം കൂടിയാണവ. പക്ഷേ സ്വപ്നങ്ങളുടെ ഭാരത്താല്‍ തളര്‍ന്ന് വീഴാനും പാടില്ല.
വലിയ സ്വപ്നങ്ങള്‍ കാണണം. അതിനായി പ്രയത്നിക്കണം. സമയബന്ധിതമായി നേടിയെടുക്കണം എന്നൊക്കെയുള്ള ധാരണകള്‍ പലരുടെ ഉള്ളിലുമുണ്ട്. സ്വപ്നങ്ങളും യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത പ്രതീക്ഷകളും തമ്മില്‍ വ്യത്യാസമുണ്ട്. വലിയൊരു സ്വപ്‌നത്തെ പിന്തുടരുമ്പോള്‍ നമ്മുടെ കൈവശമുള്ള വിഭവ സമ്പത്ത്, ആ സ്വപ്നം നേടിയെടുക്കാന്‍ സാമാന്യ സ്ഥിതിയില്‍ വേണ്ട സമയം എന്നിവ യൊക്കെ പരിഗണിച്ച് കൂറേക്കൂടിയാഥാര്‍ത്ഥ്യബോധത്തോടെ മുന്നോട്ട് പോകുന്നതാകും ഉചിതം.
ഞാന്‍ ഇതുപറയുമ്പോള്‍ പലര്‍ക്കും സംശയം തോന്നാം. വലിയ പ്രതീക്ഷകള്‍ ജീവിതത്തിലും ബിസിനസിലും പാടില്ലേ എന്ന്. ഒരിക്കലുമല്ല. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രതീക്ഷ എന്നാല്‍ ചെറിയ പ്രതീക്ഷ എന്നല്ല. നിങ്ങളുടെ സ്വപ്‌നത്തെ കുറിച്ച് അങ്ങേയറ്റം വ്യക്തതയുണ്ടായിരിക്കണം എന്നതാണ്.
നിങ്ങളുടെ കഴിവ്, വൈദഗ്ധ്യം, വിഭവസമ്പത്ത്, വെല്ലുവിളികള്‍ നേരിടാനുള്ള നിങ്ങളുടെ പ്രാപ്തി എന്നിങ്ങനെ എല്ലാ കാര്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടായിരിക്കണം. ചെറിയൊരു തിരിച്ചടി വന്നാല്‍ മനസ് മടുത്ത് ഉത്സാഹം പോകുന്ന തരത്തിലുള്ള വ്യക്തിയാണെങ്കില്‍ സ്വപ്നങ്ങളുടെ ഭാരം തളര്‍ത്തുക തന്നെ ചെയ്യും.
പാഷനും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കില്‍ മാത്രമേ സ്വപ്നങ്ങളെ മുറുകെ പിടിച്ച് മുന്നേറാനാകു. അതോടൊപ്പം തന്നെ സ്വന്തം വ്യക്തിത്വത്തിന്റെ സവിശേഷതകളും പുറമേയുള്ള സാഹചര്യങ്ങളും എല്ലാം പരിശോധിച്ചിരിക്കണം. എന്നിട്ട് അങ്ങേയറ്റം യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തി അവ നേടാന്‍ അഹോരാത്രം പ്രയത്നിക്കുക. നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള ധൈര്യവും ആര്‍ജ്ജവവും എന്തായാലും വേണം.
ഇവിടെ നിങ്ങള്‍ മറ്റാരെയും അനുകരിക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ കരുത്തും ദൗര്‍ബല്യങ്ങളും സ്വയം വിലയിരുത്തി സാധ്യമാകുന്നതില്‍ വലിയ സ്വപ്നങ്ങള്‍ നെയ്തെടുത്ത് അവ സാക്ഷാത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക. ഇത് ഒരു ലക്ഷ്യമല്ല. നിരന്തരം നടത്തേണ്ട യാത്രയാണ്.
(ധനം മാഗസീന്‍ 2025 മേയ് 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine