നിങ്ങളിലുണ്ടോ ഈ വിധമൊരു ധൈര്യം!
'നിങ്ങള്‍ മരിച്ചാലും ഈ ഉല്‍പ്പന്നങ്ങള്‍ നിലനില്‍ക്കും'' ഒരു കമ്പനി ഇത്ര ധൈര്യത്തോടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഉല്‍പ്പന്നത്തിലുള്ള അവരുടെ ആത്മവിശ്വാസം നിങ്ങളെ ഞെട്ടിക്കും. എത്ര ശക്തമായാണ് അവര്‍ ആ സന്ദേശം ഉപഭോക്താക്കളിലേക്ക് നല്‍കുന്നത്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ആര്‍ക്കു കഴിയും?
സാഡില്‍ബാക്ക് ലതര്‍ (Saddleback Leather) പരസ്യം ചെയ്യുന്നത് ഇങ്ങിനെയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നിങ്ങളെക്കാളും ആയുസുണ്ടെന്ന്. വെറുതെ പറയുക മാത്രമല്ല നൂറു വര്‍ഷത്തെ വാറന്റിയും ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍ ചെയ്യുന്നു. എതിരാളികളുടെ ഉല്‍പ്പന്നങ്ങളെക്കാളും എന്തുകൊണ്ട് തങ്ങള്‍ മികച്ചു നില്‍ക്കുന്നുവെന്ന് ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങിനെയാണ് നിര്‍മ്മിക്കുന്നതെന്നുള്ള വീഡിയോ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ചില കമ്പനികള്‍ അങ്ങിനെയാണ്. തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എതിരാളികളുടെതിനെക്കാള്‍ മികച്ചു നില്‍ക്കുന്ന വ്യക്തമായ കാരണം അവര്‍ക്കറിയാം. അത് ശക്തമായി, ഉപഭോക്താക്കളുടെ മനസ്സിനെ സ്വാധീനിക്കുന്ന രീതിയില്‍, സുതാര്യമായി അവര്‍ പറയുന്നു. അവരുടെ കഥ ഉപഭോക്താക്കള്‍ ശ്രവിക്കുന്നു. ഉല്‍പ്പന്നത്തിലുള്ള നിര്‍മ്മാതാക്കളുടെ ആഴമുള്ള വിശ്വാസം ഉപഭോക്താക്കളെ സ്വാധീനിക്കുന്നു. ഉല്‍പ്പന്നം വിപണിയില്‍ മുന്നേറുന്നു.
ഡെത്ത് വിഷ് കോഫി (Death Wish Coffee) അവകാശപ്പെടുന്നത് ''ലോകത്തിലെ ഏറ്റവും കടുപ്പമേറിയ കോഫി'' എന്നാണ്. കേള്‍ക്കുമ്പോള്‍ അത്ഭുതമായി തോന്നാം. എന്നാല്‍ അവര്‍ പറയുന്നു ഇത് സത്യമാണ്. അവര്‍ ഉപഭോക്താക്കള്‍ക്ക് കാട്ടിക്കൊടുക്കുന്നു ദേ, ഞങ്ങളിങ്ങനെയാണ് കോഫി നിര്‍മ്മിക്കുന്നത്. എന്നിട്ട് പറയുന്നു നിങ്ങള്‍ കോഫി ഉപയോഗിക്കൂ, എന്നിട്ട് കടുപ്പം ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരികെ നല്‍കൂ, നിങ്ങള്‍ക്ക് നൂറു ശതമാനം റീഫണ്ട് നല്‍കാം.
ഇത്തരം ബിസിനസുകള്‍ തങ്ങളും എതിരാളികളും തമ്മില്‍ എങ്ങിനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കൃത്യമായി ഉപഭോക്താക്കളോട് സംവദിക്കുന്നു. എതിരാളികളുമായി അവര്‍ മത്സരിക്കുന്നത് ഈ പ്രത്യേകതയിലൂടെയാണ്. ഉല്‍പ്പന്നങ്ങളുടെ ഈ വ്യത്യസ്തതയാണ് യൂണിക് സെല്ലിംഗ് പ്രൊപ്പോസിഷന്‍ (USP).
ഉല്‍പ്പന്നത്തിന്റെ വിശിഷ്ടത (Uniqueness) കണ്ടെത്തുകയും എതിരാളികളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തി തങ്ങളുടെ ഉല്‍പ്പന്നത്തെ വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് സര്‍ഗ്ഗാത്മകമായ (Creative) പ്രവൃത്തിയാകുന്നു.
''ഞങ്ങള്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു'' ഒരു കമ്പനി എല്ലാവരും അവകാശപ്പെടുന്ന സാധാരണമായ ഇത്തരമൊരു കാര്യം പറയുമ്പോള്‍ ഇത് അവരുടെ ഉല്‍പ്പന്നങ്ങളെ എതിരാളികളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്നും വ്യത്യസ്തരാക്കുന്നില്ല.
ഉപഭോക്താക്കള്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കുകയുമില്ല. എന്നാല്‍ എന്തുകൊണ്ട് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയുള്ള ഒന്നായി മാറുന്നു എന്നത് വളരെ കൃത്യമായി ഉപഭോക്താക്കളോട് സംവദിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞാല്‍ കഥ മാറുന്നു. ഉല്‍പ്പന്നത്തിന് പ്രത്യേകതയുണ്ടായാല്‍ മാത്രം പോര അത് ഉപഭോക്താക്കള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അവതരിപ്പിക്കുവാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കണം.
സാധാരണ ഒരു വ്യക്തിക്ക് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ ഒരു പോസ്റ്റര്‍ ഉണ്ടാക്കണം. അയാള്‍ക്ക് ഫോട്ടോഷോപ്പോ ഇല്ലസ്‌ട്രേറ്ററോ അറിയില്ല. എന്തുചെയ്യും? ഈ വിടവിലേക്കാണ് കാന്‍വ (www.canva.com) കടന്നുവന്നത്. ഡിസൈന്‍ ചെയ്യാന്‍ നിങ്ങളൊരു വിദഗ്ദ്ധനൊന്നും ആകേണ്ടെന്നേ.
ആത്യധിക സര്‍ഗ്ഗവൈഭവമോ വൈദഗ്ധ്യമോ ഇല്ലാതെ തന്നെ ഡിസൈന്‍ ചെയ്യാന്‍ കാന്‍വ നിങ്ങളെ സഹായിക്കും. മികച്ച എതിരാളികള്‍ക്കിടയില്‍ കാന്‍വ മുന്നോട്ടുവെച്ച യു എസ് പി കണ്ടോ? ഉല്‍പ്പന്നത്തിന്റെ ശക്തി വേണ്ട രീതിയില്‍ പ്രയോഗിച്ചാല്‍ ഏത് വിപണിയിലും കടന്നു ചെല്ലാം, അവിടെയൊരു അടയാളം സൃഷ്ടിക്കാം.
ഉല്‍പ്പന്നത്തിന്റെ യു എസ് പി വിപണിയിലെ അതിശക്തമായ ആയുധമാണ്. എതിരാളികള്‍ക്കു മേല്‍ അത് ബുദ്ധിപരമായി പ്രയോഗിക്കുവാന്‍ കഴിയുന്ന ബിസിനസുകള്‍ക്ക് വിജയം കുറച്ചുകൂടി എളുപ്പമാവും.