നിങ്ങളുടെ ബിസിനസ് കൂട്ടാം, നഷ്ടം കുറയ്ക്കാം; ഇതൊന്നു പരീക്ഷിക്കു

റീറ്റെയ്ല്‍ സ്റ്റോറിയോ ഇ - കോമേഴ്‌സ് പ്ലാറ്റ്‌ഫോമിലോ വരുന്ന ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത അനുഭൂതി പകര്‍ന്ന് കച്ചവടം കൂട്ടാനുള്ള ഒരു വഴിയിതാ
Backward Invention and Reverse Innovation by Dr Sudheer Babu
Published on

നിങ്ങള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുകയാണ്. ഗാര്‍മെന്ററി സ്ട്രീറ്റിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങള്‍ മസീസ് (Macy's) ഫാഷന്‍ സ്‌റ്റോര്‍ കാണുന്നു. കുറച്ച് വസ്ത്രങ്ങള്‍ വാങ്ങിയേക്കാമെന്ന് കരുതി സ്‌റ്റോറില്‍ കയറുന്ന നിങ്ങളെ സ്‌റ്റോറിന്റെ അകത്തളം അതിശയിപ്പിക്കുന്നു. അതാ ആ ഫാഷന്‍ സ്‌റ്റോറിനുള്ളില്‍ സ്റ്റാര്‍ബക്‌സിന്റെ കോഫി ഷോപ്പ്. ആളുകള്‍ അവിടെ ഇരുന്ന് വര്‍ത്തമാനം പറയുന്നു, കാപ്പി കുടിക്കുന്നു, സ്‌നാക്‌സ് കഴിക്കുന്നു, ചിലര്‍ വസ്ത്രങ്ങള്‍ തിരയുന്നു. വ്യത്യസ്തമായ അനുഭൂതി പകരുന്ന അന്തരീക്ഷം. ഈ അനുഭവം നിങ്ങളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുന്നു.

ന്യൂയോര്‍ക്കില്‍ മാത്രമല്ല ഇന്ന് ലോകത്തില്‍ എല്ലായിടങ്ങളിലും ഇത്തരം സ്‌റ്റോറുകള്‍ കാണാന്‍ കഴിയും. അത് ഫാഷന്‍ സ്‌റ്റോറിനൊപ്പം കോഫീ ഷോപ്പ് ആകാം. കോഫിഷോപ്പിനൊപ്പം ബുക്ക് സ്‌റ്റോറോ കൗതുക വസ്തുക്കളുടെ ഷോപ്പോ (Curio Shop) ആകാം. കോഫിഷോപ്പിലേക്ക് കടന്നുചെല്ലുന്നവര്‍ പുസ്തകങ്ങള്‍ വാങ്ങിക്കുന്നു. വില്‍ക്കാന്‍ വെച്ചിരിക്കുന്ന ക്യൂരിയോസ് എടുത്തു നോക്കുന്നു, വാങ്ങുന്നു. ഇവിടെ വ്യത്യസ്തങ്ങളായ ബിസിനസുകള്‍ ഒരുകൂരയ്ക്ക് കീഴില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്യുന്നു.

കടയ്ക്കുള്ളിലെ കട (Store Within A Store - SWAS) എന്ന തന്ത്രം കൂടുതല്‍ വില്‍പ്പന നേടുവാന്‍ ബിസിനസുകളെ സഹായിക്കുന്നു. ഒരു ഉല്‍പ്പന്നം വാങ്ങുവാന്‍ വരുന്ന ഉപഭോക്താവിനെ മറ്റ് ഉല്‍പ്പന്നങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഈ തന്ത്രത്തിന് സാധിക്കുന്നു. സ്‌റ്റോര്‍ സ്‌പേസ് കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കുവാനും കച്ചവടം വര്‍ദ്ധിപ്പിക്കുവാനും സ്‌റ്റോറുകളുടെ ഈ സംയോജനം കാരണമാകുന്നു. വലിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍ ചെറിയ സ്‌റ്റോറുകള്‍ക്കായി സ്ഥലം നല്‍കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?. വലിയ വാടക ചുമത്താതെ വില്‍പ്പനക്ക് മേല്‍ ഫീസ് ഈടാക്കുകയാണ് ഇത്തരം വലിയ സ്‌റ്റോറുകള്‍ ചെയ്യുന്നത്.

ലെവിസ് (Levis), അഡിഡാസ്(Adidas) മുതലായ ആഗോള ബ്രാന്‍ഡുകള്‍ ഈ തന്ത്രം പ്രാവര്‍ത്തികമാക്കുന്നുണ്ട്. തങ്ങളുടെ അതേ രംഗത്തുള്ള ബിസിനസുകര്‍ക്കോ അല്ലെങ്കില്‍ മറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്കോ സ്‌പേസ് പങ്കിട്ട് ഒരുമിച്ച് ബിസിനസ് ചെയ്യുവാനുള്ള അവസരം ഇതിലൂടെ അവര്‍ സൃഷ്ടിക്കുന്നു. ഒരു സ്‌റ്റോറില്‍ കയറുന്ന ഉപഭോക്താക്കള്‍ക്ക് വിഭിന്നങ്ങളായ, മികച്ച ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള അവസരം ഇതിലൂടെ ലഭ്യമാകുന്നു.

ഒരു സ്‌റ്റോര്‍ മറ്റ് സ്‌റ്റോറുകള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതായി നമുക്കിവിടെ കാണാം. ഉപഭോക്താക്കള്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കുവാന്‍ ഇത്തരം സ്‌റ്റോറുകള്‍ക്ക് സാധിക്കുന്നു. വായന ആസ്വദിച്ചു കൊണ്ടൊരു കാപ്പി കുടിക്കുക, കുടുംബത്തിനൊപ്പം പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഒരുമിച്ച് ഭക്ഷണം ആസ്വദിക്കുവാന്‍ സൗകര്യമുണ്ടാകുക, വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനു യോജിച്ച ആഭരണങ്ങള്‍ കൂടി തിരഞ്ഞെടുക്കാന്‍ കഴിയുക. ഇത്തരം മനസ്സില്‍ തട്ടുന്ന അനുഭവങ്ങള്‍ ഇഷ്ടപ്പെടാത്തവര്‍ ആരാണുണ്ടാവുക?

നിങ്ങള്‍ക്കും ഈ തന്ത്രം പ്രയോഗത്തില്‍ വരുത്താം. നിങ്ങളുടെ റീറ്റെയില്‍ സ്‌റ്റോറിന് കൂടുതല്‍ സ്ഥലസൗകര്യമുണ്ടെങ്കില്‍ എന്തുകൊണ്ട് മറ്റൊരു സ്‌റ്റോറിന് കൂടി അവിടെ ഇടം നല്‍കിക്കൂടാ? നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ അല്ലാതെ അതേ ബിസിനസ് മേഖലയിലെ മറ്റ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഒരു സ്‌റ്റോര്‍ കൂടി ഒരുമിച്ച് വന്നാല്‍ അത് നിങ്ങളുടെ വില്‍പ്പനയെക്കൂടി അഭിവൃദ്ധിപ്പെടുത്തും. അതല്ലെങ്കില്‍ നിങ്ങളുടെ ബിസിനസുമായി ഒട്ടും തന്നെ ബന്ധമില്ലാത്ത മറ്റ് ബിസിനസുകള്‍ക്കായി ഇടം നല്‍കാം. ഇ - കൊമേഴ്‌സ് ബിസിനസുകളും ഈ തന്ത്രം പ്രയോഗിക്കുന്നുണ്ട്. ഒരു ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഉള്ളില്‍ വിവിധങ്ങളായ പല ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാം . കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാനും വരുമാനം ഉയര്‍ത്താനും ഈ തന്ത്രം മികച്ചതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com