സംരംഭകര്‍ ഇക്കാര്യം ചെയ്തില്ലെങ്കില്‍ വിപണിയില്‍ നിലം തൊടില്ല!

നിങ്ങള്‍ ആര്‍ക്കാണോ ഉല്‍പ്പന്നം അല്ലെങ്കില്‍ സേവനം നല്‍കുന്നത്, അവര്‍ക്കത് ഉപകാരപ്പെടുമോ എന്നറിയാതെയിരുന്നാല്‍ വിപണിയില്‍ നിലം തൊടില്ല
Backward Invention and Reverse Innovation by Dr Sudheer Babu
Published on

ഒരു കമ്പനി പുതിയൊരു വീല്‍ചെയര്‍ നിര്‍മ്മിക്കുകയാണ്. ഉല്‍പ്പന്നത്തിന്റെ രൂപകല്‍പ്പന കഴിഞ്ഞ് അതിന്റെ മാതൃക വികസിപ്പിച്ചെടുത്തതിന് ശേഷം അതൊന്ന് പരീക്ഷിച്ച് നോക്കണമല്ലോ. ഇതിനായി കമ്പനി രണ്ട് കാര്യങ്ങള്‍ ചെയ്തു.

ഒന്നാമതായി കമ്പനി അംഗപരിമിതയായ ഒരു വനിതയെ കണ്ടെത്തി വീല്‍ചെയര്‍ അവര്‍ക്ക് ഉപയോഗിക്കുവാനായി നല്കി . കമ്പനിയുടെ മിടുക്കനായ ഒരു എഞ്ചിനീയറെ ആ സ്ത്രീയുടെ അനുവാദത്തോട് കൂടി അവര്‍ക്കൊപ്പം താമസിപ്പിച്ചു. സ്ത്രീയുടെ വീല്‍ചെയറിലുള്ള ഓരോ ചലനവും ഈ എഞ്ചിനീയര്‍ സസൂക്ഷ്മം നിരീക്ഷിച്ചു.

കിടപ്പുമുറിയില്‍, വാഷ്‌റൂമില്‍, വീടിനുള്ളിലെ മറ്റ് മുറികളില്‍, ഉദ്യാനത്തില്‍, റോഡില്‍, കാറില്‍ എന്നിവിടങ്ങളിലൊക്കെ യാത്ര ചെയ്യുമ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന ഓരോ പ്രശ്‌നവും ആ എഞ്ചിനീയര്‍ നേരിട്ടു കണ്ട് മനസിലാക്കി. യാത്ര പോകുമ്പോള്‍ വീല്‍ ചെയര്‍ മടക്കി സൗകര്യപ്രദമായി ബൂട്ടില്‍ വെയ്ക്കാന്‍ സാധിക്കുന്നുണ്ടോ? ഫോള്‍ഡ് ചെയ്യുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടോ? അങ്ങിനെ വീല്‍ചെയര്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താവിനുണ്ടാകുന്ന ഓരോ അസൗകര്യവും പ്രശ്‌നവും കൃത്യമായി പഠിക്കുവാന്‍ കമ്പനിക്ക് സാധിച്ചു.

കമ്പനി രണ്ടാമതൊരു ഉപഭോക്താവിനെ കൂടി തിരഞ്ഞെടുത്ത് വീല്‍ ചെയര്‍ നല്‍കി. എന്നാല്‍ ഇത്തവണത്തെ നിരീക്ഷണത്തിന് ആദ്യത്തേതില്‍ നിന്നും പ്രകടമായ ഒരു വ്യത്യാസമുണ്ടായിരുന്നു. എഞ്ചിനീയര്‍ ഈ ഉപഭോക്താവിനെ അനുഗമിച്ചതും നിരീക്ഷിച്ചതും ഉപഭോക്താവിന്റെ അറിവോടെ കൂടിയല്ലായിരുന്നു. തന്നെ ഒരാള്‍ 'ഷാഡോ' ചെയ്യുന്നുണ്ടെന്ന ധാരണ ഉപഭോക്താവിന് ഉണ്ടായിരുന്നില്ല. അങ്ങിനെ ഉപഭോക്താവ് ഉല്‍പ്പന്നം ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഓരോ പ്രശ്‌നവും ഉപഭോക്താവ് അറിയാതെ തന്നെ കമ്പനിയുടെ എഞ്ചിനീയര്‍ മനസിലാക്കിയെടുത്തു.

ഇവിടെ നോക്കുക, മാതൃക നിര്‍മ്മിച്ചതിനു ശേഷം വേഗത്തില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം നടത്തി ഉല്‍പ്പന്നം വിപണിയിലേക്കിറക്കുകയായിരുന്നില്ല കമ്പനി ആദ്യം ചെയ്തത്. മറിച്ച് തങ്ങളുടെ ഉല്‍പ്പന്നം പരീക്ഷണാടിസ്ഥാനത്തില്‍ ഉപഭോക്താവിന് നല്‍കി അത് ഉപയോഗിക്കുമ്പോള്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി ഉല്‍പ്പന്നത്തെ കൂടുതല്‍ മെച്ചപ്പെടുത്താനാണ് കമ്പനി ശ്രമിച്ചത്. തങ്ങളുടെ ഉല്‍പ്പന്നം മെച്ചപ്പെടുത്താന്‍ ഉപഭോക്താവിന്റെ അനുഭവങ്ങള്‍ കമ്പനിയെ സഹായിച്ചു. പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് മികച്ച ഒരു ഉല്‍പ്പന്നം വിപണിയില്‍ അവതരിപ്പിക്കുവാന്‍ ഈ തന്ത്രം കമ്പനിയെ സഹായിച്ചു.

ഉല്‍പ്പന്നം തയ്യാറായിക്കഴിഞ്ഞാല്‍ ധൃതി പിടിച്ച് അതിന്റെ വാണിജ്യോല്‍പ്പാദനം ആരംഭിക്കുകയല്ല സംരംഭകന്‍ ചെയ്യേണ്ടത്. ഉല്‍പ്പന്നത്തിന്റെ പരീക്ഷണം (Product Testing) ഇതുവരെ തിരിച്ചറിയാത്ത പല പ്രായോഗിക വസ്തുതകളിലേക്കും വെളിച്ചം വീശും. ഉല്‍പ്പന്നവും ഉപഭോക്താവും തമ്മിലുള്ള സംവേദനവും അനുഭവവും നല്‍കുന്ന പാഠങ്ങള്‍ ഉല്‍പ്പന്നത്തെ മെച്ചപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന ഒന്നാക്കി മാറ്റുവാന്‍ സംരംഭകനെ സഹായിക്കും. അതുകൊണ്ട് തന്നെ Product Testing ഒഴിവാക്കുവാനാവാത്ത ഒരു പ്രവൃത്തിയായി മാറുന്നു.

ഒരു സംരംഭം പുതിയൊരു ഹെല്‍ത്ത് ഡ്രിങ്ക് വികസിപ്പിച്ചെടുത്തു. വിപണിയിലേക്ക് പോകുന്നതിന് മുന്പ് അവര്‍ ഒരുകൂട്ടം ഉപഭോക്താക്കളെ തിരഞ്ഞെടുത്ത് അവര്‍ക്ക് ഈ ഹെല്ത്ത് ഡ്രിങ്ക് ഉപയോഗിക്കുവാന്‍ നല്‍കി. ഈ. ഡ്രിങ്കിന്റെ രുചി, നിറം, മണം, കടുപ്പം, ബ്രാന്‍ഡിംഗ് എന്നിങ്ങനെയുള്ള ഓരോന്നിനെക്കുറിച്ചും അവരുടെ അഭിപ്രായം ശേഖരിച്ചു. അതിനനുസരിച്ചുള്ള ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമായിരുന്നു കമ്പനി വിപണിയിലേക്ക് ഹെല്‍ത്ത് ഡ്രിങ്ക് അവതരിപ്പിച്ചത്.

സംരംഭകന്‍ മനസിലാക്കാതിരുന്ന, ചിന്തിക്കാതിരുന്ന, കണ്ടെത്താതിരുന്ന പല വസ്തുതകളേയും ആഴത്തില്‍ പഠിക്കുവാന്‍ Product Testing സഹായിക്കും. ഉല്‍പ്പന്നം ആത്യന്തികമായി വാങ്ങുകയും ഉപയോഗിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യേണ്ടത് ഉപഭോക്താവായതിനാല്‍ അവരുടെ അഭിപ്രായങ്ങള്‍ തേടേണ്ടത് ഉല്‍പ്പന്നത്തിന്റെ വിജയത്തിന് അനിവാര്യമാണ്. ഉല്‍പ്പന്നം വിപണിയിലേക്കിറക്കും മുന്‍പ് അത് പരീക്ഷിച്ചു നോക്കാന്‍ മറക്കരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com