ടാഗ്‌ലൈന്‍: സിംപിളാകണം; പവര്‍ഫുള്ളും

ഐ ബി എമ്മും (IBM) ആപ്പിളും (Apple) തമ്മില്‍ വിപണിയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന കാലം. കമ്പ്യൂട്ടറിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഐ ബി എമ്മിനെക്കുറിച്ച് ചിന്തിക്കുവാന്‍ ഐ ബി എം തങ്ങളുടെ ടാഗ്‌ലൈനിലൂടെ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നു. ഇവിടെ സന്ദേശം വളരെ വ്യക്തമാണ്. നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍ ചിന്തിക്കേണ്ടത് ഐ ബി എമ്മിനെക്കുറിച്ചാണ്, അവര്‍ പറയുന്നു.

ആപ്പിളിന്റെ വില്‍പ്പനയെ ഇത് കാര്യമായി ബാധിച്ചു. ബ്രാന്‍ഡ് നല്‍കുന്ന സന്ദേശം അതിന്റെ വ്യക്തിത്വമാണ്. ഉപഭോക്താക്കളിലേക്ക് അത് പകര്‍ന്നു നല്‍കുവാന്‍ ഐ ബി എമ്മിന് സാധിച്ചിരിക്കുന്നു. രണ്ടേ രണ്ടു വാക്കുകള്‍ 'Think IBM' മറ്റൊന്നുമില്ല. നീട്ടിപ്പിടിച്ച എഴുത്തുകളില്ല, മറ്റ് വാഗ്ദാനങ്ങളില്ല, മറിച്ച് രണ്ടു വാക്കുകള്‍ മാത്രം. വിപണി കീഴടക്കുവാന്‍ ഐ ബി എമ്മിന് ഇതുതന്നെ ധാരാളമായിരുന്നു.

ആപ്പിളും വെറുതെയിരുന്നില്ല. തങ്ങളുടെ വിപണി നഷ്ടപ്പെടുത്താന്‍ ആരാണ് തയ്യാറാവുക? ഐ ബി എമ്മിന്റെ ടാഗ്‌ലൈനിനോട് കിടപിടിക്കുന്ന ഒന്ന് അല്ലെങ്കില്‍ അതിനെക്കാള്‍ മികച്ചതു തന്നെ തങ്ങള്‍ക്കു വേണം. ആപ്പിള്‍ വിപണിയിലുള്ള മറ്റെല്ലാം ഉല്‍പ്പന്നങ്ങളെക്കാളും വ്യത്യസ്തമാണ്. അതു തന്നെയാണ് ബ്രാന്‍ഡിന്റെ പ്രത്യേകതയും. എന്തുകൊണ്ട് ആ സന്ദേശം മറയില്ലാതെ, നേരിട്ട്, സങ്കീര്‍ണ്ണതകളില്ലാതെ, വ്യക്തമായി സംവദിക്കുന്ന രീതിയില്‍ നല്‍കിക്കൂടാ. ഈ ചിന്തയില്‍ നിന്നും ആപ്പിളിന്റെ ടാഗ്‌ലൈന്‍ പിറന്നു. 'Think Different'. വ്യത്യസ്തമായി ചിന്തിക്കുവാന്‍ ബ്രാന്‍ഡ് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. രണ്ടു വാക്കുകള്‍ മാത്രം. എന്നാല്‍ അത് എത്ര ഭംഗിയായി, സുതാര്യമായി, ശക്തമായി ബ്രാന്‍ഡിനെ അവതരിപ്പിക്കുന്നു.

ബ്രാന്‍ഡ് നാമത്തോടൊപ്പം (Brand Name) വെറുമൊരു രസത്തിനായി മാത്രം എഴുതുന്ന വാക്കുകളാണ് ടാഗ്‌ലൈന്‍ എന്ന തെറ്റിദ്ധാരണ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അത് മാറ്റിവയ്ക്കുക. ബ്രാന്‍ഡിന്റെ യു എസ് പി (Unique Selling Proposition) അതിശക്തമായി, ചുരുക്കി, ഉപഭോക്താക്കള്‍ക്ക് ഓര്‍ത്തുവെക്കാന്‍ പാകത്തില്‍ അവതരിപ്പിക്കുവാനാണ് ടാഗ്‌ലൈന്‍ ഉപയോഗിക്കുന്നത്. നിങ്ങളുടെ ബ്രാന്‍ഡ് എന്താണ്? ഇത് കഴിയുന്നത്ര ലളിതമായി ടാഗ്‌ലൈനിലൂടെ പറയുന്നു.

ഇങ്ങിനെ പറയുക എളുപ്പമാണോ? ഒരിക്കലുമല്ല. 'Think Different' എന്ന ടാഗ്.ലൈന്‍ വന്നതോടെ ആപ്പിളിന്റെ കമ്പ്യൂട്ടര്‍ വില്‍പ്പന കുതിച്ചുകയറി. ഓഹരി വില മാനം മുട്ടെ ഉയര്‍ന്നു. രണ്ടു വാക്കുകളുടെ മാന്ത്രികത ശ്രദ്ധിക്കൂ. കേള്‍ക്കുമ്പോള്‍ നമുക്കിത് നിസ്സാരമെന്നു തോന്നും. എന്നാല്‍ ടാഗ്‌ലൈനുകള്‍ ഉണ്ടാക്കുക അത്ര എളുപ്പമല്ല. വിപണിയില്‍ അവയുണ്ടാക്കുവാന്‍ പോകുന്ന ചലനവും പ്രവചിക്കുവാന്‍ സാധ്യമല്ല.

നൈക്കിന്റെ (Nike) ടാഗ്‌ലൈന്‍ 'Just Do it' വായിക്കുന്ന ഒരാളുടെ മനസ്സില്‍ സൃഷ്ടിക്കുന്ന ഊര്‍ജ്ജവും, പോസിറ്റീവ് ചിന്തയും നിങ്ങള്‍ക്ക് മനസ്സിലാകും. വാക്കുകളുടെ മാസ്മരിക ശക്തി അതാണ്. ബ്രാന്‍ഡും ഉപഭോക്താവും തമ്മില്‍ ബന്ധിപ്പിക്കുന്ന ദൃഢമായ പാലമാകുന്നു ടാഗ്‌ലൈന്‍. 'Incredible India' ടാഗ്‌ലൈന്‍ നിങ്ങളുടെ മനസ്സില്‍ കൊണ്ടുവരുന്ന ചിത്രം എന്താവും? ഭാരതത്തെ ഇതിനെക്കാള്‍ മനോഹരമായി എങ്ങിനെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പറഞ്ഞു നല്‍കും.

KitKat എന്ന ബ്രാന്‍ഡ് ഓര്‍ക്കുമ്പോള്‍ തന്നെ 'Have a Break, have a Kitkat' എന്ന ടാഗ്‌ലൈന്‍ നിങ്ങളെത്തേടിയെത്തും. ബ്രാന്‍ഡിന് അസാമാന്യ ശക്തി നല്‍കാന്‍ സര്‍ഗ്ഗാത്മകമായ (Creative) ഒരു ടാഗ്‌ലൈനിന് സാധിക്കും. 'God's Own Country' ടാഗ്‌ലൈന്‍ കേള്‍ക്കുമ്പോള്‍ കേരളം മനസ്സിലേക്ക് ഓടി വരുന്നില്ലേ? 'The Taste of India' അമുലിനേയും, 'Do you have it in you?' ഇന്ത്യന്‍ ആര്‍മിയേയും ഓര്‍മ്മിപ്പിക്കും. നിങ്ങളുടെ ബ്രാന്‍ഡിന് ഒരു ടാഗ്‌ലൈന്‍ ഇല്ലെങ്കില്‍ ഇനിയെന്തിന് മടിച്ചു നില്‍ക്കണം?


Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it