സംരംഭകരേ, പേഴ്‌സണല്‍ ഗ്രൂമിംഗിന് നല്‍കണം വലിയ പ്രാധാന്യം

നിങ്ങള്‍ ഒരു സംരംഭകനെന്ന നിലയില്‍ നിങ്ങള്‍ക്ക് തന്നെ എത്ര മാര്‍ക്ക് നല്‍കും? നിങ്ങളെ കണ്ടാല്‍ നിങ്ങളുടെ മക്കള്‍ക്കും സംരംഭകരാകാനുള്ള പ്രചോദനമുണ്ടാകുമോ? ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയുന്നതിലും വിപണികള്‍ കണ്ടെത്തുന്നതിലും ഉൽപ്പന്നത്തിൽ പുതുമ കൊണ്ടുവരുന്നതിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ എന്നും പിന്‍ബെഞ്ചിലേക്ക് തള്ളപ്പെടുന്ന ഒരു കാര്യം പേഴ്‌സണല്‍ ഗ്രൂമിംഗാണ്.

നിങ്ങളെ കണ്ടാല്‍ മറ്റുള്ളവര്‍ക്കും നിങ്ങളെപ്പോലൊരു സംരംഭകനും വ്യക്തിയുമാകണം എന്ന തോന്നല്‍ വരണമെങ്കില്‍ പേഴ്‌സണല്‍ ഗ്രൂമിംഗ് തന്നെ വേണം. ഇത് സംരംഭകനെന്ന പേരില്‍ റോള്‍ മോഡലാകാന്‍ വേണ്ടി മാത്രമല്ല, സംരംഭത്തിന്റെ അടുത്ത തലത്തിലേക്കുള്ള ഉയര്‍ച്ചയ്ക്ക് നിങ്ങളുടെ വ്യക്തിപരമായ ഉന്നമനവും ആവശ്യമാണ്.

ആളുകള്‍ ആദ്യം നിങ്ങളെ വിലയിരുത്തുന്നത് നിങ്ങളുടെ ബിസിനസ് നോക്കിയല്ല, നിങ്ങളെ നോക്കിയാണ്. അതിനാല്‍ നിങ്ങളുടെ ഏറ്റവും മികച്ച വേര്‍ഷനെ പുറത്തെടുക്കുക. പേഴ്‌സണല്‍ ഗ്രൂമിംഗ് എത്രത്തോളം നിങ്ങളെയും നിങ്ങളുടെ ബിസിനസിനേയും പോസിറ്റീവായി സ്വാധീനിക്കുന്നു എന്നത് പരിശോധിക്കൂ.

1. ഫസ്റ്റ് ഇംപ്രഷന്‍ : 'first impression is the best impression' എന്നത് ബിസിനസ് ലോകത്ത് വളരെ നിര്‍ണായകമാണ്. നിങ്ങള്‍ നിക്ഷേപകരെയോ ക്ലയന്റുകളെയോ പങ്കാളികളെയോ കണ്ടുമുട്ടുമ്പോള്‍ നിങ്ങളുടെ രൂപം ആശയവിനിമയത്തിനുള്ള ടോണ്‍ സജ്ജമാക്കുന്നു. മറ്റുള്ളവരുടെ ആദരവും ശ്രദ്ധയും പിടിച്ചുപറ്റാന്‍ ഗ്രൂമിംഗ് വളരെയധികം നിങ്ങളെ സഹായിക്കും. പക്വതയാര്‍ന്ന, ആത്മാഭിമാനം തോന്നിക്കുന്ന ഒരു സംരംഭകന് മാത്രമേ മറ്റുള്ളവരില്‍ പോസിറ്റീവ് മതിപ്പ് സൃഷ്ടിക്കാന്‍ കഴിയൂ.

2. ആത്മവിശ്വാസം: ഗ്രൂമിംഗ് എന്നത് മറ്റുള്ളവര്‍ നിങ്ങളെ എങ്ങനെ കാണുന്നു എന്നത് മാത്രമല്ല, അത് നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് സ്വയം ഉണ്ടായിരിക്കേണ്ട മതിപ്പും ആത്മവിശ്വാസവും കൂടിയാണ്. സംരംഭകര്‍ പലപ്പോഴും ഉയര്‍ന്ന സമ്മര്‍ദ്ദ സാഹചര്യങ്ങളും വെല്ലുവിളി നിറഞ്ഞ തീരുമാനങ്ങളും അഭിമുഖീകരിക്കുമ്പോള്‍, അവിടെ മികച്ച വസ്ത്രധാരണവും ഗ്രൂമിംഗും ആത്മവിശ്വാസം പകരുകയും ഒരു പോസിറ്റീവ് മാനസികാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ വ്യക്തികളെയോ വലിയ സദസ്സിനെയോ അഭിമുഖീകരിക്കുമ്പോഴും നിങ്ങളില്‍ അത് ആത്മവിശ്വാസം നിറയ്ക്കും.

3. പ്രൊഫഷണല്‍ ഇമേജ്: പ്രൊഫഷണലിസത്തിന്റെ കണ്ണാടിയാണ് നിങ്ങള്‍ ചെയ്യുന്ന പേഴ്‌സണല്‍ ഗ്രൂമിംഗ്. മികച്ച രീതിയില്‍ ഗ്രൂമിംഗ് ചെയ്തിട്ടുള്ള സംരംഭകര്‍ അച്ചടക്കമുള്ളവരും വിശ്വാസയോഗ്യരുമായ വ്യക്തികളായാണ് മറ്റുള്ളവര്‍ കാണുന്നത്. അതുവഴി നിങ്ങള്‍ ചെയ്യുന്ന ബിസിനസിനും ഈ മുഖച്ഛായ ലഭിക്കുന്നു. അത് പുതിയ പങ്കാളികളെയും ഉപഭോക്താക്കളെയും നേടിയെടുക്കാനും നിങ്ങളെ സഹായിക്കും.

4. നെറ്റ്‌വര്‍ക്കിംഗ്: സംരംഭകത്വ വിജയത്തിന്റെ അടിസ്ഥാന ഘടകമാണ് നെറ്റ്‌വര്‍ക്കിംഗ്. നിങ്ങള്‍ കോണ്‍ഫറന്‍സുകള്‍, ബിസിനസ് മീറ്റിംഗുകള്‍ അല്ലെങ്കില്‍ വ്യവസായ ഇവന്റുകള്‍ എന്നിവയില്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണ്. ഈ അവസരത്തില്‍ സംരംഭകരെന്ന നിലയില്‍ ആകര്‍ഷകത്വത്തോടൊപ്പം പക്വതയാര്‍ന്ന നിങ്ങളുടെ രൂപവും നിങ്ങളെ വേറിട്ടുനിര്‍ത്താനും അര്‍ത്ഥവത്തായ കണക്ഷനുകള്‍ ഉണ്ടാക്കാനും സഹായിക്കും. മറ്റുള്ളവരോട് മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്ന ഒരാളോട് ഒത്ത് ചേരാനും സമീപിക്കാനും ഇടപഴകാനും കൂടുതല്‍ പേര്‍ താല്‍പര്യം കാണിക്കും.

5. റോള്‍ മോഡല്‍: ഒരു സംരംഭകന്‍/സംരംഭക എന്ന നിലയില്‍, നിങ്ങള്‍ ഒരു ബിസിനസ് ലീഡര്‍ മാത്രമല്ല, നിങ്ങളുടെ ടീമിനും ജീവനക്കാര്‍ക്കും ഒരു മാതൃക കൂടിയാണ്. ഗ്രൂമിംഗിലുള്ള നിങ്ങളുടെ പ്രതിബദ്ധത നിങ്ങളുടെ ജീവനക്കാര്‍ക്ക് ഒരു മാതൃകയാണ്. നിങ്ങളുടെ രൂപത്തിലും സമൂഹത്തിനു മുന്നിലുള്ള നിങ്ങളുടെ ഇമേജിലും നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത് മറ്റുള്ളവര്‍ കാണുമ്പോള്‍ അത് പിന്തുടരാന്‍ പലരും ശ്രമിക്കും. ടീമിനും പുറത്തും അത്തരത്തിലൊരു സ്വാധീനം നിങ്ങള്‍ക്കുണ്ടാകതും. ഇത് പോസിറ്റീവും പ്രൊഫഷണലുമായ തൊഴില്‍ അന്തരീക്ഷവും സൃഷ്ടിക്കുന്നു.

6. ആഹാര്യവും ആരോഗ്യവും: പേഴ്‌സണല്‍ ഗ്രൂമിംഗില്‍ നല്ല വസ്ത്രധാരണം മാത്രമല്ല ഉള്‍പ്പെടുന്നത്, വ്യക്തിഗത ശുചിത്വവും നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യവുമെല്ലാം അത് പ്രതിഫലിപ്പിക്കും. നിങ്ങള്‍ സ്വയം നടത്തുന്ന മികച്ച ഗ്രൂമിംഗ് നിങ്ങളുടെ ആരോഗ്യ പൂര്‍ണമായ ജീവിതം, നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യായാമം ചര്‍മ്മസംരക്ഷണം എന്നിവയെ പോലും പ്രതിഫലിപ്പിക്കും. സംരംഭകരുടെ തിരക്കുനിറഞ്ഞ ജീവിതത്തില്‍ അടുത്ത തലത്തിലേക്ക് ഉയരാന്‍ ഊര്‍ജവും ശ്രദ്ധയും നിലനിര്‍ത്താന്‍ സെല്‍ഫ് കെയര്‍ അഥവാ വ്യക്തിഗത പരിചരണം അത്യന്താപേക്ഷിതമാണ്.

'പേഴ്‌സണല്‍ ഗ്രൂമിംഗ്' എന്നത് മത്സരാധിഷ്ഠിതമായ ഈ സംരംഭക ലോകത്ത് നേട്ടം നല്‍കാന്‍ കഴിയുന്ന ഒരു ടൂളാണ്. ഇത് ഇന്ന് ഒരു ആഡംബരവാക്കല്ല, നിങ്ങളുടെ സംരംഭകത്വ യാത്രയിലെ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് കൂടിയാണ്.

About the Author:

Siju Rajan
Business and Brand Consultant

BRANDisam LLP

www.sijurajan.com

+91 8281868299

info@sijurajan.com

Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles
Next Story
Videos
Share it