ഓരോ ബിസിനസിനും സ്വതന്ത്രമായ, സര്‍ഗാത്മകമായ തന്ത്രങ്ങള്‍ ചിട്ടപ്പെടുത്തൂ; വില്‍പ്പന ഉയര്‍ത്തൂ

മറ്റുള്ളവരുടെ തന്ത്രങ്ങള്‍ അതേപടി പകര്‍ത്തണമെന്നില്ല

ചെറിയൊരു ഉള്‍ഗ്രാമത്തിലെ കര്‍ഷകനാണ് രാജു. സത്യസന്ധനും എളിമയുള്ളവനുമായ മനുഷ്യന്‍. ഗ്രാമത്തിലെ ചെമ്മണ്‍പാതയുടെ വശത്ത് കട നടത്തിയാണ് അയാള്‍ ജീവിച്ചിരുന്നത്. രാജു എപ്പോഴും ഊര്‍ജ്ജസ്വലനായിരുന്നു. ഗ്രാമത്തിലെ ജനങ്ങള്‍ക്കും അവിടേക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്കും പച്ചക്കറികളും പഴങ്ങളും വില്‍ക്കുകയായിരുന്നു അയാളുടെ ബിസിനസ്.

എന്നാല്‍ എത്ര ശ്രമിച്ചിട്ടും രാജുവിന് തന്റെ കടയില്‍ നല്ല വില്‍പ്പന ലഭിച്ചിരുന്നില്ല. സാധാരണ ഒരാള്‍ തീര്‍ച്ചയായും ഇതില്‍ നിരാശനാകും. എന്നാല്‍ രാജു നിരാശനാവാതെ ചിന്തിക്കാന്‍ തുടങ്ങി. എങ്ങനെ കടയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാം. അങ്ങനെ രാജു ഒരു മാർഗം കണ്ടെത്തി.

രാജു കടയുടെ പുറത്തായി ഒരു മത്സരം സംഘടിപ്പിക്കാന്‍ പ്ലാന്‍ ചെയ്തു. ആഴ്ചയില്‍ ഒരു ദിവസമാണ് മത്സരം. മത്സരം അതീവ രസകരമാണ്. മുളക് തിന്നുന്ന മത്സരമാണ്. ആര്‍ക്കൊക്കെ എരിവ് സഹിച്ച് പരമാവധി മുളക് തിന്നാന്‍ സാധിക്കും. ഇത് ഗ്രാമവാസികള്‍ക്ക് ഹരമായി. ആളുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഴ്ചതോറും കടയിലേക്ക് ഒഴികിയെത്തി. രാജുവിന്റെ കടയെക്കുറിച്ചും മത്സരത്തെക്കുറിച്ചും വാര്‍ത്ത പരന്നു. കട ഗ്രാമത്തിലെ സംസാരവിഷയമായി. വില്‍പ്പനയും റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു.

രാജു തുടങ്ങിവെച്ചു, മറ്റുള്ളവര്‍ ഏറ്റെടുത്തു

രാജുവിന്റെ വില്‍പ്പന തന്ത്രം ഗ്രാമത്തിലെ മറ്റു ബിസിനസുകാരെയും പ്രചോദിപ്പിച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ എന്തുചെയ്യാനാകും എന്നവര്‍ തലപുകഞ്ഞ് ആലോചിക്കാന്‍ തുടങ്ങി. പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ അവര്‍ മെനയാന്‍ ആരംഭിച്ചു. ഗ്രാമത്തിലെ ടൈലര്‍ തന്റെ കടയിലെത്തി പദപ്രശ്‌നത്തിന് ഉത്തരം കണ്ടെത്തുന്നവര്‍ക്ക് സൗജന്യമായി വസ്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഓഫര്‍ ചെയ്തു. ഗ്രാമത്തിലെ ബാര്‍ബര്‍ ആകട്ടെ ഏറ്റവും രസകരമായ തമാശ പറയുന്നവര്‍ക്ക് ഡിസ്കൗണ്ട് നല്‍കാന്‍ തുടങ്ങി.

ഗ്രാമത്തിലെ ബിസിനസുകള്‍ മുഴുവന്‍ നവീന ആശയങ്ങള്‍ കണ്ടെത്തി ഉപഭോക്താക്കളെ വലയിലാക്കാന്‍ ശ്രമിച്ചു. സാധാരണക്കാരനായ രാജുവെന്ന കര്‍ഷകന്‍ തുടങ്ങിവെച്ച മാര്‍ക്കറ്റിംഗ് തന്ത്രം മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. ഓരോരുത്തരും അവരവരുടേതായ തന്ത്രങ്ങള്‍ കണ്ടെത്തിത്തുടങ്ങി.

ഹെര്‍ബലിസ്റ്റിന്റെ കഥപറച്ചില്‍

ഗ്രാമത്തിലെ ഹെര്‍ബലിസ്റ്റ് മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെ വേറൊരു തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാള്‍ വെറുമൊരു നാടന്‍ ഹെര്‍ബലിസ്റ്റ് മാത്രമായിരുന്നു. ആധുനിക ഫാര്‍മസികള്‍ അയാളുടെ ബിസിനസിന് വലിയൊരു വെല്ലുവിളി മാറിയിരുന്നു. കച്ചവടമില്ലാതെ കടപൂട്ടേണ്ടി വരുന്ന ഒരവസ്ഥയിലാണ് രാജുവിന്റെ വില്‍പ്പന തന്ത്രം അയാളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

സന്ധ്യാസമയങ്ങളില്‍ നടുവില്‍ കൂട്ടിയിട്ടിരിക്കുന്ന വിറകുകള്‍ കത്തിച്ച് തീകാഞ്ഞിരിക്കുന്ന ഗ്രാമീണരോട് അയാള്‍ നാടന്‍ കഥകള്‍ പറഞ്ഞുതുടങ്ങി. തലമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന രസകരങ്ങളായ കഥകള്‍ ആംഗ്യങ്ങളോടെ സരസമായി എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ അയാള്‍ അവതരിപ്പിച്ചു. കഥകള്‍ പറയുന്നതിനിടയില്‍ വളരെ സൂക്ഷ്മമായി അയാള്‍ നാടന്‍ മരുന്നുകളെക്കുറിച്ചും അവയുടെ ചികിത്സകളെക്കുറിച്ചും ചെറിയ സൂചനകള്‍ നല്‍കും. ഇത് കൂടിയിരിക്കുന്നവരുടെ മനസ്സില്‍ കാലക്രമേണ ശക്തമായി സ്വാധീനം ചെലുത്തിത്തുടങ്ങി.

സാവധാനം അയാളുടെ കഥപറച്ചില്‍ ഗ്രാമത്തില്‍ പ്രശസ്തമായി. ആളുകള്‍ കൂട്ടത്തോടെ കഥ പറച്ചില്‍ കേള്‍ക്കാനും സംസാരിക്കാനും ഒത്തുകൂടി. അയാളുടെ കഥകള്‍ അവരില്‍ ഗൃഹാതുരത്വം ഉണര്‍ത്തി. പണം കൊടുത്തു വാങ്ങാന്‍ സാധിക്കാത്ത ആ നിമിഷങ്ങള്‍ക്കു വേണ്ടി ആളുകള്‍ ഹെര്‍ബലിസ്റ്റിന്റെ കടയിലെത്തി. കടയിലെ കച്ചവടവും സ്വാഭാവികമായി ഉയര്‍ന്നു.

ജോയുടെ അടവ്

ജോ തെരുവു കച്ചവടക്കാരനാണ്. അയാള്‍ വില്‍ക്കാത്ത ഒന്നുമില്ല. എന്തു കിട്ടിയാലും വില്‍ക്കും. മികച്ചൊരു വില്‍പ്പനക്കാരനായിട്ടാണ് ആളുകള്‍ ജോയെ കാണുന്നത്. ജോയുടെ വില്‍പ്പനക്ക് ചില പ്രത്യേകതകളുമുണ്ട്. ജോ തെരുവിലേക്ക് ഇറങ്ങുന്നത് വെറുതെ ഉല്‍പ്പന്നങ്ങളുമായി മാത്രമല്ല. അയാളുടെ കയ്യില്‍ ഒരു ചെറിയ ഗിറ്റാറുമുണ്ടാകും. തെരുവിന്റെ ഓരങ്ങളില്‍ നിന്ന് അയാള്‍ ഗിറ്റാര്‍ വായിക്കും.

കൂടെ തന്റെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് അയാള്‍ രചിച്ച ചെറിയ ഗാനങ്ങളും പാടും. ആസ്വാദകരുടെ മനസ്സിനെ പിടിച്ചെടുക്കുന്ന ഗിറ്റാറിന്റെ ട്യൂണ്‍, അയാള്‍ പാടുന്ന ഗാനങ്ങള്‍ കൂടാതെ ആരെയും ആകര്‍ഷിക്കുന്ന അയാളുടെ ശരീര ചലനങ്ങള്‍ ഇതെല്ലാം കൂടി വരുമ്പോള്‍ ജോയ്ക്ക് ചുറ്റും ആളുകള്‍ കൂടും. അവര്‍ക്കൊക്കെ ജോ തന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. ഇവിടെ ഉപഭോക്താക്കള്‍ക്ക് വെറുതെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനല്ല ജോ ശ്രമിക്കുന്നത്. ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം കൂടി ജോ അവര്‍ക്ക് നല്‍കുന്നു. അവര്‍ വീണ്ടും തെരുവുകളില്‍ ജോയെ തിരയുന്നു. അയാളിലേക്ക് വീണ്ടും എത്തുന്നു.

സംസാരിക്കുന്ന മൃഗങ്ങള്‍

മാര്‍ക്കറ്റിന്റെ മൂലയിലായി ഒരു കൂട്ടം മൃഗങ്ങള്‍ നില്‍ക്കുന്നു. സോറി മൃഗങ്ങളല്ല. മൃഗങ്ങളുടെ കട്ട്ഔട്ടുകളാണ്. എന്നാലവ ജീവനുള്ളവയെപ്പോലെ തന്നെ ചലിക്കുന്നു, ഇളകുന്നു കൂടാതെ മനുഷ്യരെപ്പോലെ സംസാരിക്കുന്നു.

മാര്‍ക്കറ്റിലെ ജനങ്ങളെല്ലാം അവിടേക്ക് ഓടുന്നു. രസകരങ്ങളായ ഈ മൃഗ രൂപങ്ങള്‍ കാണുന്നു. അവ പറയുന്ന ഫലിതങ്ങള്‍ കേള്‍ക്കുന്നു. ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്പീക്കറുകളിലൂടെയും സെന്‍സറുകളിലൂടെയുമാണ് ശബ്ദവും ചലനവും സാധിച്ചിരിക്കുന്നത്. മാര്‍ക്കറ്റിലുള്ള ഒരു പെറ്റ് ഷോപ്പിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണ്. ആളുകള്‍ കൂടുന്നു. മൃഗങ്ങളുമായി സംസാരിക്കുന്നു. ആര്‍ത്തു ചിരിക്കുന്നു.

ഇതിനുശേഷം ആളുകള്‍ പെറ്റ് ഷോപ്പ് സന്ദര്‍ശിക്കുന്നു. ഇതിനെക്കാള്‍ രസകരമായ, അതിശയകരമായ വേറെ എന്തൊക്കെ അനുഭവങ്ങള്‍ അവരൊരുക്കി വെച്ചിട്ടുണ്ടെന്ന് കാണാന്‍ ആളുകള്‍ക്ക് തിടുക്കമാകുന്നു. പെറ്റ് ഷോപ്പില്‍ തിരക്കേറുന്നു, കച്ചവടവും തകര്‍ക്കുന്നു.

ഗ്രാമീണ മാര്‍ക്കറ്റുകളിലെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍

എത്ര സര്‍ഗ്ഗാത്മകമായിട്ടാണ് (Creative) മുകളില്‍ നാം കണ്ട തന്ത്രങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ശ്രദ്ധിക്കൂ. മറ്റുള്ളവരുടെ തന്ത്രങ്ങള്‍ അതേപടി പകര്‍ത്തണമെന്നില്ല. ഓരോ ബിസിനസുകള്‍ക്കും സ്വതന്ത്രമായ, സര്‍ഗാത്മകമായ തന്ത്രങ്ങള്‍ ചിട്ടപ്പെടുത്താം. നിങ്ങള്‍ ഒരു ഗ്രാമീണ മാര്‍ക്കറ്റിലൂടെ നടന്നുപോകുമ്പോള്‍ ചുറ്റും കണ്ണോടിക്കൂ. ഇത്തരം വിവിധതരം തന്ത്രങ്ങള്‍ നിങ്ങളുടെ കണ്ണില്‍ പെടും. ഉപഭോക്താക്കള്‍ അനുഭവങ്ങള്‍ക്കായി കാത്തുനില്‍ക്കുന്നു. അവര്‍ക്കായി നിങ്ങളുടെ ബിസിനസിനെന്ത് നല്‍കാന്‍ കഴിയും?

Related Articles
Next Story
Videos
Share it