വാരിക്കോരി ഡിസ്‌കൗണ്ട് കൊടുക്കരുത്; അറിയാം 6 കാര്യങ്ങള്‍

പഴയതുപോലെ കച്ചവടം നടക്കുന്നില്ല. എങ്കില്‍ പിന്നെ വില കുറച്ചു കൊടുക്കാം. വില്‍പന കുറയുന്ന ഇത്തരം സാഹചര്യങ്ങളിലാണ് പലരും ഡിസ്‌കൗണ്ടിനെ കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ ഇതല്ലാതെ 6 സാഹചര്യങ്ങളില്‍ നമുക്ക് ഡിസ്‌കൗണ്ട് നല്‍കാനാവും.

1. സ്ഥിരം ഉപഭോക്താക്കള്‍:

സ്ഥിരമായി ഉല്‍പ്പന്നം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നത് വഴി അവരുമായുള്ള ബന്ധം ദൃഢമാവുകയും Upselling - cross selling നും കാരണമാവുകയും ചെയ്യുന്നു. അത്തരത്തില്‍ ബന്ധം സ്ഥാപിക്കുന്നതു വഴി നമുക്ക് വെല്ലുവിളിയുയര്‍ത്തുന്ന മറ്റൊരു ബിസിനസ് വന്നാലും, ഉപഭോക്താവ് നമ്മുടെ ബിസിനസ്സില്‍ തന്നെ തുടരും. കൂടാതെ ഉപഭോക്താക്കളുടെ ശുപാര്‍ശ വഴി പുതിയ ഉപഭോക്താക്കളെ ലഭിക്കുകയും ചെയ്യും.

2. മൊത്തമായി വാങ്ങുമ്പോള്‍:

ഉപഭോക്താക്കള്‍ കൂടുതല്‍ ഉല്‍പ്പന്നം വാങ്ങുമ്പോള്‍ സാധാരണയായി ഡിസ്‌കൗണ്ട് നല്‍കാറുണ്ട്. പക്ഷെ പലപ്പോഴും ഉപഭോക്താക്കള്‍ പറയാറുള്ള വാചകമാണ് ''ഇതൊരു തുടക്കം മാത്രമാണ്; ഇനിയും ഒരുപാട് ഉല്‍പന്നങ്ങളുടെ ആവശ്യം ഉണ്ട്, അതിനാല്‍ ഇപ്പോള്‍ ഒരു കിഴിവ് തരണം.'' ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഡിസ്‌കൗണ്ട് കൊടുക്കാം കൊടുക്കാതിരിക്കാം. എന്നാല്‍ ഏറ്റവും ഉചിതമായ രീതി, ഇപ്പോള്‍ ഒരുമിച്ചു വാങ്ങിയാല്‍ ഡിസ്‌കൗണ്ട് നല്‍കാം എന്നതാണ്. കാരണം പൊതുവെ കണ്ടുവരാറ്, വീണ്ടും വരാം എന്നു പറഞ്ഞ് വലിയ തുക ഡിസ്‌കൗണ്ട് നേടി പോകുന്ന ഉപഭോക്താക്കള്‍ പിന്നീട് തിരിച്ചു വരാത്ത അവസ്ഥയാണ്.

3. Early-bird ഓഫര്‍:

ഉല്‍പ്പന്നം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് നിശ്ചിതശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന രീതി. അടുത്ത മാസം പതിനഞ്ചാം തിയ്യതിക്ക് മുമ്പ് ഉല്‍പ്പന്നം വാങ്ങുന്നവര്‍ക്ക് MRP യുടെ 50% ഡിസ്‌കൗണ്ട്. പതിനഞ്ചാം തിയ്യതിക്ക് ശേഷം വാങ്ങിയാല്‍ ഇപ്പോള്‍ നല്‍കുന്നതിന്റെ ഇരട്ടി തുക നല്‍കേണ്ടി വരും. ഇവിടെ ഉപഭോക്താവില്‍ ഒരു urgency factor ആണ് സൃഷ്ടിക്കപ്പെടുന്നത്. ചില ഉല്‍പ്പന്നങ്ങള്‍ക്കും കോഴ്‌സുകള്‍ക്കും ഈ രീതി ഉപയോഗിച്ചു വരാറുണ്ട്.

4. പ്രീ ലോഞ്ച് ഓഫര്‍:

ഉല്‍പ്പന്നം ഉല്‍പ്പാദിപ്പിക്കുന്നതിന് മുമ്പ് തന്നെ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങുന്ന രീതി. രണ്ടുമാസം കഴിഞ്ഞായിരിക്കും ഉല്‍പ്പന്നം ലഭിക്കുക, എന്നാല്‍ ഇന്നു തന്നെ ബുക്ക് ചെയ്താല്‍ നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ഇത്തരത്തില്‍ ചെയ്യുന്നതു വഴി ഉല്‍പ്പാദനത്തിനുള്ള തുക സ്വരൂപിക്കാന്‍ കഴിയും ഒപ്പം ഡിമാന്റിന് അനുസരിച്ച് ഉല്‍പ്പാദിപ്പിക്കാനും കഴിയും. സാധാരണയായി പുസ്തകങ്ങള്‍ക്കാണ് ഇത്തരം രീതി പ്രയോഗിക്കാറ്. ജിയോഫോണ്‍ ഒരിക്കല്‍ ഇത്തരത്തില്‍ പ്രീ ലോഞ്ച് ഓഫര്‍ നല്‍കിയത് ഓര്‍ക്കുന്നില്ലേ?

5. Story based discount:

ഉല്‍പ്പന്നത്തിന്റെ വില ആയിരം രൂപ. അതിലെ നാന്നൂറ് രൂപ ഡിസ്‌കൗണ്ട്. ഈ ഡിസ്‌കൗണ്ട് തുക ഒരു ചാരിറ്റി ആവശ്യത്തിനായി ഉപയോഗിക്കും. ഇത്തരത്തില്‍ ഒരു സാമൂഹിക പ്രശ്‌നത്തിനായി ഡിസ്‌കൗണ്ട് തുക മാറ്റിവയ്ക്കുന്ന രീതി. ഉപഭോക്താവിന് ചാരിറ്റി ആവശ്യത്തിനായി തുക സമര്‍പ്പിച്ചതിന്റെ ഭാഗമായി ഒരു സര്‍ട്ടിഫിക്കറ്റും നല്‍കാം.

6. Early-Payment offer:

നിശ്ചിത തിയ്യതിക്ക് മുമ്പായി പണം നല്‍കുകയാണെങ്കില്‍ നിശ്ചിത ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്ന രീതി. ആളുകളെ കൊണ്ട് നേരത്തെ പണം അടപ്പിക്കാനുള്ള രീതിയാണിയത്. എന്നും ഓര്‍ക്കുക നിങ്ങളുടെ ലക്ഷ്യം ഒരു വലിയ ബ്രാന്‍ഡ് ആക്കി വളര്‍ത്തുക എന്നതാണെങ്കില്‍ അധികം ഡിസ്‌കൗണ്ടുകള്‍ നല്‍കരുത്. അതു നിങ്ങളുടെ സ്ഥാപനത്തിന്റെ ബ്രാന്‍ഡ് മൂല്യത്തെ ഇടിക്കുന്നതായി മാറാം.

(BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍. www.sijurajan.com+91 8281868299 )

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it