മാര്‍ക്കറ്റിംഗിലെ പുതിയ തന്ത്രങ്ങള്‍ പഠിക്കണോ? എളുപ്പവഴിയുണ്ട്

എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിച്ചും പ്രയോഗിച്ചും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്താനുള്ള എളുപ്പ വഴി
Backward Invention and Reverse Innovation by Dr Sudheer Babu
Published on

ഫിഫ വേള്‍ഡ് കപ്പ് ബൈജൂസ് സ്‌പോണ്‍സര്‍ ചെയ്യുന്നു എന്നത് നാം അത്ഭുതത്തോടെ കേട്ടു. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും ഒരു ആഗോള ബ്രാന്‍ഡ് വിശ്വസിക്കാനാവാത്ത ഉയരത്തില്‍ എത്തി നില്‍ക്കുന്നു. ഈ ബ്രാന്‍ഡിംഗ് ബൈജൂസ് എന്ന പേരിനെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കും. വിപണിയില്‍ ബൈജൂസ് വലിയൊരു കുതിച്ചുചാട്ടം നടത്തും. അതി വേഗതയില്‍ ബിസിനസ് വളരും. ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്ട് ഇവന്റിന്റെ സ്‌പോണ്‍സറാകുന്നതോടെ ഒരു ആഗോള ബ്രാന്‍ഡ് എന്ന പ്രതിച്ഛായ ബൈജൂസ് ഊട്ടിയുറപ്പിക്കും.

റെഡ് ബുള്‍ (Red Bull) ആഗോള വിപണിയിലേക്ക് ചുവടു വെച്ചതും തുളച്ചു കയറിയതും ഇത്തരമൊരു തന്ത്രത്തിലൂടെ തന്നെയായിരുന്നു. ലോകത്തിലെ മികച്ച സ്‌പോര്‍ട്ട് ഇവന്റുകളുടെയെല്ലാം സ്‌പോണ്‍സറായി റെഡ് ബുള്‍ വേഷമണിഞ്ഞു. തങ്ങളുടെ ബ്രാന്‍ഡിന് പൂര്‍ണ്ണമായ ഒരു ആഗോള പരിവേഷം നല്‍കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിഞ്ഞു. ഒരു സാധാരണ അമേരിക്കന്‍ സോഫ്റ്റ് ഡ്രിങ്ക് എന്ന കാഴ്ചപ്പാടില്‍ നിന്നും ഒരു ആഗോള ബ്രാന്‍ഡിലേക്കുള്ള പരിണാമമായി ഈ മാര്‍ക്കറ്റിംഗ് തന്ത്രം.

ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ വ്യത്യസ്തമാണ്. ഓരോ രാജ്യത്തേയും ഓരോ പ്രദേശത്തേയും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ വിഭിന്നങ്ങളാണ്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ അഭിരുചിയല്ല ചൈനയിലെ ഉപഭോക്താക്കളുടെ. ആഗോള തലത്തിലേക്ക് വളരുന്ന ഒരു ബ്രാന്‍ഡ് നേരിടുന്ന വെല്ലുവിളികള്‍ അനവധിയാണ്. ചിലപ്പോള്‍ ഒരു പ്രാദേശിക പ്രദേശത്ത് ഒതുങ്ങി നില്‍ക്കുന്ന ബ്രാന്‍ഡ് വളരാന്‍ ശ്രമിക്കുമ്പോള്‍ എങ്ങിനെയാണ് ഈ വ്യത്യസ്തതയെ ഉള്‍ക്കൊള്ളുക? എങ്ങിനെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താം?

ഡോമിനോസ് തങ്ങളുടെ മെനുവില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ലോകത്തില്‍ എല്ലായിടത്തും പിസ്സയുടെ അടിസ്ഥാന ഘടകങ്ങള്‍ ബ്രഡ്, സോസ്, ചീസ് എന്നിവയാണ്. എന്നാല്‍ ഈ മെനു ചൈനയില്‍ ചെലവാകുക ദുഷ്‌കരം. കാരണം അവിടെ ജനങ്ങള്‍ ഡയറി ഐറ്റംസ് ഉപയോഗിക്കുന്നത് വളരെ കുറവാണ്. ചൈനയിലെ ഉപഭോക്താക്കള്‍ക്കായി മറ്റൊരു മെനുവാണ് ഡോമിനോസിന്. അതേപോലെ തന്നെയാണ് ഓരോ വിപണിയനുസരിച്ചും ടോപ്പിംഗ്‌സിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ മാറ്റം ഏഷ്യയിലെ രാജ്യങ്ങളില്‍ അവ സീഫുഡും മത്സ്യവുമാണ്. ഇന്ത്യയില്‍ ഇത് കറിയാണ്. ഉപഭോക്താക്കളുടെ ടേസ്റ്റ് അനുസരിച്ച് മാറുന്ന മെനു.

ഗ്ലോബല്‍ സ്ട്രാറ്റജിയുടെ പ്രത്യേകത നിങ്ങള്‍ക്ക് ഈ ഉദാഹരണങ്ങളില്‍ നിന്നും വ്യക്തമാണ്. ഏത് രാജ്യത്തേക്കാണോ ബ്രാന്‍ഡ് കടന്നു ചെല്ലുന്നത് അവിടുത്തെ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താന്‍ ബ്രാന്‍ഡിന് കഴിയണം. ഒരു ആഗോള ബ്രാന്‍ഡ് (International Brand) എന്ന പരിവേഷം സൃഷ്ടിക്കാന്‍ സാധിക്കേണ്ടതുണ്ട്. മക്‌ഡോണാള്‍ഡ് മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റില്‍ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ മക്അറേബ്യ (McArabia) എന്ന സാന്‍ഡ്‌വിച്ച് റസ്റ്റോറന്റുകളില്‍ അവതരിപ്പിക്കുകയുണ്ടായി.

ഇത്തരം ആഗോള തന്ത്രങ്ങള്‍ (Global Strategies) നിങ്ങള്‍ക്കും നിങ്ങളുടെ പ്രാദേശിക ബിസിനസുകളില്‍ പ്രയോഗിക്കാം. ബിസിനസിനെ പ്രാദേശികമാക്കുക (Localise) വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ഒന്നാണ്. തെക്കന്‍ കേരളത്തില്‍ റസ്റ്റോറന്റുള്ള നിങ്ങള്‍ വടക്കന്‍ മലബാറില്‍ ഒരു റസ്റ്റോറന്റ് തുറക്കാന്‍ തീരുമാനിക്കുന്നു. തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം നിങ്ങളുടെ മെനുവില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തേണ്ടി വരുമെന്ന്.

ആഗോള ബ്രാന്‍ഡുകളുടെ തന്ത്രങ്ങള്‍ പ്രാദേശികമായി പരീക്ഷിക്കുമ്പോഴാണ് വേഗത്തില്‍ ബ്രാന്‍ഡുകളെ വളര്‍ത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നത്. ബൈജൂസ് ഫിഫ വേള്‍ഡ് കപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നു. നിങ്ങള്‍ക്ക് എന്തുകൊണ്ട് പ്രാദേശിക ഇവന്റുകള്‍ സ്‌പോണ്‍സര്‍ ചെയ്തു കൂടാ? അതിലൂടെ പ്രാദേശിക വിപണിയില്‍ ശക്തമായ സാന്നിധ്യമായി ബ്രാന്‍ഡിന് മാറാം. ആഗോള തന്ത്രങ്ങള്‍ പ്രാദേശികമായി പ്രയോഗിക്കുവാന്‍ സാധിക്കും. വളരുന്ന ബ്രാന്‍ഡുകളെ ശ്രദ്ധിക്കുക, അവര്‍ ചെയ്യുന്നത് പഠിക്കുക, നിങ്ങളുടെ വിപണിയില്‍ ആ തന്ത്രങ്ങള്‍ പരീക്ഷിക്കുക. മാര്‍ക്കറ്റിംഗ് പഠനവും അഭ്യസനവുമാണ്, അതൊരിക്കലും അവസാനിക്കുന്നില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com