വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ ബ്‌ളൂ ഓഷ്യന്‍ സ്ട്രാറ്റജി; അറിയാം

ലോക ക്രിക്കറ്റിന്റെ രസതന്ത്രം തിരുത്തിയെഴുതിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രംഗ പ്രവേശം ചെയ്യുന്നത്. കേവലം മൂന്നു മണിക്കൂറില്‍ ഒതുങ്ങുന്ന കളിയുടെ വെടിക്കെട്ടിന് ഐ പി എല്‍ തിരികൊളുത്തി. നിലനിന്നിരുന്ന ക്രിക്കറ്റിന്റെ രൂപഘടന(Format)പൊളിച്ചെഴുതി തനതായ ഒരു വിപണിയിടം(Market Space) ഐ പി എല്‍ കണ്ടെത്തി. ബോളിവുഡ് സംഗീതവും, ആട്ടവും, സ്റ്റേഡിയം ഭേദിക്കുന്ന ആരവങ്ങളുമൊക്കെയായിപുതിയൊരു ക്രിക്കറ്റ് വസന്തമാണ് വിടര്‍ന്നത്.

ഇവിടെ സംഭവിച്ചതെന്താണെന്ന് നോക്കാം. ചില പ്രത്യേക ചട്ടക്കൂടിലൊതുങ്ങി നിന്ന ക്രിക്കറ്റ് അതുവരെ ക്രിക്കറ്റ് ആസ്വാദകരല്ലാത്തവരുടെ കൂടി സ്വീകരണ മുറിയിലേക്ക് കടന്നു ചെന്നു. ക്രിക്കറ്റ് കളിയുടേയും ആസ്വാദനത്തിന്റെവയും ശൈലി മാറി. ടെലിവിഷനിലെ പ്രധാന സമയ വിനോദമാക്കി (Prime Time Entertainment) ഐ പി എല്‍ ക്രിക്കറ്റിനെ പരിവര്‍ത്തനം ചെയ്തു. ക്രിക്കറ്റ് വിനോദത്തിന്റെ (Cricketainment) ഈ നവീകരിക്കപ്പെട്ട ഫോര്‍മാറ്റ് നിലവിലുള്ള സ്‌പോര്‍ട്‌സ്് വ്യവസായത്തെ അലോസരപ്പെടുത്താതെ തന്നെ ഒരു നവ വിപണിയിടം (New Market Space) കണ്ടെത്തി.
വിപണിയില്‍ (Market) നമുക്ക് രണ്ട് മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഒന്ന് നിലവിലുള്ള വിപണിയില്‍ (Existing Market) എതിരാളികളുമായി അതിശക്തമായ കിടമത്സരത്തില്‍ ഏര്‍പ്പെടാം. അല്ലെങ്കില്‍ അതില്‍ നിന്നെല്ലാമകന്ന് മത്സരമില്ലാത്ത പുതിയൊരു വിപണി (New Market) സ്വയം സൃഷ്ടിച്ചെടുക്കാം. നിലവിലുള്ള വിപണിയിടം (Existing Market Space) എതിരാളികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിപണിയില്‍ ലഭ്യത ആവശ്യകതയെക്കാള്‍ കൂടുതലാണ്. രക്തദൂഷിതമായ, തീവ്ര മത്സരം നിറഞ്ഞു നില്‍ക്കുന്ന ഈ വിപണിയിടമാണ് റെഡ് ഓഷ്യന്‍.
മത്സരത്തെ പരാജയപ്പെടുത്തുവാനുള്ള ഏക മാര്‍ഗം മത്സരത്തെ പരാജയപ്പെടുത്തുവാനുള്ള ശ്രമം നിര്‍ത്തുക എന്നുള്ളതാണ്. നാം റെഡ് ഓഷ്യന്‍ (മത്സരം നിറഞ്ഞ നിലവിലുള്ള വിപണി) ഉപേക്ഷിക്കുന്നു. എതിരാളികള്‍ ഇല്ലാത്ത, മത്സരം ഇല്ലാത്ത പുതിയൊരു വിപണിയിടം തുറന്നെടുക്കുന്നു. ഇന്നോളം ആരും കൈവെക്കാത്ത വിപണി.
ലാഭം നേടാനും വളരാനും അനന്ത സാദ്ധ്യതകളുള്ള വിശാലമായൊരിടം. ഈ വിപണിയിടമാണ് ബ്ലൂ ഓഷ്യന്‍. ഈ വിപണിയില്‍ മത്സരത്തെ നാം അപ്രസക്തമാക്കുകയാണ്. റെഡ് ഓഷ്യനായ നിലവിലുള്ള ക്രിക്കറ്റ് വിപണിയെ സ്പര്‍ശിക്കാതെ പുതിയ ബ്ലൂ ഓഷ്യന് രൂപം നല്‍കുകയാണ് ഐ പി എല്‍ ചെയ്തത്. പ്രേക്ഷകര്‍ക്ക് തികച്ചും വ്യത്യസ്തമായ ആവേശവും അനുഭൂതിയും ഐ പി എല്‍ പ്രദാനം ചെയ്തു. ആഗോള തലത്തില്‍ തന്നെ അനുകരണീയമായ മാതൃകയായി ഐ പി എല്‍ മാറി.
അതിതീവ്ര മത്സരം നിറഞ്ഞു നില്ക്കുന്ന വിപണിയില്‍ എതിരാളികളുമായി ഗുസ്തി പിടിച്ച് നിലനില്‍പ്പിനായി കഷ്ട്ടപ്പെടുന്നതിനേക്കാള്‍ മികച്ച തന്ത്രം തങ്ങളുടേതായ ഒരു നവ വിപണിയിടം സൃഷ്ട്ടിക്കുക തന്നെയാണ്. വ്യത്യസ്തമായ രീതിയില്‍ ചിന്തിക്കുകയും പുതിയ ആശയങ്ങളെ കണ്ടെത്തുകയും ചെയ്യാന്‍ സംരംഭകര്‍ക്ക് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി പ്രചോദനമാകും. ഐ പി എല്‍ പോലെ ഫാബ് ഇന്ത്യ, ആപ്പിള്‍, സ്റ്റാര്‍ബക്സ്, ഊബര്‍ ടാക്സി, ഓയോ റൂംസ്, ബൈജൂസ് ആപ്പ് പോലുള്ള ധാരാളം ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. പുതിയൊരു ദിശാബോധത്തിനായി ശ്രമിക്കുന്നവര്‍ക്ക് ബ്ലൂ ഓഷ്യന്‍ സ്ട്രാറ്റജി വഴികാട്ടിയാകും.

Dr. Sudheer Babu
Dr. Sudheer Babu  
Next Story
Share it