ഹാപ്പി സോക്സും ടെസ്‌ലയും വിപണി കീഴടക്കിയ ഈ തന്ത്രം നിങ്ങള്‍ക്കും സ്വീകരിക്കാം

കണ്ണഞ്ചിപ്പിക്കുന്ന കടുംനിറങ്ങളുള്ള, സാധാരണ കാണുന്നവയില്‍ നിന്നും വ്യത്യസ്തങ്ങളായ ഡിസൈനുകളിലുള്ള സോക്‌സുകള്‍ ഉപയോഗിക്കാറുണ്ടോ? കേള്‍ക്കുമ്പോള്‍ തന്നെ നെറ്റിചുളിയും. അതെല്ലാം കുട്ടികള്‍ക്കല്ലേ? എന്നാല്‍ ഹാപ്പിസോക്‌സ് ചിന്തിച്ചത് തികച്ചും വേറിട്ട രീതിയിലാണ്. അസാധാരണ നിറങ്ങളും അതിശയിപ്പിക്കുന്ന രൂപകല്‍പ്പനയും (Design) സമന്വയിപ്പിച്ച സര്‍ഗാത്മകതയാണ് ഹാപ്പിസോക്‌സ് എന്ന സ്വീഡിഷ് കമ്പനിയുടെ പ്രത്യേകത.

ആര് വാങ്ങാന്‍ എന്ന് ചിന്തിച്ചാല്‍ തെറ്റി. ഹാപ്പിസോക്‌സിന്റെ വിപണി ഇന്ന് 90 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്നു. എന്താണ് അവരുടെ വിജയ രഹസ്യം എന്ന് ചൂഴ്ന്നു നോക്കിയാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്നത് ഹാപ്പിസോക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള വ്യത്യസ്തതയാണ്. എതിരാളികള്‍ ഒരേ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഹാപ്പിസോക്‌സ് വിഭിന്നമായി ചിന്തിക്കാന്‍ ശ്രമിക്കുന്നു. അവരുടെ ഉപഭോക്താക്കള്‍ ഇന്ന് ആ ബ്രാന്‍ഡ് അണിയുന്നതില്‍ ആനന്ദിക്കുന്നു, അഭിമാനിക്കുന്നു.
വിപണിയുടെ മനസിനെ എളുപ്പം കീഴടക്കാവുന്ന ആഗ്നേയാസ്ത്രമാണ് വിഭിന്നത്വം (Differentiation)എന്ന തന്ത്രം. കലുഷിതമായ, രൂക്ഷമത്സരം നിറഞ്ഞു നില്‍ക്കുന്ന വിപണിയിലേക്ക് എതിരാളികളുടെ ഉല്‍പ്പന്നങ്ങളുടേത് പോലെ സമാനമായവയുമായി കടന്നു ചെന്നാല്‍ വിജയിക്കുവാനുള്ള സാധ്യത വിരളമാണ്. വിഭിന്നത്വം അഥവാ വ്യത്യസ്തത വിജയതന്ത്രമായി മാറുന്നതിവിടെയാണ്. വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്ന ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ നെഞ്ചോട് ചേര്‍ക്കുന്നു.
ടെസ്‌ല ഇലക്ട്രിക് കാര്‍ വിപണിയില്‍ ചലനം സൃഷ്ട്ടിച്ചത് അതിന്റെ അതുല്യമായ സവിശേഷതകള്‍ മൂലമാണ്. അവ യഥാര്‍ത്ഥത്തില്‍ കടന്നു ചെന്നത് ഓരോ ഉപഭോക്താവിന്റെയും ഹൃദയത്തിലേക്കായിരുന്നു. പരിസ്ഥിതി സൗഹാര്‍ദ്ദതയും സാങ്കേതികത്തികവും മാത്രമായിരുന്നില്ല അതിനുള്ള കാരണങ്ങള്‍. മറ്റ് കാറുകളില്‍ നിന്നും വിഭിന്നമായ അതിന്റെ അനുപമ സൗന്ദര്യം കൂടി ഉപഭോക്താവിനെ വശീകരിച്ചു. എതിരാളികള്‍ക്കില്ലാത്ത സവിശേഷതകള്‍ ടെസ്്‌ലയെ വ്യത്യസ്തമാക്കി.
ഉപഭോക്താവിന്റെ ആഗ്രഹാനുസരണം വാഹനത്തില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുവാനുള്ള സൗകര്യം, സോളാര്‍ പാനലുകള്‍, പെട്ടെന്ന് ചാര്‍ജ്ജ് ചെയ്യാവുന്ന സവിശേഷത, സ്വയം ഡ്രൈവ് (Self-Drive) എന്നിവ ടെസ്്‌ലയെ വ്യത്യസ്തമാക്കുന്നു. മറ്റുള്ളവരില്‍ നിന്നും ടെസ്‌ലയെ മാറ്റിനിര്‍ത്തുന്നതും ഉല്‍പ്പന്നത്തിന്റെ സവിശേഷതകള്‍ തന്നെയാണ്. ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന ഇലക്ട്രിക് കാര്‍ വിപണിയില്‍ തങ്ങളുടേതായ വ്യക്തിമുദ്ര മുന്‍കൂട്ടി പതിപ്പിക്കുവാന്‍ വിഭിന്നത്വത്തിലൂടെ ടെസ്്‌ലക്ക് കഴിഞ്ഞിരിക്കുന്നു.
വിപണിയില്‍ മേല്‍ക്കൈ നേടാന്‍ വിഭിന്നത്വം (Differentiation)സഹായിക്കും. തന്റെ ഉപഭോക്താക്കള്‍ക്ക് എതിരാളികള്‍ നല്‍കുന്ന അനുഭവങ്ങളില്‍(Experiences) നിന്നും വ്യത്യസ്തമായവ നല്‍കുവാന്‍ കഴിയുന്നുണ്ടോ എന്ന് സംരംഭകന്‍ വിലയിരുത്തേണ്ടതുണ്ട്. വിലകള്‍ തമ്മിലുള്ള താരതമ്യവും മത്സരവും ഇവിടെ അപ്രസക്തമാകുന്നു. ഉല്‍പന്നത്തിന്റെ ഉയര്‍ന്ന മൂല്യം കൂടിയ വില നല്‍കി അത് സ്വന്തമാക്കുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നു.
ഉല്‍പ്പന്നത്തിന്റെ സവിശേഷതകളും മേന്മകളും മനസില്‍ പതിയുന്നതോടെ ഉപഭോക്താവ് ബ്രാന്‍ഡില്‍ ആകൃഷ്ടനാകുന്നു. ഇത് സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമാണ്. ഇത്തരമൊരു അവബോധം സൃഷ്ടിക്കലാവണം മാര്‍ക്കിറ്റിംഗിന്റെ ലക്ഷ്യം. എതിരാളികള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുവാന്‍ ഇത് സഹായകരമാകുന്നു.
ഉല്‍പ്പന്നത്തെക്കുറിച്ചുള്ള ആശയം ഉടലെടുക്കുമ്പോള്‍ തന്നെ അതെങ്ങിനെ വ്യത്യസ്തമാക്കാം എന്ന് സംരംഭകന്‍ ചിന്തിക്കേണ്ടതുണ്ട്. ഉപഭോക്താക്കള്‍ സമാനകതകളില്ലാത്ത അനുഭവങ്ങള്‍ക്കും ഉയര്‍ന്ന് മൂല്യങ്ങള്‍ക്കുകമായി ദാഹിക്കുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാല്‍ ഇത് സാധ്യമാകും. വിഭിന്നത്വം (Differentiation) കിടമത്സരത്തിനെതിരെയുള്ള (Competition) ഒരു ആയുധമാണ്. വിപണിയില്‍ അത് നിങ്ങളെ വ്യത്യസ്തനാക്കും.


Dr. Sudheer Babu
Dr. Sudheer Babu  
Next Story
Share it