വില്‍പ്പന മെച്ചപ്പെടുത്തണോ? വേണം നല്ല പാക്കേജിംഗ്

ഒരു കുട്ടി മിഠായികള്‍ നിരത്തി വെച്ചിരിക്കുന്ന ഷെല്‍ഫില്‍ നോക്കി നില്‍ക്കുകയാണ്. അതില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മിഠായികള്‍ക്കിടയില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാന്‍ അവന്‍ ശ്രമിക്കുന്നു. നിരവധി ബ്രാന്‍ഡുകള്‍ ഷെല്‍ഫില്‍ നിറഞ്ഞിരിക്കുന്നുണ്ട്. പെട്ടെന്നതാ അവന്റെ കണ്ണ് കിന്‍ഡര്‍ ജോയിയിലേക്ക് ചെന്നെത്തുന്നു. മുട്ടയുടെ ആകൃതിയിലുള്ള മിഠായി പാക്കറ്റ് അവന്റെ ശ്രദ്ധ പിടിച്ചെടുത്തിരിക്കുന്നു. അവന്‍ ആ മിഠായി വാങ്ങിക്കുന്നു.

ധാരാളം ഉല്‍പ്പന്നങ്ങള്‍ തിങ്ങി നിറഞ്ഞ ഷെല്‍ഫില്‍ നിന്നും കിന്‍ഡര്‍ ജോയ്ക്ക് ശ്രദ്ധ ലഭിക്കുവാനുള്ള പ്രധാന കാരണം അതിന്റെ പാക്കേജിംഗ് തന്നെയാണ്. കുട്ടികളുടെ ശ്രദ്ധ അതിവേഗം പിടിച്ചുപറ്റാന്‍ സഹായകമാകുന്ന ഡിസൈനാണ് ആ ഉല്‍പ്പന്നത്തിനുള്ളത്. മറ്റനേകം ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുമ്പോഴും അവയില്‍ നിന്നൊക്കെ വ്യത്യസ്തമായ വ്യക്ത്വിത്വം സൂക്ഷിക്കാന്‍ കിന്‍ഡര്‍ ജോയിയുടെ പാക്കേജിംഗിന് സാധിക്കുന്നു.

വില്‍പ്പനയില്‍ പാക്കേജിംഗിന്റെ പ്രസക്തി

ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിക്കാനും വില്‍പ്പന ഉയര്‍ത്താനും ആകർഷകമായ പാക്കേജിംഗിന് കഴിയും. യഥാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ നല്ല പാക്കേജിംഗ് ഇഷ്ടപ്പെടുന്നവരാണ്. തങ്ങള്‍ വാങ്ങുന്ന ഉല്‍പ്പന്നത്തെ അവര്‍ വിലയിരുത്തുന്നത് അതെങ്ങനെ സ്വയം പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. അതിരൂക്ഷമായ കിടമത്സരം നിറഞ്ഞ വിപണിയില്‍ ഉപഭോക്താക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുക ദുഷ്‌കരമായ പ്രവൃത്തിയാണ്. ഭംഗിയുള്ള, ആകര്‍ഷകമായ പാക്കേജ് ഈ ജോലി വളരെ ഫലപ്രദമായി നിര്‍വ്വഹിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ സംരക്ഷണം

ഉല്‍പ്പന്നം ഫാക്ടറിയില്‍ നിന്നും സഞ്ചരിച്ച് ഉപഭോക്താവിന്റെ അടുക്കല്‍ എത്തിച്ചേരുന്നത് വരെ ഉല്‍പ്പന്നത്തിന്റെ സംരക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്. ഉപഭോക്താവ് ഉല്‍പ്പന്നം വാങ്ങുകയും എന്നാല്‍ പാക്കറ്റ് തുറക്കുമ്പോള്‍ ഉല്‍പ്പന്നത്തിന് കേടുപാടുകള്‍ സംഭവിച്ചതായി കാണുകയും ചെയ്താല്‍ കമ്പനിയെക്കുറിച്ചുള്ള ഉപഭോക്താവിന്റെ കാഴ്ചപ്പാടുകളെ അതു ബാധിക്കുകയും ബ്രാന്‍ഡിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. അതിനാല്‍ ഉല്‍പ്പന്നത്തിന്റെ പൂര്‍ണ്ണമായ സംരക്ഷണം ഉറപ്പുവരുത്തുന്ന പാക്കേജിംഗ് വില്‍പ്പനയുടെ അവിഭാജ്യഘടകമായി മാറുന്നു.

സങ്കീര്‍ണ്ണതകളില്ലാത്ത പാക്കേജിംഗ്

പാക്കറ്റ് തുറന്ന് ഉല്‍പ്പന്നമെടുക്കാന്‍ ഉപഭോക്താവ് കഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാന്‍ കൂടി വയ്യ. സങ്കീര്‍ണ്ണതകളില്ലാത്ത ലളിതമായ പാക്കേജിംഗ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നു. ഉല്‍പ്പന്നത്തിന് സംരക്ഷണം നല്‍കുകയും അതേസമയം തന്നെ വേഗത്തില്‍ തുറന്ന് ഉല്‍പ്പന്നം പുറത്തേക്കെടുക്കാന്‍ സാധിക്കുന്ന പാക്കേജിംഗ് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നു.

ഉല്‍പ്പന്നത്തെ പെട്ടെന്ന് തിരിച്ചറിയുക

ഉല്‍പ്പന്നത്തെ അതിവേഗത്തില്‍ തിരിച്ചറിയാന്‍ പാക്കേജിംഗ് ഉപകരിക്കുന്നുണ്ട്. പാക്കേജിംഗില്‍ ഉപയോഗിക്കുന്ന കളര്‍, ലോഗോ, ടെക്സ്റ്റ്, വിവരങ്ങള്‍ എന്നിവയെല്ലാം തന്നെ ഉല്‍പ്പന്നം എന്താണെന്ന വ്യക്തമായ സന്ദേശം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. വെള്ള നിറത്തിലുള്ള പാക്കറ്റും ലോഗോയും ഏത് ഉല്‍പ്പന്നകൂട്ടത്തില്‍ നിന്നും ആപ്പിള്‍ ഉല്‍പ്പന്നങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്നു. നേരത്തെ നാം കണ്ട പോലെ കുട്ടി കിന്‍ഡര്‍ ജോയ് മിഠായിയെ തിരിച്ചറിഞ്ഞതും പാക്കേജിംഗ് പ്രത്യേകത കൊണ്ടുതന്നെ.

ബ്രാന്‍ഡ് അവബോധം വളര്‍ത്തുന്നു

ഓരോ ബ്രാന്‍ഡും ഉപയോഗിക്കുന്ന പാക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് അവബോധം വളര്‍ത്തുന്നു. ബ്രാന്‍ഡുകള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ തങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നുവെന്നത് ഉപഭോക്താക്കള്‍ ശ്രദ്ധിക്കുന്നു. പാക്കേജിംഗ് കൊണ്ടു മാത്രം ബ്രാന്‍ഡിനെ വേഗത്തില്‍ തിരിച്ചറിയാനും കണ്ടെത്താനും അവര്‍ക്ക് കഴിയുന്നു. കൊക്കകോള ബ്രാന്‍ഡില്‍ വെള്ളയും ചുവപ്പും നിറങ്ങള്‍ സൃഷ്ടിക്കുന്ന മാജിക് ഒറ്റനോട്ടത്തില്‍ തന്നെ ആ ബ്രാന്‍ഡിനെ തിരിച്ചറിയാന്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ സഹായിക്കുന്നു.

70% ഉപഭോക്താക്കളും പറയുന്നു ''പാക്കേജിംഗ് ഞങ്ങളുടെ വാങ്ങല്‍ തീരുമാനത്തെ സ്വാധീനിക്കുന്നു.'' ഓണ്‍ലൈന്‍ സ്റ്റോറില്‍ അല്ലെങ്കില്‍ ഷോപ്പിലെ ഷെല്‍ഫില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കിടയില്‍ നിന്നും ഉപഭോക്താക്കളുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചു പറ്റുന്ന ഉല്‍പ്പന്നങ്ങളുടെ പ്രത്യേകത അവയുടെ പാക്കേജിംഗാണ്. മനോഹരമായ പാക്കറ്റ് അവരെ ആകര്‍ഷിക്കുകയും ഉല്‍പ്പന്നം സ്വന്തമാക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

ഉല്‍പ്പന്നത്തെക്കുറിച്ച് പാക്കറ്റിന്റെ പുറത്ത് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഉപഭോക്താക്കള്‍ വായിച്ചു നോക്കുകയും ഉല്‍പ്പന്നം തങ്ങള്‍ക്ക് യോജിച്ചതാണോയെന്ന് പരിശോധിക്കുകയും ചെയ്യുന്നു. അതിനാല്‍ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ആവശ്യമായ വിവരങ്ങള്‍ പാക്കറ്റിന്റെ പുറമേയുള്ള ലേബലില്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയില്‍ തന്നെ ഈ വിവരങ്ങള്‍ പ്രിന്റ് ചെയ്യണം. ഉപഭോക്താക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയില്‍ വിവരങ്ങള്‍ നല്‍കാതിരിക്കേണ്ടതും പ്രാധാന്യമര്‍ഹിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയുടെ (Quality) പ്രതിഫലനം

അത്യധികം മികച്ച ഒരു ഉല്‍പ്പന്നം മോശമായ തരത്തില്‍ പാക്ക് ചെയ്ത് വില്‍പ്പന നടത്തിയാല്‍ എങ്ങിനെയിരിക്കും? ഉല്‍പ്പന്നം മികച്ചതായാല്‍ മാത്രം പോരാ അത് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന/പ്രദര്‍ശിപ്പിക്കുന്ന രീതിയും മികച്ചതാകണം. പാക്കേജിംഗ് ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയുടെ പ്രതിഫലനം കൂടിയാകണം. ബ്രാന്‍ഡിനെ സ്വീകരിക്കാനും അതുമായി ബന്ധം സ്ഥാപിക്കാനും ഉപഭോക്താക്കളെ ആകര്‍ഷകമായ പാക്കേജിംഗ് പ്രചോദിപ്പിക്കുന്നു.

ആദ്യ ധാരണ (First Impression) ഉടലെടുക്കുന്നു

ഉല്‍പ്പന്നത്തിന്റെ പാക്കേജിംഗ് കാണുമ്പോള്‍ തന്നെ ഉപഭോക്താക്കളുടെ ഉള്ളില്‍ ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ആദ്യ ധാരണ പൊട്ടിവിടരുന്നു. ഇത് വില്‍പ്പനയെ ബാധിക്കുന്നുണ്ട്. നല്ല ധാരണ വില്‍പ്പനയിലേക്കും മോശം ധാരണ വില്‍പ്പനയുടെ തിരസ്‌കരണത്തിലേക്കും നയിക്കുന്നു. ഉല്‍പ്പന്നം ആദ്യം കാണുമ്പോള്‍ തന്നെ മനസ്സില്‍ ഉടലെടുക്കുന്ന അഭിപ്രായം അവരുടെ വാങ്ങല്‍ തീരുമാനത്തെ ഗണ്യമായി സ്വാധീനിക്കുന്നു.

ചില പഠനങ്ങള്‍ വളരെ രസാവഹമായ ചിന്തകള്‍ പങ്കുവെച്ചിട്ടുണ്ട്. ആകര്‍ഷകമായ പാക്കേജിംഗ് കാണുന്ന ഉപഭോക്താക്കളുടെ തലച്ചോറില്‍ ശക്തമായ പോസിറ്റീവ് ചലനങ്ങള്‍ കാണുവാന്‍ സാധിക്കുന്നു. ഇതിന്റെ നേരെ എതിരായ ഫലമാണ് ഒട്ടുംതന്നെ ആകര്‍ഷകമല്ലാത്ത പാക്കേജിംഗ് കണ്ട ഉപഭോക്താക്കളുടെ തലച്ചോറില്‍ കണ്ടത്. അവരുടെ ബ്രെയിനില്‍ നെഗറ്റീവ് ചലനങ്ങളാണ് രൂപം കൊണ്ടത്. തലച്ചോറിലെ ഇത്തരം ചലനങ്ങള്‍ അവരുടെ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് പ്രത്യേകം പറയേണ്ട ആവശ്യമേയില്ല.

പാക്കേജിംഗില്‍ വിട്ടുവീഴ്ച വേണ്ട

മോശം ഉല്‍പ്പന്നം മികച്ച പാക്കേജിംഗില്‍ നല്‍കിയാല്‍ ദീര്‍ഘകാലം വില്‍പ്പന നടക്കില്ല. ഉപഭോക്താക്കളെ അങ്ങനെ കൂടുതല്‍ കാലം കബളിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ മികച്ച ഒരു ഉല്‍പ്പന്നം മോശം പാക്കേജിംഗില്‍ നല്‍കിയാല്‍ അത് ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയേയും ബ്രാന്‍ഡിന്റെ പ്രതിച്ഛായയേയും പ്രതികൂലമായി ബാധിക്കും. മികച്ച ഉല്‍പ്പന്നങ്ങള്‍ മികച്ച പാക്കേജിംഗില്‍ തന്നെ ഉപഭോക്താക്കളെ സമീപിക്കട്ടെ.


Related Articles
Next Story
Videos
Share it