ഫ്രാഞ്ചൈസിംഗ്; ബിസിനസ് പരിധിയില്ലാതെ വളര്‍ത്താന്‍ സഹായിക്കും തന്ത്രമിതാ

ദേശത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് ബിസിനസ് വളര്‍ത്താന്‍ സഹായിക്കുന്ന തന്ത്രമാണ് ഇന്ന് പറയുന്നത്
Backward Invention and Reverse Innovation by Dr Sudheer Babu
Published on

നിങ്ങള്‍ക്ക് ഒരു ബര്‍ഗര്‍ കഴിക്കുവാന്‍ മോഹം. ബര്‍ഗര്‍ എവിടെ നിന്നാണ് വാങ്ങേണ്ടത്? നിങ്ങള്‍ തിരയുന്നു. അതാ, വളരെ അടുത്ത് സബ്‌വേ (Subway) ഉണ്ടല്ലോ. നിങ്ങള്‍ അവിടേക്ക് പോകുന്നു, ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്യുന്നു, കഴിക്കുന്നു, സംതൃപ്തനായി മടങ്ങുന്നു.

നിങ്ങള്‍ ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും സബ്‌വേ (Subway) റെസ്റ്റോറന്റ് നിങ്ങള്‍ക്കവിടെ കാണാം. ഈ കമ്പനി എങ്ങിനെയാണ് ലോകം മുഴുവന്‍ ഇത്രയധികം ഔട്ട്‌ലെറ്റുകള്‍ കൈകാര്യം ചെയ്യുന്നത്. ഒരേ മേന്മയില്‍, രുചിയോടെ, മികച്ച സേവനത്തോടെ എങ്ങിനെയാണ് ഭക്ഷണം നല്‍കാന്‍ കഴിയുന്നത്? അമേരിക്കയില്‍ നിന്നും എങ്ങിനെയാണവര്‍ ലോകം മുഴുവന്‍ പടര്‍ന്നത്.

നൂറിലധികം രാജ്യങ്ങളിലായി 42000 സബ്‌വേ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. അവരെപ്പോലെ തന്നെ മക്‌ഡോണാള്‍ഡ്‌സും ഈ ഭൂഗോളത്തിന്റെ എല്ലായിടങ്ങളിലും എത്തിയിരിക്കുന്നു. ഇവരെയൊക്കെ ശ്രദ്ധിച്ചാല്‍ ഒരു കാര്യം നിങ്ങള്‍ക്ക് മനസ്സിലാകും. കമ്പനി നേരിട്ടല്ല അവരുടെ ഭൂരിഭാഗം റെസ്റ്റോറന്റുകളും നടത്തുന്നത്. ഫ്രാഞ്ചൈസിംഗ് (Franchising) തന്ത്രം ഉപയോഗിച്ചാണ് അവര്‍ വളര്‍ന്നതും ലോകമാകെ വേരുകള്‍ പടര്‍ത്തിയതും.

വികസനത്തിന്റെ തന്ത്രമാണ് ഫ്രാഞ്ചൈസിംഗ് (Franchising). ബിസിനസ് വിപുലീകരിക്കുവാന്‍ ഇതിനെക്കാള്‍ മികച്ച തന്ത്രം മറ്റെന്തുണ്ട്? മറ്റുള്ളവരുടെ പങ്കാളിത്തത്തോടെ ബിസിനസ് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതില്‍ റിസ്‌ക് കുറവാണ്, നിക്ഷേപം കുറവ് മതി. ബിസിനസിലേക്ക് പങ്കാളികള്‍ നിക്ഷേപിക്കും, അവരിലൂടെ വളരാം, കൂടുതല്‍ ഇടങ്ങളില്‍ ബിസിനസ് കെട്ടിപ്പടുക്കാം.

ഫ്രാഞ്ചൈസര്‍ (Franchiser) ഫ്രാഞ്ചൈസികള്‍ക്ക് (Franchisee) തങ്ങളുടെ ബിസിനസ് നടത്തുവാനുള്ള അവകാശം നല്‍കുന്നു. ഇതൊരു Win - Win പങ്കാളിത്തമാണ് (Partnership). ഫ്രാഞ്ചൈസര്‍ തന്റെ സാങ്കേതികത (Technology), ട്രേഡ്മാര്‍ക്ക്, ബിസിനസ് ഡിസൈന്‍ അവകാശങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയവ തങ്ങളുടെ പങ്കാളികളുമായി (Franchisees) പങ്കുവയ്ക്കുന്നു. ഫ്രാഞ്ചൈസികള്‍ ഇതിനു പകരമായി ഒരു നിശ്ചിത തുകയോ വരുമാനത്തിന്റെ ഒരു ഭാഗമോ ഫ്രാഞ്ചൈസര്‍ക്ക് നല്‍കുന്നു.

ഫ്രാഞ്ചൈസര്‍ ഫ്രാഞ്ചൈസികളുടെ വിഭവങ്ങള്‍ (Resources) തന്റെ ബിസിനസിനായി ഉപയോഗിക്കുന്നു. ഏറ്റവും കുറഞ്ഞ റിസ്‌ക്കില്‍ ബിസിനസ് വിപുലീകരിക്കാന്‍ കഴിയുന്ന ഈ മാര്ഗ്ഗം ഫ്രാഞ്ചൈസര്‍ക്ക് അതിവേഗം വിവിധ പ്രദേശങ്ങളില്‍ തന്റെ ബിസിനസ് സ്ഥാപിക്കുവാന്‍ അവസരം നല്‍കുന്നു. ഫ്രാഞ്ചൈസികള്‍ക്കോ ഒരു ബിസിനസ് യാതൊരു മുന്‍പരിചയവുമില്ലാതെ തന്നെ ഫ്രാഞ്ചൈസറുടെ വിജയിക്കപ്പെട്ട സാങ്കേതിക/പ്രായോഗിക ജ്ഞാനം (Know-how) ഉപയോഗിച്ച് വേഗത്തില്‍ തുടങ്ങുവാന്‍ സാധിക്കുന്നു.

ലഭ്യമായ മുറികളുടെ എണ്ണത്താല്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ചെയിനായ മാരിയറ്റ് (Marriott) ഏകദേശം 131 രാജ്യങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. നിങ്ങളുടെ പട്ടണത്തിലും മാരിയറ്റ് ഉണ്ടാകാം. അമേരിക്കയിലെ ഈ ഹോസ്പിറ്റാലിറ്റി വമ്പന്‍ മറ്റ് ഭൂഖണ്ഡങ്ങളില്‍ ഈ നുഴഞ്ഞുകയറ്റം നടത്തിയത് ഫ്രാഞ്ചൈസിംഗിലൂടെ തന്നെയാണ്.

ഹൈദ്രാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് രാജ്യം മുഴുവന്‍ തങ്ങളുടെ അപ്പോളോ ക്ലിനിക്കുകള്‍ സ്ഥാപിക്കുവാന്‍ പദ്ധതിയിട്ടു. ആദ്യഘട്ടത്തില്‍ കമ്പനി നേരിട്ട് നടത്തുന്ന ക്ലിനിക്കുകള്‍ തുടങ്ങുകയും പിന്നീട് ഫ്രാഞ്ചൈസിംഗിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഫ്രാഞ്ചൈസികള്‍ ക്ലിനിക്കുകളിലും അവയുടെ ദൈനംദിന പ്രവര്‍ത്തനച്ചെലവുകളിലും നിക്ഷേപം നടത്തണം. ഇത്തരം സ്‌പെഷാലിറ്റി ക്ലിനിക്കുകള്‍ രാജ്യമെമ്പാടും സ്ഥാപിക്കപ്പെട്ടു. പിന്നീട് ഇതേ മോഡല്‍ അന്തര്‍ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

ബിസിനസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ സംരംഭകര്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ ഈ തന്ത്രം പ്രയോജനപ്പെടുത്താം. പണത്തിന്റെയോ മറ്റ് വിഭവങ്ങളുടെയോ കുറവുകള്‍ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുകയില്ല. ഫ്രാഞ്ചൈസിംഗ് (Franchising) വികസനത്തിന് ചിറകുകള്‍ നല്‍കുന്നു, അതിരുകളെ ഇല്ലാതെയാക്കുന്നു. ആഗ്രഹിക്കുന്നിടത്തോളം വളരാന്‍ ഈ തന്ത്രം ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com