മത്സരമൊഴിവാക്കാന്‍ എതിരാളിയെ വിഴുങ്ങാം!

ആ സ്റ്റാര്‍ട്ടപ്പിനെ ആരും കാര്യമായി എടുത്തിരുന്നില്ല. ബിസിനസിന്റെ തുടക്കക്കാലമായിരുന്നു അത്. അഞ്ചു പൈസ വരുമാനമില്ല പതിമൂന്ന് ജീവനക്കാര്‍ മാത്രം. സ്റ്റാര്‍ട്ടപ്പുകളുടെ ലോകത്ത് വലിയ ബഹളങ്ങളില്ലാതെ അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതിനിടയില്‍ ഒരു ഭീമന്‍ അവരെ നോട്ടമിട്ടു. ആ സ്റ്റാര്‍ട്ടപ്പിന്റെ ഭാവി സാദ്ധ്യതകള്‍ ആ ഭീമന്‍ കണക്കുകൂട്ടി. പൂജ്യം വരുമാനമുണ്ടായിരുന്ന ഇന്‍സ്റ്റാഗ്രാം എന്ന ആ സ്റ്റാര്‍ട്ടപ്പിനെ ഒരു ബില്ല്യണ്‍ ഡോളറിന് ഫേസ്ബുക്ക് വിഴുങ്ങി.

ഓണംകേറാമൂലയിലുള്ള ചെറിയൊരു മരുന്ന് നിര്‍മ്മാണ കമ്പനി പുതിയൊരു മരുന്ന് കണ്ടുപിടിക്കുന്നു. ഒരു പ്രത്യേക രോഗത്തിന് ഇന്ന് നിലവിലുള്ള മറ്റ് മരുന്നുകളെക്കാള്‍ ഫലപ്രദമായ ഒന്ന്. ഈ കണ്ടുപിടുത്തത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ കാണുന്നു. മരുന്ന് വിപണിയിലെത്താന്‍ നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു. എന്നാല്‍ പ്രതീക്ഷകളോടെ മരുന്നിനായി കാത്തിരിക്കുന്ന നമ്മള്‍ കേള്‍ക്കുന്നത് ആ നിര്‍മ്മാണ കമ്പനിയെ ആഗോള തലത്തിലെ വലിയൊരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഏറ്റെടുത്തു എന്ന വാര്‍ത്തയായിരിക്കും. ചിലപ്പോള്‍ ആ പുതിയ മരുന്ന് വിപണിയിലെത്തും. അല്ലെങ്കില്‍ ആ മരുന്ന് എന്നന്നേക്കുമായി വിസ്മൃതിയിലേക്ക് മറയും. തങ്ങളുടെ ഒരു എതിരാളിയെ ആ ഭീമന്‍ വകവരുത്തിയിരിക്കുന്നു (Killer Acquisition).

എതിരാളികളെ വാങ്ങിച്ചെടുത്ത് തങ്ങളുടെ വിപണി സംരക്ഷിക്കുവാന്‍ ബിസിനസുകള്‍ തയ്യാറാകും. ഒന്നുകില്‍ എതിരാളികളെ വിഴുങ്ങി മത്സരത്തെ നിക്ഷ്പ്രഭമാക്കും. അതുമല്ലെങ്കില്‍ ആ കമ്പനിയേയും ഉല്‍പ്പന്നത്തേയും ഉന്മൂലനം ചെയ്യും. എതിരാളിയെ കൊല്ലാന്‍ ഇതിലും മികച്ച ഏത് തന്ത്രമാണുള്ളത്. തങ്ങളുടെ ചൊല്‍പ്പടിയിലുള്ള വിപണി കൈവിട്ടുപോകാതിരിക്കാന്‍ അവര്‍ പയറ്റുന്ന ഇരുതല മൂര്‍ച്ചയുള്ള തന്ത്രമാണ് എതിരാളികളെ വാങ്ങി മത്സരത്തെ ഇല്ലാതെയാക്കുക എന്നുള്ളത്.

കേരളത്തിലെ സൂപ്പര്‍ മാര്‍ക്കറ്റ് രംഗത്തേക്ക് പുറമേ നിന്നും കടന്നു വരുന്ന ഒരു റീറ്റയില്‍ ഭീമന് ഏറ്റവും എളുപ്പത്തില്‍ വിപണി പിടിച്ചെടുക്കാന്‍ സാധിക്കുന്നത് ഏത് തന്ത്രത്തിലൂടെയാവും? കേരളത്തില്‍ ശക്തമായ വേരുകളുള്ള, ഉപഭോക്താക്കള്‍ക്ക് സുപരിചിതമായ ഏതെങ്കിലും ഒരു ലോക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയെ കൈവശപ്പെടുത്തുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം. വളരെ പെട്ടെന്ന് വിപണിയില്‍ സാന്നിദ്ധ്യം ഉറപ്പിക്കുവാന്‍ സാധിക്കും അതിനൊപ്പം തന്നെ അവരുമായുള്ള മത്സരം ഇല്ലാതെയാക്കുവാനും കഴിയും. ഒരു വെടിക്ക് രണ്ടുപക്ഷി.

ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ രാജാവ് ഇപ്പോള്‍ ബൈജൂസാണ് (Byju's). അതിവേഗത്തിലാണ് ബൈജൂസ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നിലുള്ള രഹസ്യം നോക്കൂ. ഈ രംഗത്തെ മറ്റ് കമ്പനികളെ ബൈജൂസ് മെല്ലെ വിഴുങ്ങികൊണ്ടിരിക്കുകയാണ്. അവരുടെ വിപണി സ്വന്തമാക്കുകയും അവരില്‍ നിന്നുള്ള മത്സരം ഇല്ലാതെയാക്കുകയും ചെയ്ത് ബൈജൂസ് സാമ്രാജ്യം വിപുലീകരിക്കുകയാണ്. ഓസ്‌മോ (Osmo) മുതല്‍ ആകാശും (Aakash) ജിയോജെബ്രയും (GeoGebra) പോലുള്ള കമ്പനികളൊക്കെ ബൈജൂസിന്റെ പിടിയിലമര്‍ന്നു, കൂടെ അവരുടെ വിശാലമായ വിപണികളും.

ഭക്ഷണ വിതരണ രംഗത്തെ മുന്‍നിരക്കാരായ സോമാറ്റോ (Zomato) ഊബര്‍ ഈറ്റ്‌സിനെ (Uber Eats) കൈവശപ്പെടുത്തി. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ചെറിയൊരു ടാക്‌സി സര്‍വീസായ ടാക്‌സി ഫോര്‍ ഷുവറിനെ (TaxiForSure) ഒല കാബ്‌സ് (Ola Cabs) ഏറ്റെടുത്തു. ലോകമെമ്പാടും ഇത്തരം വാങ്ങലുകള്‍ നടക്കുന്നു. ഈ തന്ത്രത്തിലൂടെ മത്സരങ്ങള്‍ ഇല്ലാതെയാക്കുന്നു. വിപണിയെ പൂര്‍ണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നു. ചെറുതും വലുതുമായ ഇത്തരം കൈവശപ്പെടുത്തലുകള്‍ വിപണിക്ക് ഗുണവും ദോഷവും നല്‍കുന്നുണ്ട്.

തുടക്കക്കാര്‍ക്ക് കിട്ടുന്ന അവസരങ്ങളും പ്രയോജനങ്ങളും ഉപയോഗിച്ച് നവീനങ്ങളായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തുന്ന സ്റ്റാര്‍ട്ടപ്പുകളെ നോട്ടമിട്ട് കഴുകന്മാര്‍ ആകാശത്ത് കറങ്ങുന്നുണ്ട്. തങ്ങള്‍ക്ക് ശക്തരായ എതിരാളികളാകും എന്ന് കണക്കുകൂട്ടുന്ന ബിസിനസുകളെ അവര്‍ ലക്ഷ്യമിടുന്നു, സ്വന്തമാക്കുന്നു ചിലപ്പോള്‍ കാലിനടിയില്‍ വെച്ച് ഞെരിച്ചു കൊല്ലുന്നു. ഈ തന്ത്രം പല കമ്പനികളും കാലങ്ങളായി വിജയകരമായി പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു.







Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it