ഉപഭോക്താക്കളെ ഇണക്കിയെടുക്കാം ബ്രാന്‍ഡ് അംബാസഡര്‍മാരിലൂടെ

ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് അംബാസഡർമാരുടെ സാന്നിധ്യം ബ്രാന്‍ഡുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു
Image courtesy: canva
Image courtesy: canva
Published on

തിരക്കുകളില്‍ നിന്നും അല്‍പ്പം അകന്ന് ഒരു വീട്ടമ്മ തന്റെ സ്വീകരണ മുറിയില്‍ ടെലിവിഷന്‍ കാണുകയാണ്. ആകാംക്ഷയോടെ സീരിയല്‍ കണ്ടിരിക്കുന്ന വീട്ടമ്മയ്ക്ക് മുന്നില്‍ പരസ്യം തെളിയുന്നു. സിനിമാ താരം മഞ്ജുവാര്യര്‍ അടുക്കളയില്‍ ചിക്കന്‍ കറി പാചകം ചെയ്യുകയാണ്. അവര്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റെ ചിക്കന്‍ മസാലയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്. ആ മസാല വളരെ സ്വാദിഷ്ടവും മേന്മയുമുള്ളതാണെന്ന് മഞ്ജുവാര്യര്‍ സാക്ഷ്യം പറയുന്നു.

ഈ പരസ്യം കാണുന്ന വീട്ടമ്മ തന്റെ അടുക്കളയില്‍ ചിക്കന്‍ പാചകം ചെയ്യാനായി ഇതേ മസാല തിരഞ്ഞെടുക്കുന്നു. മഞ്ജുവാര്യര്‍ ഈ മസാല ഉപയോഗിച്ച് പാചകം ചെയ്തതും ഉല്‍പ്പന്നത്തെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതും അവരെ സ്വാധീനിച്ചിരിക്കുന്നു. മഞ്ജുവാര്യര്‍ എന്ന വ്യക്തിയോടുള്ള ഇഷ്ടം ആ ഉല്‍പ്പന്നത്തെ സ്വീകരിക്കാനും ഉപയോഗിച്ച് നോക്കാനും അവരെ പ്രേരിപ്പിക്കുന്നു. മഞ്ജുവാര്യര്‍ പറഞ്ഞത് സത്യമാണെന്ന് അവര്‍ വിശ്വസിച്ചിരിക്കുന്നു.

ഉല്‍പ്പന്നം വില്‍ക്കാന്‍ ബ്രാന്‍ഡ് അംബാസഡര്‍

ഇന്ത്യന്‍ വിപണികളെ വളരെ ആഴത്തില്‍ സ്വാധീനിക്കാന്‍ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ക്ക് കഴിയുന്നുണ്ട്. സമൂഹത്തിലെ ഉന്നത സ്ഥാനങ്ങളിലെ സെലിബ്രിറ്റികളെ ജനങ്ങള്‍ ഇഷ്ടപ്പെടുന്നു, ആരാധിക്കുന്നു, വിശ്വസിക്കുന്നു, സ്‌നേഹിക്കുന്നു. കമ്പനികള്‍ ഇത്തരം ബ്രാന്‍ഡ് അംബാസഡര്‍മാരെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റാനും ഉപഭോക്താക്കളും കമ്പനിയുമായി വൈകാരിക അടുപ്പം ഉണര്‍ത്താനുമൊക്കെ ഉപയോഗിക്കുന്നു.

വിശ്വാസം അതല്ലേ എല്ലാം

കമ്പനിയെ അല്ലെങ്കില്‍ ഉല്‍പ്പന്നത്തെ ഉപഭോക്താവ് വിശ്വസിച്ചു തുടങ്ങിയാല്‍ വിപണിയില്‍ കുതിച്ചു കയറാന്‍ ബിസിനസിന് അത് ഊര്‍ജ്ജം പകരുന്നു. ബിസിനസിനു മേല്‍ ഉപഭോക്താവിന്റെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ കമ്പനിക്കും ഉപഭോക്താവിനും മധ്യത്തിലേക്ക് ഒരാള്‍ കടന്നു വരുന്നു. ഈ വ്യക്തിയാണ് ബ്രാന്‍ഡ് അംബാസഡര്‍.

മഞ്ജുവാര്യര്‍ ഉല്‍പ്പന്നം മികച്ചതെന്ന് പറയുമ്പോള്‍ അത് ഉപഭോക്താവ് വിശ്വസിക്കുന്നു. ഈ വിശ്വാസം കമ്പനിയിലേക്ക് പടരുന്നു. സ്വാഭാവികമായി കമ്പനി പുറത്തിറക്കുന്ന ഓരോ ഉല്‍പ്പന്നത്തേയും ഉപഭോക്താവ് വിശ്വസിക്കാന്‍ ആരംഭിക്കുന്നു. ഉപഭോക്താവിന് ബ്രാന്‍ഡ് അംബാസഡറോടുള്ള ഇഷ്ടവും വിശ്വാസവും കമ്പനിക്കും ലഭിക്കുന്നു.

വിരാട് കോലി 'Manyavar' എന്ന വസ്ത്ര ബ്രാന്‍ഡിന്റെ ബ്രാന്‍ഡ് അംബാസഡറായപ്പോള്‍ വില്‍പ്പന കുതിച്ചുയരുകയുണ്ടായി. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് മേല്‍ വിരാട് കോലിയുടെ സ്വാധീനം അത്ര വലുതാണ്. വിരാട് കോലി Manyavar ന്റെ മുഖമായപ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വളരെ ആഴത്തിലുള്ള വിശ്വാസം നേടിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ കിടയറ്റ സ്വാധീനമുള്ള രാം ചരണും ഈ ബ്രാന്‍ഡിന്റെ അംബാസഡറായി. ഇത്തരം വ്യക്തികള്‍ വിപണിയില്‍ എത്രമാത്രം ചലനം സൃഷ്ടിക്കുമെന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.

മില്ലെനിയല്‍ തലമുറയിലെ കളിക്കാര്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഓളം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് സാധിക്കും. ഡിജിറ്റല്‍ യുഗത്തിലെ കളിക്കാര്‍ ഇത്തരം ഇന്‍ഫ്‌ളുവന്‍സര്‍മാരാണ്. ബ്രാന്‍ഡുകള്‍ അവരുമായി കൈകോര്‍ക്കുന്നു. ഫോളോവേഴ്‌സ് അവര്‍ പറയുന്നത് വിശ്വസിക്കുന്നു. വിപണിയിലേക്ക് വേഗത്തില്‍ പടര്‍ന്നു കയറാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ബ്രാന്‍ഡിനെ സഹായിക്കുന്നു.

കോമള്‍ പാന്‍ഡേ 'Nykaa' കൂട്ടുകെട്ട് Nykaa യുടെ ഉല്‍പ്പന്നങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോകാന്‍ സഹായിച്ചു. ചെറുപ്പക്കാര്‍ക്കിടയില്‍ സ്വാധീനമുള്ള കോമള്‍ പാന്‍ഡേക്ക് Nykaa യുടെ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ആ മില്ലെനിയല്‍ സമൂഹത്തിലേക്ക് അവതരിപ്പിക്കാനും വില്‍പ്പനയ്ക്ക് വേഗത വര്‍ധിപ്പിക്കാനും സാധിച്ചു.

തംസപ്പും മഹേഷ് ബാബുവും

ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം വളരെ പ്രശസ്തമാണ്. ഓരോ പ്രദേശവും മറ്റൊന്നില്‍ നിന്നും പല കാര്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ബ്രാന്‍ഡുകള്‍ ഇത്തരം വ്യത്യാസങ്ങളെ കണക്കിലെടുത്തു കൊണ്ടാണ് ബ്രാന്‍ഡ് അംബാസഡര്‍മാരെ നിശ്ചയിക്കുന്നത്. പലപ്പോഴും ബ്രാന്‍ഡ് അംബാസഡര്‍മാരുടെ പ്രാദേശിക സ്വാധീനം ഈ തിരഞ്ഞെടുക്കലിന്റെ മുഖ്യ കാരണമാകുന്നു.

തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ താരം മഹേഷ് ബാബു കൊക്കോകോളയുടെ പ്രധാന ഉല്‍പ്പന്നമായ 'Thumps Up' ന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രത്യക്ഷപ്പെട്ടപ്പോള്‍ തെന്നിന്ത്യന്‍ വിപണിയില്‍ തംസപ്പിന്റെ വില്‍പ്പന കുതിച്ചുയര്‍ന്നു. തെന്നിന്ത്യയില്‍ മാത്രമല്ല ഇന്ത്യന്‍ വിപണിയിലെമ്പാടും തങ്ങളുടെ സാന്നിധ്യമുറപ്പിക്കുവാന്‍ മഹേഷ് ബാബുവിന്റെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയിലൂടെ അവര്‍ക്ക് സാധിക്കുകയുണ്ടായി.

പ്രിയങ്ക ചോപ്രയുടെ വ്യക്തിത്വത്തിനു വന്ന മാറ്റം

UNICEF ഓര്‍ഗനൈസേഷനും പ്രിയങ്ക ചോപ്രയുമായുള്ള ബന്ധം രണ്ടു കൂട്ടര്‍ക്കും ഒരുപോലെ ഗുണകരമായി. താനെന്ന പേഴ്‌സണല്‍ ബ്രാന്‍ഡിന് കൂടുതല്‍ മിഴിവേകാന്‍ ഈ കൂട്ടുകെട്ടിലൂടെ പ്രിയങ്ക ചോപ്രയ്ക്ക് സാധിച്ചു. പ്രിയങ്ക ചോപ്രയുടെ വ്യക്തിത്വം ഉപയോഗിച്ച് തങ്ങളുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് അനായാസം എത്തിക്കാന്‍ യുനിസെഫിനും സാധ്യമായി.

ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക മാത്രമല്ല സമൂഹത്തില്‍ അര്‍ത്ഥപരമായ ഇടപെടലുകളും നടത്താന്‍ ബ്രാന്‍ഡ് അംബാസഡമാര്‍ക്ക് സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് ഈ കൂട്ടുകെട്ട്. വലിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് വഴി തെളിക്കുവാന്‍ കഴിയുന്ന സന്ദേശങ്ങളും ഉല്‍പ്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ഇത്തരം ബന്ധങ്ങള്‍ക്ക് സാധിക്കുന്നു.

അമിതാഭ് ബച്ചന്‍ തരംഗം

ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിക്കുവാന്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ സെലിബ്രിറ്റികളുമായുള്ള പങ്കാളിത്തം ഉറപ്പാക്കുന്നു. അമിതാഭ് ബച്ചന്‍-ഫ്‌ളിപ്കാര്‍ട്ട് ബന്ധം നോക്കുക. തങ്ങളുടെ 'Big Billion Days' കാമ്പയിന്‍ മാര്‍ക്കറ്റ് ചെയ്യാന്‍ അവര്‍ ഉപയോഗിച്ചത് ബച്ചനെന്ന ഇന്ത്യന്‍ സിനിമാ ലോകത്തെ ഈ അതികായനെയാണ്.

ബ്രാന്‍ഡ് അംബാസഡമാര്‍ രൂപപ്പെടുത്തുന്ന കാഴ്ചപ്പാട്

ഉല്‍പ്പന്നത്തെക്കുറിച്ച്, കമ്പനിയെക്കുറിച്ച് ബ്രാന്‍ഡ് അംബാസഡമാര്‍ ഉപഭോക്താക്കളുടെ മനസ്സില്‍ ഒരു രൂപം സൃഷ്ടിക്കുന്നുണ്ട്. തങ്ങള്‍ക്ക് ഉപഭോക്താക്കളിലുള്ള സ്വാധീനമാണ് ഇതിനായി അവര്‍ ഉപയോഗിക്കുന്നത്. ബ്രാന്‍ഡ് പ്രതിനിധാനം ചെയ്യുന്ന മൂല്യത്തെ അവര്‍ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്നു. ബ്രാന്‍ഡ് അംബാസഡർമാരിലൂടെ വൈകാരികമായ ഒരു ബന്ധം ഉപഭോക്താക്കളുമായി ഇണക്കിയെടുക്കുവാന്‍ കമ്പനികള്‍ ശ്രമിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡ് അംബാസഡമാരുടെ സാന്നിധ്യം ബ്രാന്‍ഡുകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. വിപണിയുടെ വലുപ്പമനുസരിച്ച് പ്രാദേശികമായോ ദേശീയമായോ ബ്രാന്‍ഡ് അംബാസഡമാരെ കമ്പനികള്‍ തിരഞ്ഞെടുക്കുന്നു. തങ്ങളുടെ ആരാധ്യ വ്യക്തിത്വത്തിലൂടെ ബ്രാന്‍ഡുകളെ പെട്ടെന്ന് തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നു. അവരുടെ വാക്കുകളും പ്രവൃത്തികളും വില്‍പ്പനയെ പെട്ടെന്ന് ബൂസ്റ്റ് ചെയ്യുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com