നിങ്ങളുടെ കമ്പനിയേക്കാള്‍ വലിയ ബ്രാന്‍ഡായി നിങ്ങള്‍ക്കും മാറാം

ഈ ഭൂമിയിലെ ഏറ്റവും മികച്ച ചില സംരംഭകരുടെ പേരുകള്‍ പറയാന്‍ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെടുന്നു എന്ന് കരുതുക. ആരുടെയൊക്കെ പേരുകളായിരിക്കും നിങ്ങളുടെ നാവിന്‍തുമ്പിലേക്ക് പെട്ടെന്ന് കടന്നു വരിക. ബില്‍ ഗേറ്റ്‌സ്, ഇലോണ്‍ മസ്‌ക്, സ്റ്റീവ് ജോബ്‌സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍, രത്തന്‍ ടാറ്റ, മുകേഷ് അംബാനി എന്നിങ്ങനെ പലരുടേയും പേരുകള്‍ നിങ്ങള്‍ ഓര്‍ക്കുകയും പറയുകയും ചെയ്യുന്നു. കൊക്കോകോള എന്ന പേരിനെക്കാള്‍ കൂടുതല്‍ ആളുകള്‍ കേട്ടിരിക്കുക ഇലോണ്‍ മസ്‌ക് എന്ന പേരായിരിക്കും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കമ്പനി ഏതെന്നു പോലും അറിയാന്‍ അവര്‍ക്ക് കഴിയില്ല. പക്ഷേ, ഇലോണ്‍ മസ്‌ക് എന്ന പേര് കേട്ടിരിക്കും. കമ്പനിയെക്കാള്‍ വലിയൊരു ബ്രാന്‍ഡ് ആയി അദ്ദേഹം മാറിയിരിക്കുന്നു.

ഓണസ്റ്റ് കമ്പനിയെ (Honest Company) പറ്റി നിങ്ങള് കേട്ടിട്ടുണ്ടോ? സാധ്യത വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ തീര്‍ച്ചയായും ജെസിക്ക ആല്‍ബ (Jessica Alba) എന്ന അഭിനേത്രിയെക്കുറിച്ച് കേട്ടിട്ടുണ്ടാകും. ജെസിക്ക ആല്‍ബയുടെ കമ്പനിയാണ് ഓണസ്റ്റ് കമ്പനി. വിഷലിപ്തമല്ലാത്ത, ശുദ്ധമായ വീട്ടുല്‍പ്പന്നങ്ങളാണ് കമ്പനി വില്‍ക്കുന്നത്. ജെസിക്ക ആല്‍ബയുടെ വ്യക്തിപരമായ ഇമേജ് കമ്പനിയുടെ വളര്‍ച്ചയെ സഹായിക്കുന്നു. ആ പേഴ്‌സണല്‍ ബ്രാന്‍ഡ് കമ്പനിയുടെ ബ്രാന്‍ഡിനും മേല്‍ ശബ്ദിക്കുന്നു. കമ്പനിയുടെ മൂല്യബോധം സമൂഹത്തിലേക്ക് പകരാന്‍ ഈ പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് മൂലം സാധിക്കുന്നു.

ഇത്തരം പേഴ്‌സണല്‍ ബ്രാന്‍ഡുകളുടെ പ്രത്യേകത തങ്ങള്‍ നിലനില്‍ക്കുന്ന പരിസരത്തില്‍, ബിസിനസില്‍ തങ്ങളുടെ വൈദഗ്ധ്യവും വിശ്വാസ്യതയും സമൂഹത്തിലേക്ക് പ്രേക്ഷണം ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നു എന്നതാണ്. ഇത് ബിസിനസുകളുടെ വളര്‍ച്ചയിലും വിജയത്തിലും ശക്തമായ സ്വാധീനം ചെലുത്തുന്നു. സ്റ്റീവ് ജോബ്‌സിന്റെ മരണശേഷവും ആ പേര് ആപ്പിള്‍ എന്ന ബ്രാന്‍ഡിന് നല്‍കുന്ന വിശ്വാസ്യത നിങ്ങള്‍ക്കറിയാം. ആപ്പിളിന്റെ ചരിത്രം സ്റ്റീവ് ജോബ്‌സിന്റെ ചരിത്രമാണ്. അത് പിരിച്ചെടുക്കാന്‍ സാധിക്കുകയില്ല.

ഒരിക്കല്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തന്റെ ഫോണ്‍ നമ്പര്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കി. ഇതിനെക്കാള്‍ വിശ്വാസ്യത ഒരു സംരംഭകന് എങ്ങിനെ സമൂഹത്തിലേക്ക് പകരാന്‍ സാധിക്കും. ഒരു മനുഷ്യസ്‌നേഹി എന്ന ഇമേജ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍ നല്‍കുന്ന മൈലേജ് നിങ്ങള്‍ക്ക് തിരിച്ചറിയാം. വിര്‍ജിന്‍ (Virgin) എന്ന ബ്രാന്‍ഡിന്റെ വലുപ്പത്തെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു അത് ഉപഭോക്താക്കളുടെ ഉള്ളില്‍ സൃഷ്ടിച്ച ഇമേജ്. മനുഷ്യത്വമുള്ള, ഉപഭോക്താക്കളോട് സൗഹൃദപരമായി ഇടപെടുന്ന കമ്പനി എന്ന ഇമേജ് വിര്‍ജിന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ന്റെ പേഴ്‌സണല്‍ ബ്രാന്‍ഡിംഗിലൂടെ അവര്‍ ഉണ്ടാക്കിയെടുത്തു.

ജാക്ക് മാ (Jack Ma) സംസാരിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ നാം ശ്രദ്ധിച്ചിരിക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ജാക്ക് മായുടെ കഴിവില്‍ നമുക്ക് വിശ്വാസമുണ്ട്. ആലിബാബ (Alibaba) എന്ന ആഗോള ബിസിനസ് പടുത്തുയര്‍ത്തിയ വ്യക്തി. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം അന്യാദൃശ്യമാണ്. ആ ഇമേജ് ബിസിനസിന്റെ വളര്‍ച്ചക്കായി ബുദ്ധിപൂര്‍വ്വം വിനിയോഗിക്കുന്നു.

ബിസിനസിന്റെ ബ്രാന്‍ഡ് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ആ ബിസിനസിനെ നയിക്കുന്ന വ്യക്തിയുടെ ഇമേജും. ഷാരുഖ് ഖാന്‍ തന്റെ സിനിമയിലെ ഇമേജ് വളരെ വിദഗ്ദമായി ബിസിനസില്‍ ഉപയോഗിക്കുന്നു. ഇവിടെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ബ്രാന്‍ഡ് ബിസിനസിന്റെ ബ്രാന്‍ഡ് പടുത്തുയര്‍ത്തുവാന്‍ സഹായിക്കുന്നു. ബിസിനസ് ബ്രാന്‍ഡിനെ പ്രൊമോട്ട് ചെയ്യാന്‍ തന്റെ പേര് സംരംഭകന്‍ ഉപയോഗിക്കുന്നു. സംരംഭകന്‍ സൃഷ്ടിച്ചെടുക്കുന്ന വ്യക്തിപരമായ ഇമേജിന് ബിസിനസില്‍ വലിയ മൂല്യമാണുള്ളത്.

തങ്ങളുടെ പേഴ്‌സണല്‍ ബ്രാന്‍ഡിംഗില്‍ സംരംഭകര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കാം. പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് സൃഷ്ടിച്ചെടുക്കുന്ന തന്ത്രം നിങ്ങള്‍ക്കും പ്രയോഗിക്കാം. സമയമെടുത്തേ ഇത് സാധ്യമാകൂ. സാവധാനം പേഴ്‌സണല്‍ ബ്രാന്‍ഡ് പടുതുയര്‍ത്തൂ. ബിസിനസിന്റെ വളര്‍ച്ചയില്‍ അത് വലിയൊരു ആസ്തിയാകും.


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it