കസ്റ്റമറിന് വേണ്ടത് കെയറല്ല, സ്വാതന്ത്ര്യമാണ്; നടപ്പാക്കണം എക്‌സ്പീരിയന്‍ഷ്യല്‍ റീറ്റെയ്ല്‍ രീതി

നിങ്ങള്‍ ഒരു റീറ്റെയ്ല്‍ സ്റ്റോറില്‍ ചെല്ലുമ്പോള്‍ അവിടെയുള്ള ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം ഉപയോഗിച്ചുനോക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കിലോ? സെയില്‍സ്മാന്‍ പുറകെ വന്ന് ഉത്പന്നം എടുക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെങ്കിലോ? എത്രസമയം സ്ഥാപനത്തില്‍ ചെലവഴിച്ചാലും ആരും തടസ്സം നില്‍ക്കുന്നില്ലെങ്കിലോ?
തീര്‍ച്ചയായും അവിടെനിന്നൊരു ഉല്‍പ്പന്നമെങ്കിലും എടുക്കാനുള്ള സാധ്യത കൂടുതലാണല്ലേ.. ഇതാണ് സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളുടെ റീറ്റെയ്ല്‍ സ്ഥാപനമായ ഡിക്കാത്‌ലോണ്‍ ചെയ്യുന്നത്. വിശാലമായ സ്ഥലത്ത് സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ എടുത്ത് ഉപയോഗിച്ചുനോക്കാനുള്ള സംവിധാനം ഒരുക്കുന്നതുവഴി experiential retail എന്ന രീതിയാണ് ഡിക്കാത്‌ലോണ്‍ പയറ്റുന്നത്.
എന്നാല്‍ ഒരു റീറ്റെയ്ല്‍ സ്ഥാപനത്തില്‍ കയറിച്ചെല്ലുമ്പോള്‍ മുതല്‍ സെയില്‍സ്മാന്‍ നിങ്ങളുടെ പുറകെ വരികയാണെങ്കിലോ? നിര്‍ബന്ധിച്ച് ഉല്‍പ്പന്നം എടുപ്പിക്കാന്‍ ശ്രമിക്കുകയാണെങ്കിലോ? പിന്നീടൊരിക്കലും ആ സ്ഥാപനത്തില്‍ പോകാനുള്ള സാധ്യതയുണ്ടാകില്ല, അല്ലേ. കാരണം കസ്റ്റമറിന് അവിടെ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്. കസ്റ്റമറിന് ഇനി നല്‍കേണ്ടത് കെയര്‍ അല്ല, പകരം സ്വാതന്ത്ര്യമാണ്.
ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ വ്യാപാരം
ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്ന് ഓഫ്‌ലൈന്‍ റീറ്റെയ്ല്‍ വ്യാപാരത്തെ വ്യത്യസ്തമാക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകവും ഈ experiential retail ആയിരിക്കും. കാരണം ഓണ്‍ലൈന്‍ വഴി ഉപഭോക്താവിന് നല്‍കാന്‍ കഴിയുന്ന എക്‌സ്പീരിയന്‍സിന് പരിധിയുണ്ടല്ലോ. സ്വന്തമായി ഇഷ്ടമുള്ള പെര്‍ഫ്യൂം മിക്‌സ് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പെര്‍ഫ്യൂം ഷോപ്പ്, എത്രനേരം വേണമെങ്കിലും സമയം ചെലവഴിക്കാനോ, ജോലി ചെയ്യാനോ സൗകര്യമൊരുക്കുന്ന ഒരു കോഫി ഷോപ്പ്, പുസ്തകം ഇരുന്ന് വായിച്ചുനോക്കാനുള്ള സൗകര്യം ഒരുക്കിയ ഒരു ബുക്ക് സ്റ്റാള്‍, ഒരു സ്മാര്‍ട്ട് mirror വഴി മുഖത്തിന് അനുയോജ്യമായ കണ്ണട നിര്‍ദേശിക്കുന്ന കണ്ണട കട. ഇത്തരത്തില്‍ ഉപഭോക്താവിന്റെ പഞ്ചേന്ദ്രിയത്തെയും സ്വാധീനിക്കാന്‍ കഴിയുന്ന തരം റീറ്റെയ്ല്‍ അനുഭവത്തെയാണ് experiential retail എന്ന് പറയുന്നത്.
ഉപഭോക്താവിന്റെ പ്രതീക്ഷ
നിങ്ങളുടെ പേര് വിളിച്ച് സ്വാഗതം ചെയ്യുന്ന ഒരു സ്റ്റോറിലേക്ക് നടക്കുന്നത് സങ്കല്‍പ്പിക്കുക, നിങ്ങളുടെ മുന്‍കാല വാങ്ങലുകളും ഓണ്‍ലൈന്‍ പെരുമാറ്റവും അടിസ്ഥാനമാക്കി പ്രദര്‍ശിപ്പിച്ച personalised ഉല്‍പ്പന്നങ്ങള്‍ ഒരു ഇന്ററാക്ടിവ് ബോര്‍ഡില്‍ നിങ്ങള്‍ കാണുന്നു. എ.ഐ., ഡേറ്റാ അനലിറ്റിക്‌സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സാങ്കേതികവിദ്യ വിദൂരമല്ല. ഇതിനെ Hyper-personalisation എന്ന് വിളിക്കാം
റീറ്റെയ്ല്‍ സ്ഥാപനങ്ങള്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള ഒരു സ്‌പേസിന് അപ്പുറം ഒരു കമ്മ്യൂണിറ്റി ഹബ്ബായി മാറുന്നു എന്ന് സങ്കല്‍പ്പിക്കുക. അവിടെ ബ്രാന്‍ഡുമായി ബന്ധപ്പെട്ട വിവിധ വര്‍ക്ക്‌ഷോപ്പുകള്‍, ഉപഭോക്താക്കളെ പങ്കെടുപ്പിച്ചുള്ള പല ഇവന്റുകള്‍ എന്നിവ സംഘടിപ്പിക്കുമ്പോള്‍ ഒരു belongingness സൃഷ്ടിക്കപ്പെടുന്നു. ഇത്തരം Community-driven experiences നല്‍കുന്ന സ്ഥാപനങ്ങളും ഉടന്‍ പ്രതീക്ഷിക്കാം.
ഓര്‍ക്കുക, റീറ്റെയ്ല്‍ മേഖല ഒരിക്കലും ഇല്ലാതാവില്ല. സാങ്കേതികവിദ്യയിലുള്ള വികാസവും കസ്റ്റമര്‍ expectationനും ഓഫ്‌ലൈന്‍ റീറ്റെയ്ല്‍ മേഖലയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും.
Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it