ഉല്‍പ്പന്നത്തിന്റെ പ്രകൃതമനുസരിച്ചും വിപണിയനുസരിച്ചും വില്‍പ്പനയുടെ രീതികള്‍ നിശ്ചയിക്കൂ

സൂര്യന്‍ തലയ്ക്കു മുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. നിങ്ങള്‍ തായ്‌ലന്‍ഡിലെ ബാങ്കോക്ക് നഗരത്തിലെ തിരക്കേറിയ ഒരു തെരുവില്‍ കൂടി നടക്കുകയാണ്. അസഹനീയമായ ചൂട് നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. നിങ്ങള്‍ വിയര്‍ത്തു കുളിക്കുന്നു. തെരുവിലൂടെ നടക്കുന്ന മറ്റുള്ളവരുടേയും സ്ഥിതി വ്യത്യസ്തമല്ല. ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു മാര്‍ഗ്ഗം അന്വേഷിച്ചു നടക്കുന്ന നിങ്ങള്‍ പെട്ടെന്ന് മുന്നിലൊരു കാഴ്ച കണ്ട് അമ്പരന്നു നില്‍ക്കുന്നു.

അതെ, ആ തെരുവോരത്ത് ആളുകള്‍ ഒരാള്‍ക്ക് ചുറ്റും വട്ടമിട്ടു കൂടിയിരിക്കുകയാണ്. നിങ്ങള്‍ തിരക്കിനിടയിലൂടെ നൂഴ്ന്നു കയറി സംഭവം എന്താണെന്ന് നോക്കുന്നു. അയാളുടെ മുതുകത്ത് ഒരു കൂളര്‍ കെട്ടി വെച്ചിട്ടുണ്ട്. ചുവപ്പും വെളുപ്പും നിറം കലരുന്ന ലോകം മുഴുവന്‍ പ്രസിദ്ധമായ ഒരു സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡിന്റെ പേര് അതില്‍ എഴുതി വെച്ചിരിക്കുന്നു. കൊടും ചൂടില്‍ അയാള്‍ തണുത്ത സോഫ്റ്റ് ഡ്രിങ്ക് ആളുകള്‍ക്ക് വില്‍ക്കുകയാണ്. അയാള്‍ക്ക് ചുറ്റും ആളുകള്‍ തടിച്ചു കൂടുന്നു, ദാഹം അകറ്റുന്നു. നിങ്ങളും സോഫ്റ്റ് ഡ്രിങ്കിനായി കാത്തു നില്‍ക്കുന്നു.

തെരുവ് കച്ചവടക്കാരന്‍

ആ തെരുവ് കച്ചവടക്കാരന്‍ കൊടും ചൂടില്‍ പൊരിയുന്ന കസ്റ്റമമേഴ്‌സിന് വെറുതെ സോഫ്റ്റ് ഡ്രിങ്ക് വില്‍ക്കുകയല്ല ചെയ്യുന്നത്. തന്റെ കസ്റ്റമമേഴ്‌സിന്റെ ദാഹമകറ്റുന്നതിനൊപ്പം തന്നെ രസകരവും ആനന്ദകരവുമായ ഒരനുഭവം കൂടി അയാള്‍ നല്‍കുന്നുണ്ട്. അയാള്‍ സോഫ്റ്റ് ഡ്രിങ്ക് നല്‍കുന്നതിനൊപ്പം തന്റെ വാചാലത കൊണ്ടും ശരീരഭാഷ കൊണ്ടും കസ്റ്റമമേഴ്‌സിനെ കയ്യിലെടുക്കുന്നു. അവരെ സന്തോഷവാന്മാരാക്കാന്‍ പരമാവധി ശ്രമിക്കുന്നു. അയാളുടെ അസാധാരണമായ ഊര്‍ജ്ജവും പാടവവും ആളുകളെ ആ തെരുവ് കച്ചവടക്കാരനിലേക്ക് വലിച്ചടുപ്പിക്കുന്നു.

ഓരോ രാജ്യം ഓരോ രീതി

ഈ ഭൂമുഖം മുഴുവന്‍ ശ്രദ്ധിക്കൂ. ഓരോ രാജ്യത്തും സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകള്‍ വ്യത്യസ്തങ്ങളായ ചിലപ്പോള്‍ അതീവ രസകരവും അസാധാരണവുമായ മാര്‍ക്കറ്റിംഗ് രീതികള്‍ പരീക്ഷിക്കുന്നുണ്ട്. അത് ടോക്കിയോ നഗരത്തിലാവട്ടെ അല്ലെങ്കില്‍ മെക്‌സികോ നഗരത്തിലാവട്ടെ അവിടുത്തെ സംസ്‌കാരമനുസരിച്ച്, പ്രാദേശിക രീതികളനുസരിച്ച് വില്‍പ്പന തന്ത്രങ്ങള്‍ അവര്‍ രൂപപ്പെടുത്തുന്നു, നടപ്പിലാക്കുന്നു.

ജപ്പാനിലെ വെന്‍ഡിംഗ് മെഷീനുകള്‍

സാങ്കേതികതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ജപ്പാന്‍. വെന്‍ഡിംഗ് മെഷീനുകള്‍ രാജ്യത്തുടനീളം നമുക്ക് കാണാം. ആളുകള്‍ക്ക് ഇത് വളരെ സൗകര്യപ്രദമായ സംവിധാനമാകുന്നു. ഇത്തരമൊരു സംവിധാനത്തെ അതിസമര്‍ത്ഥമായി സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നു. പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റുന്ന നിറങ്ങളും മനോഹരങ്ങളായ ചിത്രങ്ങളും അവര്‍ വെന്‍ഡിംഗ് മെഷീനുകളില്‍ ഉപയോഗിക്കുന്നു. ജപ്പാനിലെ ഉപഭോക്താക്കള്‍ക്ക് മാത്രം ലഭിക്കുന്ന പ്രത്യേക. ഫ്‌ലേവറുകളും ഇവിടുത്തെ പ്രത്യേകതയാണ്. ജപ്പാനിലെ ജനതയ്ക്ക് പുതുമകളോടും സുന്ദരമായ (Kawaii) വസ്തുക്കളോടുമുള്ള അഭിനിവേശം സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നു.

മെക്‌സിക്കോയിലെ നൃത്തക്കാര്‍

മെക്‌സിക്കോയിലെ തെരുവിലേക്കിറങ്ങൂ. സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ തലയില്‍ വെച്ച് ഒരു പ്രത്യേക താളത്തില്‍ ശരീരം ചലിപ്പിച്ച് ജനക്കൂട്ടത്തിനിടയിലൂടെ നടന്നു പോകുന്ന തെരുവ് കച്ചവടക്കാരെ കാണാം. കച്ചവടത്തില്‍ അവര്‍ ബഹുസമര്‍ത്ഥരാണ്. വഴിയിലൂടെ നടന്നു പോകുന്നവരെ അവര്‍ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാന്‍ പ്രലോഭിപ്പിക്കുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഒരു പ്രത്യേക കഴിവ് അവര്‍ക്കുണ്ട്. സോഫ്റ്റ് ഡ്രിങ്കിനൊപ്പം അവര്‍ സ്‌നാക്കുകളും വില്‍ക്കുന്നു.

അമേരിക്കയിലെ പരസ്യങ്ങള്‍

ഭൂമിയിലെ ഏതു ബ്രാന്‍ഡിന്റേയും സ്വപ്നരാജ്യം. ഇവിടെ സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകളെല്ലാം ഏകദേശം ഒരേ രീതിയില്‍ തന്നെയാണ് മാര്‍ക്കറ്റ് ചെയ്യുന്നത്. ടെലിവിഷന്‍ പരസ്യങ്ങളിലൂടെയും ഭീമാകാരമായ ബില്‍ ബോര്‍ഡുകളിലൂടെയും ഉപഭോക്താക്കളെ പെട്ടെന്ന് ആകര്‍ഷിക്കുന്ന പരസ്യ വാചകങ്ങളിലൂടെയും സോഫ്റ്റ് ഡ്രിങ്ക് വില്‍ക്കാന്‍ ശ്രമിക്കുന്നു. കസ്റ്റമറുടെ മനസ്സില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ഇമേജ് സൃഷ്ടിക്കാന്‍ വിവിധ മീഡിയകളിലൂടെയുള്ള പരസ്യങ്ങള്‍ അവര്‍ തുടര്‍ച്ചയായി നല്‍കുന്നു. അമേരിക്കയുടെ വമ്പന്‍ വിപണി പിടിച്ചെടുക്കാന്‍ പരസ്പരം പോരാടുന്നു.

മുംബൈയിലെ തെരുവ് ഷോപ്പുകള്‍

മുംബൈയിലെ ചൂടു പിടിച്ച തെരുവുകളിലൂടെ നടക്കൂ. അവിടെ നിരനിരയായുള്ള ചെറിയ ഷോപ്പുകള്‍ കാണാം. ഓരോ ഷോപ്പിലും നിരത്തി വെച്ചിരിക്കുന്ന പല നിറങ്ങളിലുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍. കടും നിറങ്ങളിലുള്ള ബാനറുകള്‍ ഷോപ്പിന്റെ മുന്നില്‍ വലിച്ചു കെട്ടിയിരിക്കുന്നു. തെരുവിലൂടെയുള്ള യാത്രക്കാര്‍ തങ്ങളുടെ ദാഹം ശമിപ്പിക്കുവാന്‍ ഈ ഷോപ്പുകളെ ആശ്രയിക്കുന്നു.

എങ്ങനേയും വില്‍ക്കാം

വില്‍പ്പനക്കായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കാമെന്ന് ഇവ നമ്മോട് പറയുന്നു. നൃത്തം ചെയ്യുന്ന തെരുവ് കച്ചവടക്കാരന്‍ മുതല്‍ സൂപ്പര്‍ സ്റ്റോറുകള്‍ വരെ സോഫ്റ്റ് ഡ്രിങ്ക് വില്‍ക്കുന്നു. ചെറിയ തട്ടുകടകളിലും ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും സോഫ്റ്റ് ഡ്രിങ്ക് ലഭിക്കുന്നു. കസ്റ്റമര്‍ എവിടെയുണ്ടോ അവര്‍ക്ക് ഉല്‍പ്പന്നം ലഭ്യമാകണം. വമ്പന്‍ താരങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍ മുതല്‍ തെരുവ് നര്‍ത്തകനെ വരെ അതിനായി ഉപയോഗിക്കാം.

ഓരോ രാജ്യത്തും വില്‍പ്പനക്കായി പൊതുവായ രീതികള്‍ അവലംബിക്കുന്നതിനൊപ്പം ആ രാജ്യത്തെ സംസ്‌കാരവും ശീലങ്ങളും ഉപഭോക്താക്കളുടെ പ്രകൃതവും മനസ്സിലാക്കിയുള്ള വില്‍പ്പന രീതികള്‍ ഫലപ്രദമാകുന്നു. സോഫ്റ്റ് ഡ്രിങ്ക് ബ്രാന്‍ഡുകളുടെ ഈ Flexibility നിരീക്ഷണ, ഗവേഷണ വിധേയമാക്കേണ്ടതാണ്. കൂളര്‍ പുറത്തുവെച്ചുകെട്ടി സഞ്ചരിക്കുന്ന ഷോപ്പാകുകയാണ് ബാങ്കോക്കിലെ കച്ചവടക്കാരന്‍. തലയില്‍ സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ വെച്ച് നൃത്തമാടുന്ന മെക്‌സിക്കോയിലെ കച്ചവടക്കാരനും ഇയാളും വില്‍ക്കുന്നത് ഒരേ ഉല്‍പ്പന്നമാണ്. വാള്‍മാര്‍ട്ടില്‍ കയറൂ. അവിടേയും ഈ ഉല്‍പ്പന്നം കിട്ടും.

വില്‍പ്പനയുടെ പ്രകൃതം അയവുള്ളതാണ് (Flexible) അതൊരിക്കലും അയവില്ലാത്ത (Rigid) പ്രക്രിയയല്ല. ഏത് രീതിയില്‍, ഏത് മാര്‍ഗ്ഗത്തില്‍ ഉല്‍പ്പന്നം വിളക്കണമെന്ന് കച്ചവടക്കാരന് തീരുമാനിക്കാം. തന്റെ ഉല്‍പ്പന്നത്തിന്റെ പ്രകൃതമനുസരിച്ച് (Nature), വിപണിയനുസരിച്ച് വില്‍പ്പനയുടെ രീതികള്‍ നിശ്ചയിക്കാം.

Dr Sudheer Babu
Dr Sudheer Babu  

Related Articles

Next Story

Videos

Share it