Begin typing your search above and press return to search.
സൈബറിടം, അമളിയിടം; ജാഗ്രത പാലിച്ചില്ലെങ്കില്‍ അപായം
ഇന്റര്‍നെറ്റ് കണക്ഷന്‍ 10 മിനിട്ട് പണി മുടക്കിയാല്‍ സഹിക്കില്ല. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ മലയാളിയെ അടിമയാക്കി മാറ്റിയിരിക്കുന്നതിന്റെ ആഴം അത്രത്തോളമാണ്. വിദ്യാഭ്യാസം,ആരോഗ്യ സേവനങ്ങള്‍, ബാങ്കിങ്, ഷോപ്പിംഗ്, സാമൂഹ്യ ഇടപെടലുകള്‍ എന്ന വേണ്ട, സമസ്ത മേഖലകളിലും ഇന്റനെറ്റ് നിത്യജീവിതത്തില്‍ വല വിരിച്ചു നില്‍ക്കുന്നു. ഗെയിമിങ് മുതല്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ഹാങ്ഓവര്‍ അതു പുറമെ. ഇന്റര്‍നെറ്റിനെ ആശ്രയിക്കാതെ മലയാളിക്കെന്നല്ല, ലോകത്ത് ആര്‍ക്കും ഇനിയൊരു ജീവിതമില്ല. എന്നാല്‍ മണിക്കൂറുകള്‍ മൊബൈലില്‍ തോണ്ടുന്ന നമ്മള്‍ അതിനൊത്ത കരുതലും ജാഗ്രതയും കാണിക്കുന്നുണ്ടാ? സൈബര്‍ കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ വലിയ ഭീഷണി സൃഷ്ടിക്കുകയാണ്.
അടുത്തകാലത്തു പ്രസിദ്ധീകരിച്ച ചില കണക്കുകള്‍ പ്രകാരം 2023ല്‍ കേരളത്തില്‍ ഇത്തരത്തിലുള്ള 23,757 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് (Source: National Crime Reporting Portal). ഈ സംഖ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നല്ലൊരു ഭാഗം തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. തട്ടിപ്പിന് ഇരയായ പലരുടെയും പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതുപോലൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള മോഹം, തട്ടിപ്പുകാരില്‍നിന്നു വരുന്ന ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍, എങ്ങനെയും അതില്‍ നിന്ന് രക്ഷപെടാനുള്ള തത്രപ്പാട് എന്നിവയെല്ലാം കബളിപ്പിക്കപ്പെടാനുള്ള കാരണങ്ങളാണ്. സാങ്കേതിക വിദ്യയിലുള്ള പരിചയക്കുറവും അറിവില്ലായ്മയും അമളിയുടെ വ്യാപ്തി കൂട്ടുന്നു.
തട്ടിപ്പു വരുന്ന വഴി
തട്ടിപ്പുകളില്‍ സാമ്പത്തിക നഷ്ടം മാത്രമല്ല ഉണ്ടാകുന്നത്. നമ്മുടെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. അതോടൊപ്പം, വൈകാരിക തകര്‍ച്ചയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. ഇത് തിരിച്ചറിഞ്ഞ് ഓരോ ഇന്റര്‍നെറ്റ് ഉപയോക്താവും വളരെ ജാഗ്രത പുലര്‍ത്തിയേ തീരൂ. വിവിധ തരത്തിലുള്ള തട്ടിപ്പുകളെക്കുറിച്ചും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും തട്ടിപ്പിന് ഇരയായാല്‍ കൈകൊള്ളേണ്ട നടപടികളെ കുറിച്ചും പറയാം. കേരളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതലായി നടക്കുന്ന തട്ടിപ്പ് ഓണ്‍ലൈന്‍ തട്ടിപ്പു തന്നെ. ഒരു തരത്തിലല്ല, പല വിധത്തില്‍ സൈബറിടങ്ങളില്‍ ചതി ഒളിഞ്ഞിരിക്കുന്നു. അവയെ ഏതാനും വിഭാഗങ്ങളായി തിരിക്കാം.
1. വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന തട്ടിപ്പുകള്‍
ഇതില്‍ ഫിഷിഗ് (phishing), വിഷിങ് (vishing), സ്മിഷിങ് (smishing) എന്നിവ ഉള്‍പ്പെടുന്നു. ചൂണ്ടയിട്ട് മീന്‍പിടിക്കുന്ന തന്ത്രത്തോടാണ് ഇതിനെ ഉപമിച്ചിരിക്കുന്നത്. ഉപമ പോലെ തന്നെ തട്ടിപ്പിന് ഫിഷിഗ് (phishing) എന്ന വാക്കുമായി സാമ്യമുണ്ട്. ഫോണ്‍ കോളുകള്‍, മെസ്സേജുകള്‍, ഇ-മെയിലുകള്‍, വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെ ഉപഭോകതാക്കളില്‍ നിന്നും സ്വകാര്യവിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്സ്വേര്‍ഡ്, പിന്‍ എന്നിവ മോഷ്ടിക്കുന്ന രീതിയാണിത്.
പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്:
-അനധികൃത ഫോണ്‍കോളുകളോട് എപ്പോഴും ജാഗ്രത പുലര്‍ത്തുക.
-അനധികൃത ഇമെയില്‍ ലിങ്കുകളിലോ, വെബ്‌സൈറ്റുകളിലോ ലോഗിന്‍ ചെയ്യാതിരിക്കുക.
-വ്യക്തിഗത വിവരങ്ങള്‍ ഫോണിലൂടെ പങ്കിടരുത്.
-അബദ്ധം പറ്റിയതായി തോന്നിയാല്‍ ഉടന്‍ പാസ്‌വേര്‍ഡ് മാറ്റുക.
-ബാങ്ക് അക്കൗണ്ടുകള്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുക.
-ബാങ്കില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
രണ്ടാമത്തേത് സാമ്പത്തിക തട്ടിപ്പുകളാണ്. അതേക്കുറിച്ച് നാളെ.
Next Story
Videos