നിങ്ങളുടെ രഹസ്യ സൂപ്പര്‍ പവര്‍ അടിച്ചമര്‍ത്തപ്പെട്ടു പോയോ?

നമ്മെ എല്ലാം വളരാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ സ്‌കൂളുകള്‍, കുട്ടികളായിരുന്നപ്പോള്‍ നമുക്കുണ്ടായിരുന്ന ചില സ്വാഭാവിക കഴിവുകളെ ഇല്ലാതാക്കുന്നതായി എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

യുക്തിയും അറിവുമാണ് നമ്മുടെ സ്‌കൂളുകളില്‍ വിലമതിക്കപ്പെടുന്നത്. ഭാവനയും സര്‍ഗ്ഗാത്മകതയും പോലുള്ള പ്രധാന ഗുണങ്ങളെ പരിപോഷിപ്പിക്കുന്നതിനുപകരം അടിച്ചമര്‍ത്തുന്നു.നിര്‍ഭാഗ്യവശാല്‍ ഭാവനയെ മൂല്യവത്തായ ഒന്നായി കാണുന്നില്ല.
കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ ഭാവനയ്ക്ക് യാതൊരു പരിമിതിയും അറിയില്ല. പക്ഷേ നമ്മുടെ സ്‌കൂള്‍ കാലഘട്ടത്തിലുടനീളം യുക്തിയും രേഖീയമായ(linear) ചിന്തകളുമാണ് പരിശീലിക്കപ്പെടുന്നത്. വലിയ ലക്ഷ്യങ്ങള്‍ സങ്കല്‍പ്പിക്കുന്നതിനുള്ള നമ്മുടെ കഴിവിനെ ഇത് കൂടുതല്‍ പരിമിതപ്പെടുത്താന്‍ തുടങ്ങുന്നു.
മാത്രമല്ല, സ്വപ്നം കാണാനോ നമ്മുടെ ഭാവനയെ ഉപയോഗിക്കാനോ പ്രോത്സാഹിപ്പിക്കാത്തതിനാല്‍, മുതിര്‍ന്നു കഴിയുമ്പോള്‍ നമ്മില്‍ ഭൂരിഭാഗവും മനസ്സിന്റെ ഈ കഴിവിനെ വളരെ കുറച്ചാണ് ഉപയോഗിക്കുന്നത്. പതുക്കെ ഈ കഴിവ് മങ്ങാന്‍ തുടങ്ങുന്നു.
എന്നാല്‍ യുക്തിക്കും അറിവിനും അവയുടേതായ പരിമിതികളുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ''അറിവിനേക്കാള്‍ പ്രധാനം ഭാവനയാണ്. ലോജിക്ക് നിങ്ങളെ എ യില്‍ നിന്ന് ബി വരെ എത്തിക്കും. അതേ സമയം, ഭാവന നിങ്ങളെ എല്ലായിടത്തും കൊണ്ടുപോകും.''
മോണ്ടി റോബര്‍ട്ട്സിന്റെ സ്വപ്നം!

മോണ്ടി റോബര്‍ട്ട്സിന്റെ കഥ നിങ്ങളുമായി പങ്കിടാം. വലിയ സ്വപ്നങ്ങള്‍ കാണുന്നതില്‍ നിന്നും പരിധികളില്ലാതെ ചിന്തിക്കുന്നതില്‍ നിന്നും സ്‌കൂളുകള്‍ എങ്ങനെ വിദ്യാര്‍ത്ഥികളെ തടയുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.
ഒരു കുതിര പരിശീലകന്റെ മകനായിരുന്നു മോണ്ടി റോബര്‍ട്ട്സ്. ഒരു ദിവസം സ്‌കൂളില്‍ വച്ച് അവനോട് വലുതാകുമ്പോള്‍ എന്തു ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നതിനെ കുറിച്ചൊരു കുറിപ്പ് എഴുതാന്‍ അധ്യാപിക ആവശ്യപ്പെട്ടു.
ഒരിക്കല്‍ ഒരു കുതിരപ്പന്തി തുടങ്ങുക എന്ന തന്റെ സ്വ്പനത്തെ കുറിച്ച് ഏഴ് പേജുള്ള ഒരു പ്രബന്ധം അവന്‍ എഴുതി. അത് അവന്‍ വളരെ വിശദമായി തന്നെ എഴുതിയിരുന്നു. 200 ഏക്കര്‍ വലിപ്പമുള്ള കുതിര പന്തിയുടെ രേഖാചിത്രവും വരച്ചു, അതില്‍ വരുന്ന കെട്ടിടങ്ങള്‍, ലായങ്ങള്‍ എന്നിവയൊക്കെ കൃത്യമായി അതില്‍ വരച്ചു വച്ചു. 200 ഏക്കര്‍ വരുന്ന തന്റെ കുതിരപന്തിയില്‍ 4000 ചതുരശ്രയടി വരുന്ന ഒരു തന്റെ സ്വപ്ന വീടിന്റെ പ്ലാനും അവന്‍ വരച്ചു.
അടുത്ത ദിവസം അവന്‍ അത് അധ്യാപികയ്ക്ക് കൊടുത്തു. രണ്ട് ദിവസത്തിന് ശേഷം പേപ്പര്‍ തിരികെ ലഭിച്ചു. ഒന്നാം പേജില്‍ ഒരു വലിയ ചുവന്ന 'എഫ്' ഉണ്ടായിരുന്നു, 'ക്ലാസ് കഴിഞ്ഞ് എന്നെ കാണുക' എന്നും അധ്യാപിക എഴുതിയിരുന്നു. എന്താണ് തനിക്ക് 'എഫ്' നല്‍കിയതെന്ന് അവന്‍ അധ്യാപികയോട് ചോദിച്ചു.
അവര്‍ പറഞ്ഞു, ''ഇത് യാഥാര്‍ത്ഥ്യബോധമില്ലാത്ത സ്വപ്നമാണ്. നിങ്ങള്‍ക്ക് പണമില്ല, വിഭവങ്ങളൊന്നുമില്ല. നീ ഒരു നാടോടിയുടെ മകനാണ്. ഒരു കുതിര പന്തി സ്വന്തമായി തുടങ്ങുന്നതിന് ധാരാളം പണം ആവശ്യമാണ്. അതിനായി സ്ഥലം വാങ്ങണം. യഥാര്‍ത്ഥ ബ്രീഡിംഗ് സ്റ്റോക്കിനായി കൂടുതല്‍ പണം മുടക്കണം, വിത്തു കുതിരകള്‍ക്കായും പണം മുടക്കേണ്ടി വരും. നിനക്ക് അത് ഒരിക്കലും ചെയ്യാനാകില്ല. ''
തുടര്‍ന്ന് ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു, 'നീ ഇപ്പോള്‍ എഴുതിയിരിക്കുന്നത് കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ മാറ്റിയെഴുതുകയാണെങ്കില്‍, ഞാന്‍ നിന്റെ ഗ്രേഡ് മാറ്റിത്തരുന്നതിനെ കുറിച്ച് ചിന്തിക്കാം.
ഒരാഴ്ചയോളം ഇതേ കുറിച്ച് ആലോചിച്ച ശേഷം, ആദ്യം എഴുതിയ പേപ്പര്‍ അതു പോലെ അധ്യാപികയ്ക്ക് നല്‍കിയ ശേഷം മോണ്ടി പറഞ്ഞു. 'നിങ്ങള്‍ ആ 'എഫ്' മാറ്റണ്ട, ഞാന്‍ എന്റെ സ്വപ്‌നവും മാറ്റുന്നില്ല'
ഇന്ന്, കാലിഫോര്‍ണിയയിലെ സാന്‍ യെസിഡ്രോ എന്ന സ്ഥലത്ത് 200 ഏക്കര്‍ കുതിരപ്പന്തിക്ക് നടുവില്‍ 4,000 ചതുരശ്രയടി വീടിന്റെ ഉടമയാണ് 'മോണ്ടി റോബര്‍ട്ട് .
രസകരമെന്നു പറയട്ടെ, മോണ്ടിക്ക് 'എഫ്' നല്‍കിയ അതേ സ്‌കൂള്‍ അദ്ധ്യാപിക 30 കുട്ടികളെയുമായി മോണ്ടിയുടെ കൃഷിയിടത്തില്‍ ഒരാഴ്ചത്തെ ക്യാമ്പിനായി വന്നു. പോകാന്‍ നേരത്ത് അദ്ധ്യാപിക പറഞ്ഞു, 'നോക്കൂ മോണ്ടി, നിങ്ങളുടെ ടീച്ചറായിരുന്നപ്പോള്‍ ഞാന്‍ ഒരുപാട് കുട്ടികളുടെ സ്വപ്നങ്ങള്‍ അപഹരിച്ചു. ഭാഗ്യവശാല്‍, നിനക്ക് നിന്റെ, സ്വപനങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ മതിയായ ആര്‍ജ്ജവം ഉണ്ടായിരുന്നു'.
റിയലിസ്റ്റിക് അല്ലെന്ന് പറഞ്ഞ് സ്വപ്നങ്ങള്‍ തല്ലിക്കൊഴിക്കപ്പെട്ട സ്‌കൂളിലെ ദശലക്ഷക്കണക്കിന് കുട്ടികളെ കുറിച്ച് ഒന്ന് സങ്കല്‍പ്പിച്ച് നോക്കൂ. ഭാഗ്യവശാല്‍ മോണ്ടി ഇതിന് ഒരു അപവാദമായിരുന്നു.
എന്നാല്‍ സ്‌കൂളുകള്‍ മാത്രമല്ല ഇവിടെ കുറ്റക്കാര്‍. ചെറുതും യാഥാര്‍ത്ഥ്യമായതുമായ ചിന്തകള്‍ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നിങ്ങളുടെ വലിയ സ്വപ്നങ്ങളെക്കുറിച്ച് ആളുകളോട് പറഞ്ഞു നടന്നാല്‍, പ്രോത്സാഹിപ്പിക്കുന്നതിനേക്കാള്‍ നിങ്ങളെ അവിശ്വസിക്കാനാണ് സാധ്യത. എന്നാല്‍ അയഥാര്‍ത്ഥം എന്നത് ഒരിക്കലും അസാധ്യത്തിന്റെ പര്യായമായി കണക്കാക്കേണ്ട എന്ന് എപ്പോഴും ഓര്‍ക്കുക.

സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ നിന്ന് തടയുന്ന ശക്തികള്‍

ബാല്യത്തില്‍ സ്‌കൂളുകളില്‍ നിന്നും ചുറ്റുമുള്ളവരില്‍ നിന്നുമുള്ള സ്വാധീനം നമ്മള്‍ സ്വപ്നം കാണുന്നത് നിര്‍ത്താനുള്ള ഒരു കാരണം മാത്രമാണ്. എന്നാല്‍ എല്ലാവരുടെയും സ്വപ്നങ്ങളെ ഇല്ലാതാക്കുന്നത് യഥാര്‍ത്ഥത്തില്‍ 'ഭയം' ആണ്. പരാജയപ്പെടുമോ എന്ന ഭയം അല്ലെങ്കില്‍ നമുക്ക് വേണ്ടത് നേടാൻ സാധിക്കില്ല എന്ന ഭയം.
നിരാശയുണ്ടാകുമെന്ന ഭയം കാരണം ഭാവനയില്‍ പോലും നമ്മുടെ ഏറ്റവും വലിയ സ്വപ്നങ്ങള്‍ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നമ്മില്‍ പലരും സ്വയം നല്‍കുന്നില്ല.
അല്ലെങ്കില്‍ ഒരുപക്ഷേ പൂര്‍ത്തീകരിക്കാത്ത കുറച്ച് സ്വപ്നങ്ങളുടെ വേദന നമ്മുടെ വിശ്വാസം നഷ്ടപ്പെടുത്തും.
ഭയം പല തരത്തില്‍ പ്രവര്‍ത്തിക്കും. ഭയത്തിന് അടിമയാകുമ്പോള്‍ എന്തുകൊണ്ടാണ് നമ്മള്‍ ശരിക്കും ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യം നമ്മുക്ക് ചെയ്യാന്‍ കഴിയാത്തത് എന്ന് പല ന്യായീകരണങ്ങള്‍ കണ്ടെത്തുകയും സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യും.
നമ്മുടെ സ്വപ്നങ്ങളുടെ വ്യാപ്തി നമ്മെ ഭയപ്പെടുത്തും, എന്തുകൊണ്ട് നമുക്ക് ഇത് ചെയ്യാന്‍ കഴിയും എന്നതിന് പകരം എന്തുകൊണ്ടാണ് നമുക്കിത് ചെയ്യാന്‍ കഴിയാത്തത് എന്നതില്‍ അറിയാതെ തന്നെ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങും.
നമ്മുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍, എന്തെങ്കിലും 'എങ്ങനെ' ചെയ്യാനോ നേടാനോ കഴിയുമെന്നതോര്‍ക്കുമ്പോള്‍ നമുക്ക് ബുദ്ധിമുട്ടായി തോന്നിയേക്കാം. .
എന്നാല്‍ നിങ്ങളുടെ സ്വപ്നം എങ്ങനെ യാഥാര്‍ത്ഥ്യമാകുമെന്ന് നിങ്ങള്‍ അറിയേണ്ടതില്ല എന്നതാണ് സത്യം.
മികച്ച കാര്യങ്ങള്‍ ചെയ്ത മിക്കവരെയും നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും അവര്‍ അത് എങ്ങനെ ചെയ്യാന്‍ പോകുന്നുവെന്ന് അവര്‍ക്കറിയില്ലായിരുന്നു എന്ന്. അവര്‍ക്ക് അറിയാവുന്നത് അവര്‍ അത് നേടാന്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നുവെന്നും അതിനായി എന്തു വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും മാത്രമാണ്. ഇതു വ്യക്തമാക്കാന്‍ ഞാന്‍ ഒരു കഥപറയാം.
ഓസ്ട്രിയയിലെ ഒരു ചെറിയ പട്ടണത്തിലെ ഒരു ദരിദ്ര കുടുംബത്തില്‍ വളര്‍ന്ന ഒരു ബാലന്‍. ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മാറണമെന്നായിരുന്നു അവന്‍ സ്വപ്നം കണ്ടത്. പതിനഞ്ചാമത്തെ വയസ്സില്‍ അവന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ചെയ്യാന്‍ ആരംഭിക്കുകയും കായികരംഗത്ത് അഭിനിവേശം വളര്‍ത്തുകയും ചെയ്തു.
അവന്റെ ആരാധനാകഥാപാത്രമായ റെഗ് പാര്‍ക്ക് ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബോഡി ബില്‍ഡര്‍മാരില്‍ ഒരാളായിരുന്നു. അദ്ദേഹം ഹോളിവുഡിലേക്ക് പ്രവേശിക്കാന്‍ തന്റെ കരിയറിനെ എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ചൊക്കെ അവന്‍ ആവേശത്തോടെ വായിച്ചു. തന്റെ മനസിലെ ആരാധനാപാത്രത്തിന്റെ പാത പിന്തുടരാന്‍ അവന്‍ ദൃഢനിശ്ചയമെടുത്തു.
അവന്റെ മാതാപിതാക്കളും സുഹൃത്തുക്കളും അവനെ പരിഹസിച്ചു. പക്ഷേ അതൊന്നും തന്റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ നിന്നും സ്വപ്നത്തില്‍ വിശ്വസിക്കുന്നതില്‍ നിന്നും അവനെ പിന്തിരിപ്പിച്ചില്ല. തീവ്രമായ അര്‍പ്പണബോധം ഫലം കണ്ടു. 1965 ല്‍ 18 ആം വയസ്സില്‍ ജൂനിയര്‍ മിസ്റ്റര്‍ യൂറോപ്പ് മത്സരത്തില്‍ വിജയിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 20-ാം വയസ്സില്‍ മിസ്റ്റര്‍ യൂണിവേഴ്സ് പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി.
21 വയസ്സുള്ളപ്പോള്‍, ഇംഗ്ലീഷ് ഭാഷയെക്കുറിച്ച് കാര്യമായ അറിവില്ലാതെ, ഹോളിവുഡില്‍ ഒരു താരമാകണമെന്ന ആഗ്രഹം മൂലം അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ ബോഡി ബില്‍ഡിംഗ് ജീവിതം അഭിവൃദ്ധി പ്രാപിച്ചെങ്കിലും സിനിമകളിലേക്ക് കടക്കുക എത്തിപ്പിടിക്കാനാകാത്ത സ്വപ്‌നമായി തുടര്‍ന്നു.
" നിങ്ങളുടെ ശരീരം 'വളരെ വിചിത്രമാണ്', തമാശ തോന്നുന്ന ജര്‍മ്മന്‍ ചുവയുള്ള ഉച്ചാരണമാണ്, നിങ്ങളുടെ പേര് വളരെ ദൈര്‍ഘ്യമേറിയതാണ്, അത് മാറ്റേണ്ടതുണ്ട് ' എന്നൊക്കെ ഏജന്റുമാരും കാസ്റ്റിംഗ് ആളുകളും അദ്ദേഹത്തോട് പറഞ്ഞു.
അയാള്‍ നോട്ടമിട്ട കാര്യങ്ങളിലൊന്നും അവസരമില്ലെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളുടെ സ്ഥിരോത്സാഹത്താല്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടു, കോനന്‍ ദി ബാര്‍ബേറിയന്‍ എന്ന സിനിമയില്‍ അദ്ദേഹം പ്രധാന വേഷം ചെയ്തു, അത് ബോക്സ് ഓഫീസില്‍ വലിയ വിജയമായി.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം 1984-ല്‍ ദി ടെര്‍മിനേറ്റര്‍ എന്ന പ്രശസ്തമായ സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ അദ്ദേഹം അഭിനയിച്ചു. ഈ സിനിമ അദ്ദേഹത്തെ ഒരു അന്താരാഷ്ട്ര താരമാക്കി മാറ്റി. 90 കളില്‍ ഹോളിവുഡിലെ ഏറ്റവും വലിയ പ്രതിഫലം വാങ്ങുന്ന നടനായി അദ്ദേഹം മാറി. മറ്റാരുമല്ല അത്, അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍!
അദ്ദേഹത്തിന്റെ ഹാസജനകമായ ജര്‍മ്മന്‍ ആക്സന്റും ഒരു ബാധ്യതയായി കണക്കാക്കപ്പെട്ട 'വിചിത്രമായ ശരീരവും' അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സ്വത്തായി മാറി.
അസാധ്യമായതായി തോന്നുന്ന തന്റെ സ്വപ്നം എങ്ങനെ നേടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് യുക്തിപരമായി അറിയാന്‍ ഒരു മാര്‍ഗവും ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം അതുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു.
യുക്തിയുടെയും അദ്ദേഹത്തെ എതിര്‍ക്കുന്നവരുടേയും ശബ്ദത്തിന് ചെവികൊടുക്കാന്‍ നിന്നിരുന്നെങ്കില്‍ ഒരുപക്ഷേ, അദ്ദേഹത്തിന് ഇതൊന്നും നേടാന്‍ കഴിയുമായിരുന്നില്ല.
നിങ്ങള്‍ക്കറിയാവുന്നതുപോലെ സ്വപ്നം കാണുന്നതുകൊണ്ടോ ഭാവനയില്‍ കാണുന്നതുകൊണ്ടോ മാത്രം കാര്യമൊന്നുമില്ല. അദൃശ്യമായ നമ്മുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവരാന്‍ ആവശ്യമായ പ്രധാന ഘടകമാണ് 'വിശ്വാസം'. നിങ്ങളുടേത് ഒരു വലിയ സ്വപ്നമാണെങ്കില്‍, അല്പം ഭ്രാന്തമായാലും പ്രശ്നമില്ല. കാരണം മറ്റാരും വിശ്വസിച്ചില്ലെങ്കിലും നിങ്ങള്‍ അതില്‍ വിശ്വസിക്കണം. എന്തെങ്കിലും ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ പറയുമ്പോള്‍, അത് അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് എന്ന് എപ്പോഴും ഓര്‍മിക്കുക.
ജീവിതത്തില്‍, എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനും റിയലിസ്റ്റിക് ആകുന്നതിനും സമ്മാനമൊന്നും ലഭിക്കില്ല. അതിനാല്‍ നമ്മള്‍ ഈ ലോകത്തു നിന്ന് പോകും മുന്‍പ് നമ്മുടെ സ്വപ്നങ്ങളെ പിന്തുടരാം.
ഭ്രാന്തമായ സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യം നേടുക. തീര്‍ച്ചയായും അവയില്‍ വിശ്വസിച്ച് അതിനായി മുമ്പോട്ട് പോകുക.
കാരണം, യുക്തിപരമായും റിയലിസ്റ്റിക്കായും ജീവിക്കുന്നതിലാണ് നമ്മളുടെ ശ്രദ്ധ മുഴുവനെങ്കില്‍ എവിടെയാണ് ജീവിതത്തിലെ ആവേശവും മാന്ത്രികതയും?


To read more articles from the author click here :

https://www.thesouljam.com/

Anoop Abraham
Anoop Abraham  

He is the founder of the blog www.thesouljam.com. The blog is about simple and practical tips to live better and be happier. He writes about personal growth, spirituality and productivity. Email: anooptabraham@yahoo.co.in

Related Articles

Next Story

Videos

Share it