വില്‍പ്പനയില്‍ ഇനി ഡേറ്റ നിങ്ങളെ നയിക്കും; തന്ത്രങ്ങളും ഉല്‍പ്പന്നങ്ങളും ഡേറ്റയ്ക്ക് അനുസൃതമാക്കൂ

തന്തൂര്‍ റെസ്റ്റോറന്റ് എറണാകുളത്ത് വളരെ പ്രസിദ്ധമാണ്. ഞാന്‍ ചിലപ്പോഴൊക്കെ അവിടെ ഭക്ഷണം കഴിക്കാന്‍ കയറും. ഇടയ്ക്കിടെ കണ്ടുമുട്ടുന്നതുകൊണ്ട് ജീവനക്കാരില്‍ ചിലരൊക്കെ പരിചിതരാണ്. രാജ് അവരിലൊരാളാണ്. ഓര്‍ഡര്‍ എടുക്കാന്‍ വരുമ്പോള്‍ രാജ് ചോദിക്കും 'സര്‍, റെഗുലര്‍ തന്നെയല്ലേ' ഞാന്‍ തലയാട്ടും. ഒന്നും പറയേണ്ടതില്ല. എന്ത് ഭക്ഷണം കഴിക്കാനാണ് ഞാന്‍ എത്തിയതെന്ന് രാജിനറിയാം. ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഇതാ മേശപ്പുറത്തെത്തിയിരിക്കുന്നു.

ഒരു ദിവസം എത്രയോ പേര്‍ റെസ്റ്റോറന്റില്‍ എത്തുന്നു. അവരുടെയെല്ലാം ഇഷ്ട വിഭവങ്ങള്‍ ഓര്‍ത്തുവെക്കുക എളുപ്പമല്ല. എന്നാല്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നവരുടെ ഇഷ്ടങ്ങള്‍ ജീവനക്കാര്‍ തലച്ചോറില്‍ രേഖപ്പെടുത്താറുണ്ട്. തങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ അറിയുന്ന ഒരാള്‍ അത് വിളമ്പുമ്പോള്‍ സന്ദര്‍ശകരും സന്തോഷിക്കുന്നു. എന്നാല്‍ നൂറുകണക്കിന് ആളുകള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും കഴിക്കുകയും ചെയ്യുന്നിടങ്ങളില്‍ ഓരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടങ്ങള്‍ എങ്ങിനെ തിരിച്ചറിയും?

ടെക്‌നോളജിയുടെ മാജിക്

നിങ്ങള്‍ സ്റ്റാര്‍ബക്‌സിന്റെ ഒരു ആരാധകനാണ്. വ്യത്യസ്ത സാന്‍വിച്ചുകള്‍ പരീക്ഷിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. ഓരോ തവണയും ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ കണക്കാക്കി സ്റ്റാര്‍ബക്‌സ് ചില സാന്‍വിച്ചുകള്‍ നിങ്ങള്‍ക്ക് റെക്കമന്‍ഡ് ചെയ്യുന്നു. ഇത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഇത്രയധികം ആളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നിടത്ത് നിങ്ങളുടെ വ്യക്തിപരമായ അഭിരുചികള്‍ അവര്‍ തിരിച്ചറിയുന്നത് തീര്‍ച്ചയായും അത്ഭുതകരമായ വസ്തുത തന്നെ.

അതിനൂതനമായ ഒരു ഡേറ്റ അനലെക്റ്റിക്‌സ് പ്ലാറ്റ്‌ഫോം ഇതിനായി മാത്രം സ്റ്റാര്‍ബക്‌സ് ഒരുക്കിയിരിക്കുന്നു. കസ്റ്റമര്‍ക്ക് വ്യക്തിപരമായ അനുഭവങ്ങള്‍ ഉറപ്പുവരുത്താനും അവരുടെ മുന്‍കാല ഓര്‍ഡറുകള്‍ അനുസരിച്ച് വിഭവങ്ങള്‍ റെക്കമന്‍ഡ് ചെയ്യാനും അവര്‍ ഡാറ്റ ഉപയോഗപ്പെടുത്തുന്നു. ഉപയോക്താവിനെ മനസ്സിലാക്കുന്ന ബ്രാന്‍ഡിനെ കസ്റ്റമര്‍ കൂടുതല്‍ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. ഉപയോക്താവിന്റെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബ്രാന്‍ഡ് അവരുടെ ഹൃദയത്തില്‍ ഇടം നേടുന്നു.

ഡേറ്റ ഡേറ്റ ഡേറ്റ

വില്‍പ്പനയില്‍ ഡേറ്റയുടെ പ്രാധാന്യം പലപ്പോഴും ചര്‍ച്ച ചെയ്യേണ്ടി വന്നിട്ടുണ്ട്. കസ്റ്റമറുമായി ബന്ധപ്പെട്ട ഡേറ്റ സൂക്ഷിക്കേണ്ടതും നിരന്തരമായ വിശകലനത്തിന് വിധേയമാക്കേണ്ടതുമുണ്ട്. ഡേറ്റ ഒരു സ്വര്‍ണ ഖനിയാണ്. ഒരിക്കല്‍ നിങ്ങളില്‍ നിന്നും പര്‍ച്ചേസ് ചെയ്ത കസ്റ്റമറെ നിലനിര്‍ത്തേണ്ടതും വീണ്ടും പര്‍ച്ചേസ് ചെയ്യാന്‍ പ്രേരിപ്പിക്കേണ്ടതുമുണ്ട്. തങ്ങളെ തിരിച്ചറിയുന്ന, വ്യക്തിപരമായി സേവിക്കുന്ന ബ്രാന്‍ഡുകളെ കസ്റ്റമര്‍ പിന്തുടരും.

അമോര്‍പസിഫിക് (AmorePacific) സൗത്ത് കൊറിയയിലെ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനരംഗത്തെ മുടിചൂടാമന്നന്മാരാണ്. അവര്‍ അത്തരമൊരു ഉയരത്തില്‍ എത്തിയതില്‍ അതിശയമൊന്നുമില്ല. സൗന്ദര്യ വ്യവസായത്തെ അവര്‍ അത്രമാത്രം വിപ്ലവകരമായ മാറ്റത്തിലേക്കാണ് നയിച്ചത്. കസ്റ്റമര്‍ ഡേറ്റ എത്രമാത്രം വിദഗ്ദമായി തങ്ങളുടെ വളര്‍ച്ചയ്ക്കായി അവര്‍ ഉപയോഗിച്ചുവെന്ന് നോക്കൂ. ഭാവിയിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ കസ്റ്റമര്‍ ഫീഡ്ബാക്കിന്റേയും ഓണ്‍ലൈന്‍ റിവ്യൂകളുടേയും വിശകലനത്തിലൂടെ മനസ്സിലാക്കുന്ന അവര്‍ തങ്ങളുടെ ഉല്‍പ്പന്നശ്രേണിയില്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ കൊണ്ടുവരുന്നു. അതിനൂതനങ്ങളായ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളും മേക്കപ്പ് കളക്ഷനുകളും വഴി അവര്‍ ലോകം മുഴുവനുമുള്ള സൗന്ദര്യ പ്രേമികളുടെ മനം കവരുന്നു.

വില്‍പ്പനക്കുമപ്പുറം

വില്‍പ്പനയില്‍ മാത്രമല്ല സ്ഥാപനത്തില്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഡേറ്റയ്ക്ക് സാധിക്കും. അന്താരാഷ്ട്ര ഭീമനായ ജനറല്‍ ഇലക്ട്രിക്സ് (GE) Predictive Analytics വഴി തങ്ങളുടെ സപ്ലൈ ചെയിന്‍, ഉല്‍പ്പാദന പ്രക്രിയ എന്നിവ ചെലവു കുറച്ചും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും മികച്ച രീതിയിലേക്ക് പരിവര്‍ത്തനം ചെയ്തു. വിപണി ആവശ്യകതയെ പ്രവചിക്കാനും അവര്‍ ഡേറ്റ ഉപയോഗിക്കുന്നു. ഡേറ്റയുടെ സഹായത്തോടെ അവര്‍ തങ്ങളുടെ ബിസിനസിനെ അടിമുടി നവീകരിച്ചിരിക്കുന്നു.

മറക്കാനാവാത്ത ഷോപ്പിംഗ് അനുഭവങ്ങള്‍

ലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങള്‍ കണ്ടെത്തി ഉല്‍പ്പന്നങ്ങളിലേക്ക് അവരെ നയിക്കുക എളുപ്പമല്ല. എന്നാല്‍ ഈ ജോലി വിജയകരമായി നിര്‍വ്വഹിക്കുവാന്‍ ആമസോണ്‍ ആധുനികമായ അല്‍ഗോരിതങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. കസ്റ്റമറുടെ ഭാവിയിലെ പര്‍ച്ചേസ് എങ്ങിനെയായിരിക്കുമെന്നു പോലും ഇത് കണക്കുകൂട്ടുന്നു. തങ്ങളുടെ സ്റ്റോക്ക് കൈകാര്യം ചെയ്യാനും വില്‍പ്പനയുടെ അനുഭവങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്താനും ആമസോണ്‍ ഡേറ്റയെ ആശ്രയിക്കുന്നു.

മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്ക് പിന്നില്‍

ബ്രിട്ടീഷ് അന്താരാഷ്ട്ര ഭീമനായ ടെസ്‌കോ (Tesco) തങ്ങളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രാകിമിനുക്കാനും കസ്റ്റമര്‍ സംതൃപ്തി ഉറപ്പുവരുത്താനും ഡാറ്റയെ ഉപയോഗിക്കുന്നു. അവരുടെ ക്ലബ് കാര്‍ഡ് ലോയല്‍റ്റി പ്രോഗ്രാമിലൂടെ ടെസ്‌കോ വിലമതിക്കാനാവാത്ത കസ്റ്റമര്‍ ഡേറ്റ ശേഖരിക്കുന്നു. തങ്ങളുടെ പരസ്യങ്ങള്‍ ചിട്ടപ്പെടുത്താനും കസ്റ്റമര്‍ മുന്‍ഗണനകള്‍ കണ്ടെത്താനും ഈ ഡേറ്റ അവരെ സഹായിക്കുന്നു. കസ്റ്റമര്‍ ലോയല്‍റ്റി ഊട്ടിയുറപ്പിക്കുവാന്‍ ഡേറ്റ അവര്‍ക്ക് ശക്തമായ പിന്തുണ നല്‍കുന്നു.

റിലയന്‍സിന്റെ ഡേറ്റ ഡ്രിവണ്‍ അപ്പ്രോച്ച്

ഇന്ത്യയുടെ റീറ്റയില്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്താന്‍ റിലയന്‍സിന് കഴിഞ്ഞത് ഡാറ്റയുടെ അതിവിപുലമായ ശേഖരണത്തിലൂടെയാണ്. തങ്ങളുടെ സബ്‌സിഡിയറിയായ റിലയന്‍സ് റീറ്റയിലിലൂടെ കോടിക്കണക്കിന് കസ്റ്റമേഴ്‌സിന്റെ ഡേറ്റ അവരുടെ കയ്യിലെത്തി. ഈ ഡേറ്റയുടെ സൂക്ഷ്മമായ വിശകലനത്തിലൂടെ വിപണിയുടെ ട്രെന്‍ഡുകളും കസ്റ്റമേഴ്‌സിന്റെ അഭിരുചികളിലെ പരിഗണനകളും മുന്‍ഗണനകളും അവര്‍ കണ്ടെത്തി. അതിനനുസൃതമായി പ്രൊമോഷന്‍ തന്ത്രങ്ങളും ഉല്‍പ്പന്നങ്ങളും രൂപപ്പെടുത്തുകയും പരിഷ്‌കരിക്കുകയും ചെയ്തു. ഗ്രോസറി, ഫാഷന്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയ സമസ്ത മേഖലകളിലും വിപണിയെ ഉടച്ചുവാര്‍ക്കാന്‍ റിലയന്‍സിന്റെ ഡേറ്റ ഡ്രിവണ്‍ അപ്പ്രോച്ചിന് സാധ്യമായി.

വില്‍പ്പന ആകസ്മികമല്ല

വില്‍പ്പന ആകസ്മികമായ ഒരു പ്രവൃത്തിയല്ല. അത് വെറുതെ സംഭവിക്കപ്പെടുകയല്ല. പരസ്പരം ബന്ധിക്കപ്പെട്ട നിരവധി പ്രക്രിയകളുടെ പരിണിതഫലമാണ് വില്‍പ്പന. സംരംഭകന്‍ വില്‍പ്പനയെ പിന്തുടരേണ്ടതുണ്ട്. വിപണിയും കസ്റ്റമറും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. ഒന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നില്ല. തന്ത്രങ്ങളും ഉല്‍പ്പന്നങ്ങളും അതിനനുസരിച്ച് മാറണം. എന്തു മാറ്റങ്ങള്‍ വരുത്തണം എന്ന ചോദ്യത്തിന് ഡേറ്റ വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കും. ഡേറ്റ നിങ്ങളെ നയിക്കും.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it