മികച്ച ജീവനക്കാരിലൂടെ ചെലവ് കുറയ്ക്കാം; സംരംഭങ്ങള്‍ക്ക് നടപ്പാക്കാവുന്ന നൂതന തൊഴില്‍ രീതികള്‍

'ഗിഗ് വര്‍ക്കും' 'ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റും' എന്തെന്ന് അറിയാം
മികച്ച ജീവനക്കാരിലൂടെ ചെലവ് കുറയ്ക്കാം; സംരംഭങ്ങള്‍ക്ക് നടപ്പാക്കാവുന്ന നൂതന തൊഴില്‍ രീതികള്‍
Published on

ഇന്ത്യൻ തൊഴില്‍ വിപണിയുടെ വിവിധ മേഖലകളില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടും അസീം പ്രേംജി സര്‍വകലാശാലയുടെ കണ്ടെത്തലുകള്‍ പ്രകാരം, സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ 2023 റിപ്പോര്‍ട്ടില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 25 വയസ്സിന് താഴെയുള്ള ബിരുദ ധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 42 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് അടിവരയിടുന്നു. 2004നും 2017നും ഇടയില്‍, ഏകദേശം 30 ലക്ഷം സ്ഥിരമായ വേതന ജോലികള്‍ പ്രതിവര്‍ഷം സൃഷ്ടിക്കപ്പെട്ടു. 2017നും 2019നും ഇടയില്‍ ഇത് പ്രതിവര്‍ഷം 50 ലക്ഷമായി ഉയര്‍ന്നു. വളര്‍ച്ചാ മാന്ദ്യവും കോവിഡും കാരണം 2019 മുതല്‍, സ്ഥിരമായ വേതന തൊഴിലവസരങ്ങളുടെ വേഗത കുറഞ്ഞു.

ടീം ലീസിന്റെ (TeamLease) സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച്, 50 കോടിയിലധികം അധ്വാനിക്കുന്ന പ്രായത്തിലുള്ള ജനസംഖ്യ ഇന്ത്യയിലുണ്ടെങ്കിലും, നിരാശാജനകമായ ഒരു യാഥാര്‍ത്ഥ്യം, ഓരോ രണ്ട് വ്യക്തികളില്‍ ഒരാള്‍ തൊഴില്‍ രഹിതരായി കണക്കാക്കപ്പെടുന്നു എന്നതാണ്. ഇന്നത്തെ തൊഴില്‍ വിപണിയില്‍ ആവശ്യമായ തൊഴില്‍ വൈദഗ്ധ്യം ഇന്ത്യയിലെ വെറും 49%

യുവാക്കള്‍ക്ക് മാത്രമാണെന്ന് ഇന്ത്യാ സ്‌കില്‍ റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. 80% ഇന്ത്യന്‍ എഞ്ചിനീയര്‍മാര്‍ക്ക് വ്യവസായം ആവശ്യപ്പെടുന്ന അവശ്യ വൈദഗ്ധ്യം ഇല്ലെന്ന് എഞ്ചിനീയറിംഗിനായുള്ള നാഷണല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

സാങ്കേതിക പ്രതിഭകള്‍ക്ക് കാര്യമായ ഡിമാന്‍ഡ് ഉണ്ടെന്ന് തോന്നുമ്പോള്‍, എന്തിനാണ് ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍, മെറ്റ തുടങ്ങിയ ടെക് ഭീമന്മാര്‍ 50,000 തൊഴിലാളികളെ പിരിച്ചുവിട്ടത്? ആവശ്യമായ വൈദഗ്ധ്യം ഉള്ള വ്യക്തികളുടെ ദൗര്‍ലഭ്യമാണ് പ്രാഥമിക ഉത്തരം. വിവിധ വ്യവസായങ്ങളില്‍ അവിഭാജ്യ ഘടകമായി മാറിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ്

കമ്പ്യൂട്ടിംഗ് തുടങ്ങിയ നിര്‍ണായക ഡൊമെയ്നുകളില്‍ വൈദഗ്ധ്യത്തിന്റെ അഭാവം ഭൂരിഭാഗം കമ്പനികളും നേരിടുന്നു.തൊഴില്‍ നൈപുണ്യമുള്ള യുവാക്കളുടെ അഭാവം ഒരു വശത്ത് നില്‍ക്കുമ്പോള്‍, നൈപുണ്യമുള്ള ഒരുകൂട്ടം യുവാക്കള്‍ സ്ഥിര ജോലി ആഗ്രഹിക്കുന്നില്ല. അതായത് ഒരു സ്ഥാപനത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ വൈമനസ്യം കാണിക്കുന്നു. അതിനാല്‍ പലരും പഠനത്തിന് ശേഷം സംരംഭം ആരംഭിക്കുന്നതിലോ സ്റ്റോക്ക് ട്രേഡിങ്ങ് ചെയ്ത് പണമുണ്ടാക്കുന്നതിലോ ആണ് കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുന്നത്.

സ്ഥിര ജോലി നല്‍കുന്നത് സ്ഥാപനങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറുന്നതിനാല്‍ ഇന്ന് നൂതനമായ തൊഴില്‍ രീതികള്‍ സ്ഥാപനങ്ങള്‍ നടപ്പാക്കുന്നുണ്ട്.

1. Gig വര്‍ക്ക്

ഗിഗ് വര്‍ക്കര്‍ ഒരു പ്രൊഫഷണലാണ്, സാധാരണ വരുമാനം ലഭിക്കുന്നതിന് പകരം, ഒറ്റത്തവണ പ്രോജക്റ്റുകളോ ജോലികളോ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ പേയ്മെന്റ് സ്വീകരിക്കുന്നു. ഇവിടെ തൊഴിലുടമകള്‍ താല്‍ക്കാലികമായി ലഭ്യമായ തൊഴിലുകള്‍ ചെയ്യാനായി ഒരു ഫ്രീലാന്‍സ് അല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നു. അത്തരം പ്രൊഫഷണലുകള്‍ പലപ്പോഴും ഒരു സാധാരണ ജീവനക്കാരനെപ്പോലെ ഒരു സ്ഥാപനത്തിന് പകരം ഒന്നിലധികം ക്ലയന്റുകളുമായി പ്രവര്‍ത്തിക്കുന്നു.

അവരെ സാധാരണയായി ഒരു ഓര്‍ഗനൈസേഷന്റെ 'പങ്കാളികള്‍' ആയി കണക്കാക്കുന്നു, അവരുടെ 'തൊഴിലാളികള്‍/ജീവനക്കാര്‍' ആയിട്ടല്ല, അതനുസരിച്ച് ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഗിഗ് തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. സ്വിഗ്ഗി, സൊമാറ്റോ, തുടങ്ങിയ അഗ്രഗേറ്റര്‍ കമ്പനികളുമായി പ്രവര്‍ത്തിക്കുന്ന ഡെലിവറി പങ്കാളികളാണ് ഗിഗ് വര്‍ക്കര്‍മാരുടെ ചില ഉദാഹരണങ്ങള്‍. 2020-2021 ല്‍ ഇന്ത്യയില്‍ 77 ലക്ഷം ഗിഗ് വര്‍ക്കര്‍മാര്‍ ഉണ്ടെന്നും 2030 ഓടെ ഈ എണ്ണം 2.35 കോടി ആയി ഉയരുമെന്നും കണക്കാക്കപ്പെടുന്നു.

2. fixed-term എംപ്ലോയ്മെന്റ്

ഒരു കമ്പനിയോ എന്റര്‍പ്രൈസോ ഒരു നിശ്ചിത സമയത്തേക്ക് ഒരു ജീവനക്കാരനെ നിയമിക്കുന്ന ഒരു കരാറാണ് ഫിക്‌സഡ് ടേം തൊഴില്‍. മിക്ക സാഹചര്യങ്ങളിലും ഇത് ഒരു വര്‍ഷത്തേക്കാണ്, എന്നാല്‍ കാലാവധി അവസാനിച്ചതിന് ശേഷം ആവശ്യകത അനുസരിച്ച് പുതുക്കാവുന്നതാണ്. ഇവിടെ ജീവനക്കാരന്‍ കമ്പനിയുടെ ശമ്പളപ്പട്ടികയില്‍ പെടുന്നില്ല. ഒരു വര്‍ഷത്തേക്ക് കരാറില്‍ ഒരാളെ നിയമിക്കുകയും കാലാവധി കഴിഞ്ഞാല്‍ അവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ധാരാളം കമ്പനികള്‍ ഇന്ത്യയിലും ഉണ്ട്.

കമ്പനിയുടെ ശമ്പളപ്പട്ടികയില്‍ ജീവനക്കാരെ എടുക്കുന്നതിന് മുമ്പ് കമ്പനിക്ക് ആ വ്യക്തിയുടെ തൊഴില്‍ നൈപുണ്യം പരിശോധിക്കാന്‍ സമയം ലഭിക്കുന്നു. മറ്റെല്ലാ കരാറുകളെയും പോലെ, കരാര്‍ കാലാവധി അവസാനിക്കുന്നതിനുമുംബ് ഏതെങ്കിലും വ്യവസ്ഥകള്‍ അവര്‍ ലംഘിച്ചാല്‍ നിശ്ചിത തീയതിക്ക് മുമ്പ് കരാര്‍ അവസാനിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് അധികാരമുണ്ട്. കമ്പനിയുടെ ശമ്പളപ്പട്ടികയിലുള്ള ജീവനക്കാരെ അപേക്ഷിച്ച് നിശ്ചിതകാല കരാറിന് കീഴിലുള്ള തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ടും മറ്റ് ചില ആനുകൂല്യങ്ങളും ലഭിക്കുകയില്ല.

വിദ്യാഭ്യാസ നിലവാരത്തിലും ആളുകളുടെ തൊഴിലഭിരുചിയിയും വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് തൊഴില്‍ ഘടനകളും സ്ഥാപനങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com