ഒറ്റ ചോദ്യത്തിന് ഉത്തരം കണ്ടെത്തൂ , ജീവിതം എളുപ്പമാകും !
Read the article in English
ഇന്നത്തെ കാലത്തു സാങ്കേതിക വിദ്യകൾ ഏറെ പുരോഗമിച്ചെങ്കിലും നമ്മുടെ ജീവിതം വല്ലാതെ തിരക്ക് പിടിച്ചതും സങ്കീര്ണവുമായി എന്ന് തോന്നിയിട്ടില്ലേ?
കുട്ടിക്കാലത്തു നമ്മുടെ ജീവിതം എത്ര എളുപ്പമായിരുന്നു ! കാരണം , നമുക്ക് കുറച്ചു കാര്യങ്ങളെ വേണ്ടിയിരുന്നുള്ളു. അവ സാധിച്ചുകിട്ടിയാൽ നമുക്ക് സന്തോഷമായി. എന്നാൽ വലുതാകുംതോറും കൂടുതൽ കൂടുതൽ കാര്യങ്ങൾ നമ്മുടെ മുൻഗണന പട്ടികയിലേക്ക് കടന്നു വന്നു; യഥാർത്ഥത്തിൽ അത്ര വലിയ പ്രാധാന്യം കൊടുക്കേണ്ടാത്ത കാര്യങ്ങൾ പോലും പ്രധാനപ്പെട്ടവയുടെ ഒപ്പം സ്ഥാനം പിടിച്ചു.
ചില ആളുകൾ പറയുന്നു , ഓരോ കുഞ്ഞും ജനിക്കുന്നത് തനതായ ഉദ്ദേശലക്ഷ്യങ്ങളോടെ ആണെന്ന് .എന്നാൽ മറ്റു ചിലർ പറയുന്നു , ജീവിത ലക്‌ഷ്യം പിന്നീട് രൂപപ്പെടുത്തിയെടുക്കുന്നതാണെന്നു.
അതെന്തായാലും ഒരു കാര്യം എനിക്കുറപ്പാണ് - ജീവിത ലക്‌ഷ്യം എന്താണെന്നു മനസ്സിലാക്കാൻ പറ്റിയാൽ , അഥവാ നിങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ഏകദേശ ധാരണ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ ജീവിതം കൂടുതൽ എളുപ്പമാകും.
സത്യം പറയട്ടെ , ജീവിതോദ്ദേശ്യം എന്ന ആശയത്തിൽ എനിക്ക് വലിയ വിശ്വാസമൊന്നുമുണ്ടായിരുന്നില്ല . എന്നാൽ എൻ്റെ ജീവിതം ഒരെത്തും പിടിയും കിട്ടാതെ , എവിടേക്കെന്നറിയാതെ നീങ്ങിക്കൊണ്ടിരുന്ന ഒരു ഘട്ടത്തിൽ പ്രപഞ്ചത്തോട് ഞാൻ ആ ചോദ്യം ചോദിച്ചു - എൻ്റെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്?
പ്രപഞ്ചം എനിക്ക് മൂന്നു വ്യക്തമായ അടയാളങ്ങൾ കാണിച്ചുതന്നു. (അതാണ് ബ്ലോഗ് എഴുതിത്തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചത്). ഒന്ന് എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിൽനിന്നായിരുന്നു. എനിക്ക് പരിചയമൊന്നുമില്ലാത്ത ഒരാളുടെ വാട്സ്ആപ് സന്ദേശം ആകസ്മികമായി കാണാൻ ഇടയായതായിരുന്നു മറ്റൊന്ന്. മൂന്നാമത്തെ അടയാളമാകട്ടെ , ഞാൻ വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ ഒരു ഖണ്ഡികയിൽ നിന്നാണ് കിട്ടിയത്.
എന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ആലോചിച്ചിരുന്നെങ്കിൽ ബ്ലോഗ് എഴുതുക എന്നത് എന്റെ പരിഗണനയിൽ വരുകയേ ഇല്ല .എന്നാൽ ചിലപ്പോൾ യുക്തിസഹമെന്നു തോന്നാത്ത കാര്യങ്ങളിൽ പോലും വിശ്വാസവും പ്രത്യാശയും അർപ്പിക്കണമെന്നാണ് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്.
നാം ഈ ഭൂമിയിലേക്ക് കടന്നുവരുന്നത് കൃത്യമായ ഉദ്ദേശ്യത്തോടെയാണ് എന്ന സങ്കൽപം ഞാൻ പൂർണമായി വിശ്വസിക്കുന്നില്ല. എന്തായാലും മിക്കവാറും ആളുകളുടെ കാര്യത്തിലും , സ്വന്തം ജീവിതോദ്ദേശ്യം മറനീക്കി കണ്ടെത്തുന്നതോ അത് രൂപപ്പെടുത്തിയെടുക്കുന്നതോ ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്ന കാര്യമല്ല .മാത്രമല്ല , ജീവിതോദ്ദേശ്യം എന്നൊക്കെ പറയുമ്പോൾ ഏറെ ഗഹനമായി തോന്നിയേക്കാം.
എന്നാൽ , ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഒരു എളുപ്പവഴിയുണ്ട്!
അത് ജീവിതം കൂടുതൽ ലളിതമാക്കുക മാത്രമല്ല, കൂടുതൽ അർത്ഥപൂർണമായി ജീവിക്കാൻ വളരെയേറെ സഹായിക്കുകയും ചെയ്യും.
നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്നു കാര്യങ്ങൾ എന്തൊക്കെയാണ്? അല്ലെങ്കിൽ ,നിങ്ങളുടെ ജീവിതത്തിനു ഏറ്റവും മൂല്യം പകരുന്ന മൂന്നു കാര്യങ്ങൾ എന്തൊക്കെയാണ്?
സമയം പരിമിതമായ ഒരു വിഭവമാണ് . മാത്രമല്ല , ഈ ലോകത്തു നമുക്ക് യാതൊരു സമയ പരിധിയുമില്ലാതെ ജീവിക്കാനും പറ്റില്ല. അതിനാൽത്തന്നെ , ഈ ജീവിതത്തിൽ നമ്മുടെ സമയവും ഊർജവുമെല്ലാം എന്തിനുവേണ്ടിയാണ് ചെലവഴിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നത് ജീവിതം കൂടുതൽ എളുപ്പമാക്കും.
സോഷ്യൽ മീഡിയ , യൂട്യൂബ് , Netflix , Amazon Prime ... ഇങ്ങനെ ഉടൻ സംതൃപ്തി പകരുന്ന കാര്യങ്ങൾക്കുവേണ്ടി ഏറെ സമയം ചെലവഴിക്കാൻ തോന്നുന്നത് സ്വാഭാവികമാണ് . രസമുള്ള കാര്യമാണെങ്കിലും അത് മിക്കപ്പോഴും ആഴത്തിൽ സന്തോഷം പകരുന്ന ഒന്നല്ല. ഒന്നോർത്തു നോക്കൂ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളിൽ , ഉടൻ സംതൃപ്തി പകരുന്ന ഇക്കാര്യങ്ങൾ പെടുമോ ?
നിങ്ങൾ പ്രാധാന്യം നൽകുന്ന മൂന്നു കാര്യങ്ങൾ എന്താണെന്ന് വ്യക്തമായ ധാരണ ഉണ്ടായാൽ അതിനായി സമയവും ശ്രദ്ധയും ഊർജവുമെല്ലാം ചെലവഴിക്കാം. അതാകട്ടെ, വളരെ ആഴത്തിലുള്ള സംതൃപ്തി പകരും. നിങ്ങളുടെ ജീവിതത്തിൽനിന്ന് അപ്രധാനവും അനാവശ്യവുമായ പ്രവൃത്തികളുടെ കോലാഹലം ഒഴിവാകുകയും ചെയ്യും.
നിങ്ങൾക്ക് പ്രധാനപ്പെട്ടവ എന്തുവേണമെങ്കിലും ആകാം - കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവിടുന്നതാകാം, നിങ്ങളുടെ വൈകാരികവും ശാരീരികവുമായ സൗഖ്യത്തിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നതാകാം, നിങ്ങളുടെ സൃഷ്ടിപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതാകാം, ഉള്ള കഴിവുകളിൽ കൂടുതൽ വൈദഗ്ധ്യം നേടുന്നതാകാം.
ചിലർക്ക് പെട്ടെന്ന് ഉത്തരം കിട്ടിയേക്കാം. എന്നാൽ മറ്റു ചിലർക്ക് ഏറെ ആഴത്തിലുള്ള ചിന്തയും അവലോകനവും വേണ്ടിവരും.
ജീവിതത്തിന്റെ വേഗതയൊന്നു കുറച്ചാൽ ഒരുപക്ഷെ ഉത്തരം കണ്ടെത്തൽ എളുപ്പമാകും .മെഡിറ്റേഷൻ ധ്യാനനിഷ്ഠ), Journaling (മറ്റൊരു കോളത്തിൽ വിശദീകരിക്കാം) എന്നിങ്ങനെ സ്വയം ഉള്ളിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്ന കാര്യങ്ങളും സഹായിക്കും. ഏകാന്തതയിലിരുന്നു ജീവിതത്തെക്കുറിച്ചു പരിചിന്തനം ചെയ്യുന്നതും സ്വന്തം ഹൃദയത്തിന്റെ മര്മരങ്ങൾക് വേണ്ടി ചെവിയോർക്കുന്നതും ഉത്തരം കണ്ടെത്താൻ നല്ലതാണ്.
ഇനി, ഉത്തരം കിട്ടിയെന്നിരിക്കട്ടെ. ഇത് പിന്നീടുള്ള ജീവിതത്തിനു മുഴുവൻ വേണ്ടിയുള്ളതാകണമെന്നില്ല. ചിലപ്പോൾ ഒരു വർഷം കഴിയുമ്പോൾ നിങ്ങളുടെ മുൻഗണനകൾ മാറിയേക്കാം.
എങ്കിലും നിങ്ങളുടെ സമയവും ഊർജവും എന്തിനായി ചെലവഴിക്കണമെന്നും നിങ്ങളുടെ ശ്രദ്ധ അർഹിക്കാത്ത കാര്യങ്ങൾ എന്തൊക്കെയെന്നും വ്യക്തമായ ഒരു ചിത്രം ലഭിക്കാൻ ഇത് സഹായിക്കും.
നിങ്ങളെ സംബന്ധിച്ചിടത്തോളം എന്താണ് പ്രധാനം എന്ന് മനസ്സിലാക്കുന്നതോടെ , ചെറിയ കാര്യങ്ങൾ നിങ്ങളെ കാര്യമായി അലട്ടുകയില്ല ,കൂടുതൽ മനസ്സമാധാനവും ലഭിക്കും.
നിങ്ങളുടെ മനസ്സിനെ ഓട്ടോ പൈലറ്റു മോഡിലിട്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുകയാണെന്നിരിക്കട്ടെ , മുൻഗണനകൾ കുഴഞ്ഞു മറിഞ്ഞേക്കാം. ഇത് ഒരുപക്ഷെ ചെയ്യേണ്ട കാര്യങ്ങൾക്കു പകരം അപ്രധാനമായ കാര്യങ്ങൾക്കു ശ്രദ്ധ കൊടുത്തു സമയം പാഴാക്കാനും ഇടയാക്കും.
നിങ്ങൾക്കെന്താണ് പ്രധാനം എന്നറിയുന്നത് കൂടുതൽ അർത്ഥപൂർണമായി ജീവിക്കാൻ സഹായിക്കും. അതായതു നമ്മുടെ അബോധ പ്രവണതകളും സ്വഭാവ രീതികളും ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാതിരിക്കും.
അതിനാൽ, ഞാൻ നിങ്ങളെ ക്ഷണിക്കുകയാണ്, സ്വയം ഒരു ചോദ്യം ചോദിയ്ക്കാൻ -
"എന്താണ് എൻ്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ / മേഖലകൾ ?"
Read the article in English
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline