ത്രിഫ്റ്റ് സ്റ്റോര്‍ എന്നാല്‍ എന്താണ്? എങ്ങനെ അത് റീറ്റെയ്ല്‍ സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താം?

നിങ്ങള്‍ അലമാര (Wardrobe) തുറക്കുന്നു. അതിലതാ നിറയെ വസ്ത്രങ്ങള്‍ കുത്തിനിറച്ചിരിക്കുന്നു. പുതിയതും പഴയതുമൊക്കെയുണ്ട്. പഴയ വസ്ത്രങ്ങള്‍ എടുത്തു മാറ്റിയാല്‍ വളരെ സൗകര്യം ലഭിക്കും. പക്ഷേ എടുത്തു മാറ്റുന്ന വസ്ത്രങ്ങള്‍ എന്തുചെയ്യും? നിങ്ങള്‍ തല പുകയ്ക്കുന്നു. അപ്പോഴാണ് ഭാര്യ പറയുന്നത് നമുക്കീ പഴയ ഉടുപ്പുകളൊക്കെ ത്രിഫ്റ്റ് സ്റ്റോറില്‍ (Thrift Store) കൊടുത്താലോ?

നിങ്ങള്‍ ഭാര്യയെ അത്ഭുതത്തോടെ നോക്കുന്നു. കാരണം നിങ്ങള്‍ ആ പേര് കേട്ടിട്ടേയില്ല. അങ്ങനെയൊരു സ്റ്റോറുണ്ടോ? കളയാനുള്ള വസ്ത്രങ്ങളൊക്കെ ബാഗിലാക്കി നിങ്ങള്‍ ഭാര്യക്കൊപ്പം ത്രിഫ്റ്റ് സ്റ്റോറിലേക്ക് പുറപ്പെടുന്നു. വിശാലമായ റീറ്റെയില്‍ (Retail) സ്റ്റോറില്‍ കയറുന്ന നിങ്ങള്‍ അവിടം കണ്ട് അമ്പരക്കുന്നു. നിറയെ വസ്ത്രങ്ങള്‍, ബാഗുകള്‍, പുസ്തകങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഭരണങ്ങള്‍, പാത്രങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ ശ്രേണി നീളുന്നു.
ഭാര്യ കയ്യിലുള്ള വസ്ത്രങ്ങള്‍ കൗണ്ടറില്‍ നല്‍കുന്നു. അവര്‍ വസ്ത്രങ്ങള്‍ പുറത്തെടുത്ത് ഓരോന്നായി പരിശോധിക്കുന്നു, വിലയിടുന്നു. അതെ നിങ്ങളുടെ പഴയ വസ്ത്രങ്ങള്‍ അവര്‍ വാങ്ങുകയാണ്. നിങ്ങള്‍ക്കതിന് വില ലഭിക്കും. അത് എങ്ങും ഉപേക്ഷിക്കേണ്ട, വേസ്റ്റാകുന്നില്ല. ഇത് കൊള്ളാമല്ലോ, നിങ്ങള്‍ ചിന്തിക്കുന്നു.
ചുറ്റും നോക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നു അവിടെ കാണുന്ന ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചതും എന്നാല്‍ ഇനിയും ഉപയോഗിക്കാന്‍ സാധിക്കുന്നവയുമാണ്. മറ്റുള്ളവര്‍ ഉപയോഗിച്ച സാധനങ്ങള്‍ വാങ്ങി വില്‍ക്കുന്ന ഒരു സ്റ്റോറാണത്. മറ്റ് റീറ്റെയില്‍ (Retail) ബിസിനസുകള്‍ ബ്രാന്‍ഡ് ന്യൂ (Brand New) ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ഇവര്‍ വില്‍ക്കുന്നത് മറ്റുള്ളവര്‍ ഉപയോഗിച്ച, വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന ഉല്‍പ്പന്നങ്ങളാണ്.
ത്രിഫ്റ്റ് സ്റ്റോര്‍ (Thrift Store) വെറുമൊരു സെക്കന്റ് ഹാന്‍ഡ് ഷോപ്പല്ല. വാങ്ങുന്ന, ഉപയോഗിച്ച ഉല്‍പ്പന്നങ്ങള്‍ ഒന്നുകൂടി അവര്‍ പുതുക്കുന്നു (Refurbish). പല ഉല്‍പ്പന്നങ്ങളും പുതിയ ഉല്‍പ്പന്നങ്ങളായിത്തന്നെ നിങ്ങള്‍ക്ക് തോന്നുന്നു. നിങ്ങള്‍ ഒരിക്കല്‍ വളരെയധികം ഇഷ്ടപ്പെട്ട് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളാണ് നിങ്ങള്‍ അവിടെ വിറ്റത്. ആ ബ്രാന്‍ഡുകള്‍ പുതിയവ വാങ്ങുവാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ത്രിഫ്റ്റ് സ്റ്റോറില്‍ നിന്നും സ്വന്തമാക്കാം, ഉപയോഗിക്കാം.
ചിലപ്പോള്‍ നിങ്ങളുടെ മുഖം ചുളിയാം. മറ്റുള്ളവര്‍ ഉപയോഗിച്ചവ ഉപയോഗിക്കുവാനോ? കാലം മാറിയിരിക്കുന്നു. ത്രിഫ്റ്റ് സ്റ്റോര്‍ (Thrift Store) എന്ന റീറ്റെയില്‍ കോണ്‍സെപ്റ്റ് (Concept) ഇപ്പോള്‍ ഓണ്‍ലൈനിലും ഓഫ്ലൈനിലും വ്യാപകമായിരിക്കുന്നു. കസ്റ്റമേഴ്‌സ് ഇത്തരം സ്റ്റോറുകളോട് പുറം തിരിഞ്ഞു നില്‍ക്കുന്നില്ല. അവര്‍ ഇതൊരവസരമായി കാണുന്നു. ചെലവഴിക്കുന്ന പണത്തിനേക്കാളും ഉയര്‍ന്ന മൂല്യം തരുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങുവാന്‍ അവര്‍ ത്രിഫ്റ്റ് സ്റ്റോറുകളെ ആശ്രയിക്കുന്നു. പഴയ ഉല്‍പ്പന്നങ്ങള്‍ അവര്‍ അവിടെ നല്‍കുന്നു, ആവശ്യമുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നു. ഒരു കൊടുക്കല്‍ വാങ്ങല്‍ റീറ്റെയില്‍ തന്ത്രമായി ത്രിഫ്റ്റ് സ്റ്റോറുകള്‍ മാറുന്നു.
ചിലപ്പോള്‍ പുതിയ Export Reject വസ്ത്രങ്ങളും നിങ്ങള്‍ക്ക് അവിടെ നിന്നും ലഭിക്കും. വലിയ ബ്രാന്‍ഡുകളുടെ ക്വാളിറ്റി പരിശോധനയില്‍ ചെറിയ, കണ്ടുപിടിക്കാന്‍ പോലും പറ്റാത്ത എന്തെങ്കിലും ഡാമേജ് കാരണം തള്ളിക്കളഞ്ഞവ. വസ്ത്രങ്ങള്‍ മാത്രം ആവണമെന്നില്ല അത്തരത്തിലുള്ള ഏത് ഉല്‍പ്പന്നവും ലഭിക്കാം. പുതിയ ഉല്‍പ്പന്നങ്ങളെക്കാള്‍ വളരെയധികം വിലക്കുറവില്‍ ഇവ ലഭ്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ എങ്ങിനെ നിരസിക്കും.
പഴയ ഉല്‍പ്പന്നങ്ങളുടെ വിലയിലുള്ള പ്രയോജനം (Advantage) ഉപകാരപ്പെടുത്തുന്ന ഈ റീറ്റെയില്‍ തന്ത്രം നിങ്ങള്‍ക്കും പ്രയോഗിക്കാം. പഴയ ഉല്‍പ്പന്നങ്ങളില്‍ നിങ്ങളുടെ ഭാവന ഉപയോഗിച്ച് നവീനത (Innovation) കൊണ്ടുവരികയും ചെയ്യാം. ഇത് ഉല്‍പ്പന്നങ്ങളുടെ സ്വീകാര്യത ഒന്നുകൂടി വര്‍ദ്ധിപ്പിക്കും. സൂക്ഷ്മതയോടെ, കൃത്യമായ പ്ലാനിംഗോടെ ത്രിഫ്റ്റ് സ്റ്റോറുകള്‍ നടപ്പില്‍ വരുത്തിയാല്‍ റീറ്റെയില്‍ ബിസിനസില്‍ പുതിയൊരു ചരിത്രമെഴുതാന്‍ നിങ്ങള്‍ക്ക് കഴിയും.


Related Articles
Next Story
Videos
Share it