ബ്യൂട്ടി ടെക്: വസ്ത്രം തിരഞ്ഞെടുക്കാനും നിര്‍മിത ബുദ്ധി

നിര്‍മിത ബുദ്ധി(Artificial Intelligence) പല ബിസിനസ് മേഖലകളെയും വലിയ രീതിയില്‍ത്തന്നെ സ്വാധീനിക്കുന്നുണ്ട്. അത്തരത്തില്‍ വലിയൊരു മാറ്റം സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മേഖലയാണ് ഫാഷന്‍ മേഖല. കഴിഞ്ഞ ദിവസം ഇ കോമേഴ്സ് ഫാഷന്‍ പ്ലാറ്റ്‌ഫോമായ myntra യില്‍ ചാറ്റ് ജിപിടി യുടെ MyFashionGPT അവതരിപ്പിച്ചു. MyFashion GPT, സ്വാഭാവികമായ മനുഷ്യ സംസാരത്തോട് സാമ്യമുള്ള രീതിയില്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്ത് വസ്ത്രങ്ങള്‍, ആക്സസറീസ്, ചെരുപ്പുകള്‍ എന്നിവ തിരയാന്‍ MyFashionGPT സൗകര്യമൊരുക്കിയിരിക്കുന്നു.

സെര്‍ച്ചിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി, ഉപയോക്താക്കള്‍ക്ക് ടോപ്പ് വെയര്‍, ബോട്ടം വെയര്‍, ഫുട്വെയര്‍, ആക്സസറികള്‍ മുതല്‍ മേക്കപ്പ് വരെ ഒന്നിലധികം വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ ഓപ്ഷനുകള്‍ കാണിക്കും. ഇതൊരു ചെറിയ തുടക്കം മാത്രമാണ്. ഫാഷന്‍ ലോകത്ത് AI യുടെ പല ടൂളുകളും ഉടന്‍തന്നെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിന് തയ്യാറാവും. 'വെര്‍ച്വല്‍ ട്രൈ-ഓണ്‍' ഫീച്ചര്‍ ഫളിപ്കാര്‍ട്ട് അവതരിപ്പിക്കാനൊരുങ്ങുന്നു.

വെര്‍ച്വല്‍ മേക്കപ്പ് കിയോസ്‌കുകളും ഡിജിറ്റല്‍ സ്‌കിന്‍ ടെസ്റ്റുകളും ഉപയോഗിക്കുന്ന 20 ബ്യൂട്ടി ടെക് സ്റ്റോറുകള്‍ തുറക്കാന്‍ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നു. ഷുഗര്‍ കോസ്മെറ്റിക്സ്, ഉപഭോക്തൃ അനലിറ്റിക്സ് സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കുകയും ഓഗ്മെന്റഡ് റിയാലിറ്റി (AR) ഉപയോഗിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പ്രൊഡക്റ്റ് ഫൈന്‍ഡര്‍, സ്‌കിന്‍ അനലൈസര്‍, വെര്‍ച്വല്‍ ട്രൈ-ഓണ്‍ എന്നിവ അവതരിപ്പിക്കാന്‍ Myntra ബ്യൂട്ടി പദ്ധതിയിടുന്നു. പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ മാത്രമല്ല ഉപയോക്താക്കളെ കണക്ട് ചെയ്യാനും രാജ്യത്തെ സൗന്ദര്യ വ്യവസായം സാങ്കേതികവിദ്യയെ എങ്ങനെ തീവ്രമായി സ്വീകരിക്കുന്നു എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്.

ചില ബ്യൂട്ടി-ടെക് സാങ്കേതിക ട്രെന്‍ഡുകള്‍ അറിയാം:

1. വെര്‍ച്വല്‍ ട്രൈ-ഓണ്‍:

ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റലായി തിരയാനും പരീക്ഷിക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. ആലീസ് ചാങ് എന്ന സോഫ്റ്റ്വെയര്‍ സംരംഭകയാണ് ഈ ടെക്‌നോളജിക്ക് പിന്നില്‍. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ വിപുലമായ ഫേസ് ട്രാക്കര്‍ അല്‍ഗോരിതം ഉപയോഗിച്ച് മുഖത്തിന്റെ സവിശേഷത മനസിലാക്കി മേക്കപ്പ് ചെയ്ത നമ്മളെ നമുക്ക് കാണിച്ചുതരുന്നു. നമുക്ക് അനുയോജ്യമായ മേക്കപ്പ് ഉത്പന്നങ്ങള്‍ അത് ഉപയോഗിച്ച് നോക്കാതെതന്നെ മനസിലാക്കാന്‍ ഇതുവഴി സാധിക്കും. ഫ്‌ളിപ്കാര്‍ട്ട് ഈ ഫീച്ചര്‍ അവരുടെ ഫാഷന്‍ സ്റ്റോറില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

Sephora, L'Oreal, Estee Lauder, Chanel, Revlon എന്നിവയുള്‍പ്പെടെയുള്ള ആഗോള ബ്രാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് വെര്‍ച്വല്‍ ട്രൈ-ഓണ്‍ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.


2. സ്മാര്‍ട്ട് മിറര്‍:

സ്മാര്‍ട്ട് മിററുകളില്‍ ഉയര്‍ന്ന റെസല്യൂഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചര്‍മത്തിന്റെ സ്വഭാവം മനസിലാക്കി അനുയോജ്യമായ ഉത്പന്നം കണ്ടെത്തിത്തരുന്നു. തായ്വാനിലെ ന്യൂ കിന്‍പോ ഗ്രൂപ്പിന്റെ ആശയമാണ് ഈ voice enabled ഇന്റലിജന്റ് ബ്യൂട്ടി മിറര്‍. Mac, Yves Saint Laurent, Sephora തുടങ്ങിയ കോസ്മെറ്റിക് ബ്രാന്‍ഡുകളും മറ്റ് ഭീമന്‍മാരും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്താന്‍ സ്മാര്‍ട്ട് മേക്കപ്പ് മിററുകള്‍ ഉപയോഗിക്കുന്നുണ്ട്, ഇപ്പോള്‍ ഈ സാങ്കേതികവിദ്യ റിലയന്‍സ് റീട്ടെയില്‍ അടുത്തിടെ പുറത്തിറക്കിയ Tira പോലുള്ള ഇന്ത്യന്‍ ബ്യൂട്ടി റീട്ടെയില്‍ സ്റ്റോറുകളിലും കാണാന്‍ കഴിയും.

3. വെര്‍ച്വല്‍ ആര്‍ട്ടിസ്റ്റ് വിഷ്വലൈസേഷന്‍:

വെര്‍ച്വല്‍ റിയാലിറ്റി ബ്യൂട്ടി ആപ്പുകള്‍ നിര്‍മ്മിക്കുന്നതിന് പേരുകേട്ട ഒരു സ്ഥാപനമായ മോഡിഫേസ് 2016-ല്‍ അവതരിപ്പിച്ചതാണ് വെര്‍ച്വല്‍ ആര്‍ട്ടിസ്റ്റ് വിഷ്വലൈസേഷന്‍. മേക്കപ്പ് ചെയ്യാനുള്ള മികച്ച മാര്‍ഗം ഉപഭോക്താക്കളെ അറിയാന്‍ സഹായിക്കുന്ന ഡിജിറ്റല്‍ മേക്കപ്പ് ഗൈഡ്ബുക്കാണ് വെര്‍ച്വല്‍ ആര്‍ട്ടിസ്റ്റ്.

4. സ്മാര്‍ട്ട് സെന്‍സറുകളും IOT ഉപകരണങ്ങളും:

ഈ സെന്‍സറുകള്‍ യു വി (UV) എക്‌സ്‌പോഷര്‍, ചര്‍മ്മത്തിലെ ജലാംശം, ചര്‍മ്മത്തിന്റെ ആരോഗ്യ നിലകള്‍ എന്നിവ പോലുള്ള തത്സമയ ഡാറ്റ റെക്കോര്‍ഡുചെയ്യുന്നു, തുടര്‍ന്ന് ഉപഭോകതാവിന് customise ചെയ്ത ഉത്പന്നം തയ്യാറാക്കുന്നു.

പുതിയതും മികച്ചതുമായ സൗന്ദര്യ സേവനങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള customised ഉത്പന്നങ്ങള്‍ നല്‍കുന്ന രീതിയിലായിരിക്കും AI യെ കോസ്‌മെറ്റിക്‌സ് സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത്.


Siju Rajan

Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it